Follow Us On

01

February

2025

Saturday

ജനുവരി 06: എപ്പിഫനി

ഡിസംബര്‍ 26-ഓട് കൂടി പലരെ സംബന്ധിച്ചിടത്തോളം ക്രിസ്തുമസ്സിന്റെ തിരക്കും ആഘോഷങ്ങളും അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ്സ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി 6 വരെ. ക്രിസ്തുമസ്സിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാള്‍ അഥവാ പ്രത്യക്ഷീകരണ തിരുനാള്‍ (എപ്പിഫനി). കേരളത്തിൽ ഈ ദിനം പിണ്ടിപെരുന്നാൾ, എന്ന പേരിലും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയിലെ ലത്തീന്‍ ആചാരമനുസരിച്ച്, യേശു ദൈവപുത്രനാണ് എന്ന വെളിപാടിന്റെ ഓര്‍മ്മപുതുക്കലാണ് ദനഹാ തിരുനാള്‍. പ്രധാനമായും യേശുവിന്റെ ജനനത്തെക്കുറിച്ച് മൂന്ന്‍ ജ്ഞാനികള്‍ക്ക് (പൂജ്യരാജാക്കന്‍മാര്‍) ലഭിച്ച വെളിപാടിനെയാണ് ഈ ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും, ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാന സമയത്തെ വെളിപാടും, കാനായിലെ കല്ല്യാണത്തിന്റെ അനുസ്മരണവും ഈ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു.പൗരസ്ത്യ ദേശങ്ങളിലെ കത്തോലിക്കര്‍ക്കിടയില്‍ ഈ തിരുനാള്‍ ‘തിയോഫനി’ എന്നാണ് അറിയപ്പെടുന്നത്, ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ ആഘോഷിക്കുന്ന ദിവസമാണ് തിയോഫനി. ആ ജ്ഞാനസ്നാന വേളയിലെ ‘യേശു ദൈവപുത്രനാണ് എന്ന വെളിപ്പെടുത്തിയതാണ് ഇതിന് പിന്നിലെ അടിസ്ഥാന സംഭവം. പാരമ്പര്യമനുസരിച്ച് ജനുവരി 6-നാണ് ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും, മറ്റുള്ള പാശ്ചാത്യ സഭകളില്‍ നിന്നും വിഭിന്നമായി അതിന് ശേഷം വരുന്ന ഞായറാഴ്ചയാണ് ക്രിസ്തുവിന്റെ ജ്ഞാനസ്നാന തിരുനാളായി അമേരിക്കയില്‍ ആഘോഷിക്കുന്നത്.

എന്നാല്‍, ക്രിസ്തുമസ്സിന്റെ അവസാനം, സമ്മാനങ്ങള്‍ നല്‍കുന്ന ഒരു ആഘോഷ ദിവസം എന്നിവയേക്കാളുമുപരിയായി കൂടുതല്‍ ആഴത്തിലേക്ക് പോകുന്നതാണ് ഈ തിരുനാളിന്റെ അര്‍ത്ഥതലമെന്ന് കത്തോലിക്കാ പുരോഹിതനും, വര്‍ജീനിയ ആസ്ഥാനമാക്കിയുള്ള ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കത്തോലിക്കാ കള്‍ച്ചറി’ന്റെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഫാ. ഹെസെക്കിയാസ് കരാസ്സോ പറയുന്നു. “നിങ്ങള്‍ക്ക് തിയോഫനിയേ കൂടാതെ തിരുപ്പിറവിയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല; അഥവാ ദനഹാ തിരുനാളിനെ കൂടാതെ തിരുപ്പിറവിയെ മനസ്സിലാക്കുവാന്‍ സാധ്യമല്ല. യേശു ഒരു ശിശുവായിരുന്നപ്പോഴും, യേശുവിന്റെ ജ്ഞാനസ്നാനത്തിന്റെ വേളയിലും ‘യേശു ദൈവപുത്രനാണെന്ന്’ അറിയിക്കുന്ന വെളിപാട് ക്രിസ്തുമസ്സിന്റെ രഹസ്യങ്ങളെ പ്രകാശ പൂരിതമാക്കുന്നു”. ഫാ. ഹെസെക്കിയാസിന്റെ വാക്കുകളാണിവ.

പാശ്ചാത്യരുടെ ‘എപ്പിഫനി’ തിരുനാളും (ഗ്രീക്ക് ഭാഷയില്‍ നിന്നും വന്നിട്ടുള്ള ഈ വാക്കിന്റെ അര്‍ത്ഥം ‘ഉന്നതങ്ങളില്‍ നിന്നുമുള്ള വെളിപാട്’ എന്നാണ്) പൗരസ്ത്യരുടെ ‘തിയോഫനി’ (ദൈവത്തിന്റെ വെളിപാട് എന്നാണ് അര്‍ത്ഥം) തിരുനാളും, സ്വന്തം ആചാരങ്ങളും ആരാധനാപരമായ പ്രാധ്യാന്യവും വികസിപ്പിച്ചിട്ടുണ്ട്, ഒരേ ദിവസമെന്നതില്‍ ഉപരിയായ പലതും ഈ തിരുനാളുകള്‍ പങ്ക് വെക്കുന്നു. പുരാതന ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് പൗരസ്ത്യ ദേശങ്ങളിലുള്ളവര്‍- തിരുപ്പിറവി, ജ്ഞാനികളുടെ സന്ദര്‍ശനം, ക്രിസ്തുവിന്റെ ജഞാനസ്നാനം, കാനായിലെ കല്ല്യാണം എന്നീ സംഭവങ്ങളുടെ ഓര്‍മ്മപുതുക്കല്‍ ഒരേദിവസം തന്നെ എപ്പിഫനി തിരുനാളായിട്ടായിരുന്നു കൊണ്ടാടിയിരുന്നത്.

നാലാം നൂറ്റാണ്ട് മുതല്‍ ചില രൂപതകളില്‍ ക്രിസ്തുമസ്സും, എപ്പിഫനിയും രണ്ട് തിരുനാളുകളായി ആഘോഷിക്കുവാന്‍ തുടങ്ങി. 567-ലെ ടൂര്‍സിലെ സമ്മേളനത്തില്‍ വെച്ച് ക്രിസ്തുമസ് ഡിസംബര്‍ 25-നും, എപ്പിഫനി ജനുവരി 6-നും വെവ്വേറെ കൊണ്ടാടുവാന്‍ തീരുമാനിച്ചു, ഈ ദിവസങ്ങള്‍ക്കിടയിലുള്ള 12 ദിവസത്തെ കാലാവധിയെ ‘ക്രിസ്തുമസ്സ് കാലം’ എന്ന് വിളിക്കുകയും ചെയ്തു. കാലക്രമേണ, പാശ്ചാത്യ സഭകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള സംഭവങ്ങള്‍ക്കെല്ലാം ഓരോ തിരുനാള്‍ ദിനങ്ങള്‍ നിശ്ചയിക്കുകയും, മൂന്ന്‍ ജ്ഞാനികള്‍ ഉണ്ണീശോയെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മപ്പുതുക്കലായി ജനുവരി 6-ന് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ പൗരസ്ത്യ സഭകള്‍ ഈ ദിവസം ക്രിസ്തുവിന്റെ ജ്ഞാനസ്നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ എന്ന നിലയില്‍ ആരാധാനാ ദിനസൂചികയിലെ ഏറ്റവും വിശുദ്ധ ദിവസമായി ‘തിയോഫനി’ തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?