Follow Us On

13

June

2024

Thursday

സിസ്റ്റർ റാണി മരിയ അമർ രഹേ…

ജോസഫ് മൈക്കിൾ

ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാൾ (ഫെബ്രുവരി 25) ആഘോഷിക്കുമ്പോൾ, ക്ഷമയുടെയും മാനസാന്തരത്തിന്റെയും മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ പുണ്യജീവിതം ഒരിക്കൽക്കൂടി ധ്യാനവിഷയമാക്കാം.

വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. സ്വർഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കൾ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആൾരൂപങ്ങളായി നമ്മുടെ കൺമുമ്പിലുണ്ട്, ക്ഷമിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ലോകത്തെ ഓർമിപ്പിച്ചുകൊണ്ട്.

കുട്ടികൾ കളിക്കുന്നതിനിടയിലാകും എല്ലാ ദിവസവും വല്യമ്മച്ചി പ്രാർത്ഥിക്കാൻ വിളിക്കുക. കളിയുടെ ആരവങ്ങൾക്കിടയിൽ മറ്റുള്ളവർ ആ വിളി കുറെനേരമെങ്കിലും കേട്ടില്ലെന്ന് നടിക്കും. എന്നാൽ വല്യമ്മച്ചിയുടെ ശബ്ദം കേൾക്കേണ്ട താമസം മേരിക്കുഞ്ഞ് ഓടിച്ചെല്ലും. ദിവസവും വല്യമ്മച്ചിക്കൊപ്പം ദൈവാലത്തിൽ പോകാനും മേരിക്കുഞ്ഞ് ഉണ്ടായിരുന്നു. ചെറുപ്പംമുതൽ പ്രാർത്ഥനയോടും ദൈവാലയത്തോടും ചേർന്നുനിന്ന മേരിക്കുഞ്ഞ് എന്ന സിസ്റ്റർ റാണി മരിയ ഇപ്പോൾ സ്വർഗത്തിലിരുന്ന് അനേകരെ ദൈവികവഴിയിലേക്ക് ആനയിച്ചുകൊണ്ടിരിക്കുന്നു. വിശുദ്ധാരാമത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന സിസ്റ്റർ റാണി മരിയയുടെ പ്രാർത്ഥനകൾ ഫലംചൂടുന്നു എന്നതിന് തെളിവുകൾ നിരവധി. സിസ്റ്ററിന്റെ നെഞ്ചിലേക്ക് 54 തവണ കഠാര ആഴ്ന്നിറക്കിയ സമുന്ദർസിങിന്റെ മാനസാന്തരംതന്നെ അതിൽ ആദ്യത്തെ തെളിവ്!

സിസ്റ്റർ റാണി മരിയ ഗ്രാമവാസികൾക്കൊപ്പം.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴിയിലെ വട്ടാലിൽ പരേതരായ പൈലി- ഏലീശ ദമ്പതികൾക്ക് ഏഴ് മക്കൾ, അഞ്ച് പെണ്ണും രണ്ട് ആണും. രണ്ടു പേർ സമർപ്പിത ജീവിതം തിരഞ്ഞെടുത്തു സിസ്റ്റർ റാണി മരിയയും സിസ്റ്റർ സെൽമി പോളും. സിസ്റ്റർ റാണി രക്തസാക്ഷിയായതോടെ മക്കളുടെ എണ്ണം എട്ടായി. വട്ടായിൽ കുടുംബത്തിലെ ഏറ്റവും ഇളയവനായി സമുന്ദർസിങിനെ അവർ ഏറ്റെടുത്തുകഴിഞ്ഞു. ഏലീശയുടെ ഓർമ മറഞ്ഞ് മരണാസന്നയായെങ്കിലും ആരെയോ പ്രതീക്ഷിച്ചെന്നതുപോലെ ജീവൻ കാത്തുനിന്നു.

