ജയ്‌സ് കോഴിമണ്ണില്‍
തിരുവല്ല രൂപതയുടെ അഞ്ചാമത്തെ മെത്രാനായിരുന്ന ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് നിത്യസമ്മാനത്തിനായി യാത്രയായിട്ട് ജൂണ്‍ നാലിന് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 1988 മുതല്‍ 2003 വരെ തിരുവല്ല രൂപതയെ ഊര്‍ജസ്വലതയിലേക്കും പുരോഗതിയിലേക്കും നയിച്ച്, വിശ്രമജീവിതത്തിനുശേഷം 91-ാം വയസില്‍ ഇഹലോകവാസം വെടിഞ്ഞ ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ്, കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഭാരത കത്തോലിക്കാ മെത്രാന്‍ സംഘം വൈസ് പ്രസിഡന്റ് എന്നീ പദവികളും അലങ്കരിച്ചു.
തിരുവല്ലാ ഇന്‍ഫന്റ് ജീസസ് മൈനര്‍ സെമിനാരി റെക്ടര്‍, സെന്റ് ജോണ്‍സ് കത്തീഡ്രല്‍ വികാരി, രൂപതയുടെ വികാരി ജനറല്‍, അഡ്മിനിസ്‌ട്രേറ്റര്‍, മെത്രാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും തിരുവല്ലയുടെ ആധ്യാത്മിക മണ്ഡലത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മാര്‍ തിമോത്തിയോസ്.
തിരുവല്ല വൈഎംസിഎയുടെ പ്രസിഡന്റ് സ്ഥാനത്തെത്തിയ ആദ്യ കത്തോലിക്കാ പുരോഹിതന്‍ എന്ന നേട്ടവും മാര്‍ തിമോത്തിയോസിന് മാത്രമുള്ളതായിരുന്നു.
1928 ഫെബ്രുവരി രണ്ടിന് കോട്ടയം അമയന്നൂര്‍ പുറങ്കാവ് തെക്കേക്കര കുടുംബത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദികനായിരുന്ന ഫാ. ജേക്കബ് ചുണ്ടേവാലേലിന്റെയും അന്നമ്മയുടെയും മൂത്തമകനായിട്ടായിരുന്നു ജോര്‍ജ് ചുണ്ടേവാലേലിന്റെ (മാര്‍ തിമോത്തിയോസ്) ജനനം.
അമയന്നൂര്‍ ഗവണ്‍മെന്റ് എല്‍പി, മണര്‍കാട് ഇന്‍ഫന്റ് ജീസസ്, കിടങ്ങൂര്‍ സെന്റ് മേരീസ് എന്നീ സ്‌കൂളുകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. 1940-ല്‍ ചുണ്ടേവാലേല്‍ കുടുംബാംഗങ്ങള്‍ കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. 1943-ല്‍ ജോര്‍ജ് ചുണ്ടേവാലേല്‍ തിരുവല്ല ചെറുപുഷ്പഗിരി മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിന് ചേര്‍ന്നു. തുടര്‍ന്ന് ശ്രീലങ്കയിലെ കാന്‍ഡി സെമിനാരിയില്‍നിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1953 ഓഗസ്റ്റ് 24-ന് കാന്‍ഡി സെമിനാരിയില്‍വച്ച് ബിഷപ് ഗ്ലെനില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. നാട്ടില്‍ തിരികെയെത്തിയശേഷം വിവിധ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി.
1977-ല്‍ തിരുവല്ല ബിഷപ്പായിരുന്ന സക്കറിയാസ് മാര്‍ അത്തനാസിയോസ് കാലം ചെയ്തവേളയില്‍ പിന്‍ഗാമിയായി ഫാ. ജോര്‍ജ് ചുണ്ടേവാലേലിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ അദ്ദേഹം വിനയപൂര്‍വം മെത്രാന്‍പദവി നിരസിച്ചു. 1988-ല്‍ ഐസക് മാര്‍ യൂഹാനോന്റെ ദേഹവിയോഗത്തെ തുടര്‍ന്ന് വീണ്ടും ഫാ. ചുണ്ടേവാലേലിന്റെ നാമം നിര്‍ദേശിക്കപ്പെട്ടപ്പോള്‍ പരിശുദ്ധ സിംഹാസനത്തിന്റെ കല്‍പന അനുസരിച്ച് മെത്രാന്‍സ്ഥാനം സ്വീകരിച്ചു. 1988 ഓഗസ്റ്റ് ആറിന് ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസാണ് മെത്രാനായി അഭിഷേകം ചെയ്തത്. പതിനഞ്ചുവര്‍ഷക്കാലം തിരുവല്ല രൂപതയെ നയിച്ചു.
