ഏറ്റവും വലിയ കൃപയുള്ള ആരാധന അരങ്ങേറിയത് കുരിശില്‍ തന്നെയാവാനാണ് സാധ്യത. കുരിശ് ബലിവേദിയും ക്രൂശിതന്‍ അര്‍പ്പകനുമാവുമ്പോള്‍ അവിടെ നടക്കുന്ന പ്രവര്‍ത്തികളെല്ലാം ശ്രേഷ്ഠമായ ആരാധന യാകാതെ തരമില്ല.
ആബ്ബാ പിതാവേ അങ്ങയെ ഞാന്‍ ആരാധിക്കുന്നു എന്നല്ലാതെ ക്രൂശിതന്‍ കുരിശില്‍ കിടന്നു മറ്റെന്താണ് ഉരുവിട്ടത്. ആ ആരാധന ദൈവം കേട്ടു എന്നതിന്റെ പ്രത്യുത്തരമായിരുന്നു ഉയിര്‍പ്പ്. നിന്റെ വേദനയുടെ നടുവില്‍ നീ ക്രൂശിതനെ ശ്രദ്ധിക്കാന്‍ മറക്കുന്നുണ്ടോ സുഹൃത്തേ.
വേദനയുടെ നിമിഷങ്ങളിലും കുരിശിന്റെ മധ്യേ നിന്ന് നീ അവനെ ആരാധിക്കുമ്പോള്‍ നിന്നില്‍ അത്ഭുതവും അഭിഷേകവും അരങ്ങേറും എന്നാണ് കാല്‍വരി ഓര്‍മ്മിപ്പിക്കുന്നത്. ഈ ഓര്‍മ പ്പെടുത്തല്‍ ശിരസാവഹിച്ചവര്‍ അത്ഭുതങ്ങള്‍ക്ക് സാക്ഷികളായിട്ടുണ്ട്. ഒരാളെ മാത്രം ഈ നോമ്പിന്റെ സന്ധ്യയില്‍ ഓര്‍ക്കാം.
വിജാതിയരുടെ അപ്പോസ്‌തോലനായ സെന്റ് പോള്‍ ആണ് കഥാപാത്രം. മരണവക്രത്തില്‍ അകപ്പെട്ട ശ്ലീഹാ ആ തടവറയില്‍ കിടന്നു ക്രൂശിതനായവനെ ആരാധിച്ച് സ്തുതിച്ചു പ്രാര്‍ത്ഥിക്കുമ്പോഴാണ് ചങ്ങല പൊട്ടി അവര്‍ സങ്കടനദി കടക്കുന്നത്. പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നിന്നും നമുക്ക് ഇനിമേല്‍ സ്തുതിച്ചു പ്രാര്‍ത്ഥിക്കാന്‍ പഠിക്കാം.
ആരാധിക്കുന്നവരെ നിഷേധിക്കരുതെന്നു കൂടി ഈ നോമ്പിന്റെ രാവില്‍ ഓര്‍ക്കാം. ദാവീദ് ആരാധിക്കുമ്പോള്‍ ഭാര്യ അയാളെ കളിയാക്കി എന്നാണ് വേദം പറയുന്നത്. കളിയാക്കിയ ആ സ്ത്രീ പിന്നീട് ഏറെ വേദനകളാല്‍ മുറിയപ്പെടേണ്ടി വന്നു എന്ന് തുടര്‍ന്നുള്ള അധ്യായങ്ങളില്‍ കണ്ടെത്തുന്നുമുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *