Follow Us On

22

November

2024

Friday

വിശുദ്ധ യൗസേപ്പിതാവ്: തൊഴിലാളികളുടെ സ്വന്തം മധ്യസ്ഥൻ!

വിശുദ്ധ യൗസേപ്പിതാവ്: തൊഴിലാളികളുടെ സ്വന്തം മധ്യസ്ഥൻ!

”അടുക്കളയില്‍ പണിയെടുക്കുന്നവരും അള്‍ത്താരയില്‍ ശുശ്രൂഷചെയ്യുന്നവരുമുണ്ട്. രണ്ടും മഹനീയമാകുന്നത് ദൈവഹിതം തേടുമ്പോള്‍ മാത്രമാണ്”- ആഗോള കത്തോലിക്കാ സഭ ഇന്ന് മേയ ഒന്ന്) തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന സവിശേഷമായ ധ്യാനചിന്ത.

”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാന്‍ എളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്” (മത്താ. 11:28-30).

ഒരാളുടെ ജീവിതത്തിന്റെ ഏറ്റം മനോഹരമായ പ്രകാശനമല്ലേ തൊഴിലില്‍ ഏര്‍പ്പെടുന്നത്. മനോഹരമായ ഏദെന്‍തോട്ടത്തില്‍ കൃഷിചെയ്യാനും സംരക്ഷിക്കാനുമായി മനുഷ്യനെ നിയോഗിച്ച ദൈവത്തെ ഓര്‍ക്കുക (ഉല്‍. 2:15). തൊഴില്‍ ഒരു ശാപമല്ല, അനുഗ്രഹമാണ്. ദൈവത്തിന്റെ മനോഹരസൃഷ്ടിയായ പ്രപഞ്ചത്തില്‍ ഓരോ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഈ ലോകത്തെ കുറെക്കൂടി മനോഹരമാക്കാന്‍ ദൈവം നമ്മെ അനുവദിക്കുന്നു. ദൈവിക ഉദ്യാനത്തില്‍ പലതരം ജോലികള്‍ നാം നിര്‍വഹിക്കുന്നു എന്നുമാത്രം. രക്ഷാകര കര്‍മ്മത്തില്‍ പങ്കാളികളാകാനുള്ള ഒരു മാര്‍ഗമാണ് തൊഴില്‍.

വചനത്തിലെ കേന്ദ്രകഥാപാത്രങ്ങളെല്ലാം വിവിധ മേഖലകളില്‍ തൊഴിലില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നവര്‍ ആയിരുന്നു. ആബേല്‍മുതല്‍ അബ്രാഹത്തിലൂടെ തുടരുന്ന ഇടയന്മാരും കായേന്‍മുതലുള്ള കര്‍ഷകരും ഇവരില്‍പെടും. അബ്രാഹവും മോശയും ദാവീദും ഇടയന്മാരായിരുന്നെങ്കില്‍ നല്ലിടയനായ ഈശോ തച്ചനായിരുന്നു. ശിഷ്യരില്‍ പലരും മുക്കുവരുമായിരുന്നു.

മൂല്യവത്തായ ജീവിതം നയിക്കാന്‍ നാം ജോലിയില്‍ ഏര്‍പ്പെടുന്നു. അലസത പിശാചിന്റെ പണിപ്പുരയാണല്ലോ. ദൈവസുതന്‍ യൗസേപ്പിന്റെ മകനായി വളര്‍ന്നകാലമെല്ലാം ഒരു തച്ചനായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയെപ്പോലെയും യൗസേപ്പിനൊപ്പം അവനും അധ്വാനിച്ചു. കരുത്തുറ്റ കരങ്ങളാണ് ഈശോയുടേത്.

ദൈവസുതന്റെ കരങ്ങളില്‍ തച്ചന്റെ ആയുധങ്ങള്‍ പരിശീലിപ്പിച്ച യൗസേപ്പിതാവ് നമ്മിലെയും നല്ലൊരു ശില്‍പിയെ പുറത്തുകൊണ്ടുവരും. മരവും ഇഷ്ടികയും കല്ലുമൊക്കെ ഈ ശില്‍പിയുടെ ആയുധപ്പുരയിലുണ്ട്. പ്രപഞ്ചശില്‍പിയായ ദൈവത്തിന്റെ പുത്രന്‍ ഭൂമിയിലെ ഒരു ശില്‍പിയുടെ പരിശീലനം സ്വീകരിക്കുന്നതു കാണുമ്പോള്‍ ഓ ദൈവമേ, നിന്റെ വഴികള്‍ എത്രയോ മഹനീയം എന്നു ഞങ്ങള്‍ അറിയുന്നു. ഏതൊരു തൊഴിലും മഹത്വമുള്ളതാണ് എന്നു പറഞ്ഞുതരാനാണോ നീയിതു ചെയ്തത്? മരങ്ങളെ ചിന്തേരിട്ടും കല്ലുകളെ കൊത്തിമിനുക്കിയും തൊഴിലാളിയായി നടന്നുനീങ്ങിയ അവിടുന്ന് ഹൃദയങ്ങളുടെ ശില്‍പിയായിമാറി.

