Follow Us On

26

November

2024

Tuesday

ദിവ്യകാരുണ്യമേ, അങ്ങ് ആരാണ്?

‘ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?’ എന്ന ചോദ്യത്തിനുള്ള ഉത്തരം തിരയാൻ പ്രചോദിപ്പിക്കുന്നതിനൊപ്പം കണ്ടുംകേട്ടും അറിഞ്ഞ ദിവ്യകാരുണ്യ അത്ഭുതങ്ങളും പങ്കുവെക്കുന്നു പ്രമുഖ പത്രപ്രവർത്തകൻ ടി. ദേവപ്രസാദ്.

മെക്‌സിക്കോയിലെ ഗാദ്വലഹാരയിൽ 2004 ഒക്‌ടോബർ 10ന് 48-ാമത് അന്തർദേശിയ ദിവ്യകാരുണ്യ കോൺഗ്രസിനായി പ്രതിഷ്ഠിച്ച പരിശുദ്ധ കുർബാനയെ നോക്കി, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ പ്രതിനിധിയായി കോൺഗ്രസിനെത്തിയ കർദിനാൾ ജോസഫ് ടോംകോ ചോദിച്ചു: ‘ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?’

ഈശോയുടെ കാലം മുതൽ ഇന്നും..

വിശുദ്ധ കുർബാനയിൽ വിശ്വസിക്കാത്തവരുണ്ട്. അവർ അവനെ വിട്ടു പോകുന്നു വിശ്വസിക്കുന്നവർക്ക് പരിശുദ്ധാത്മാവ് എക്കാലത്തും അവർക്കു മനസിലാകുന്ന വിധത്തിൽ വിശുദ്ധ കുർബാനയുടെ രഹസ്യം വ്യാഖ്യാനിച്ചു കൊടുക്കുന്നു. എങ്കിലും ഇനിയും അറിയാൻ ഏറെ ബാക്കി. നിത്യജീവനെക്കുറിച്ച് ശ്രവിച്ച ശിഷ്യരിൽ പലരും വിട്ടുപോയപ്പോൾ ഈശോ കൂടെനിന്നവരോടായി ചോദിക്കുന്നു: ‘നിങ്ങളും പോകുന്നോ?’

ആദ്യത്തെ പാപ്പയായ വിശുദ്ധ പത്രോസാണ് ഉത്തരം കൊടുത്തത്: ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട് (യോഹ.6.69). അതുകേട്ടിട്ടും ഈശോ പറഞ്ഞു: ‘മനസിലാക്കി കൂടെ നിൽക്കുന്നവരിൽ ഒരുവൻ പിശാചാണ്.’ ഇന്നും തുടരുന്നു ആ അവസ്ഥ. ഇനിയും വെളിപ്പെടാത്ത കുർബാന രഹസ്യങ്ങൾക്കായി സഭ തീക്ഷണതയോടെ ചോദിക്കുന്നു, ‘ദിവ്യകാരുണ്യമേ, അങ്ങ് ആരാണ്?’ പിശാചിന്റെ ദുതന്മാരാകട്ടെ അവനെ സാത്താൻ ആരാധനയിൽ അപമാനിക്കാൻ, തട്ടിക്കൊണ്ടു പോകാൻ തത്രപ്പെടുന്നു.

ഏറ്റവും ആവശ്യമായ തിരിച്ചറിവ്

മൂന്നാം സഹസ്രാബ്ദത്തിലേക്ക് കടന്ന പത്രോസിന്റെ നൗകയെ പരിശുദ്ധ കന്യകാമറിയവും വിശുദ്ധ കുർബാനയും ആകുന്ന രണ്ട് സ്തൂപങ്ങളുടെ നടുവിലേക്ക് നയിക്കാൻ തത്രപ്പെടുകയായിരുന്നു വിശുദ്ധ കുർബാനയിലെ ഈശോയുമായി വല്ലാത്ത വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന വിശുദ്ധ ജോൺ പോൾ രണ്ടാമൻ. ഏറെ ആഴമുളളതും കാലഘട്ടത്തിനു അനിവാര്യവുമായ കുർബാനാ പ~നങ്ങളാണ് അദ്ദേഹം സഭയ്ക്കു തന്നത്.

