Follow Us On

13

July

2024

Saturday

ക്യാപ്റ്റൻ ഡിലനോയ്, ഇതാണ് നിലകണ്ഠപിള്ളയ്ക്ക് ക്രിസ്തുവിനെ സമ്മാനിച്ച ‘വലിയ കപ്പിത്താൻ’

ക്യാപ്റ്റൻ ഡിലനോയ്, ഇതാണ് നിലകണ്ഠപിള്ളയ്ക്ക് ക്രിസ്തുവിനെ സമ്മാനിച്ച ‘വലിയ കപ്പിത്താൻ’

വിശുദ്ധ ദേവസഹായത്തിന്റെ തിരുനാൾ (ജനുവരി 14) ആഘോഷിക്കുമ്പോൾ, ദേവസഹായത്തെ ക്രിസ്തുവിന്റെ രക്ഷയിലേക്ക് നയിച്ച ‘വലിയ പടത്തലവൻ’ എന്ന ക്യാപ്റ്റൻ ഡിലനോയിയെ കുറിച്ച് അറിയണം. അതോടൊപ്പം ഒരു ചോദ്യവും നമ്മുടെ മനസിൽ ഉയരണം- ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യം വഹിക്കാൻ എനിക്ക് സാധിക്കുന്നുണ്ടോ?

എവ്‌സ്താക്കിയൂസ് ബനഡിക്റ്റ് ഡി ലനോയി. അതാണ്, കേരളചരിത്രത്തിൽ പരാമർശിക്കുന്ന ഡിലനോയ് എന്ന ഡച്ചു പടത്തലവന്റെ മുഴുവൻപേര്. 1718ൽ ബെൽജിയത്തായിരുന്നു ജനനം. ഉത്തമകത്തോലിക്കരായിരുന്നു മാതാപിതാക്കൾ. സൈനീകസേവനത്തിൽ തൽപ്പരനായിരുന്ന ഡിലനോയ് യൗവനത്തിൽ ത്തന്നെ അയൽരാജ്യമായ ഹോളൻഡിൽ (നെതർലൻഡിൽ) പട്ടാളസേവനത്തിനു ചേർന്നു. ഏറെ താമസിയാതെ ഡച്ച് സെന്യത്തിൽ ഉന്നത ഉദ്യോഗസ്ഥനായി ഉയർത്തപ്പെട്ട ഡിലനോയി 1738 ലാണ് കൊച്ചി തുറമുഖത്ത് കപ്പലിറങ്ങിയത്.

മൂന്നു വർഷത്തിനുശേഷം തിരുവിതാംകൂറിലെ കുളച്ചൽ തുറമുഖത്ത് മാർത്താണ്ഡ വർമ രാജാവിന്റെ സൈന്യത്തെ നേരിട്ട ഡച്ച് സൈന്യത്തെ നയിച്ചത് ഡിലനോയിയായിരുന്നു. എന്നാൽ, കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി, കുളച്ചൽ യുദ്ധത്തിൽ ഡച്ച്‌സൈന്യം പരാജയമടഞ്ഞു; ക്യാപ്റ്റനായിരുന്ന ഡിലനോയി യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ടു.

വർമയെ വിസ്മയിപ്പിച്ച 23കാരൻ

കേവലം 23 വയസുകാരനായ ഡിലനോയിയുടെ യുദ്ധവൈദഗ്ധ്യവും ഇതരകഴിവുകളും വീരശൂരനായ മാർത്താണ്ഡ വർമയെ വിസ്മയിപ്പിച്ചു. യുദ്ധത്തടവുകാരനെങ്കിലും സ്‌നേഹാദരങ്ങളോടെയാണ് അദ്ദേഹം ഡിലനോയിയോട് പെരുമാറിയത്. പീരങ്കിയുൾപ്പെടെയുള്ള പാശ്ചാത്യ യുദ്ധതന്ത്രങ്ങൾ തന്നെയും സൈന്യത്തെയും അഭ്യസിപ്പിക്കാമോ എന്ന് അദ്ദേഹം ആ യുവയോദ്ധാവിനോട് ചോദിച്ചുവത്രേ. സസന്തോഷം ഡിലനോയി സമ്മതം മൂളി. താമസംവിനാ തിരുവിതാംകൂർ സൈന്യത്തിന്റെ സർവസൈന്യാധിപനായി ഉയർത്തപ്പെട്ട അദ്ദേഹം ‘വലിയ കപ്പിത്താൻ’ എന്ന പേരിലാണ് അറിയപ്പെട്ടത്.