ഓ വിശുദ്ധ യൗസേപ്പേ, കുടുംബത്തെ പോറ്റാനും സംരക്ഷി ക്കാനുമാണല്ലോ നീ അധ്വാനിച്ചത്. ജോലിക്കായിമാത്രം ജീവിക്കുന്ന മനുഷ്യരുണ്ട്. ജീവിക്കാന്‍ മറന്നുപോകുന്നവര്‍. ദൈവത്തിന്റെ മഹത്വം തേടാതെ സ്വന്തം മഹത്വം മാത്രം തേടുമ്പോഴാണല്ലോ ജോലിയില്‍ മാത്രം ജീവിതം അവസാനിച്ചുപോകുന്നത്. തൊഴില്‍ ഉപജീവനത്തിനുള്ള മാര്‍ഗമാണെന്നും, എന്നാല്‍ ദൈവമഹത്വം തേടുകയാണ് എല്ലായ്‌പ്പോഴും വേണ്ടത് എന്നും ഞങ്ങളെ പഠിപ്പിക്കണമേ. അപ്പത്തിനുവേണ്ടി അധ്വാനിക്കുമ്പോഴും നിത്യജീവന്റെ അപ്പം തേടുന്നതില്‍ ഞങ്ങള്‍ പരാജയപ്പെടാന്‍ പാടില്ലല്ലോ? നമുക്ക് ജോസഫിന്റെ അടുത്തേക്കുപോകാം. അവന്‍ നമ്മെ വിശുദ്ധരായ ജോലിക്കാരാക്കി ഈ ഭൂമിയില്‍ മാറ്റും.

തച്ചന്റെ മകനല്ലേയെന്ന് ഈശോയെപ്പറ്റി പറയുമ്പോഴൊക്കെ ഒരുതരം അവഗണനയുടെ കയ്പ് ഉണ്ട് അതിന് (മത്താ. 13: 55). എന്നാല്‍, ആശാരിയും ആശാരിയുടെ മകനും സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ സകലരും വിസ്മയിച്ചുപോയിരുന്നു. ചെയ്യുന്ന തൊഴിലല്ല നിങ്ങളെ വിലയുള്ളവരും അല്ലാത്തവരും ആക്കി മാറ്റുന്നത്. നിങ്ങള്‍ അര്‍പ്പിക്കുന്ന ആത്മാര്‍ത്ഥതയും വിശ്വസ്തതയുമാണ്.

അടുക്കളയില്‍ പണിയെടുക്കുന്നവരും അള്‍ത്താരയില്‍ ശുശ്രൂഷചെയ്യുന്നവരുമുണ്ട്. രണ്ടും മഹനീയമാകുന്നത് ദൈവഹിതം തേടുമ്പോള്‍ മാത്രമാണ്. അടുക്കളയിലെ അമ്മയിലും അള്‍ത്താരയിലെ പുരോഹിതനിലും ജ്ഞാനം നിറയ്ക്കുന്നത് ദൈവമല്ലേ. ചെയ്യുന്ന ജോലിയുടെ പേരില്‍ ആരും അപമാനിതരാകാന്‍ ഇടവരരുത് എന്നു നിശ്ചയിച്ച ദൈവസുതന്‍ ബോധപൂര്‍വം ആശാരിയുടെ മകനായി. യൗസേപ്പാകട്ടെ നല്ലൊരു പരിശീലകനുമായി.

പ്രാര്‍ത്ഥന: ഈ ലോകം ഇത്രമേല്‍ മനോഹരമായിരിക്കുന്നതിന്റെ പിറകില്‍ എത്രയോ കരങ്ങളുടെ അധ്വാനമുണ്ടാകും. തൊഴിലിന്റെ മഹത്വം പഠിക്കാന്‍ തൊഴിലാളികളുടെ മധ്യസ്ഥനും മാതൃകയുമായ യൗസേപ്പേ, ഞങ്ങളെ സഹായിക്കണമേ, ആമേന്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?