2003ൽ സഭയോട് ജപമാല വർഷം ആചരിക്കാൻ നിർദേശിച്ച പരിശുദ്ധ പിതാവ് 2004ൽ ദിവ്യകാരുണ്യ വത്സരത്തിലൂടെ വിശുദ്ധ കുർബാനയിലേക്കും സഭയെ സവിശേഷമായി നയിച്ചു. ദിവ്യകാരുണ്യ വർഷാചരണത്തിന്റെ സമാപനം 2005ൽ നടന്നപ്പോൾ വിശുദ്ധ ജോൺ പോൾ രണ്ടാമൻ നിത്യപിതാവിന്റെ ഭവനത്തിലെത്തിയിരുന്നു. വിശുദ്ധ കുർബാന വർഷത്തിനു മുന്നോടിയായി 2003ലെ പെസഹാകാലത്ത് ‘സഭ വിശുദ്ധ കുർബാനയിൽനിന്ന്’ എന്ന ചാക്രിക ലേഖനത്തിലൂടെ ‘വിശുദ്ധ കുർബാനയേ അങ്ങ് ആരാണ്’ എന്ന ചോദ്യത്തിന് പാപ്പ സ്വന്തം വിശുദ്ധ കുർബനാ അനുഭവങ്ങളിൽ ചാലിച്ച ഉത്തരം സമ്മാനിച്ചിരുന്നു.

ഇക്കാലഘട്ടത്തിലും സഭയ്ക്ക് ഏറ്റവും ആവശ്യമുള്ള തിരിച്ചറിവാണിത്. ദൈവത്തെ കാണാൻ, ആരാധിക്കാൻ, സാന്നിധ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാമുള്ള അഭയമാണ് പരിശുദ്ധ കുർബാന എന്ന പ്രബോധനം. ദിവ്യകാരുണ്യനാഥനുമായുള്ള അടുപ്പത്തിലൂടെ ഈ സാന്നിധ്യത്തിന്റെ മധുരം ശരിക്കും അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു പാപ്പ.

എന്തു ചെയ്യുന്നതിനു മുമ്പും ഈശോയുടെ മുന്നിലെത്തി അക്കാര്യം പറഞ്ഞ് മടങ്ങുന്ന ശീലമുണ്ടായിരുന്നു അദ്ദേഹത്തിന്. ഈശോ ലോകത്തിലേക്ക് വന്നത് ദൈവം നമ്മോടു കൂടെയുള്ള എമ്മാനുവേൽ അനുഭവം നൽകാനാണ്. തന്നെ സ്‌നേഹിക്കുന്നവർക്ക് ഒന്നു സ്പർശിക്കണമെന്ന് തോന്നിയാൽ അതിനു തന്റെ സാന്നിധ്യം ഉണ്ടാവണം. അതിന് ഈശോ കണ്ട പരിഹാരമാണ് വിശുദ്ധ കുർബാന.

കാത്തിരിക്കുന്ന ഈശോ

ദിവ്യകാരുണ്യത്തിൽ താൻ തന്റെ മക്കളെ കാത്തിരിക്കുകയാണെന്ന് എത്രയോ വിശുദ്ധാത്മാക്കളോട് ഈശോ വെളിപ്പെടുത്തി. 2007 മുതൽ 2016 വരെ ഒരു ബനഡിക്‌ടൈൻ സന്യാസിക്കു കൊടുത്ത സ്വകാര്യ വെളിപാടുകൾ ‘ഇൻ സിനു യേസൂ’ എന്ന പേരിൽ (യേശുവിന്റെ വക്ഷസിൽ എന്നർത്ഥം) പ്രസിദ്ധികരിച്ചിട്ടുണ്ട്. ആ പുസ്തകത്തിൽ ഉടനീളം സക്രാരികളിൽ തന്നെ ഒറ്റയ്ക്കാക്കുന്നതിലുള്ള സങ്കടം ഈശോ വ്യക്തമാക്കുന്നുണ്ട്.

‘നിങ്ങൾ എന്നെ കാണാൻ വരാത്തത് എന്തേ. നിങ്ങളുടെ അനാദരവും അവഗണനയും നിസംഗതയും എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നിങ്ങൾ വന്നു വെറുതെ അവിടിരുന്നാൽ മതി. ഒന്നും പ്രാർത്ഥിക്കണ്ട. എന്നെ നോക്കി ഇരിക്കുക. ഞാൻ അനുഗ്രഹിക്കും, എന്റെ അടുത്തേക്കു വരിക. നിങ്ങൾക്കു എന്തു പ്രശ്‌നം ഉണ്ടായാലും വരിക. പാപിയാണെങ്കിലും വരിക. പാഴാക്കുന്ന സമയം എങ്കിലും എനിക്കു തരിക. എന്റെ മുമ്പിലിരിക്കുക. നിശബ്ദനായി ഇരിക്കുക. ഹൃദയത്തിൽ നിങ്ങൾ എന്റെ ശബ്ദം കേൾക്കും.’