കത്തോലിക്കനായ ഡിലനോയിക്ക്, അദ്ദേഹത്തിന്റെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും മാർത്താണ്ഡ വർമ ചെയ്തുകൊടുത്തു. ദക്ഷിണ തിരുവിതാംകൂറിലെ ഉദയഗിരിയിൽ 18 ഏക്കർ സ്ഥലം ഡിലനോയിക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി രാജാവ് സൗജന്യമായി കൊടുത്തു. തൊട്ടടുത്തുതന്നെ, വിശുദ്ധ മിഖായേൽ മാലാഖയുടെ നാമത്തിൽ ചെറിയൊരു ദൈവാലയവും നിർമിച്ചുകൊടുത്തു.

വിദേശീയനായ തന്റെ സർവസൈന്യാധിപന്റെ ആധ്യാത്മികാവശ്യങ്ങൾ, കുമ്പസാരം, കുർബാന തുടങ്ങിയവ നിർവഹിക്കാൻ ഈശോസഭാ വൈദികനായ പീറ്റർ പെയ്‌റസ് എന്ന യൂറോപ്യൻ മിഷണറിയെ ഏർപ്പാടാക്കാനും രാജാവ് തയാറായി. ഡിലനോയിയുടെ ആധ്യാത്മിക പിതാവിന് പ്രതിമാസ ശമ്പളമായി ‘നൂറു പണം’ (25 രൂപ) ഖജനാവിൽനിന്ന് രാജാവ് അനുവദിക്കുകയും ചെയ്തു.

ഇദ്ദേഹത്തിന്റെ വിവാഹത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുളച്ചൽ യുദ്ധാനന്തരം ഡിലനോയി ഒരുപക്ഷേ, വിവാഹത്തിനുവേണ്ടി ബെൽജിയത്തേക്ക് പോയിരിക്കാം. ഡിലനോയിയുടെ മകൻ ‘യൊഹാന്നസ്’ (ജോൺ) മാർത്താണ്ഡവർമയ്ക്കുവേണ്ടി യുദ്ധം ചെയ്യുമ്പോൾ 19-ാം വയസിൽ വധിക്കപ്പെട്ടെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഉദയഗിരിയിൽ കോട്ട ഉയരുന്നു

പട്ടാളത്തിലും യുദ്ധങ്ങളിലും ഡിലനോയി വഹിച്ച നേതൃത്വംമൂലം മാർത്താണ്ഡ വർമ അജയ്യനായ വീരപരാക്രമിയെന്ന് പ്രശസ്തിയാർജിച്ചു. രാജാവിനുവേണ്ടി ഡിലനോയിതന്നെ പല യുദ്ധങ്ങൾ നയിച്ച് തിരുവിതാംകൂറിന്റെ വിഖ്യാതിയും വിസ്തൃതിയും വർധിപ്പിച്ചു.

തിരുവിതാംകൂറിന്റെ സുസ്ഥിതിക്കും സുരക്ഷിതത്വത്തിനുംവേണ്ടി ഉദയഗിരിയിൽ ഒരു കോട്ട കെട്ടാൻ ‘വലിയ കപ്പിത്താൻ’ രാജാവിനോട് നിർദേശിച്ചു. പീരങ്കികളും പടക്കോപ്പുകളും ഉദയഗിരികോട്ടയിൽ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തു. ഇവയ്‌ക്കെല്ലാം നേതൃത്വം കൊടുത്ത ഡിലനോയിയെ സഹായിക്കാൻ രാജാവ് നിയമിച്ച ഉദ്യോഗസ്ഥനായിരുന്നു യുവാവായ നീലകണ്ഠപിള്ള. കോട്ടനിർമാണത്തിൽ ഏർപ്പെട്ടവർക്ക് ശമ്പളം കൊടുക്കുകയായിരുന്നു രാജാവിന്റെ ബന്ധുകൂടിയായ നീലകണ്ഠപിള്ളയുടെ ജോലി.

ഇക്കാലത്ത് നീലകണ്ഠപിള്ളയ്ക്ക് ഡിലനോയിയുമായി അടുത്തബന്ധം പുലർത്താൻ അവസരം ലഭിച്ചു. ഇരുവരും പരസ്പരം സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. പ്രകൃത്യാ പ്രസന്നവദനനായിരുന്ന നീലകണ്ഠപിള്ള ഒരു ദിവസം നിരുന്മേഷനും മ്ലാനവദനനുമായാണ് ജോലിക്കെത്തിയത്.

