Follow Us On

24

December

2024

Tuesday

നവംബർ 18: ക്ലൂണിയിലെ വിശുദ്ധ ഓഡോ

ക്ലൂണിയിലെ പ്രസിദ്ധമായ ആശ്രമത്തിന്റെ പ്രകാശമായിരുന്നു വിശുദ്ധ ഓഡോ. ഈ മഹാനായ മഠാധിപതിക്ക് കീഴില്‍ ആശ്രമജീവിതത്തിലും പൗരോഹിത്യ ജീവിതത്തിലും ഒരു നവോത്ഥാനം ഉണ്ടാക്കുന്നതിന് ആശ്രമത്തിനു കഴിഞ്ഞു. ക്ലൂണിയിലെ ആശ്രമത്തിലെ രണ്ടാം മഠാധിപതിയായിരുന്നു വിശുദ്ധ ഓഡോയെങ്കിലും ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ അനുയായിയായാണ്‌ അദ്ദേഹം തന്റെ ആത്മീയ ജീവിതം ആരംഭിക്കുന്നത്. ഡിയോള്‍സിലെ പ്രഭുവായ എബ്ബോ-I ന്‍റെ മകനായി ജനിച്ച വിശുദ്ധന്‍ അക്വിറ്റെയിനിലെ പ്രഭുവിന്റെ കൊട്ടാരത്തിലായിരുന്നു തന്റെ പ്രാഥമിക വിദ്യാഭ്യാസം നടത്തിയത്. പിന്നീട് പാരീസില്‍ ഒക്സേറിലെ റെമീജിയൂസിന് കീഴില്‍ വിദ്യ അഭ്യസിച്ചു.

ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്റെ കാനണ്‍ ആയിരിക്കെ വിശുദ്ധ ഓഡോ ക്ലൂണി ആശ്രമത്തിന്‍റെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ബെര്‍ണോയുമായി പരിചയത്തിലാവുകയും പിന്നീട് ബൌമെയിലെ ഒരു ക്ലൂണി ആശ്രമത്തിലെ സന്യാസിയാവുകയും ചെയ്തു. 927-ല്‍ അദ്ദേഹം ബെര്‍ണോയുടെ പകരക്കാരനായി ക്ലൂണി ആശ്രമത്തിലെ മഠാധിപതിയായി ചുമതലയേറ്റു. ജോണ്‍ പതിനാറാമന്‍ മാര്‍പാപ്പാ ഇദ്ദേഹത്തെ ഈ ചുമതലയില്‍ നിന്നും ഒഴിവാക്കി പകരം ആശ്രമജീവിതം ജീര്‍ണ്ണിച്ച അവസ്ഥയിലായികൊണ്ടിരുന്ന ഇറ്റലിയിലേയും ഫ്രാന്‍സിലെയും ആശ്രമങ്ങള്‍ക്ക് നവോത്ഥാനം നല്‍കുക എന്ന ചുമതല നല്‍കി.

ഇക്കാര്യത്തില്‍ വളരെയേറെ വിജയം കൈവരിച്ച ഈ വിശുദ്ധനെ ഇതുമൂലം ‘ആശ്രമങ്ങളുടെ പുനഃസ്ഥാപകന്‍’ എന്നാണ് വിളിച്ചിരുന്നത്. ഒരു നൂറ്റാണ്ടോളം ആശ്രമജീവിതത്തിന്റെ മാതൃകയായി വര്‍ത്തിച്ച ക്ലൂണിക്ക് രീതി ആവിഷ്കരിച്ചത് ഈ വിശുദ്ധനാണ്. ആശ്രമജീവിതത്തില്‍ താല്‍പ്പര്യം ഉണ്ടാക്കുവാന്‍ ഇദ്ദേഹം നടത്തിയ പ്രചാരണങ്ങള്‍ യൂറോപ്പിലെ ആത്മീയജീവിതത്തില്‍ സമൂലമായ മാറ്റംവരുത്തി.

ഇറ്റലിയിലെ ഭരണത്തിനായി പരസ്പരം മത്സരിച്ച് കൊണ്ടിരുന്ന രണ്ട് ഭരണാധികാരികളെ അനുനയിപ്പിക്കുക എന്ന ദൗത്യവുമായി മാര്‍പാപ്പാ തന്റെ സമാധാന ദൂതനായി പിന്നീട് ഇദ്ദേഹത്തെ ഇറ്റലിയിലേക്കയച്ചു. റോമില്‍ നിന്ന് മടങ്ങവേ 942-ല്‍ അദ്ദേഹം രോഗബാധിതനാവുകയും വിശുദ്ധ മാര്‍ട്ടിന്റെ നാമഹേതു തിരുന്നാള്‍ ആഘോഷിക്കുന്നതിനായി ടൂര്‍സിലെ വിശുദ്ധ ജൂളിയന്റെ ആശ്രമത്തില്‍ തങ്ങുകയും ചെയ്തു. നവംബര്‍ 11ന് അദ്ദേഹം ആഘോഷങ്ങളില്‍ പങ്ക് കൊള്ളുകയും തുടര്‍ന്ന്‍ നവംബര്‍ 18ന് അദ്ദേഹം മരണപ്പെടുകയും ചെയ്തു. രോഗബാധിതനായ ദിവസങ്ങളില്‍ അദ്ദേഹം വിശുദ്ധ മാര്‍ട്ടിന്റെ സ്തുതി ഗീതങ്ങള്‍ രചിക്കുകയുണ്ടായി.

ആശ്രമ നവോത്ഥാനത്തിന് പുറമേ നിരവധി സാഹിത്യ കൃതികളും ആരാധനാ ഗീതങ്ങളും ഈ വിശുദ്ധന്റെതായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഫ്രാന്‍സിലെ I’Isle-Jourdain-ല്‍ സൂക്ഷിച്ചിട്ടുണ്ട്. ക്ലൂണിയിലെ വിശുദ്ധ ഓഡോ, ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിനെ സ്നേഹിക്കുക മാത്രമല്ല, ഒരു ചെറുപ്പകാരനെന്ന നിലയില്‍ വിശുദ്ധ മാര്‍ട്ടിന്‍ ഭിക്ഷകാരോട് കാണിച്ചിരുന്ന സ്നേഹം അനുകരിക്കുവാനും ശ്രമിച്ചിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?