2011 സെപ്റ്റംബർ 15ന് പരിശുദ്ധ അമ്മ ആ വൈദികനോട് പറഞ്ഞു: ‘എനിക്ക് ഇന്ന് വ്യാകുലങ്ങൾ ഏഴല്ല. എട്ടാമത് ഒരു വ്യാകുലമുണ്ട്. ദിവ്യകാരുണ്യനാഥനോട് കാണിക്കുന്ന അനാദരവ്.’

ദിവ്യകാരുണ്യത്തെ ആരാധിക്കുന്ന വൈദികർക്ക് പുതിയ പന്തക്കുസ്താ നൽകാൻ ഈശോ ആഗ്രഹിക്കുന്നതായി ‘ഇൻ സിനു യേസു’ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ നിശബ്ദ ആരാധനയിലൂടെയാണ് ഈ അനുഭവം കൈവരുന്നത്. ഈശോ വൈദികരോട് പറയുന്നു: ‘നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും വിശുദ്ധ കുർബാന അർപ്പണത്തിനുള്ള തയാറെടുപ്പാകണം. ദിവസവും ദിവ്യകാരുണ്യം സ്വികരിക്കുന്ന നിങ്ങൾ അതിൽനിന്ന് ലഭിക്കാവുന്ന ശക്തിയുടെ വളരെ കുറച്ചുപോലും സ്വന്തമാക്കുന്നില്ല. എല്ലാം സമ്മാനിക്കാനായി അവിടുന്നു കാത്തിരിക്കുന്നു.’ കടന്നു ചെല്ലാം, ആരാധിക്കാം, അത്ഭുതത്തോടെ ചോദിക്കാം. ദിവ്യകാരുണ്യമേ അങ്ങ് ആരാണ്?

ദൈവമേ, ഞാനും സാക്ഷി!

ദിവ്യകാരുണ്യത്തിലെ ഈശോയുടെ സജീവ സാന്നിധ്യത്തെക്കുറിച്ച് വിശ്വാസികളെ ബലപ്പെടുത്താൻ എ.ഡി 800 മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദിവ്യകാരുണ്യ അത്ഭുതങ്ങൾ സംഭവിക്കുന്നുണ്ട്. ഇറ്റലിയിലെ ലാച്യാനോയിൽ 800ൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം, അൾത്താരയിൽ കൂദാശ ചെയ്തുകൊണ്ടിരുന്ന തിരുവോസ്തിയിൽനിന്ന് രക്തപ്രവാഹമുണ്ടായതാണ്. രക്തം ഒഴുകുന്ന ആ തിരുശരീരം ഇന്നും സൂക്ഷിക്കപ്പെടുന്നു. കേരളത്തിലും ഉണ്ടായിട്ടുണ്ട് ഇത്തരം അത്ഭുതങ്ങൾ.

അതിൽ ഒന്നായ, 1996ൽ പോട്ട ദേശീയ കൺവെൻഷനിൽ വച്ചു നടന്ന അത്ഭുതത്തിന് ഞാനും ദൃക്‌സാക്ഷിയാണ്. കൺവെൻഷനെത്തിയ പാലക്കാടുകാരി റാണി ജോൺ എന്ന വീട്ടമ്മ അക്കാലത്തെ തൃശൂർ മെത്രാൻ മാർ ജേക്കബ് തൂങ്കുഴിയിൽനിന്ന് സ്വീകരിച്ച തിരുവോസ്തി രക്തം കിനിയുന്ന മാംസക്കഷണമായി മാറിയത് ഞാൻ കണ്ടു. ദിവ്യകാരുണ്യത്തിൽ ഈശോ സത്യമായും എഴുന്നള്ളിയിരിക്കുന്നു എന്ന് വിശ്വസിച്ച് അവിടുത്തെ ശക്തി അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യണമെന്ന് ഈശോ ആഗ്രഹിക്കുന്നു.

പൂവണ്ണത്തിലച്ചനും സാക്ഷി!

ഇത്തരം രൂപാന്തരീകരണത്തിന്റെ അത്ഭുതകഥകൾ തിരുസഭയുടെ ചരിത്രത്തിൽ ഏറെയുണ്ട്. 1786 മുതൽ 73 വർഷം ഫ്രാൻസിൽ ജീവിച്ച വിശുദ്ധ ജോൺ മരിയ വിയാനി അക്ഷരാർത്ഥത്തിൽ മണ്ടനായ ഒരു വിദ്യാർത്ഥിയായിരുന്നു. ആർക്കും വേണ്ടാത്ത ആർസ് ഇടവയിൽ അദ്ദേഹം നിയമിക്കപ്പെട്ടു. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആ അച്ചൻ സക്രാരിയുടെ മുന്നിൽ തന്റെ ദിവസങ്ങൾ വിനിയോഗിച്ചപ്പോൾ ലോകം വിസ്മയിക്കുന്ന കുമ്പസാരക്കാരനായി, വചന പ്രഘോഷകനായി. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വചനം കേട്ടാൽ പലരും മാനസാന്തരപ്പെട്ട് പൊട്ടിക്കരയുമായിരുന്നു.

