Follow Us On

19

April

2024

Friday

ശ്രീലങ്കയിലെ സ്‌ഫോടനം: ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട ഭരണകൂടത്തിന് വമ്പൻ പിഴശിക്ഷ വിധിച്ച് സുപ്രീം കോടതി

ശ്രീലങ്കയിലെ സ്‌ഫോടനം: ആക്രമണം തടയുന്നതിൽ പരാജയപ്പെട്ട  ഭരണകൂടത്തിന് വമ്പൻ പിഴശിക്ഷ വിധിച്ച് സുപ്രീം കോടതി

കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ (ഏപ്രിൽ 21) ശ്രീലങ്കയിലെ ദൈവാലയങ്ങളിൽ ഉൾപ്പെടെ ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾ തടയുന്നതിൽ പരാജയപ്പെട്ട അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന ഉൾപ്പെടെയുള്ളവർക്ക് ശിക്ഷ വിധിച്ച് ശ്രീലങ്കൻ സുപ്രീം കോടതി. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതോടെ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് വിലയിരുത്തിയ സുപ്രീം കോടതി, ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ വമ്പൻ തുകയാണ് പിഴയായി വിധിച്ചിരിക്കുന്നത്.

ആക്രമണം നടക്കുമെന്ന് വിശ്വസനീയമായ ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നിട്ടും അത് തടയുന്നതിൽ കാണിച്ച അലംഭാവമാണ് സുപ്രീം കോടതിയുടെ ഏഴംഗ ബഞ്ചിന്റെ നിർമായക വിധിക്ക് അടിസ്ഥാനം. പ്രതിരോധ മന്ത്രിയും സായുധ സേനാ മേധാവിയും കൂടിയായിരുന്ന അന്നത്തെ പ്രസിഡന്റ് മൈത്രിപാല സിരിസേനക്ക് 2.75 ലക്ഷം യു.എസ് ഡോളറാണ് (10 കോടി ശ്രീലങ്കൻ രൂപ) പിഴ വിധിച്ചിരിക്കുന്നത്.

മുൻ പൊലീസ് മേധാവി പൂജിത് ജയസുന്ദരയ്യ, മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവി നിലന്ത ജയവർധനെ (2,00000 യു.എസ് ഡോളർ വീതം)മുൻ പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെർണാണ്ടോ (1,35000 യു.എസ് ഡോളർ), നാഷണൽ ഇന്റലിജൻസ് ഡയറക്ടർ സിസിര മെൻഡിസ് (27,000 യു.എസ് ഡോളർ) എന്നിവരും പിഴ അടയ്ക്കണം. അതായത് എല്ലാവരും ചേർന്ന് അടയ്‌ക്കേണ്ടത് 8,37000 യു.എസ് ഡോളർ.

എല്ലാവരും അവരുടെ വ്യക്തിഗത സമ്പാദ്യത്തിൽനിന്ന് തുക ആറു മാസത്തിനുള്ളിൽ അടച്ച് വിവരം അറിയിക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ബാർ അസോസിയേഷൻ, കത്തോലിക്കാ വൈദീകർ, തീവ്രവാദി ആക്രമണത്തിൽ രണ്ട് കുട്ടികളെ നഷ്ടമായ പിതാവ് എന്നിവർ ഉൾപ്പെടെ 12 പേർ നൽകിയ ഹർജികൾ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസമാണ് ശ്രദ്ധേയമായ വിധി പുറപ്പെടുവിച്ചത്.

സുപ്രീം കോടതി വിധിയെ ശ്രീലങ്കയിലെ കത്തോലിക്കാ സഭാ നേതൃത്വവും മനുഷ്യാവകാശ പ്രവർത്തകരും സ്വാഗതം ചെയ്തു. ‘നാഴികക്കല്ലായി മാറുന്ന വിധി’ എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആക്രമണത്തിന്റെ നടുക്കത്തിൽനിന്ന് പല കുടുംബങ്ങളും ഇനിയും മുക്തരായിട്ടില്ല. ഈ സാഹചര്യത്തിൽ നീതി നടപ്പാകുമെന്നതിന്റെ സൂചനയായും ഈ വിധി വിലയിരുത്തപ്പെടുന്നുണ്ട്.

മൂന്ന് ദൈവാലയങ്ങൾ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ നടന്ന ചാവേർ സ്ഫോടനങ്ങളിൽ കുട്ടികൾ ഉൾപ്പെടെ 269 പേരാണ് കൊല്ലപ്പെട്ടത്, 500ൽപ്പരം പേർക്ക് പരിക്കേറ്റു. ഐഎസുമായി ബന്ധമുള്ള നാഷണൽ തൗഹീദ് ജമാത്ത് എന്ന സംഘടനയാണ് ഇതിന് പിന്നിലെന്ന് സ്ഥിരീകരിക്കപ്പെട്ടെങ്കിലും അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽതന്നെ മെല്ലെപ്പോക്കിലായിരുന്നു ഭരണകൂടം. ഇതിനെതിരെ കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് അന്താരാഷ്ട്ര വേദികളിൽ വിഷയം ഉന്നയിച്ചത് വലിയ വാർത്തയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?