ഗുരുതരാവസ്ഥ അറിഞ്ഞ് സമുന്ദർ എത്തി സ്പൂണിൽ വെള്ളമെടുത്ത് അമ്മയുടെ നാവിലേക്ക് പകർന്നു. ഏതാനും മണിക്കൂറുകൾക്കകം ഏലീശ്വ നിത്യസമ്മാനത്തിനായി യാത്രയായി, ഒരു കുടുംബം നടത്തിയ അസാധാരണ ദത്തെടുപ്പിൽ സ്വർഗം അംഗീകാരമുദ്ര ചാർത്തിയപോലെ. മകളുടെ ഘാതകൻ എത്തിയപ്പോൾ ഓടിച്ചെന്ന് കരങ്ങളിൽ ചുംബിച്ച് വീട്ടിലേക്ക് സ്വീകരിക്കുകയും ലോകത്തിനുമുമ്പിൽ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമായി മാറുകയും ചെയ്ത് ആ അമ്മയുടെ ശവമഞ്ചം വഹിക്കാൻ ജന്മം നൽകിയ മക്കളോടൊപ്പം ‘ഇളയ’മകനുമുണ്ടായിരുന്നു.

ഓർമചിത്രം: സിസ്റ്റർ റാണി മരിയ (പിൻനിരയിൽ ഇടത്തുനിന്ന് ആദ്യം) മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം. മുൻനിരയിൽ ഇടത്തുനിന്ന് മൂന്നാമത് ഇരിക്കുന്നത് സിസ്റ്റർ സെൽമി.

ഒരു യാത്രയുടെ തുടക്കം

10-ാം ക്ലാസ് പരീക്ഷാഫലം അറിഞ്ഞ ഉടനെ മേരിക്കുഞ്ഞ് മഠത്തിൽ ചേരാനുള്ള ആഗ്രഹം വീട്ടിലറിയിച്ചു. കൂട്ടത്തിൽ പിതൃസഹോദരന്റെ മകൾ സിസിലിയുമുണ്ട്. മകളുടെ ആഗ്രഹത്തിന് അത്ര അനുകൂലമായിരുന്നില്ല മാതാപിതാക്കളുടെ മനസ്. മേരിക്കുഞ്ഞ് മൂത്ത സഹോദരൻ സ്റ്റീഫന്റെ സഹായം തേടി. ചാച്ചനും അമ്മച്ചിയും അപ്രകാരം പറയുമ്പോൾ ഞാൻ പറഞ്ഞതുകൊണ്ട് എന്താണ് കാര്യമെന്നായിരുന്നു സ്റ്റീഫന്റെ ചോദ്യം. ചേട്ടൻ ഒന്ന് പറഞ്ഞുനോക്കൂ എന്ന സഹോദരിയുടെ നിർബന്ധത്തിനു വഴങ്ങി അന്ന് അത്താഴത്തിനുശേഷം വിഷയം ഒന്നുകൂടി എടുത്തിട്ടു.

നിന്റെ അഭിപ്രായം എന്താണെന്നായിരുന്നു മൂത്ത മകനോടുള്ള പിതാവിന്റെ മറുചോദ്യം. എല്ലാവർക്കും താൽപ്പര്യമാണെങ്കിൽ എനിക്ക് എതിർപ്പൊന്നുമില്ലെന്നായിരുന്നു ഉത്തരം. അവൾക്ക് മഠത്തിൽ ചേരാൻ ഇഷ്ടമാണെങ്കിൽ പോകട്ടെ എന്നു പറഞ്ഞത് മേരിക്കുഞ്ഞിന്റെ പ്രിയപ്പെട്ട വല്യമ്മച്ചിയായിരുന്നു. മേരിക്കുഞ്ഞിനുവേണ്ടി വാദിക്കാൻ ദൈവം ഒരുക്കിനിർത്തിയതുപോലെയായിരുന്നു ആ വാക്കുകൾ. അത് ദൈവസ്വരമായി അവർക്ക് തോന്നി. പിന്നീട് ആരും മറുത്തൊന്നും പറഞ്ഞില്ല. മേരിക്കുഞ്ഞിനെ ആത്മീയതയിൽ വളർത്തിയതിൽ വല്യമ്മച്ചി വലിയൊരു പങ്കുവഹിച്ചിട്ടുണ്ടെന്ന് സഹോദരൻ സ്റ്റീഫൻ ഓർമിക്കുന്നു.