18ാം നൂറ്റാണ്ടിൽ അവസാനിച്ച സംഭവമല്ലിത്. ഇന്നും കേരളത്തിലെ ക്രൈസ്തവർ സാകൂതം ശ്രവിക്കുന്ന തിരുവനന്തപുരം മേജർ അതിരൂപതയിലെ വൈദികൻ ഡാനിയേൽ പൂവണ്ണത്തിലിന്റെ ജീവിത സാക്ഷ്യം ഇപ്രകാരം സംഗ്രഹിക്കാം:

‘ഒരു ഇടവകയിലെ സംഘർഷം പരിഹരിക്കാൻ എത്ര ശ്രമിച്ചിട്ടും സാധിക്കാതിരുന്ന സമയം. ഉപദേശം തേടി ഡിവൈനിൽ ഫാ. മാത്യു നായിക്കംപറമ്പിലിന്റെ അടുത്തെത്തി. അദ്ദേഹം സങ്കീർത്തനം 110 വായിച്ചു കൊടുത്തു. ഒന്നാം വാക്യത്തിൽ ഉത്തരം ഉണ്ടെന്ന് അച്ചൻ പറഞ്ഞു. ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തു ഭാഗത്തിരിക്കുക.’

അച്ചൻ പോയി സക്രാരിയുടെ മുന്നിലിരിക്കുക. എന്തു സംഭവിക്കുമെന്നും ആ സങ്കീർത്തനത്തിൽ ഉണ്ടെന്നും ഫാ. നായിക്കംപറമ്പിൽ പറഞ്ഞു. നിന്റെ ശത്രുക്കളുടെ മധ്യത്തിൽ നീ വാഴും. ഉഷസിന്റെ ഉദരത്തിൽ നിന്നെന്ന പോലെ യുവാക്കൾ നിന്റെ അടുക്കലേക്കു വരും. വിശുദ്ധ പർവതത്തിലേക്ക് നീ സേനയെ നയിക്കുന്ന ദിവസം ജനം മടികൂടാതെ നിന്റെ അടുത്തുവരും. ആ വചനം അതുപോലെ നിറവേറുന്നതിന് ഫാ. ഡാനിയേൽ സാക്ഷിയായി എന്നത് ചരിത്രം.

ദൈവം സകലരോടും സംസാരിക്കുന്ന സമയം

അച്ചന്മാരൊടും വിശുദ്ധരോടും മാത്രമല്ല സാധാരണക്കാരായ നമ്മോടും ഈശോ സംസാരിക്കും. തലസ്ഥാനത്ത് പത്രപ്രവർത്തകനായിരിക്കുമ്പോൾ എനിക്കും ഉണ്ടായി ഒരു അനുഭവം. ഒരിക്കൽ നിരപാരാധിയായ നല്ല ഉദ്യോഗസ്ഥന് സഹപ്രവർത്തകർ വല്ലാത്ത ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. ഏറെ സങ്കടപ്പെട്ട അദ്ദേഹം ജോലി രാജിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചു. എന്നോട് അക്കാര്യം പങ്കുവെച്ചു. ഞാൻ നിരുത്സാഹപ്പെടുത്തി. അദ്ദേഹം ഉറച്ചുനിന്നു. ആലോചിച്ചു മാത്രം തീരുമാനങ്ങളെടുക്കുകയും എന്തു ത്യാഗം സഹിച്ചും അതു നടപ്പാക്കുകയും ചെയ്യുന്നവനാണ് അദ്ദേഹം. നന്നായി പ്രാർത്ഥിക്കുകയും ചെയ്യും.

