ഡോ. നെല്‍സണ്‍ തോമസ്
സത്യം എന്നത് ഒരു ശിലയാണോ, അതോ ഒരു വിത്താണോ? കാലം മാറ്റാത്ത, ഉറച്ച ഒരു ശിലപോലെയാണോ അത്? അതോ, മണ്ണിനടിയില്‍ക്കിടന്ന്, കാലത്തിന്റെ പൂര്‍ണ്ണതയില്‍ മുളപൊട്ടി, വളര്‍ന്ന് പന്തലിച്ച്, തന്റെ യഥാര്‍ത്ഥ സ്വഭാവം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു വിത്തുപോലെയാണോ? കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളെ മനസിലാക്കാന്‍ ഈ ചോദ്യം സഹായിക്കും.
മറിയത്തെ സഹരക്ഷക എന്ന് വിളിക്കുന്നതിനെക്കുറിച്ച് വത്തിക്കാന്‍ നല്‍കിയ വ്യക്തത പലരിലും സഭ അതിന്റെ പഠനങ്ങള്‍ മാറ്റുകയാണോ എന്ന സംശയമുയര്‍ത്തി. ഇതിന് ഉത്തരം കണ്ടെത്താന്‍ നാം മൂന്ന് പടവുകള്‍ കയറണം: വിശ്വാസസത്യത്തിന്റെ വളര്‍ച്ച, സഹരക്ഷക എന്ന വാക്കിന്റെ അര്‍ത്ഥതലങ്ങള്‍, സഭയുടെ പ്രബോധനാധികാരത്തിന്റെ അചഞ്ചലമായ സ്വഭാവം.
എന്താണ് വിശ്വാസസത്യത്തിന്റെ വളര്‍ച്ച?
അപ്പസ്തോലന്മാരിലൂടെ നമുക്ക് കൈമാറപ്പെട്ട വിശ്വാസ നിക്ഷേപം (Deposit of Faith) സമ്പൂര്‍ണ്ണമാണ്. അതില്‍ പുതിയതൊന്നും കൂട്ടിച്ചേര്‍ക്കാനാവില്ല. സഭയുടെ പ്രബോധനാധികാരം എന്നത് വിശ്വാസ നിക്ഷേപത്തിന്റെ കാവല്‍ക്കാരനും ശുശ്രൂഷകനുമാണ്. ഇത് ഒരു ശാസ്ത്രജ്ഞന്‍ പ്രകൃതിയില്‍ ഇതിനകം നിലനില്‍ക്കുന്ന ഒരു നിയമത്തെ കണ്ടെത്തുന്നത് പോലെയല്ല. കാരണം ശാസ്ത്രജ്ഞന്റെ കണ്ടെത്തലുകള്‍ പലപ്പോഴും പഴയ സിദ്ധാന്തങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടായിരിക്കും.
ഉദാഹരണത്തിന്, ഐന്‍സ്റ്റീന്റെ സിദ്ധാന്തങ്ങള്‍ ന്യൂട്ടന്റെ സിദ്ധാന്തങ്ങളെ തിരുത്തി. എന്നാല്‍ സഭയുടെ പ്രബോധനാ ധികാരത്തിന് ഒരിക്കല്‍ പ്രഖ്യാപിച്ച ഒരു വിശ്വാസസത്യത്തെ തള്ളിക്കളയാനോ തിരുത്താനോ കഴിയില്ല. അതിന് ആ സത്യത്തെ കൂടുതല്‍ ആഴത്തില്‍ വിശദീകരിക്കാന്‍ മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് സഭയുടെ പ്രബോധനാധികാരം എന്നത് വിശ്വാസ നിക്ഷേപത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്ന ഒരു കണ്ടുപിടുത്തക്കാരനല്ലെന്നും, മറിച്ച് അതിന്റെ കാവല്‍ക്കാരനും ശുശ്രൂഷകനുമാണ് എന്നും സഭ പഠിപ്പിക്കുന്നത്.
