Follow Us On

28

November

2022

Monday

മാധവി എന്ന മറിയം: വിശുദ്ധ അൽഫോൻസ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം!

ജെയ്‌മോൻ കുമരകം

മാധവി എന്ന മറിയം: വിശുദ്ധ അൽഫോൻസ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം!

വിശുദ്ധ അൽഫോൻസാമ്മയുടെ വിശുദ്ധ പദവിക്ക് കാരണമായത് ജിനിൽ എന്ന കുട്ടിക്കുണ്ടായ അത്ഭുത സൗഖ്യമാണ്. എന്നാൽ, അതാണോ വിശുദ്ധ അൽഫോൻസാമ്മ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം? വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ വായിക്കാം, മാധവിയെ മറിയമാക്കി മാറ്റിയ ‘പ്രഥമ’ അത്ഭുതത്തെക്കുറിച്ച്…

നിരവധിയായ അത്ഭുതങ്ങൾക്ക് മാധ്യസ്ഥ്യയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ ഒരു ചോദ്യം: വിശുദ്ധയുടെ മാധ്യസ്ഥ്യത്താലുണ്ടായ ആദ്യത്തെ അത്ഭുതം ഏതാണ്? പഴയ തലമുറ കേട്ടിട്ടുണ്ടാകുമെങ്കിലും പുതുതലമുറയ്ക്ക് ഒരുപക്ഷേ, അറിവുണ്ടായിരിക്കില്ല. ഉത്തരം എന്തന്നല്ലേ- മാധവിയുടെ മാനസാന്തരം! വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ് അൽഫോൻസാമ്മ പ്രവർത്തിച്ച പ്രസ്തുത അത്ഭുതത്തിന് 70 വർഷം പൂർത്തിയാവുകയാണ് ജൂലൈ 28ന്.

വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയാൽ സംഭവിച്ച ആദ്യ അത്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത് മാധവി എന്ന അക്രൈസ്തവ യുവതിയുടെ ക്രിസ്തു വിശ്വാസസ്വീകരണമാണ്. പാവപ്പെട്ട ഒരു ഹൈന്ദവ കുടുംബത്തിൽ ജനിച്ച മാധവി ഒരു വീട്ടുവേലക്കാരിയായിരിക്കുമ്പോഴാണ് അൽഫോൻസാമ്മയുടെ ദർശനം ലഭിക്കുന്നതും മാനസാന്തരാനുഭവത്തിലേക്ക് പ്രവേശിക്കുന്നതും.

ഈ അത്ഭുതം രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. ഏറെനാൾ അവൾ ജോലി ചെയ്തിരുന്ന വീട്ടിലെ കുടുംബനാഥൻ മുട്ടുചിറ സി. ജെ.ജേക്കബ് മുരിയ്ക്കൻ എഴുതിയ ‘അൽഫോൻസാമ്മയുടെ അത്ഭുതപ്രവർത്തനത്താൽ മാനസാന്തരപ്പെട്ട മാധവി’ എന്ന പുസ്തകംതന്നെ ഇതിന് ആധാരം. ഒല്ലൂരിന് സമീപം മരത്താക്കരയിലുള്ള അസീസി നിലയം കോൺവെന്റിൽ താമസിച്ച മാധവി ഏതാനും വർഷംമുമ്പാണ് ഇഹലോകവാസം വെടിഞ്ഞത്.

മാധവിയെ മറിയമായി മാറ്റിയ ആ ‘അൽഫോൻസാ അനുഭവത്തെ’കുറിച്ച് ഇപ്രകാരം സംഗ്രഹിക്കാം:

1948ലാണ് സംഭവം. മുട്ടുചിറയിലെ മുരിക്കൻ വീട്ടിലേക്ക് ഒരു വീട്ടു ജോലിക്കാരിയെ വേണം. അന്വേഷിച്ചിട്ട് ആളെ കിട്ടുന്നില്ല. ഒടുവിൽ അൽഫോൻസാമ്മയുടെ മാധ്യസ്ഥ്യം തേടി വീട്ടുകാർ. ആയിടെയാണ്, ചേർത്തലയ്ക്ക് സമീപം കടക്കരപ്പള്ളിയിലുള്ള മാധവിയെക്കുറിച്ച് ഒരാൾ ജേക്കബിനോട് പറഞ്ഞത്. അച്ചനും അമ്മയും മരിച്ച അവളെ സംരക്ഷിച്ചിരുന്നത് കെ. കെ. കമലാക്ഷി എന്ന സ്‌കൂൾ ടീച്ചറാണ്. ഏകസഹോദരൻ വിവാഹിതനായി ദൂരെയെവിടെയോ ആണ് താമസം.