ഇടയന്റെ മുന്നിൽ: സ്വാമിയച്ചൻ എന്ന ഫാ. സദാനന്ദിനൊപ്പം സമപ്ര് സിംഗ് കർദിനാൾ മാർ വർക്കി വിതയത്തിലിനെ സന്ദർശിച്ചപ്പോൾ.

നോവിഷ്യേറ്റ് കഴിഞ്ഞ് സഭാവസ്ത്ര സ്വീകരണത്തിൽനിന്ന് സിസ്റ്റർ റാണി മരിയയെ ഒരു വർഷത്തേക്ക് മാറ്റിനിർത്താൻ സഭാധികൃതർ ആലോചിച്ചതാണ്. അറിഞ്ഞപ്പോൾ സിസ്റ്ററിന് വിഷമമായി. കാൽപ്പാദത്തിൽ ഉണ്ടായ കറുത്ത പാടായിരുന്നു വില്ലൻ. പല ഡോക്ടർമാരെ കാണിച്ചെങ്കിലും ഇതു മാറുമെന്ന് തോന്നുന്നില്ലെന്നായിരുന്നു വിദഗ്ദ്ധരുടെ അഭിപ്രായം. അവിടെയും ദൈവിക ഇടപെടൽ ഉണ്ടായി. ഈ സമയത്താണ് ബന്ധു മുഖേന ഒരു നാട്ടുവൈദ്യനെ സമീപിച്ചത്. അദ്ദേഹം നോക്കിയിട്ട് പറഞ്ഞു, ഇതു ചെരിപ്പിന്റെ അലർജിയാണ്, ചെരുപ്പ് മാറിയാൽ പ്രശ്‌നം തീരും. പിന്നീട് ആ പ്രശ്‌നം ഉണ്ടായിട്ടില്ല. താൻ ഏറെ ആഗ്രഹത്തോടെ കാത്തിരുന്ന മിഷനിലേക്ക് പോകാൻ സഭാവസ്ത്ര സ്വീകരണം കഴിഞ്ഞ് ഒരു വർഷത്തിനുശേഷം അവസരം ലഭിച്ചു. ആദ്യം ബിജ്‌നോറിലായിരുന്നു.

‘ചേച്ചിയുടെ ചിരിക്കുന്ന മുഖംമാത്രമേ കണ്ടിട്ടുള്ളൂ,’ സിസ്റ്റർ റാണി മരിയയുടെ ഇളയസഹോദരൻ വർഗീസിന്റെ ഭാര്യ ലില്ലി പറയുന്നു. അവധിക്ക് നാട്ടിൽ വരുംമുമ്പ് വീട്ടിലേക്ക് കത്തെഴുതുമായിരുന്നു. അതിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരുന്ന മൂന്ന് കാര്യങ്ങൾ ലില്ലിയുടെ മനസിൽനിന്ന് മാഞ്ഞിട്ടില്ല. ‘ഞാൻ വരുമ്പോൾ വീട്ടിൽ നിങ്ങൾ സാധാരണയായി കഴിക്കുന്നതിൽനിന്ന് വ്യത്യസ്തമായ വിഭവങ്ങൾ ഒന്നും ഉണ്ടാക്കരുത്. കുടുംബാംഗങ്ങൾ എല്ലാവരും തറവാട്ടിൽ ഒരുമിച്ചുകൂടണം. പഴയ വസ്ത്രങ്ങൾ പരമാവധി ശേഖരിച്ചുവെക്കണം.’

കണ്ണീരോർമ: സിസ്റ്റർ റാണി മരിയയുടെ മൃതദേഹത്തിനു സമീപം കുടുംബാംഗങ്ങൾ.

