Follow Us On

08

October

2024

Tuesday

ചെറുപുഷ്പത്തോടുള്ള സ്‌നേഹം വർദ്ധിക്കും എട്ട് രഹസ്യങ്ങൾ അറിഞ്ഞാൽ!

ഫാ. ജയ്‌സൺ കുന്നേൽ MCBS

അധികം ആർക്കും അറിയാത്ത ഈ എട്ടു കാര്യങ്ങൾ അറിഞ്ഞാൽ വിശുദ്ധ ചെറുപുഷ്പത്തോടുള്ള നമ്മുടെ സ്‌നേഹം പലമടങ്ങ് വർദ്ധിക്കുമെന്ന് ചൂണ്ടിക്കാട്ടി, വിശുദ്ധയുടെ തിരുനാൾ ദിനത്തിൽ (ഒക്ടോ. ഒന്ന്) ലേഖകൻ പങ്കുവെക്കുന്നു ആ രഹസ്യങ്ങൾ!

വിശുദ്ധ കൊച്ചുത്രേസ്യയെ ഇഷ്ടപ്പെടാത്ത കത്തോലിക്കരുണ്ടാവില്ല. അതുപോലെ, വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപമോഒരു ചിത്രമെങ്കിലും ഇല്ലാത്ത ദൈവാലയങ്ങളോ സഭാ സ്ഥാപനങ്ങളോ ലോകത്ത് ഒരിടത്തും ഉണ്ടാവാനിടയില്ല. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികൾ അവളുടെ ശക്തമായ മാധ്യസ്ഥ ശക്തിയിൽ വിശ്വസിക്കുന്നു, അവളെ സ്‌നേഹിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യയെക്കുറിച്ചു താഴെപ്പറയുന്ന വസ്തുതകൾ കൂടി അറിയുമ്പോൾ സാധാരണക്കാർക്കും വിശുദ്ധ ജീവിതം നയിക്കാമെന്നചിന്ത നമ്മിൽ രൂഢമൂലമാകും.

1. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചവൾ

കൊച്ചുറാണി പലപ്പോഴും സംശയാലുവായിരുന്നു. ഇതിനെ പലപ്പോഴും ആത്മീയതലത്തിലുള്ള വിഭ്രാന്തിയായി (Obsessive Compulsive Disorder) കണ്ടിരുന്നു. അതായത്, അവളുടെ പാപങ്ങൾ ദൈവത്തെ ധിക്കരിച്ചു എന്നതും അവൾ ചെയ്ത മാരക പാപം അവളുടെ ജീവിതത്തിൽ പല അവസരങ്ങളിലും ആപത്തു വരുത്തും എന്നുമുള്ള ഭയം അവൾക്കുണ്ടായിരുന്നു. അവളുടെ ബാല്യകാല അനുഭവങ്ങളായിരുന്നു അതിനു കാരണം:

വളരെ ചെറുപ്പത്തിൽത്തന്നെയുള്ള അമ്മയുടെ മരണം. അമ്മയുടെ സ്ഥാനം നൽകിയിരുന്ന സഹോദരി പൗളീനായുടെ കർമലമഠ പ്രവേശനവും ചെറുപുഷ്പ്പത്തെ ഏകാകിയാക്കി. സ്‌കൂളിലെ വഴക്കാളി സ്വഭാവും പെട്ടെന്ന് പ്രതികരിക്കുന്ന പ്രകൃതിയും കാണിക്കുന്നത് വളരെ ചെറുപ്പത്തിൽത്തന്നെ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കൊച്ചുത്രേസ്യയിൽ ഉണ്ടായിരുന്നു എന്നാണ്.

അവസാന നാളുകളിൽ ക്ഷയരോഗം മൂലം ഉണ്ടായകഠിനമായ സഹനങ്ങൾഅവളെപലപ്പോഴും നിരാശയുടെ പ്രലോഭനങ്ങളിലേക്കു തള്ളി നീക്കിയെങ്കിലും ക്രിസ്തുവിലേക്ക് തിരിയുന്നതിൽ അവൾ ഒരിക്കലുംമടി കാട്ടിയില്ല. ക്രിസ്തുമാർഗത്തിൽ അവൾ സ്ഥിരതയോടെനിന്നു. അവളുടെ മധ്യസ്ഥം എപ്പോഴും ശക്തവും ദ്രുതഗതിയിലുള്ളതുമാണ്.