ദിനങ്ങൾക്കുള്ളി മാധവി അവിടെ ജോലിക്കെത്തി. എല്ലാ വീട്ടുജോലികളും വൃത്തിയായി ചെയ്തിരുന്ന അവൾ വളരെ വേഗത്തിൽ വീട്ടുകാരിൽ ഒരാളെപ്പോലെയായി. മാസങ്ങൾ കടന്നുപോയി. 1949 ഏപ്രിൽ മാസത്തിൽ ഉറങ്ങിക്കിടന്ന മാധവിയുടെ സ്വപ്‌നത്തിൽ സുന്ദരിയായ ഒരു കന്യാസ്ത്രീ വന്നു. ഈ വീട്ടിൽനിന്ന് പോകരുതെന്നും മാമ്മോദീസ മുങ്ങി ഇവിടെ തുടരണമെന്നുമായിരുന്നു സ്വപ്‌നത്തിലെത്തിയ ആ കന്യാസ്ത്രീ അവളോട് ആവശ്യപ്പെട്ടത്.

ഒന്നിലധികം തവണ സമാനമായ അനുഭവം അവൾക്കുണ്ടായി. പക്ഷേ, നാളുകൾക്കുശേഷമാണ് ആ വിവരം കുടുംബിനിയായ മേരിയോട് അവൾ പറഞ്ഞത്. പെട്ടെന്നൊരു ദിവസം അവൾ മോഹാലസ്യപ്പെട്ടു വീണു. വീട്ടുകാർ മുഖത്ത് വെള്ളമൊഴിച്ച് കുവുക്കി വിളിച്ചിട്ടുമൊന്നും മാധവി കണ്ണു തുറക്കുന്നില്ല. ഒരു ഉൾപ്രേരണയാൽ മുറിയിലുണ്ടായിരുന്ന വിശുദ്ധരുടെ രൂപങ്ങളുമെടുത്ത് മേരി അവളുടെ മുഖത്തിനു നേരെ കാട്ടി. പക്ഷേ അവൾക്ക് അനക്കമില്ല.

അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന അൽഫോൻസാമ്മയുടെ ചെറിയ രൂപത്തിൽ ദൃഷ്ടി പതിഞ്ഞത്. അതെടുത്ത് അവളുടെ മുഖത്തിനു നേരെ പിടിച്ചപ്പോൾ അത്ഭുതകരമായി മാധവി കണ്ണു തുറന്നു. ‘എന്റെ അമ്മേ’ എന്നുറക്കെ വിളിച്ചുകൊണ്ടാണ് അവൾ കണ്ണുതുറന്നത്. അൽഫോൻസാമ്മയെക്കുറിച്ച് യാതൊന്നും അറിയാത്ത അവൾ അവിടെവെച്ച് വളരെ വ്യക്തമായ സ്വരത്തിൽ അൽഫോൻസാമ്മയുടെ ജീവചരിത്രം പറയാൻ തുടങ്ങി. ‘അമ്മയുടെ കുഴിമാടത്തിലിരിക്കുന്ന നിലവിളക്കിൽ തന്നെക്കൊണ്ടുപോയി എണ്ണയൊഴിപ്പിക്കണം,’ എന്ന് പറഞ്ഞുകൊണ്ടാണ് അവൾ തന്റെ ദർശനം പൂർത്തീകരിച്ചത്.

പക്ഷേ, അവൾ പറഞ്ഞതൊന്നെും വീട്ടുകാർ ആദ്യം മുഖവിലയ്‌ക്കെടുത്തില്ല. ഏതായാലും സംഭവം മുഴുവൻ മുട്ടുചിറ പള്ളിയിലെ അഞ്ചു വൈദികരോടും മ~ത്തിലെ സിസ്റ്റേഴ്സിനോടും അവർ പറഞ്ഞു. അടുത്ത ദിവസം മാധവിയെയും കൂട്ടി വീട്ടുകാർ ഭരണങ്ങാനത്തു വന്നു. അവിടെ അൽഫോൻസാമ്മയുടെ കുഴിമാടത്തിനരികെ നിലവിളക്കിൽ അവൾ എണ്ണയൊഴിച്ച് തിരി തെളിച്ചു.

മാധവിക്കുണ്ടായ ഈ ദർശനങ്ങളെക്കുറിച്ച് ഭരണങ്ങാനത്തെ വികാരിയായിരുന്ന ഫാ. കുരുവിള പ്ലാത്തോട്ടത്തോടും അവർ വിശദീകരിച്ചു. അച്ചൻ ഇവളെ വിളിച്ച് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് ചോദിച്ചു. ദർശനത്തിൽ കണ്ട അൽഫോൻസാമ്മയുടെ രൂപഭാവാദികളെക്കുറിച്ച് അവൾ പറഞ്ഞതുകേട്ട് അച്ചനും വിസ്മയഭരിതനായി.

മാധവിക്ക് മാമ്മോദീസാ സ്വീകരിക്കാൻ തിടുക്കമായി. അമ്മ വഴി ലഭിച്ച ദർശനമനുസരിച്ച് അൽഫോൻസാമ്മയുടെ മരണത്തിരുന്നാൾ ദിവസമായ ജൂലൈ 28ന് ഭരണങ്ങാനത്തുവച്ച് മാമ്മോദീസാ സ്വീകരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. ജൂലൈ 25 മുതൽ അവൾ വിശ്വാസരഹസ്യങ്ങളെക്കുറിച്ചും ത്രിത്വത്തെക്കുറിച്ചും യേശുവിന്റെ പീഡാനുഭവങ്ങളെക്കുറിച്ചും അൽഫോൻസാമ്മയിൽ നിന്നുതന്നെ അവൾ പഠിച്ചു. ആരും ഒരിക്കലും പഠിപ്പിക്കാതെ വളരെ കൃത്യമായി നമസ്‌കാരങ്ങളും മറ്റും അവൾ ചൊല്ലുന്നത് കേട്ട് ഏവരും അമ്പരന്നു.