സിസ്റ്റർ റാണി മരിയ വരുംമുമ്പ് സ്വന്തം വീട്ടിൽനിന്നും ബന്ധുവീടുകളിൽനിന്നുമൊക്കെ വസ്ത്രങ്ങൾ ശേഖരിക്കുന്നത് ലില്ലിയുടെ ജോലിയായിരുന്നു. ഉദയനഗറിലെ പാവങ്ങൾക്കുകൊടുക്കാനായിരുന്നു അവയെല്ലാം. വീട്ടിൽ വരുമ്പോൾ വിലകുറഞ്ഞ വസ്ത്രങ്ങളായിരുന്നു സിസ്റ്റർ റാണി മരിയ ധരിച്ചിരുന്നത്. ‘ചേച്ചിക്ക് കുറച്ചുകൂടി നല്ല വസ്ത്രങ്ങൾ ധരിച്ചുകൂടേ?’ എന്ന്ഒരിക്കൽ ലില്ലി ചോദിച്ചു. നീ ഉദയനഗറിൽ വന്ന് അവിടുത്തെ പാവപ്പെട്ടവരുടെ വസ്ത്രങ്ങൾ കണ്ടാൽ പിന്നീട് ഈ ചോദ്യം ചോദിക്കില്ല എന്നായിരുന്നു അതിനുള്ള ഉത്തരം.

സഹോദരി എല്ലാ പ്രാവശ്യവും പഴയ തുണികളുമായി പോകുന്നതു കണ്ട് ഒരിക്കൽ സ്റ്റീഫൻ ചോദിച്ചു: ‘നിനക്ക് അവിടെ തുണിക്കച്ചവടമാണോ?’ അവിടേക്ക് ഒന്നുവരൂ എന്നായിരുന്നു മറുപടി. വീട്ടിൽ എത്തുമ്പോഴും ആലോചനയിൽ മുഴുകിയിരിക്കുന്ന സഹോദരിയോട് സ്റ്റീഫൻ പല തവണ കാര്യം തിരക്കിയിട്ടുണ്ട്. ‘എന്റെ മക്കൾ അവിടെയാണ്, സമാധാനം കിട്ടുന്നില്ലെ’ന്ന സിസ്റ്ററിന്റെ ഉത്തരം കേൾക്കുമ്പോൾ സഹോദരൻ കളിയാക്കിയിരുന്നു. മിഷനിൽ സഹോദരി നേരിടുന്ന പ്രശ്‌നങ്ങൾ അന്ന് അറിയില്ലായിരുന്നുവെന്ന് സ്റ്റീഫൻ പറയുന്നു.

ഒരു നാട് ഒന്നാകെ: സിസ്റ്റർ റാണി മരിയയുടെ മൃതദേഹം വഹിച്ചു നടത്തിയ വിലാപയാത്രയിൽനിന്ന്.

ജന്മികളുടെ കണ്ണിലെ കരട്

ജേഷ്ഠ സഹോദരനെങ്കിലും ആ മിഷൻ പ്രദേശത്ത് തന്നെ കാണാൻ വരുമെന്ന് സിസ്റ്റർ റാണി മരിയ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അക്കാര്യം പിന്നീടാണ് സ്റ്റീഫൻ അറിഞ്ഞത്. രക്തസാക്ഷിത്വത്തിന് രണ്ടാഴ്ചമുമ്പ് ഭോപ്പാലിൽ കാൻസറിന് ചികിത്സയിലായിരുന്ന അനുജത്തി സിസ്റ്റർ സെൽമിയെ കാണാൻ സിസ്റ്റർ റാണി മരിയ പോയിരുന്നു. സ്റ്റീഫൻ ചേട്ടനെങ്കിലും തന്നെ കാണാൻ ഉദയനഗറിൽ വരുമെന്ന് പറഞ്ഞ സിസ്റ്റർ, ജന്മിമാരുടെ കണ്ണിലെ കരടായി കഴിഞ്ഞതിനാൽ ജീവൻ അപകടത്തിൽപ്പെടാനുള്ള സാധ്യതയെക്കുറിച്ചും അനുജത്തിയോട് സൂചിപ്പിച്ചിരുന്നു.

