Follow Us On

22

December

2024

Sunday

അരിക്കൊമ്പന്റെ വേദനകള്‍

അരിക്കൊമ്പന്റെ വേദനകള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

അരിക്കൊമ്പന്‍ എന്ന് വിളിക്കപ്പെടുന്ന ആനയെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. അരിക്കൊമ്പന്റെ ഒരുപാട് കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഒരുപാട് ചിത്രങ്ങളും വീഡിയോകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോകളും കണ്ടപ്പോള്‍ ആ ആനയില്‍ ഉണ്ടായ ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. നമ്മള്‍ അരിക്കൊമ്പനെ ആദ്യം കാണുമ്പോള്‍ അവന്‍ കാട്ടില്‍ സൈ്വരവിഹാരം നടത്തുന്ന ഊര്‍ജ്ജ്വസ്വലനായ, കരുത്തനായ ഒരു ആനയാണ്. നാട്ടില്‍ ഇറങ്ങുകയും മനുഷ്യര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തുകയും ചെയ്തിരുന്നു എന്നത് അവന്റെ സ്വഭാവത്തിന്റെ ഒരു പ്രത്യേകത ആയിരുന്നു. അതിനെപ്പറ്റിയല്ല പറയുന്നത്. അരിക്കൊമ്പന്‍ എന്ന ആനയില്‍ ഉണ്ടായ വ്യത്യാസത്തെപ്പറ്റിയാണ് പറയുന്നത്. മയക്കുവെടിവച്ച് ആദ്യം പിടിക്കുന്നതിന് മുമ്പ് ആന എത്ര ശക്തനും കരുത്തനും ആയിരുന്നു. നില്‍പ്പ്, നോട്ടം, നടത്തം, ഭാവം എല്ലാം കണ്ടാല്‍ അത് വ്യക്തമായിരുന്നു.

മയക്കുവെടിതന്നെ എത്രയെണ്ണം വച്ചിട്ടാണ് അവന്‍ മയങ്ങിയത്. എന്നിട്ടും അവന്‍ മല്ലിട്ട് നിന്നു. മയക്കുവെടികളുടെ ആഘാതം ശരീരത്തില്‍ കയറിയ മരുന്നിന്റെ സ്വാധീനം, കുങ്കിയാനകളുടെ ഉന്ത്, തള്ള്, മനുഷ്യന്റെ സാമീപ്യം, ആദ്യമായി കാലിന് വടം കെട്ടിയതിന്റെ പ്രയാസങ്ങള്‍ എല്ലാം അതിജീവിച്ച് അവന്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ ശരീരത്തില്‍ കയറിയ മയക്കുമരുന്നിന്റെ പ്രവര്‍ത്തനത്തോട് പിടിച്ച് നില്‍ക്കാന്‍ കഴിയില്ലല്ലോ. അങ്ങനെ അവന്‍ കീഴടങ്ങി. അതിനുശേഷം ദീര്‍ഘദൂരം യാത്ര. അപരിചിതമായ കാട്ടില്‍ ഇറക്കിവിട്ടു. ഒരു പക്ഷേ ഒരു സഹജീവിയെപോലം കാണാന്‍ കിട്ടാത്ത ലോകം. ഈ ഏകാന്തതയിലും അവന്‍ പിടിച്ചുനിന്നു. പക്ഷേ ഈ അനുഭവങ്ങള്‍ അവനെ മാനസികമായും ശാരീരികമായും കുറെ തളര്‍ത്തിയെന്ന് പിന്നീടുള്ള ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ഇനിയാണ് രണ്ടാം ഘട്ട മയക്കുവെടി പ്രയോഗം, ചങ്ങലയിടല്‍, കുങ്കിയാനകളുടെ ഉന്ത്, തള്ള്, മനുഷ്യസാന്നിധ്യം ഇതിനുപുറമെ തുമ്പിക്കൈയിലും മറ്റും സാമാന്യം വലിയ മുറിവ്. ഇതെല്ലാം കഴിഞ്ഞ് അരിക്കൊമ്പനെ കാണുമ്പോള്‍ നമുക്ക് സഹതാപം തോന്നുകയാണ്. പഴയ ഉഷാര്‍ ഇല്ല. പഴയ വീര്യം ഇല്ല, പഴയ ശക്തി ഇല്ല, ഒരു പരിധിവരെ ശരീരംകൊണ്ടും മനസുകൊണ്ടും അവന്‍ തളര്‍ന്നിരിക്കുന്നു. കാരണം, കുറഞ്ഞ നാളുകള്‍ക്കിടയില്‍ ഒരുപാട് ദുരനുഭവങ്ങള്‍ അവന്‍ അനുഭവിക്കേണ്ടിവന്നു. രണ്ട് പ്രാവശ്യം വെടികള്‍. ശരീരത്തില്‍ കയറിയ മയക്കുമരുന്നിന്റെ വലിയ അളവ്. ചങ്ങലയിട്ട അനുഭവം. നാടുകടത്തല്‍.