2. പെട്ടന്ന് വികാരഭരിതയാകുന്നവൾ

വിശുദ്ധ കൊച്ചുത്രേസ്യാ ഒരു കുസൃതിക്കുടുക്ക ആയിരുന്നു. സ്‌കൂളിലെ പല കാര്യങ്ങളുമായി ഒത്തു പോകാൻ സാധിക്കാത്തതിനാൽ അവൾ പലപ്പോഴും അസംതൃപ്തയുമായി. പൊതുവേസന്തോഷവതിയായി അവൾ കാണപ്പെട്ടുവെങ്കിലും കുടുംബാംഗങ്ങൾ ഒരു വികൃതി പയ്യനെപ്പോലെയാണു അവളെ പരിഗണിച്ചിരുന്നത്. പെട്ടെന്ന് പ്രതികരിക്കുന്ന അവളുടെ പ്രകൃതം കുടുംബത്തിൽ പലപ്പോഴും ദുഃഖമുളവാക്കിയിരുന്നു.

കൊച്ചുത്രേസ്യായുടെ ബാല്യകാല വികൃതികൾ വായിക്കുമ്പോൾ ഇന്നത്തെ പല കുട്ടികളിലും സ്വർഗീയ പ്രതീക്ഷ നമുക്ക് കാണാനാകും. കൊച്ചുറാണി കുട്ടിത്വത്തിന്റെ എല്ലാവിധ അപക്വതയിലൂടെയും കുസൃതിത്തരങ്ങളിലൂടെയും പ്രതികരിക്കുന്ന സ്വഭാവത്തിലൂടെയും നടന്നാണ് വിശുദ്ധ പദവിയിലേക്ക് ഉയർന്നത്.

3.പ്രതിസന്ധിയിലും ശാന്തത പുലർത്തിയവൾ

കർമലീത്താ മഠത്തിൽ പ്രവേശിച്ചതോടെ കൊച്ചുത്രേസ്യായുടെ ജീവിതത്തിലും അത്ഭുതാവഹമായ മാറ്റങ്ങൾ ഉണ്ടായി. വൈകാരികമായി അവൾക്കു കുറച്ചുകൂടെ പക്വത കൈവരുകയും കർമലാരാമത്തിലെ ആശ്രയിക്കാവുന്ന ഒരു കന്യാസ്ത്രീ എന്ന പദവിയിലേക്ക് ഉയരുകയും ചെയ്തു.ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ, കാൽച്ചുവട്ടിലെ മണ്ണ് ഉലിച്ചു പോകുന്ന സന്ദർഭങ്ങളിൽ പോലും സമചിത്തയാകാൻ അവൾക്കു സാധിച്ചു.ക്രിസ്തുവിന്റെ സ്‌നേഹത്തിൽ അചഞ്ചലമായി അവൾ ജീവിതം അടിസ്ഥാനമിട്ടതുകൊണ്ടു മാത്രമാണ് ഇപ്രകാരം ചെയ്യാൻ അവൾക്കു സാധിച്ചത്.

4. കുടുംബത്തെ ഒന്നിച്ചു കൊണ്ടുവരാൻ ഇഷ്ടപ്പെടുന്നവൾ

നമ്മുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് സഹായിക്കാൻ ഏറ്റവും ഉത്തമയായ വിശുദ്ധയാണ് വിശുദ്ധ കൊച്ചുത്രേസ്യാ. കുടുംബത്തിലെ മുറിവുകൾ കുടുംബത്തിനുള്ളിൽ വച്ചു തന്നെ സൗഖ്യപ്പെടുത്തുന്നതിന്റെ പ്രാധാന്യം നല്ലതുപോലെ അറിയാവുന്ന വിശുദ്ധയാണവൾ. അവളിൽ ദൈവവിശ്വാസത്തിന്റെ വിത്തുപാകിയതും പരിപോഷിപ്പിച്ചതും അവളുടെ കുടുംബത്തിലാണ്.