ഈ വിവരങ്ങളെല്ലാം വീട്ടുകാർ അന്നന്ന് ഇടവക ദൈവാലയത്തിലെ വൈദികരെയും സിസ്റ്റേഴ്സിനെയും അറിയിച്ചുകൊണ്ടിരുന്നു. മാമ്മോദീസായുടെ തലേന്ന് രാത്രി കുറെപ്പേർ വീട്ടിൽ വന്നു. ഇതു പൈശാചിക ബാധയാണെന്നും അവൾ കേമിയാകാൻ ശ്രമിക്കുകയാണെന്നുമായിരുന്നു അവരുടെ ആരോപണം. നാളുകളായി പ്രാർത്ഥിച്ചിട്ടും അനേകർക്ക് ലഭിക്കാത്ത ദർശന സൗഭാഗ്യം ഒരു അക്രൈസ്തവ സ്ത്രീക്ക് ലഭിക്കുമെന്നത് തീർത്തും അവിശ്വസനീയമാണെന്ന് അവർ വാദിച്ചു.

രാത്രി 11 മണി കഴിഞ്ഞതോടെ സ്ത്രീകളെല്ലാവരും ഉറക്കത്തിലായി. പുരുഷന്മാർ തിണ്ണയിൽ വാദപ്രതിവാദങ്ങളുമായി ഇരുന്നു. ഈ സമയത്ത് മുറ്റത്തുനിന്ന് ‘മറിയം’എന്ന് ആരോ ഉറക്കെ വിളിക്കുന്നതു കേട്ട് ഏവരും നടുങ്ങി. മാധവി കൈകൂപ്പി ഭക്തിയോടെ അവളുടെ മുറിയിൽ നിൽക്കുന്നതുകൂടി കണ്ടതോടെ അവർ പരിഭ്രാന്തരായി. കൂദാശകളുടെ മഹത്വത്തെക്കുറിച്ചും വിശുദ്ധ കുർബാന യോഗ്യതയോടെ ഉൾക്കൊള്ളേണ്ടതിന്റെ മാഹാത്മ്യത്തെക്കുറിച്ചുമാണ് അൽഫോൻസാമ്മ അന്ന് മാധവിയെ പ~ിപ്പിച്ചത്.

ഒടുവിൽ, മാധവിയുടെ മാമ്മോദീസാ സ്വീകരണ ദിനം വന്നെത്തി. ഫാ. തോമസ് മുരിക്കനിൽനിന്നായിരുന്നു മാമ്മോദീസാ സ്വീകരണം. വൈദികരെ സാക്ഷിയാക്കി അവൾ ‘മറിയം’ എന്ന നാമധേയമാണ് അവൾ സ്വീകരിച്ചത്. ഫാ. കളപ്പുരയ്ക്കൽ അവൾക്ക് ആദ്യകുർബാന നൽകി. ദൈവാലയത്തിന് ഉൾവശം അന്നാദ്യമായാണ് മറിയം കാണുന്നത്. എന്നിട്ടും ചിരപരിചിതരെപ്പോലെ അവൾ വിശുദ്ധ കുർബാന നാവിൽ ഉൾക്കൊള്ളുകയും മുട്ടുകുത്തി ബഹുമാനപൂർവ്വം കണ്ണടച്ച് പ്രാർത്ഥിക്കുകയും ചെയ്തു.

തുടർന്ന് ‘സർവ്വേശ്വരൻ വാഴ്ത്തപ്പെട്ടവനാകട്ടെ’ എന്ന നമസ്‌കാരം ദൈവാലയത്തിൽവെച്ച് അവൾ ഉറക്കെ ചൊല്ലി. എല്ലാവരും അതേറ്റുപറഞ്ഞു. ഈ പ്രാർത്ഥന അവളെങ്ങനെ പഠിച്ചുവെന്നത് എല്ലാവരെയും അതിശയിപ്പിക്കുന്നു. ഇതിനുമുമ്പ് ഒരിക്കൽപോലപംഅവൾ ഈ പ്രാർത്ഥന ചൊല്ലിയിട്ടില്ല എന്നതായിരുന്നു അതിനു കാരണം. സുറിയാനിയിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫാ. തോമസ് മുരിക്കൻ അവളെ കുരിശു മുത്തിക്കുകയും മറ്റു വൈദികർ സമ്മാനങ്ങളും അനുമോദനങ്ങളും നൽകുകയും ചെയ്തു. പിന്നീട് ഒന്നു രണ്ടു തവണ കൂടി അൽഫോൻസാമ്മയുടെ ദർശനങ്ങൾ മറിയം എന്ന മാധവിക്ക് ലഭിച്ചു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?