ആ കൂടിക്കാഴ്ചയിൽ ബോഗൻവില്ലയുടെ ചുവട്ടിൽനിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. സിസ്റ്റർ റാണി മരിയയുടെ ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ അതാണ്. സഹോദരി ജീവിച്ചിരിക്കുമ്പോൾ ഒരിക്കൽപ്പോലും പോകാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം, എല്ലാ മരണവാർഷികത്തിലും ഉദയനഗറിൽ പോകുമ്പോൾ തനിക്കുണ്ടാകാറുണ്ടെന്ന് സ്റ്റീഫൻ പറയുന്നു.

നിശബ്ദരാക്കപ്പെട്ടവർക്കുവേണ്ടി വാദിച്ചതാണ് സിസ്റ്ററിനെ ജന്മികളുടെ ശത്രുവാക്കിയത്. ആ നാട്ടിലെ ജന്മികളായിരുന്നു പഞ്ചായത്ത് അംഗങ്ങളായ ജീവൻ സിംഗും അമ്മാവൻ ധർമേന്ദ്ര സിംഗും. നാട്ടുരാജാക്കന്മാരെപ്പോലെ ജീവിച്ചിരുന്ന അവർ പറയുന്നതായിരുന്നു നാട്ടിലെ നീതിയും നിയമവും. കൊള്ളപ്പലിശക്ക് പണം കടം കൊടുക്കൽ ഉൾപ്പെടെ പല ബിസിനസുകളും അവർക്കുണ്ടായിരുന്നു. പണം കൃത്യമായി തിരികെ കൊടുക്കാത്തവരെ അടിമകളായി പിടിച്ചുകൊണ്ടുപോകും.

സിസ്റ്റർ റാണി മരിയ കുത്തേറ്റു മരിച്ചുവീണ സ്ഥലത്ത് നിർമിച്ച സ്മൃതിമണ്ഡപത്തിൽ പ്രാർത്ഥിക്കുന്ന സമുന്ദർസിംഗ്.

സർക്കാരിൽനിന്നും സാധാരണക്കാർക്ക് അനുവദിക്കുന്ന ആനൂകൂല്യങ്ങളും ഗ്രാന്റുകളും പഞ്ചായത്ത് അംഗം വഴിയാണ് ലഭ്യമാക്കുക. അതിൽ തുച്ഛമായത് നൽകിയിട്ട് ബാക്കി അവർ സ്വന്തം പോക്കറ്റിലാക്കും. ചെറിയ വിഹിതം ആളുകൾക്ക് നൽകുമ്പോൾ നിരക്ഷരരായ അവർ കരുതിയിരുന്നത് പഞ്ചായത്ത് അംഗം സ്വന്തം നിലയിൽ അവരെ സഹായിക്കുകയാണ് എന്നാണ്. പട്ടിണിപ്പാവങ്ങൾക്ക് അർഹമായത് തട്ടിയെടുക്കുമ്പോഴും അവരുടെ മുമ്പിൽ ജന്മികൾക്ക് ഹീറോ പരിവേഷം!

തട്ടിപ്പ് മനസിലാക്കിയ സിസ്റ്റർ റാണി മരിയ, പണം നേരിട്ട് ഗ്രാമീണർക്ക് നൽകണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചു. എന്നാൽ, പരിഹാസത്തോടെയാണ് അവർ സിസ്റ്ററിനെ മടക്കി അയച്ചത്. അവഹേളിക്കപ്പെട്ടെങ്കിലും സിസ്റ്റർ പിന്നെയും അധികാരികളെ സമീപിച്ചുകൊണ്ടിരുന്നു. സിസ്റ്ററിന്റെ രക്തസാക്ഷിത്വത്തിന് ഏതാനും മാസംമുമ്പ് ഒരിക്കൽക്കൂടി അധികാരികളെ ഈ ആവശ്യത്തിനായി സമീപിച്ചു. അത്തവണ കഴുത്തിലുണ്ടായിരുന്ന ജപമാലയിലുടെ കുരിശുരൂപത്തിൽ പിടിച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു: ‘ഞങ്ങളുടെ മാതാപിതാക്കൾ വീട്ടിൽനിന്നും തള്ളിക്കളഞ്ഞതുകൊണ്ടല്ല ഇവിടേക്ക് വന്നിരിക്കുന്നത്. ഈ പാവങ്ങളോട് കരുണകാട്ടണം.’