അതുകണ്ട് ഡിലനോയി ചോദിച്ചു: ‘സുഹൃത്തേ, താങ്കൾ ഇത്ര ദുഃഖിതനാകാൻ കാരണമെന്താണ്?’ അതിന് ഉത്തരമെന്നോണം നീലകണ്ഠപിള്ള തന്റെ വേദനകൾ പങ്കുവെച്ചു: ‘എന്റെ ദൈവങ്ങൾ എനിക്കെതിരായി കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. വീട്ടിലാണെങ്കിൽ സർവദാ അസ്വസ്ഥതകൾ. ഏറ്റവും ഒടുവിലിതാ, രണ്ടു നല്ല കറവപ്പശുക്കളും ചത്തു.’

ഡിലനോയി ചൂണ്ടിക്കാട്ടിയ വഴിയേ…

അതിനു മറുപടിയായി ഡിലനോയി പറഞ്ഞു: ‘നീലകണ്ഠാ, നിരാശനാകേണ്ട. ദൈവം ഒന്നുമാത്രം. ആ ഏകദൈവം അനന്തസ്‌നേഹമൂർത്തിയാണ്. നമ്മോടുള്ള സ്‌നേഹത്തെപ്രതി ദൈവം തന്റെ ഏകപുത്രനെ ലോകത്തിലേക്ക് അയച്ചു. ആ ഏകപുത്രൻ പീഡകൾ സഹിച്ച്, കുരിശിൽ മരിച്ച്, മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റ്, മനുഷ്യരായ നമുക്കെല്ലാവർക്കുംവേണ്ടി പരമാനന്ദപ്രദമായ നിത്യസൗഭാഗ്യം തുറന്നുതന്നിരിക്കുന്നു. നാമെല്ലാവരും ദൈവത്തിന്റെ പ്രിയ പുത്രീപുത്രന്മാരാണ്.’ തുടർന്ന്, മലയാളത്തിലുള്ള ഒരു ബൈബിൾ സമ്മാനിച്ച ഡിലനോയി നീലകണ്ഠപിള്ളയുമായി നിരന്തരസമ്പർക്കം പുലർത്തുകയും ചെയ്തു.

കുറച്ചുനാളുകൾക്കുശേഷം ഡിലനോയിയെ സമീപിച്ച് നീലകണ്ഠ പിള്ള ഇപ്രകാരം ആവശ്യപ്പെട്ടു: ‘കർത്താവായ ഈശോയെ അറിഞ്ഞതോടുകൂടി, എന്റെ മനസ്സിന്റെ വിഷമങ്ങളെല്ലാം മാറി, ഉന്മേഷവും സന്തോഷവും ഞാൻ കൈവരിച്ചിരിക്കുന്നു. എനിക്കും ഒരു ക്രിസ്ത്യാനിയാകണം.’

ഇപ്രകാരമായിരുന്നു ഡിലനോയിയുടെ പ്രതികരണം: ‘നീലകണ്ഠപിള്ളേ, താങ്കൾ മാർത്താണ്ഡ വർമ രാജാവിന്റെ കുടുംബബന്ധുവും രാജസൈന്യത്തിലെ ഒരു മുഖ്യ ഉദ്യോഗസ്ഥനുമാകയാൽ താങ്കളുടെ ക്രിസ്തുമതസ്വീകരണം രാജാവിനെ ക്രുദ്ധനാക്കിയേക്കും.’ എന്നാൽ, അതിൽ തെല്ലും കൂസലില്ല. കർത്താവീശോയെപ്രതി മരിക്കാനും താൻ തയാറാണെന്ന മറുപടിയാണ് നീലകണ്ഠപിള്ളയിൽനിന്നുണ്ടായത്.

ക്രിസ്ത്യാനിയാകാനുളള താങ്കളുടെ ദൃഢനിശ്ചയം, തന്നെ അത്രയധികം സന്തോഷിപ്പിക്കുന്നുവെന്ന് പറഞ്ഞ ഡിലനോയി അദ്ദേഹത്തെ അങ്ങകലെ വടക്കുംകുളത്ത് താമസിക്കുന്ന ഫാ. ബുത്താരി എന്ന ഇറ്റാലിയൻ വൈദികന്റെ പക്കലേക്ക് അയയ്ക്കാമെന്ന് അറിയിച്ചു. ഈശോസഭാംഗമായ അദ്ദേഹം വേദോപദേങ്ങൾ പഠിപ്പിച്ച് മാമോദീസമുക്കുമെന്ന ഡിലനോയിയുടെ വാക്കുകൾ നീലകണ്ഠനെ സന്തോഷഭരിതനാക്കി.

ഫാ. ബുത്താരിയുടെ കീഴിൽ സുശിക്ഷിതനായിത്തീർന്ന നീലകണ്ഠപിള്ള, ദേവസഹായം പിള്ള എന്ന പേരിൽ മാമ്മോദീസാ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഭഗവതിയമ്മയും അചിരേണ മാമ്മോദീസാ മുങ്ങി. ‘തെരേസ’ എന്നായിരുന്നു അവരുടെ ജ്ഞാനസ്‌നാനനാമം. തെരേസയുടെ തമിഴ് പരിഭാഷയായ ‘ജ്ഞാനപ്പൂ’ എന്ന പേരിലാണ് ആ മഹതി ദക്ഷിണ തിരുവിതാം കൂറിൽ അറിയപ്പെടുന്നത്.

