Follow Us On

23

December

2024

Monday

ഇത് മാത്യൂസ് വയന്ന, കാർലോയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് നയിച്ച കുഞ്ഞനുജൻ!

ലണ്ടനിൽ ജനിച്ച് ഇറ്റലിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് വാഴ്ത്തപ്പെട്ട പദവിയിൽ എത്താൻ കാരണം, ബ്രസീലിലെ ഒരു കുഞ്ഞിന് ലഭിച്ച അത്ഭുത രോഗസൗഖ്യമാണ്. വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ (ഒക്ടോബർ 12) വായിക്കാം, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത ആ അത്ഭുതം!

ക്രിസ്റ്റി എൽസ

ലണ്ടനിൽ ജനിച്ച് ഇറ്റലിയിലെ അസീസിയിൽ ജീവിച്ചുമരിച്ച കാർലോ അക്യുറ്റിസ് എന്ന കൗമാരപ്രായക്കാരൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ ബ്രസീലിലെ ‘വിയന്ന ഫാമിലി’ ആനന്ദ നിർവൃതിയിലാണ്. കാർലോയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിന് കാരണമായ അത്ഭുതം തങ്ങളുടെ കുടുംബത്തിലെ ഒരു കുഞ്ഞിനുണ്ടായ രോഗസൗഖ്യമാണെന്നതുതന്നെ അതിനു കാരണം. കാർലോയെ വാഴ്ത്തപ്പെട്ട നിരയിലേക്ക് നയിച്ച ആ കുഞ്ഞനുജന്റെ പേര് മാത്യുസ് വയന്ന.

ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാത്യുസിന് ഇപ്പോൾ പ്രായം 10 വയസ്. 2013ൽ മാത്യൂസിന് മൂന്ന് വയസ് പ്രായമുള്ളപ്പോൾ കാർലോയുടെ മധ്യസ്ഥത്താൽ ലഭിച്ച അത്ഭുതമാണ് കാർലോയെ വാഴ്ത്തപ്പെട്ടരുടെ നിരയിലേക്ക് ഉയർത്താൻ വത്തിക്കാൻ സ്ഥിരീകരിച്ച അത്ഭുതം. ജനതകപരവും ഗുരുതരവുമായ ‘അന്യുലർ പാൻക്രിയാസ്’ എന്ന ഉദരരോഗത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മാത്യൂസ് പൂർണ ആരോഗ്യവാനാണിപ്പോൾ.

ദൈവദാസൻ, ധന്യൻ, വാഴ്ത്തപ്പെട്ടവൻ, വിശുദ്ധൻ എന്നിവയാണ് നാമകരണ നടപടികളുടെ നാലു ഘട്ടങ്ങൾ. ഇതിൽ അൾത്താര വണക്കത്തിന് അർഹതനേടുന്ന വാഴ്ത്തപ്പെട്ട പദവിയും നാമകരണത്തിന്റെ അവസാന ഘട്ടമായ വിശുദ്ധാരാമ പ്രവേശനവും സാധ്യമാകാൻ, വൈദ്യശാസ്ത്രത്തിന് വിശദീകരിക്കാനാകാത്ത രണ്ട് രോഗസൗഖ്യങ്ങൾ സ്ഥിരീകരിക്കണം. അതിലൊന്നാണ്, ബ്രസീലിലെ കാമ്പോ ഗ്രാൻഡേയിൽനിന്ന് റിപ്പോർട്ട് ചെയ്ത മാത്യുസിന്റെ രോഗസൗഖ്യം. തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഉപകരണമാക്കപ്പെട്ട കാർലോ അക്യുറ്റിസിന്റെ വാഴ്ത്തപ്പെട്ടപദവി പ്രഖ്യാപനം ഒരു ആഘോഷമാക്കാൻ ഒരുങ്ങുകയാണ് മാത്യൂസിന്റെ അമ്മ ലുസിയാന വയന്നയും കുടുംബാംഗങ്ങളും.

മാത്യൂസ് വയന്ന (ഇടത്തുനിന്ന് നാലാമത് മുൻനിരയിൽ) കൂടുംബാംഗങ്ങൾക്കൊപ്പം വാഴ്ത്തപ്പെട്ട കാർലോയുടെ തിരുശേഷിപ്പിനു മുന്നിൽ.

രണ്ട് വയസുള്ളപ്പോഴാണ് മാത്യൂസ് ആമാശയവുമായി ബന്ധപ്പെട്ട ഗുരുതര രോഗാവസ്ഥയിലാണെന്ന് കണ്ടെത്തിയത്. എന്തു ഭക്ഷണം കഴിച്ചാലും ഛർദ്ദിക്കുന്ന ഈ രോഗാവസ്ഥയ്ക്ക് വൈദ്യശാസ്ത്രം നൽകിയിരിക്കുന്ന പേര് ‘അന്യുലർ പാൻക്രിയാസ്’ എന്നാണ്. ചെറുകുടലിനുചുറ്റും ഇരുവശത്തുമായുള്ള ആമാശയഗ്രന്ധികൾ ദിശതെറ്റി വളരുകയും അതിന്റെ ഭാഗമായി ചെറുകുടലിന്റെ പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുകയും ചെയ്യുന്ന രോഗാവസ്ഥയാണിത്. കൃത്യമായ ദഹനം നടക്കാതെ ഭക്ഷണം ഛർദ്ദിച്ചുകളയുന്ന രോഗാവസ്ഥ കുട്ടിയുടെ വളർച്ചയെ സാരമായി ബാധിക്കും.