സഭാവസത്രം സ്വീകരിച്ചശേഷം സിസ്റ്റർ റാണി മരിയ മാതാപിതാക്കൾക്കൊപ്പം.

ആ അപേക്ഷ തള്ളിക്കളയാൻ ഉദ്യോഗസ്ഥനായില്ല, ദൈവികമായ ഇടപെടൽ ഉണ്ടായപോലെ. സിസ്റ്ററിന്റെ ആഗ്രഹംപോലെ ചെയ്യാമെന്ന് ഉത്തരം ലഭിച്ചു. തുടർന്ന് കർഷകർക്ക് അനുവദിച്ച ഗ്രാന്റ് നേരിട്ട് നൽകുകയായിരുന്നു. ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അങ്ങനെയൊരു സംഭവം. സിസ്റ്റർ റാണി മരിയ ജീവിച്ചിരുന്നാൽ തങ്ങളുടെ അപ്രമാദിത്തം നഷ്ടമാകുമെന്ന് മനസിലാക്കിയ ജന്മിമാർ, സമുന്ദർ സിംഗ് എന്ന വാടകകൊലയാളിയെ ഏർപ്പാടാക്കി. പുല്ലുവഴിയിലേക്ക് വരുന്നതിനായി ഉദയനഗറിൽനിന്ന് ഇൻഡോറിലേക്ക് യാത്ര തിരിച്ചതായിരുന്നു സിസ്റ്റർ. യാത്രാമധ്യേ ബസിൽവെച്ച് സിസ്റ്റർ റാണി മരിയയുടെ നേരെ സമുന്ദർ സിംഗ് ആയുധം ഉയർത്തിയപ്പോൾ ധർമേന്ദസിംഗും ജീവൻസിംഗും ഒപ്പമുണ്ടായിരുന്നു. പക്ഷേ, നിയമത്തിന്റെ മുമ്പിൽ ശിക്ഷിക്കപ്പെട്ടത് സമുന്ദർസിംഗ് മാത്രമാണ്.

സിസ്റ്ററിന് ദർശനമേകിയ സിസ്റ്റർ!

ഇൻഡോർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സമുന്ദർ സിംഗിനെ തേടി ഫാ.സ്വാമി സദാനന്ദ് (ഫാ. മൈക്കിൾ പുറാട്ടുകര സി.എം.ഐ.) എന്നസ്വാമിയച്ചൻ പലപ്രാവശ്യമെത്തി. ജയിലിൽനിന്ന് ഇറങ്ങിയാൽ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചവരെ കൊന്നിട്ട് ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തിൽ കഴിഞ്ഞിരുന്ന സമുന്ദർ സിംഗിനെ സ്വാമിയച്ചൻ മാനസാന്തരത്തിലേക്ക് നയിച്ചു എന്നത് അത്ഭുതാവഹമായ ചരിത്രം!

സിസ്റ്റർ റാണി മരിയയുടെ ഘാതകനെ കാണാൻ മാതാപിതാക്കളും സഹോദരങ്ങളും ജയിലിൽ എത്തിയെന്നു മാത്രമല്ല, ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഗവർണറേയും സമീപിക്കുകയും ചെയ്തു. അങ്ങനെയാണ് സമുന്ദർസിംഗിന്റെ ജയിൽ മോചനം വേഗത്തിലായത്. ഇത്തരമൊരു സംഭവം മധ്യപ്രദേശിൽ ആദ്യമായിരുന്നു.