പിന്നെ എന്താണ് വിശ്വാസ സത്യത്തിന്റെ ഈ ‘വളര്‍ച്ച’ അല്ലെങ്കില്‍ പരിണാമം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? അതൊരു വിത്ത് മഹാവൃക്ഷമാകുന്നതുപോലെയാണ്. വിത്തില്‍ ആ വൃക്ഷം മുഴുവന്‍ ഒളിഞ്ഞിരിക്കുന്നു. കാലം, ചിന്ത, പുതിയ വെല്ലുവിളി കള്‍ എന്നിവയാകുന്ന വെള്ളവും വെളിച്ചവും ഏല്‍ക്കുമ്പോള്‍, ആ വിത്തില്‍ ഒളിഞ്ഞിരുന്ന സത്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ പുറത്തുവരുന്നു. ഉദാഹരണത്തിന്, മറിയം ‘ദൈവ മാതാവ്’ ആണെന്ന സത്യം ആദിമസഭ മുതല്‍ വിശ്വസിച്ചിരുന്നുവെങ്കിലും, തര്‍ക്കങ്ങള്‍ ഉയര്‍ന്നപ്പോള്‍ നിഖ്യാ സൂനഹദോസ് അതൊരു വിശ്വാസസത്യമായി പ്രഖ്യാപിച്ചു. ഇത് സത്യത്തിന്റെ മാറ്റമല്ല, മറിച്ച് അതിന്റെ ആഴത്തിലുള്ള തിരിച്ചറിവാണ്.
സഹരക്ഷകയും വത്തിക്കാന്റെ വ്യക്തതയും
ഈ വാക്കിലെ സഹ (Co) എന്ന പ്രയോഗമാണ് ഏറ്റവും വലിയ വെല്ലുവിളി. ദൈവശാസ്ത്രപരമായി, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെപ്പോലുള്ളവര്‍ ഈ പദം ഉപയോഗിച്ചപ്പോള്‍, അതിനര്‍ത്ഥം തുല്യരക്ഷകന്‍ എന്നായിരുന്നില്ല. മറിച്ച്, ക്രിസ്തുവിന്റെ ഏക രക്ഷാകര പദ്ധതിയില്‍ മറിയം അതുല്യമായ രീതിയില്‍ സഹകരിച്ചു എന്നായിരുന്നു.
തന്റെ ‘Fiat’ വഴി അവള്‍ രക്ഷകന് ജന്മം നല്‍കി. Fiat എന്ന ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം ‘അപ്രകാരമാകട്ടെ’ എന്നാണ്. ഗബ്രിയേല്‍ മാലാഖയുടെ അറിയിപ്പിന് മറുപടിയായി, ‘ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ’ എന്ന് മറിയം പറഞ്ഞ ആ സമ്പൂര്‍ണ്ണമായ സമ്മതത്തെയും സ്വയം സമര്‍പ്പണത്തെയുമാണ് ഇത് കുറിക്കുന്നത്. ആ ‘അതെ’ എന്ന ഒരൊറ്റ വാക്കിലൂടെയാണ് അവള്‍ രക്ഷാകരപദ്ധതിയുടെ ഭാഗമായത്. ‘അതെ’ എന്ന സമ്മതത്തിലൂടെയും, കുരിശിന്‍ ചുവട്ടിലെ സഹനത്തിലൂടെയും മറിയം പുത്രന്റെ ബലിയുമായി ഒന്നിച്ചു.
പല പ്രമുഖ ദൈവശാസ്ത്രജ്ഞരും മറിയത്തെ വിശേഷിപ്പിക്കാന്‍ ‘സഹരക്ഷക’ എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉള്‍പ്പെടെയുള്ള ചില മാര്‍പാപ്പമാര്‍ തങ്ങളുടെ പ്രസംഗങ്ങളിലും പ്രബോധനങ്ങളിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. മറിയം ‘തുല്യ-രക്ഷക’ ആണെന്ന് പ്രഖ്യാപിക്കാനല്ല, മറിച്ച് രക്ഷാകരപദ്ധതിയില്‍ മറിയം വഹിച്ച അതുല്യമായ ‘സഹകരണത്തെ’ വിശദീകരിക്കാനാണ് അവര്‍ ഈ പദം ഉപയോഗിച്ചത്.