പ്രാർത്ഥിച്ചു തീരുമാനിക്കാം എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ, തനിക്കു പ്രാർത്ഥിക്കാനൊന്നും പറ്റുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു. അന്ന് നിത്യാരാധന ചാപ്പലിൽ ചെല്ലുമ്പോൾ അവിടെ ആരും ഉണ്ടായിരുന്നില്ല. ഞാൻ ഈശോയുമായി ശരിക്കും കലഹിച്ചു: ‘ഞങ്ങളുടെ ദൈവം എവിടെ എന്ന് എല്ലാവരും ചോദിക്കുന്നു,’ അങ്ങനെ മനസിൽ വന്നതെല്ലാം ഞാൻ പറഞ്ഞു. സത്യമായും അദ്ദേഹത്തെ ഓർത്ത് എനിക്ക് അത്രസങ്കടം ഉണ്ടായിരുന്നു. കുറെക്കഴിഞ്ഞപ്പോൾ മനസ് ശാന്തമായി. ബൈബിൾ വായിക്കാൻ ശക്തമായ പ്രേരണ. ഞാൻ വായിച്ചു.

ഏശയ്യാ പ്രവചനം 62-ാം അധ്യായം. ഒന്നാമത്തെ വചനം വായിച്ചപ്പോൾ ഹരം തോന്നി. നിർത്താതെ വായിച്ചു, 12 വചനങ്ങൾ. അദ്ദേഹത്തിനുള്ള ഉത്തരമായിരുന്നു അത്. ‘സിയോന്റെ ന്യായം പ്രഭാതം പോലെയും ജറുസലേമിന്റെ രക്ഷ ജ്വലിക്കുന്ന പന്തുപോലെയും ഞാൻ പ്രകാശിപ്പിക്കും,’ എന്നാണ് കർത്താവ് പറഞ്ഞത്. വാക്യങ്ങൾ ടെലിഫോണിലൂടെ വായിച്ചു കേൾപ്പിച്ചു. അദ്ദേഹം ശാന്തനായി. ആ വാക്യങ്ങളിലെ വാഗ്ദാനങ്ങൾ തുടർന്നുള്ള ദിനങ്ങളിൽ നിറവേരുന്നതും കണ്ടു. ദിവ്യകാരുണ്യം സംസാരിക്കും, സത്യം.

ദിവ്യകാരുണ്യം മധ്യസ്ഥനാകും, സംശയമുണ്ടോ?

ഫാ. ജോർജ് പനയക്കൽ പറഞ്ഞ ഒരു സംഭവം പറയാം. യുവാവായ ഭർത്താവ് ഭാര്യയുമായി ഉടക്കി. കോപം വന്നപ്പോൾ ഭാര്യയെ ഒന്നു തല്ലി. തെറ്റിപ്പോയെന്ന് അയാൾക്കും തോന്നി. അനുരജ്ഞനത്തിനു ചെന്നിട്ട് ഭാര്യ അടുക്കുന്നില്ല. അവൻ അച്ചനെ കാണാൻ വന്നു. അച്ചൻ എല്ലാം കേട്ടു. പിന്നീട് ചോദിച്ചു. നിന്റെ ഭാര്യയെ ആരാണ് നിനക്ക് തന്നത്? കാർന്നോന്മാരു കണ്ടുപിടിച്ചതാ, അവൻ പറഞ്ഞു.

അവർ കണ്ടു പിടിച്ചതേ ഉള്ളു. ദൈവമാണ് സമ്മാനമായി അവളെ നിനക്കു തന്നത്. അതുകൊണ്ട് നീ അവളെ തല്ലിയപ്പോൾ വേദനിച്ചത് സമ്മാനം തന്നവനാണ്. അവളുമായി അനുരജ്ഞനപ്പെടണമെങ്കിൽ ആദ്യം ഈശോയോട് മാപ്പുപറയുക. അവൻ പോയി. ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരുന്നു. ഓരോന്ന് ഓർത്തപ്പോൾ അവൻ കരഞ്ഞു. ഒരു മണിക്കൂറിലധികം അവനവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റു വീട്ടിലേക്കു മടങ്ങി.

വീട്ടിൽ ചെല്ലുമ്പോൾ വാതിൽക്കൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഭാര്യ. രണ്ടാഴ്ചയോളമായി അവനെ കണ്ടാൽ വെട്ടുപോത്തിനെപോലെ തലവെട്ടിച്ചു പോയിരുന്നവൾ. കണ്ടപാടെ അവൾ കൈയിൽ പിടിച്ചു ചോദിച്ചു: ‘എവിടെ പോയതായിരുന്നു ഇത്ര നേരം?’ നടന്നതെല്ലാം അവൻ പറഞ്ഞു. ‘എന്നാൽ പറഞ്ഞേച്ചു പോകരുതായിരുന്നോ? ബാക്കിയുള്ളവൾ തിന്ന തീ…’ അവൾ ആ തോളിൽ ചാരി നിന്ന് പറഞ്ഞു. നീ ഈശോയെ ആരാധിക്കുമ്പോൾ അവിടുന്ന് വീട്ടിൽ മാനസാന്തരം വരുത്തുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?