ദ്രവരൂപത്തിലല്ലാത്ത ഭക്ഷണം എന്തു കഴിച്ചാലും ഛർദ്ധിക്കും. ശാരീരിക വളർച്ച ഇല്ലാതാവുകയും എല്ലുകളുടെയും മാംസപേശികളുടെയും ബലം കുറയുകയും ചെയ്യുകയാണ് അനന്തരഫലം. ചിക്ത്‌സയ്ക്ക് പരിമിതികളുണ്ടായിരുന്നു. ശരീരഭാരം ഇല്ലാത്ത കുഞ്ഞിന്റെ ശസ്ത്രക്രിയ അസാധ്യമെന്ന് വിധിയെഴുതിയ ഡോക്ടർമാർ നൽകിയത് അപായസൂചനയായിരുന്നു- മറ്റു മാർഗങ്ങളൊന്നുമില്ല, മരണത്തിലേക്ക് പോയ്‌ക്കൊണ്ടിരിക്കുകയാണ് അവൻ.

പ്രാർത്ഥനയും അതിലൂടെ സംഭവിക്കാവുന്ന അത്ഭുതവും മാത്രമേ പ്രതിവിധിയായുള്ളൂവെന്ന് ലുസിയാന തിരിച്ചറിഞ്ഞു. ഭക്ഷണം കഴിക്കാനാകാതെ ആരോഗ്യാവസ്ഥ തീർത്തും മോശമായ സാഹചര്യത്തിലും പ്രാർത്ഥന തുടർന്നു. എങ്കിലും ഇടയ്‌ക്കൊക്കെ നിരാശയിലേക്കും വഴുതിവീഴും കുടുംബം. അപ്രകാരമൊരു ദിനത്തിലാണ് ഇടവക വികാരിയായ ഫാ. മാർസെലോ ടെനാരിയോ പറഞ്ഞ ഒരു കാര്യം ലുസിയുടെയും കുടുംബത്തിന്റെയും ഓർമയിലെത്തിയത്.

ദിവ്യകാരുണ്യത്തെ അഗാധമായ സ്‌നേഹിച്ച കാർലോ അക്യുറ്റിസ് എന്ന ഇറ്റാലിയൻ ബാലന്റെ വാഴ്ത്തപ്പെട്ട പദവി സാധ്യമാകാൻ ഒരു അത്ഭുത രോഗസൗഖ്യം സംഭവിക്കണം എന്നതായിരുന്നു അത്. കാർലോയുടെ നാമകരണ നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ അപ്പോൾ. കാർലോയുടെ കുടുംബവുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഫാ. മാർസെലോ, കാർലോയുടെ രക്തം പതിഞ്ഞ വസ്ത്രത്തിന്റെ ഒരുഭാഗം ദൈവാലയത്തിൽ എത്തിച്ചിരുന്നു.

കുടുംബാംഗങ്ങൾ മാത്യൂസിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ വികാരി മാത്യൂസിനെ തിരുശേഷിപ്പിന് മുന്നിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു. ഒരു കളിപ്പാട്ടം ആവശ്യപ്പെടുന്നതുപോലെ രോഗസൗഖ്യം ചോദിക്കാൻ മാത്യൂസിനെ പഠിപ്പിച്ചശേഷം തിരുശേഷിപ്പിൽ മാത്യൂസിനെകൊണ്ട് സ്പർശിക്കുകയും ചെയ്തു, കാർലോയുടെ സ്മരണാദിനമായ ഒക്‌ടോബർ 12 ആയിരുന്നു ആ ദിനം.

ആ ദിനത്തിൽതന്നെ അത്ഭുതം സംഭവിച്ചു എന്നാണ് കുടുംബത്തിന്റെ സാക്ഷ്യം. അന്നു മുതൽ ദ്രവരൂപത്തിലല്ലാത്ത ഭക്ഷണം കഴിച്ചാലും ഛർദിക്കാതായി. അവൻ ഭക്ഷണം ചോദിച്ചുവാങ്ങി കഴിക്കാൻ തുടങ്ങി. ദിവസങ്ങൾക്കുശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനകളുടെ ഫലങ്ങളും അത്ഭുതപ്പെടുത്തുന്നതായിരുന്നു- കുഞ്ഞിന് രോഗാവസ്ഥയൊന്നുമില്ല. ഭക്ഷണം കഴിക്കാവുന്ന അവസ്ഥ സാധ്യമായതോടെ ശാരീരിക വളർച്ചയും വീണ്ടെടുത്തു. പ്രസ്തുത രോഗസൗഖ്യമാണ് വൈദ്യശാസ്ത്ര വിദഗ്ദ്ധരുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം അത്ഭുതമാണെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചത്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?