മാര്‍ തിമോത്തിയോസിന്റെ ഭരണകാലം തിരുവല്ലാ രൂപതയുടെ സുവര്‍ണകാലഘട്ടമായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ്, ഡെന്റല്‍ കോളജ്, ഫാര്‍മസി കോളജ്, നഴ്‌സിങ്ങ് കോളജ്, മാര്‍ അത്തനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ്, മല്ലപ്പള്ളി ചെങ്ങരൂര്‍ ബിഎഡ് ആന്റ് എംഎഡ് കോളജ് എന്നിവയും നിരവധി സ്‌കൂളുകളും തിരുവല്ലാ ശാന്തിനിലയം പാസ്റ്ററല്‍ സെന്ററിന്റെ പുതിയ ബ്ലോക്ക്, കുറ്റൂര്‍ പള്ളിമല ശാലോം ഭവന്‍, കുന്നംകുളം പീച്ചി ദര്‍ശന, കട്ടപ്പന ജ്യോതിസ് പാസ്റ്ററല്‍ സെന്ററുകള്‍, തിരുവല്ലാ സെന്റ് ജോണ്‍സ് കത്തീഡ്രലിന്റെ പുതിയ ദൈവാലയം എന്നിവയും അവയില്‍ ചിലതുമാത്രം.
സഭകള്‍ തമ്മിലുള്ള ഐക്യത്തിനും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുന്നതിനും മാര്‍ തിമോത്തിയോസ് നിസ്തുലമായ നേതൃത്വമാണ് നല്‍കിയത്. സഭൈക്യത്തിന്റെ വക്താവായിരുന്ന അദ്ദേഹം തിരുവല്ലയില്‍ എക്യുമെനിക്കല്‍ അഷ്ടദിനപ്രാര്‍ത്ഥനാവാരം, സംയുക്ത ക്രിസ്മസ് ആഘോഷം, സഭകളിലെ വൈദികരുടെ കൂട്ടായ്മ എന്നിവ ആരംഭിച്ചു.
രൂപതയുടെ ശുശ്രൂഷകള്‍ കൂടുതല്‍ സജീവവും ഫലപ്രദവുമാകുവാന്‍ 1997 ജൂലൈ 17-ന് ഫാ. മാമ്മന്‍ ചക്കാലപ്പടിയ്ക്കലിനെ, തോമസ് മാര്‍ കൂറിലോസ് എന്ന പേരില്‍ സഹായമെത്രാനായി അഭിഷേകം ചെയ്തു. 2003 ഫെബ്രുവരി ആറിന് തിരുവല്ല രൂപത വിഭജിച്ച് മൂവാറ്റുപുഴ കേന്ദ്രമാക്കി പുതിയ രൂപത ഉടലെടുത്തപ്പോള്‍ മാര്‍ കൂറിലോസ് പ്രഥമ മെത്രാനായി നിയമിതനായി.
മലങ്കര കത്തോലിക്കാ സഭയില്‍ 75 വയസ് പൂര്‍ത്തിയാക്കി വിരമിച്ച ആദ്യമെത്രാനും ഏറ്റവും കാലം ജീവിച്ച മെത്രാനും മാര്‍ തിമോത്തിയോസായിരുന്നു. ബിഷപ് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസിന്റെ ദൈവവിളിയെ അനുകരിച്ച സഹോദരങ്ങളാണ് ഫാ. ജോണ്‍ ചുണ്ടേവാലേല്‍, സിസ്റ്റര്‍ അപ്പളോണിയാ എസ്‌ഐസി, സിസ്റ്റര്‍ ജെയിന്‍ എസ്‌ഐസി എന്നിവര്‍.
‘നിന്റെ വാക്കനുസരിച്ച് ഞാന്‍ വലയിടാം’ എന്ന ആദര്‍ശവാക്യവുമായാണ് മാര്‍ തിമോത്തിയോസ് മേല്‍പട്ടശുശ്രൂഷ നിര്‍വഹിച്ചത്. വല നിറയെ മത്സ്യവുമായി കടലില്‍നിന്ന് കരയ്ക്കു കയറിയ പ്രഥമ സഭാ ഇടയന്റെ മനസിന്റെ സന്തോഷവും സംതൃപ്തിയും ആ ജീവിതത്തിലുടനീളം നീണ്ടുനിന്നിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *