Follow Us On

15

November

2024

Friday

അതായിരുന്നു, കാർലോ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതം!

പതിനഞ്ച് വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട്, ഇന്നും അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന കാർലോ അക്യുറ്റിസ് ഒരുപക്ഷേ, ദിവ്യകാരുണ്യനാഥനിലേക്ക് ആദ്യം നയിച്ചത് തന്റെ അമ്മയെ തന്നെയാകും- വാഴ്ത്തപ്പെട്ട കാർലോയുടെ തിരുനാളിൽ അടുത്തറിയാം, ആ അസാധാരണ മാനസാന്തരത്തിന്റെ നേർസാക്ഷ്യം.

ക്രിസ്‌ലിൻ നെറ്റോ

മക്കളെ വിശ്വാസജീവിതത്തിലേക്ക് നയിച്ച അമ്മമാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും. എന്നാൽ അമ്മയെയും കുടുംബാംഗങ്ങളെയും വിശ്വാസജീവിതത്തിലേക്ക് നയിച്ച മകനെ കുറിച്ച് കേട്ടിട്ടുണ്ടോ? വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയർത്തപ്പെട്ട കാർലോ അക്യുറ്റിസ് എന്ന കൗമാരക്കാരന്റെ ജീവിത വിശുദ്ധി വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ അമ്മ അന്റോണിയോ സൽസാനോയുടെ മാനസാന്തരം! ഒരുപക്ഷേ, ഇതുതന്നെയാകും കാർലോ പ്രവർത്തിച്ച ആദ്യത്തെ അത്ഭുതവും!

അതെ, 15 വയസുവരെ മാത്രം നീണ്ട ജീവിതംകൊണ്ട്, ഇന്നും അനേകരെ ക്രിസ്തുവിന് നേടിക്കൊടുക്കുന്ന കാർലോ അക്യുറ്റിസ് ഒരുപക്ഷേ, ആദ്യം ക്രിസ്തുവിലേക്ക് നയിച്ചത് തന്റെ അമ്മയെ തന്നെയാകും. അതിന് തെളിവാണ്, അമ്മയായ സൽസാനയുടെ സാക്ഷ്യം. മകന്റെ വിശ്വാസവും അവൻ പകർന്ന ദിവ്യകാരുണ്യ ഭക്തിയുമാണ് തന്റെ ജീവിതത്തിലെ വിശ്വാസവളർച്ചയ്ക്ക് കാരണമായതെന്ന് തുറന്നു പറയുന്നതിൽ അതീവ സന്തോഷവതിയാണ് അന്റോണിയോ സൽസാനോ.

കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു എങ്കിലും വിശ്വാസജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നില്ല സൽസാനോ. വിരളമായിമാത്രം വിശുദ്ധ കുർബാനയിൽ സംബന്ധിച്ചിരുന്ന അവർ കാർലോയുടെ ജനനത്തിനുശേഷമാണ് വിശുദ്ധ കുർബാനയിൽ പങ്കുചേരാൻ ആരംഭിച്ചത്. അതിന് പ്രചോദനമായത് കാർലോതന്നെയായിരുന്നു. ‘ദിവ്യകാരുണ്യമായിരുന്നു കാർലോയുടെ വിശുദ്ധിയുടെ ഉറവിടം. സ്വർഗത്തിലേക്കുള്ള തന്റെ ഹൈവേ എന്നാണ് പരിശുദ്ധ കുർബാനയെ കാർലോ വിശേഷിപ്പിച്ചിരുന്നത്,’ സൽസാനോ തുടർന്നു:

‘ഏഴാം വയസിൽ ദിവ്യകാരുണ്യം സ്വീകരിച്ചശേഷം ഒരിക്കൽപോലും, കുടുംബവുമൊത്തുള്ള യാത്രയിലാണെങ്കിലും വിശുദ്ധ കുർബാന മുടക്കിയിട്ടില്ല കാർലോ. അവന്റെ വിശ്വാസജീവിതം തന്നെ സ്വാധീനിക്കുംമുമ്പ് മാമ്മോദീസയ്ക്കും സൈ്ഥര്യലേപനത്തിനും വിവാഹത്തിനു മാത്രമേ ഞാൻ ദൈവാലയത്തിൽ പോയിട്ടുള്ളൂ.’

വളരെ ചെറുപ്പത്തിൽ തന്നെ അസാധാരണമായ ബുദ്ധിസാമർത്ഥ്യവും തീക്ഷ്ണമായ ക്രിസ്തുസ്‌നേഹവും പ്രകടിപ്പിച്ച കാർലോ തന്റെ അമ്മയോട് വിശ്വാസസംബന്ധമായ ചോദ്യങ്ങൾ ചോദിക്കുക പതിവായിരുന്നു. മകന്റെ ഈ ചോദ്യങ്ങളാണ് തന്നെ ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയാനും സഭയുമായി അടുക്കാനും പ്രേരിപ്പിച്ചതെന്ന് സൽസാനോ സാക്ഷ്യപ്പെടുത്തുന്നു.

കാർലോയുടെ വിശ്വാസവും ജീവിത വിശുദ്ധിയും എത്രമാത്രം ആ മാതാപിതാക്കൾക്ക് താങ്ങായി എന്ന് മനസിലാകുന്നത്, കാർലോയുടെ അവസാന ദിനങ്ങളിലാണ്. ലുക്കിമിയ രോഗബാധിതനായ അവസാന നാളുകളിലാണ് ദിവ്യകാരുണ്യ അത്ഭുതങ്ങളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റ് തയാറാക്കാനുള്ള വിവരശേഖരണത്തിനായി ദിവ്യകാരുണ്യ അത്ഭുതങ്ങൾ നടന്ന സ്ഥലങ്ങളിലേക്ക് കാർലോ യാത്ര ചെയ്തത്. ലോകം മുഴുവനും വിശുദ്ധ കുർബാന കുറിച്ച് അറിയണമെന്ന തീക്ഷ്ണമായ ആഗ്രഹം കാർലോയ്ക്ക് ഉണ്ടായിരുന്നു.

ഈ ആഗ്രഹമാണ് കത്തോലിക്കാ സഭ അംഗീകരിച്ച ലോകമെമ്പാടുമുള്ള ദിവ്യകാരുണ്യ അത്ഭുതങ്ങൾ രേഖപ്പെടുത്താനും പ്രചരിപ്പിക്കാനും കാർലോയ്ക്ക് പ്രേചോദനമായത്. അവസാന നാളുകളിലും തങ്ങളുടെ മകനോടൊപ്പം യാത്ര ചെയ്യാനും സന്തോഷത്തോടെ ആ ദൗത്യത്തെ പിന്തുണയ്ക്കാനും ആ മാതാപിതാക്കൾക്ക് ധൈര്യം നൽകിയതും കാർലോ പകർന്ന പ്രത്യാശാ നിർഭരമായ വിശ്വാസമാണ്.

നാം മരണത്തെ ഭയപ്പെടാതെ സധൈര്യം നിത്യജീവിതത്തിലേക്ക് മുന്നേറണമെന്നും കാർലോ എപ്പോഴും അമ്മയെ ഓർമിപ്പിച്ചിരുന്നു. മരണത്തിന്റെ മുന്നിലും തന്റെ മകൻ പ്രകടിപ്പിച്ച ഈ വിശ്വാസബോധ്യമാണ് പ്രതിസന്ധികളെ തരണം ചെയ്യാൻ അവർക്ക് ശക്തി പകർന്നത്. തന്റെ പ്രാർത്ഥനയും പ്രായശ്ചിത്തങ്ങളും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കായി കാഴ്ചവെക്കുന്നതിലൂടെ കാർലോ നിത്യജീവനിലേക്കുള്ള പ്രത്യാശയിൽ തന്റെ മാതാപിതാക്കളെ ശക്തിപ്പെടുത്തി.

‘തിരിഞ്ഞുനോക്കുമ്പോൾ, കാർലോയുടെ മരണത്തിൽ സമാശ്വാസം കണ്ടെത്താൻ കൂദാശകളിലൂടെയും വിശ്വാസത്തിലൂടെയും ഈശോ തങ്ങളെ ഒരുക്കുകയായിരുന്നു. വിശ്വാസത്തിലേക്ക് കടന്നു വന്നില്ലായിരുന്നെങ്കിൽ ഏക മകന്റെ വിടവാങ്ങൽ ഞങ്ങൾക്ക് താങ്ങാനാകുമായിരുന്നില്ല,’ സൽസാനോ കൂട്ടിച്ചേർക്കുന്നു. 15-ാം വയസിൽ ഇഹലോകവാസം വെടിഞ്ഞ് സ്വർഗത്തിൽ തന്റെ ദിവ്യകാരുണ്യ നാഥനോട് കാർലോ ചേരുമ്പോഴേക്കും മാതാപിതാക്കൾ തികഞ്ഞ ദിവ്യകാരുണ്യ ഭക്തരായി കഴിഞ്ഞിരുന്നു.

കാർലോയുടെ ജീവിതം തീഷ്ണമായ ദിവ്യകാരുണ്യ ഭക്തിയുടെ മാതൃക ആയിരുന്നെങ്കിൽ, ഇന്ന് കൂദാശ കളിലേക്കും സഭയിലേക്കും തിരിച്ചുവരാനുള്ളവർക്ക് പ്രചോദനമാണ് ആ മാതാപിതാക്കളുടെ ജീവിതം. കത്തോലിക്കാസഭയെ അടുത്തറിയാനും കൂദാശകളെ വിശ്വാസത്തോടെ സ്വീകരിക്കാനും സൽസാനോ കാണിച്ച തുറവി ഇന്ന് അനേകർക്ക് മാതൃകയാണ്. മക്കളെ വിശ്വാസജീവിതത്തിൽ വളർത്താൻ മാതാപിതാക്കൾക്ക് ആൻഡ്രിയ- സൽസാനോ ദമ്പതികൾ ഇന്ന് ദിവ്യകാരുണ്യ നാഥനെ ചൂണ്ടിക്കാട്ടുകയാണ്, മകൻ കാർലോയുടെ ദൗത്യത്തെ മുന്നോട്ട് നയിച്ചുകൊണ്ട്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?