പ്രതീക്ഷിച്ചതുപോലെ, ഈ സംഭവം മാർത്താണ്ഡ വർമ രാജാവിനെ രോഷാകുലനാക്കി; ദേവസഹായത്തെ വീണ്ടും നീലകണ്ഠ പിള്ളയാക്കാൻ കുതന്ത്രങ്ങളും ഭീഷണികളും രാജാവ് പ്രയോഗിച്ചു. പക്ഷേ, ഒന്നും ഫലം കണ്ടില്ല. ഒടുവിൽ നാഗർകോവിലിന ടുത്ത് കാറ്റാടിമലയിലെ പാറക്കൂട്ടത്തിൽ കൊണ്ടുപോയി അതിക്രൂരമായി മർദിച്ചശേഷം ദേവസഹായത്തെ വെടിവെച്ചുകൊല്ലാൻ കൽപ്പിക്കുകയായിരുന്നു. പീഡനങ്ങളെല്ലാം ആ ധീരക്രിസ്ത്യാനുയായി കർത്താവീശോയെ പ്രതി സഹിച്ചു; മരിക്കുംമുമ്പ്, പാറപ്പുറത്ത് മുട്ടുകുത്തിനിന്ന് പ്രാർത്ഥിച്ച ആ രക്തസാക്ഷിയുടെ കാൽപ്പാടുകൾ പാറയിൽ പതിഞ്ഞിട്ടുള്ളത് ഇന്നും കാണാം.

എന്റെ സേവകൻ ഇവിടെ വിശ്രമിക്കുന്നു

ദേവസഹായത്തിന്റെ കാൽപ്പാടുകൾ പതിഞ്ഞ കാറ്റാടിമല ഇപ്പോൾ തീർത്ഥാടനകേന്ദ്രമാണ്. ദേവസഹായം പിള്ള വെടിയേറ്റു മരിച്ചുവീണ നിമിഷം തൊട്ടടുത്തുള്ള പാറയിൽനിന്ന് ഒരു ഭാഗം, മണിയുടെ ശബ്ദത്തോടെ അടർന്നു നിലത്തുവീണു; അങ്ങനെ ആ രക്തസാക്ഷിത്വവാർത്ത തൽക്ഷണം തദ്ദേശവാസികൾ അറിഞ്ഞു. ‘മണിയടിച്ചാം പാറ’ എന്ന പേരിൽ കാറ്റാടിമലയിൽ സൂക്ഷിക്കപ്പെടുന്ന ശിലാപാളിയിൽ പ്രതിദിനം തീർത്ഥാടകർ കൊട്ടിനോക്കി വിസ്മയഭരിതരാകാറുണ്ട്.

1752ൽ 40-ാം വയസിലാണ് ദേവസഹായം രക്തസാക്ഷിയായത്. ദേവസഹായത്തിന്റെ മാമ്മോദീസാ സ്വീകരണവും രക്തസാക്ഷിത്വവും ഡിലനോയിയുടെ മനസിൽ ദുഃഖത്തിന്റെയും ചാരിതാർഥ്യത്തിന്റെയും സമ്മിശ്രവികാരങ്ങൾ ഉണർത്തി. ദേവസഹായത്തെ ക്രിസ്തുമതത്തിലേ ക്കും രക്തസാക്ഷിത്വത്തിലേക്കും കൈ പിടിച്ചു നടത്തിയ ഡിലനോയിയുടെ മരണം 1777ൽ ഉദയഗിരിക്കോട്ടയിലായിരുന്നു.

അവിടെ അദ്ദേഹത്തെ സംസ്‌കരിച്ച സെന്റ് മൈക്കിൾസ് കത്തോലിക്കാ ദൈവാലയത്തിന്റെ മുമ്പിൽ ശിലാലിഖിതത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർത്താണ്ഡ വർമയുടെ വാക്കുകൾ ഹൃദയസ്പർശിയാണ്: ‘യാത്രക്കാരാ, നിൽക്കൂ. തിരുവിതാംകൂർ മഹാരാജാവിനെ 36വർഷം വിശ്വസ്തതയോടെ സേവിച്ച എവ്‌സ്ത്താക്കിയൂസ് ബനഡിക്റ്റ് ഡിലനോയി ഇവിടെ വിശ്രമം കൊള്ളുന്നു.’

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?