എന്നാല്‍, ആധുനിക ഭാഷയില്‍ ‘സഹരക്ഷകന്‍’ എന്ന് കേള്‍ക്കുമ്പോള്‍, അത് ക്രിസ്തുവിനോട് തുല്യയായ ഒരു രക്ഷക എന്ന ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടാണ് തര്‍ക്കങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തില്‍, ഇന്നലെ വത്തിക്കാനിലെ വിശ്വാസ തിരുസംഘം (Dictsaery for the Dotcrine of the Faith), അതായത് സഭയുടെ വിശ്വാസപരമായ കാര്യങ്ങളില്‍ ആധികാരിക പഠനം നല്‍കുന്ന ഉന്നത സമിതി പുതിയ പ്രബോധനം പുറത്തിറക്കി (Mater Populi Fidelis). ഈ രേഖ ഇപ്രകാരം വിശദീകരിക്കുന്നു: ‘സഹരക്ഷക’ എന്ന വിശേഷണം ഉചിതമല്ല. കാരണം അത് ക്രിസ്തുവിന്റെ അതുല്യവും സമ്പൂര്‍ണ്ണവുമായ രക്ഷാകര ദൗത്യത്തെ ‘മറയ്ക്കാന്‍’ സാധ്യതയുണ്ട്.
അചഞ്ചലമായ പ്രബോധനാധികാരം
ഒരിക്കല്‍ വിശ്വാസ സത്യമായി പ്രഖ്യാപിച്ച പഠനങ്ങളെ തിരുത്തുവാന്‍ സഭയ്ക്ക് സാധിക്കുകയില്ല. കാരണം, സഭയുടെ പ്രബോധന അധികാരത്തിന് അപ്രമാദിത്വം (Infallibiltiy) ഉള്ളതാണ്. മാത്രമല്ല, വിശ്വാസ സത്യങ്ങള്‍ മനുഷ്യന്റെ അഭിപ്രായമല്ല, അത് ദൈവിക വെളിപാട് തന്നെയാണ്. ഇവിടെയും സഭ ഒരു പഠനത്തെ തിരുത്തുകയല്ല ചെയ്തത്. കാരണം മറിയം സഹരക്ഷകയാണെന്ന് സഭ വിശ്വാസസത്യമായി പ്രഖ്യാപിച്ചിട്ടില്ല. അതൊരു ദൈവശാസ്ത്രപരമായ അഭിപ്രായവും ഭക്തിപ്രകടനവും മാത്രമായി നിലനില്‍ക്കുകയായിരുന്നു.
അതിനാല്‍ വിശ്വാസ തിരുസംഘത്തിന്റെ ഈ പഠനം ഒരു വിശ്വാസസത്യത്തെ മാറ്റുകയല്ല. മറിച്ച്, ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയെ തടയുകയാണ്. യഥാര്‍ത്ഥവും മാറ്റമില്ലാ ത്തതുമായ സത്യത്തെ, അതായത് ക്രിസ്തു മാത്രമാണ് ഏകരക്ഷകന്‍ എന്ന സത്യത്തെ സംരക്ഷിക്കുകയാണ് സഭ ചെയ്തത്.
ഇത് മറിയത്തിന്റെ മഹത്വത്തെ കുറയ്ക്കുകയല്ല, മറിച്ച് അത് അതിന്റെ ശരിയായ സ്ഥാനത്ത് ഉറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. അവള്‍ രക്ഷകയല്ല, മറിച്ച് രക്ഷകന്റെ അമ്മയാണ്. ദൈവമല്ല, ദൈവത്തെ ലോകത്തിന് നല്‍കിയവളാണ്. ഈ വ്യക്തത ഒരു മാറ്റമല്ല. ഇത് സത്യത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. സത്യത്തെ അതിന്റെ കലര്‍പ്പില്ലാത്ത രൂപത്തില്‍ സംരക്ഷിക്കുക എന്ന തന്റെ അചഞ്ചലമായ ദൗത്യമാണ് സഭ ഇവിടെ നിര്‍വഹി ച്ചിരിക്കുന്നത്.
















Leave a Comment
Your email address will not be published. Required fields are marked with *