വത്തിക്കാൻ സിറ്റി: വിശുദ്ധരായ പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാൾ തിരുക്കർമങ്ങളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തും വിശുദ്ധ പത്രോസിന്റെ പിൻഗാമിയായ ഫ്രാൻസിസ് പാപ്പയെ സന്ദർശിച്ചും കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസിന്റെ പ്രതിനിധിസംഘം. പത്രോസ്- പൗലോസ് ശ്ലീഹന്മാരുടെ തിരുനാളിൽ കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് റോമൻ സഭയ്ക്ക് ആശംസകളുമായി പ്രതിനിധി സംഘത്തെ അയക്കുന്നത് പാരമ്പര്യ ആചാരമാണ്. വിശുദ്ധ അന്ത്രയോസ് ശ്ലീഹായുടെ തിരുനാളിൽ (നവംബർ 30) പാപ്പയുടെ പ്രതിനിധി സംഘം ആശംസകളുമായി കോൺസ്റ്റാന്റിനോപ്പിളിലുമെത്തും.
അപ്പോസ്തോലന്മാരായ വിശുദ്ധ പത്രോസും പൗലോസുമാണ് റോമൻ സഭയുടെ നെടുംതുണുകളെങ്കിൽ കോൺസ്റ്റാന്റിനോപ്പിളിലെ സഭയുടെ നെടുംതൂണത്രേ അപ്പസ്തോലനായ വിശുദ്ധ അന്ത്രയോസ്. സഭൈക്യരംഗത്ത് വലിയ മുതൽക്കൂട്ടാകുംവിധം, സഹോദര സഭകൾ തമ്മിലുള്ള സ്നേഹവായ്പ്പിന്റെ അടയാളമായാണ് ഈ സന്ദർശനങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. സഭൈക്യ സംരംഭമായ ‘വേൾഡ് കൗൺസിൽ ഓഫ് ചർച്ചസി’ൽ എക്യുമെനിക്കൽ പാത്രീയർക്കീസിനെ പ്രതിനിധീകരിക്കുന്ന ആർച്ച്ബിഷപ്പ് ജോബ് ഓഫ് ടെൽമെസോസ്, ബിഷപ്പ് അഡ്രിയാനോസ് ഹലികാർനാസൂസ്, പാത്രിയാർക്കൽ ഡീക്കൻ ബർണബാസ് ഗ്രിഗോറിയാഡിസ് എന്നിവരായിരുന്നു ഇത്തവണത്തെ പ്രതിനിധികൾ.
ശ്ലീഹന്മാരുടെ തിരുനാളിന്റെ തലേന്നാണ് എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമന്റെ ആശംസാ സന്ദേശവുമായി പ്രതിനിധിസംഘം വത്തിക്കാനിലെത്തിയത്. തിരുനാൾ ദിനമായ ജൂൺ 29ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ അർപ്പിച്ച പേപ്പൽ തിരുക്കർമങ്ങളിലും പ്രതിനിധികൾ പങ്കെടുത്തു. ഇന്നലെ, ജൂൺ 30നായിരുന്നു പാപ്പയുമായുള്ള ഔദ്യോഗിക സന്ദർശനം. ഊഷ്മള വരവേൽപ്പ് നൽകിയ പാപ്പ, പാത്രിയാർക്കീസ് ബർത്തലോമിയ ഒന്നാമന് അഭിവാദനങ്ങൾ നേരുകയും ചെയ്തു.യുദ്ധഭീകരത അരങ്ങേറുന്ന ഈ സാഹചര്യത്തിൽ ക്രൈസ്തവ സഭകൾ തമ്മിൽ ഐക്യത്തിൽ എത്തിച്ചേരേണ്ടതിന്റെയും സമാധാനത്തിന്റെ വക്താക്കളാകേണ്ടതിന്റെയും പ്രാധാന്യമാണ് പാപ്പ പ്രധാനമായും പങ്കുവെച്ചത്.
‘സംഘർഷത്തിലായ ജനങ്ങൾക്കിടയിൽ സമാധാനം സ്ഥാപിക്കാനുള്ള മാർഗമെന്ന നിലയിൽ ഭിന്നതയിലായിരിക്കുന്ന ക്രൈസ്തവർക്കിടയിലെ അനുരഞ്ജനം സമയോചിതമായ ദിനങ്ങളാണിത്. കാരണം നമ്മുടെ ലോകം ക്രൂരവും വിവേകശൂന്യവുമായ ആക്രമണാത്മക യുദ്ധത്താൽ തകർന്നിരിക്കുന്നു, അതിൽ നിരവധി ക്രൈസ്തവർ പരസ്പരം പോരടിക്കുന്നു,’ ക്രൈസ്തവ സഭകൾക്ക് നിർണായ സ്വാധീനമുള്ള യുക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏറെ പ്രസക്തമാണ് ഈ പേപ്പൽ വാക്കുകൾ.
Leave a Comment
Your email address will not be published. Required fields are marked with *