5.നർമബോധമുള്ളവിശുദ്ധ

കൊച്ചുത്രേസ്യാ ജീവിതത്തിലുടനീളം നർമബോധം കാത്തു സൂക്ഷിച്ച വിശുദ്ധ ആയിരുന്നു. വിശുദ്ധയുടെ ചിത്രങ്ങൾ കാണുന്ന ആരും അതു നിഷേധിക്കില്ല. ഒരു ആത്മാവിന്റെ കഥ എന്ന അവളുടെ ആത്മകഥ ആലങ്കാരികമായ ഭാഷക്കപ്പുറം അവളുടെ ജീവിത തനിമയുടെയും മകുടോദാഹരണമാണ് .ഈ പുസ്തകത്തിൽപതിനഞ്ചാം വയസിൽ കർമ്മല മഠത്തിൽ ചേരുന്നതിനുള്ള അനുവാദം തേടി അവൾ ലിയോ പതിമൂന്നാമൻ പാപ്പയെ സമീപിച്ചതിനെപ്പറ്റി പ്രതിപാദിച്ചട്ടുണ്ട്. അതു നർമം കലർത്തിയാണ്.അവൾ തന്റെ സഹോദരിക്കു നർമ്മബോധം കളയാതെ എഴുതി: ‘മരിച്ചവനെപ്പോലെ തോന്നിപ്പിക്കുന്ന നല്ല പാപ്പ വളരെ വയസനാണ്.’

6. പ്രാർത്ഥനയിൽ ചിലപ്പോഴെങ്കിലും ഉറങ്ങിപ്പോയവ

വിശ്വാസജീവിതത്തിൽ സ്ഥിരതയിൽ നിൽക്കാൻ സാധിക്കാതെ നിരാശക്കു നമ്മുടെ ജീവിതം വഴിമാറുമ്പോൾ വിശുദ്ധ ചെറുപുഷ്പത്തിന്റെ രണ്ടു ഉദ്ധരണികൾ നമ്മെ സഹായിക്കുന്നു. ഒന്നാമത്തേത് ഉറക്കവുമായി ബന്ധപ്പെട്ടതാണ്:

‘പ്രാർത്ഥനാ സമയങ്ങളിലും വിശുദ്ധ കുർബാന സ്വീകരണ ശേഷമുള്ള ഉപകാരസ്മരണകളിലും ഉറക്കത്തിലേക്കുവഴുതി വീഴുമ്പോൾഞാൻഅത്യധികം ദുഃഖിക്കേണ്ടതാണ്, എന്നാൽ ഞാൻ അതിൽ വ്യാകുലപ്പെടുന്നില്ല. മക്കൾ ഉറങ്ങുമ്പോഴും ഉണർന്നിരിക്കുമ്പോഴുംഅവരുടെ മാതാപിതാക്കൾക്കു പ്രിയപ്പെട്ടവരാണെന്നു എനിക്കറിയാം. ഓപ്പറേഷനു മുമ്പു ഡോക്ടർമാർ അവരുടെ രോഗികളെ മയക്കുന്നു. ദൈവത്തിനു നമ്മുടെ ചട്ടക്കൂട് അറിയാം, നാം പൂഴി ആണന്ന് അവിടുന്ന് ഓർമിക്കുന്നു.’

രണ്ടാമത്തെ ഉദ്ധരണി പരിശുദ്ധ മറിയത്തിന്റെ ജപമാലയുമായി ബന്ധപ്പെട്ടതാണ്. കന്യകാമറിയത്തോടു അളവറ്റ ഭയഭക്തി ബഹുമാനം ഉണ്ടായിരുന്നവളായിരുന്നു കൊച്ചുത്രേസ്യാ. എങ്കിലും ചിലപ്പോൾ ജപമാല ചൊല്ലുമ്പോൾ പ്രതിസന്ധികൾ ഉണ്ടായിരുന്നു. ‘ഞാൻ ഒറ്റയ്ക്കു (ഇതു പറയാൻ ഞാൻ ലജ്ഞിക്കുന്നു) ജപമാല ചൊലുക തപശ്ചര്യക്കു മുള്ളരഞ്ഞാണം അണിയുന്നതിനേക്കാൾ ചിലപ്പോൾ ബുദ്ധിമുട്ടാണ്, ‘നമുക്കെല്ലാം ഒരു ഓർമപ്പെടുത്തലായി അവൾ പിന്നിട് ഇപ്രകാരം കുറിച്ചു:’ഇപ്പോൾ ഞാൻ കുറച്ചേ എകാന്തത അനുഭവിക്കുന്നുള്ളൂ, കാരണം സ്വർഗറാണി എന്റെ അമ്മ ആയതുകൊണ്ട് എന്റെ നല്ല ഉദ്ദേശ്യം അവൾ കാണുന്നു അതിൽ അമ്മ സംതൃപ്തയാണ്.’ ദൈവതിരുമുമ്പിൽ സത്യസന്ധതയോടെ നിലകൊണ്ട കൊച്ചുത്രേസ്യാ നമുക്കൊരു മാർഗദീപമാണ്.