ഇവിടെ ഉറങ്ങുന്നു രക്തപുഷ്പം: സിസ്റ്റർ റാണി മരിയയുടെ കബറിടം വിവിധ കാലങ്ങളിൽ

മറ്റുള്ളവരുടെ കഷ്ടതകളും വേദനകളുമായിരുന്നു എന്നും സിസ്റ്റർ റാണി മരിയയുടെ സങ്കടങ്ങൾ. സ്വർഗത്തിൽ എത്തിയപ്പോഴും കാരുണ്യംനിറഞ്ഞ ആ മനസ് ദൈവസന്നിധിയിൽ നിരന്തരം മാധ്യസ്ഥ്യം വഹിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അനേകർക്ക് ലഭിച്ച അത്ഭുതകരമായ സൗഖ്യങ്ങൾ. തന്റെ പ്രിയപ്പെട്ട കുഞ്ഞനുജത്തിക്കുവേണ്ടികൂടി സിസ്റ്റർ ദൈവസന്നിധിയിൽ യാചിച്ചു എന്നതിന്റെ തെളിവാണ് സിസ്റ്റർ സെൽമിയുടെ കാൻസർ രോഗത്തിൽനിന്നുള്ള സൗഖ്യം.

ഒരിക്കൽ ഡോക്ടർമാർ ആറ് മാസം ആയുസ് വിധിച്ച സിസ്റ്റർ സെൽമി പോളിന് പൂർണസൗഖ്യം ലഭിച്ചിട്ട് 15 വർഷത്തിലേറെയായി. സിസ്റ്ററിപ്പോൾ മരുന്നുകളൊന്നും കഴിക്കുന്നില്ല. സിസ്റ്റർ റാണി മരിയയുടെ രക്തസാക്ഷിത്വത്തിനു ശേഷം ആറ് വർഷം ഉദയ്‌നഗറിലെ ആ മഠത്തിൽ മദറായി ശുശ്രൂഷ ചെയ്യാനുള്ള ഭാഗ്യവും സിസ്റ്ററിന് ലഭിച്ചു. കഴിഞ്ഞ വർഷമാണ് മധ്യപ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിർത്തിയിലുള്ള സാരണിയിലേക്ക് സിസ്റ്റർ സെൽമിക്ക് സ്ഥലം മാറ്റം ലഭിച്ചത്.

കാൻസർ രോഗിയായിരുന്ന സിസ്റ്റർ സെൽമി സ്വപ്‌നത്തിൽ സിസ്റ്റർ റാണി മരിയയെ കണ്ടു, ചേച്ചി അടുത്തു വന്നുനിൽക്കുന്നതായി. കൂടെ പിതൃസഹോദരന്റെ മകളായ സിസ്റ്റർ സോണിയും ഉണ്ടായിരുന്നു. ചേച്ചി മരിച്ചു പോയതല്ലേ എന്ന് സിസ്റ്റർ സെൽമ ചോദിച്ചു. നിന്നെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് പ്രാർത്ഥിക്കാറില്ലേ, അതുകൊണ്ട് വന്നതാണെന്നായിരുന്നു മറുപടി. എന്നാൽ, കണ്ണുതുറക്കുമ്പോൾ അടുത്ത് ആരും ഉണ്ടായിരുന്നില്ല. ഒരിക്കൽക്കൂടി സ്വപ്‌നം ആവർത്തിച്ചു. അന്ന് അനുജത്തിയോട് പറഞ്ഞത് നിന്റെ രോഗം മാറ്റാൻ വന്നതാണെന്നായിരുന്നു.  പിന്നീട് പരിശോധിച്ചപ്പോൾ രോഗം വന്നതിന്റെ യാതൊരു ലക്ഷണങ്ങളും അവശേഷിച്ചിരുന്നില്ല. അതെ, കാരുണ്യം നിറഞ്ഞ ആ മനസ് ദൈവസന്നിധിയിലും നിരന്തരം മാധ്യസ്ഥ്യം വഹിക്കുകയാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?