7. വാഗ്ദാനം ഇന്നും പാലിക്കുന്നവൾ

ചെറുപുഷ്പത്തിന്റെ ഈ വാക്കുകൾ എനിക്കു മറക്കാൻ കഴിയുന്നില്ല: ‘എന്റെ മരണശേഷം സ്വർഗത്തിൽനിന്ന് ഞാൻ റോസാ പൂക്കൾ വർഷിക്കും. ഭൂമിയിൽ നന്മ ചെയ്യുന്നതിൽ സ്വർഗത്തിലെ സമയം ഞാൻ ചെലവഴിക്കും. സ്വർഗത്തിൽ കുഞ്ഞുവിശുദ്ധന്മാരുടെ ഒരു സൈന്യം ഞാൻ നിർമിക്കും. ദൈവം എല്ലാവരാലും സ്‌നേഹിക്കപ്പെടണം അതാണ് എന്റെദൗത്യം.’

സ്വർഗത്തിൽ ഇരുന്നുകൊണ്ടു ഭൂമിയെ സഹായിക്കാൻ ആഗ്രഹിക്കുന്ന ഒരു വിശുദ്ധ! ഇങ്ങനെ ഒരു പുണ്യവതി വാഗ്ദാനം നൽകിയിട്ടുണ്ടങ്കിൽ അവളോടു മാധ്യസ്ഥ്യം യാചിക്കാൻ നാം ശങ്കിക്കേണ്ടതില്ല. നാം എല്ലാവരും യഥാർത്ഥ പരിശുദ്ധി സ്വന്തമാക്കണമെന്നാണ് അവളുടെ ആഗ്രഹം അതിനാൽ നമ്മുടെ അപേക്ഷകൾക്കു നേരേ അവൾ മുഖം തിരിക്കില്ല.

8. സ്വർഗത്തിലേക്ക് കുറുക്കുവഴി നിർമിച്ചവൾ

കാച്ചുത്രേസ്യാ പഠിപ്പിച്ച കുറുക്കുവഴി സ്വർഗം നേടാൻ കൂടുതൽ ഫലവത്താണ്. സ്‌നേഹിക്കുന്ന പിതാവായ ദൈവത്തോടുള്ള സ്‌നേഹവും അതിലുള്ള ആഴപ്പെട്ട വിശ്വാസവുമാണ് ആ കുറുക്കുവഴികൾ. ഇവ രണ്ടും നമ്മെ സ്വർഗത്തിലേക്ക് നയിക്കും. ജിവിതത്തിൽ എന്തുസംഭവിച്ചാലും ദൈവത്തിന്റെ കരങ്ങളിൽ അഭയം തേടുന്ന,എന്തു തെറ്റുകൾസംഭവിച്ചാലും നമ്മെ മനസിലാക്കി മാറോടണക്കുന്ന ദൈവസ്‌നേഹത്തിലുള്ള വിശ്വാസംനമുക്കും സ്വർഗം നേടിത്തരട്ടെ. വിശുദ്ധ കൊച്ചുത്രേസ്യാ ആദ്യം കൂട്ടിവായിക്കാൻ പഠിച്ച വാക്ക് ‘സ്വർഗം’എന്നാണെങ്കിൽ നാമും മറക്കാതെ മനസിൽ സൂക്ഷിക്കേണ്ട വാക്കും ലക്ഷ്യവും’സ്വർഗം’ ആയിരിക്കണം.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?