അപരിചതമായ കാട്ടില്‍ സഹജീവികളെ കാണാന്‍ കഴിയാതെ അലഞ്ഞുനടന്നുള്ള ജീവിതം. കാട്ടില്‍ സൈ്വരമായി നടന്ന ഒരു ആനക്ക് ഉണ്ടായ ദുരനുഭവങ്ങള്‍ ആണ് ഇവയെല്ലാം. മനുഷ്യദൃഷ്ടിയില്‍ നോക്കുമ്പോള്‍ ഇതിനെല്ലാം ന്യായീകരണങ്ങള്‍ ഉണ്ട്. പക്ഷേ, തന്നെകൊണ്ട് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ട് എന്നോ, താന്‍ മനുഷ്യരെ കൊന്നതിന്റെ നഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് ഉണ്ടെന്നോ അവനറിയുന്നില്ലല്ലോ. മനുഷ്യദൃഷ്ടിയില്‍ നോക്കുമ്പോള്‍ അവനെ കൊന്നില്ല; പിടിച്ച് കൂട്ടില്‍ അടച്ചില്ല; കുങ്കിയാനയാക്കാന്‍ കഷ്ടപ്പെടുത്തിയില്ല; സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിച്ചിരിക്കുന്നു എന്ന ന്യായം ഉണ്ട്. പക്ഷേ രണ്ട് കൂട്ടര്‍ക്കും പരസ്പര പ്രയാസങ്ങളും ന്യായങ്ങളും മനസ്സിലാക്കുന്നില്ലല്ലോ.

ഇത്രയുമൊക്കെ പറഞ്ഞ ശേഷം പറയാന്‍ ഉദ്ദേശിച്ച കാര്യത്തിലേക്ക് വരാം. അരിക്കൊമ്പനെപ്പോലെ കരുത്തനായ ഒരു ആനപോലും പ്രതികൂല സാഹചര്യത്തില്‍, തിക്താനുഭവങ്ങളില്‍, ഒറ്റപ്പെടലില്‍, നാടുകടത്തലില്‍ ഇത്രമാത്രം ഉലഞ്ഞുപോയി. അവന്റെ ക്രോധവും ആക്രമണോത്സുകതയും ഒരു പക്ഷേ കൂടിയിട്ടുണ്ടാകും; പക്ഷേ, ശക്തിയും ഉന്മേഷവും മനസമാധാനവും സ്വസ്ഥതകളുമെല്ലാം കുറഞ്ഞിരിക്കുന്നു. കരുത്തനായ ആനയെപ്പോലും ഉലച്ചിരിക്കുന്നു.
ഇതൊക്കെ കണ്ടപ്പോള്‍ ഞാന്‍ ഇതിനെക്കാള്‍ എത്രയോ ശക്തികുറഞ്ഞവനും ദുര്‍ബലനുമായ മനുഷ്യരുടെ കാര്യം ഓര്‍ക്കുകയായിരുന്നു. അരിക്കൊമ്പന് 5000 കിലോയോളം തൂക്കം കാണും. മനുഷ്യന് ശരാശരി 50 മുതല്‍ 80 കിലോ വരെയായിരിക്കും തൂക്കം.

കാട്ടാന ഒരു ദിവസം 150 കിലോയോളം ഭക്ഷണം കഴിക്കും. ഒരു മനുഷ്യന്‍ കൂടി വന്നാല്‍ ഏതാനും കിലോ ഭക്ഷണം മാത്രം. അരിക്കൊമ്പന്‍ അനുഭവിച്ചതിനെക്കാള്‍ എത്രയോ കൂടുതല്‍ പ്രയാസങ്ങള്‍ ആണ് സാധാരണ മനുഷ്യര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. രോഗങ്ങള്‍, ദാരിദ്ര്യം, അധ്വാനഭാരം, കുടുംബപ്രശ്‌നങ്ങള്‍, കുടുംബത്തില്‍ നിന്ന് ലഭിക്കാവുന്ന ശാരീരിക മര്‍ദ്ദനങ്ങള്‍, തൊഴില്‍മേഖലയിലെ പ്രശ്‌നങ്ങള്‍, നാനാതരം പ്രശ്‌നങ്ങളും പ്രതികൂല സാഹചര്യങ്ങളും ഉണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദങ്ങള്‍… ഇവയെല്ലാം മഹാഭൂരിപക്ഷം മനുഷ്യരും അനുഭവിക്കുകയാണ്. അരിക്കൊമ്പന് ഉണ്ടായതിനെക്കാള്‍ എത്രയോ കഠിനവും ദീര്‍ഘവുമായ ആഘാതങ്ങള്‍ ആണ് മനുഷ്യര്‍ക്ക് ഉണ്ടാകുന്നത്. ഇത്രയും കരുത്തനായ അരിക്കൊമ്പന്‍ പോലും തളര്‍ന്നു. എന്നിട്ടും ഇത്രയും ചെറിയ ഇത്രയും ദുര്‍ബലരായ മനുഷ്യര്‍ ഈ പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കുന്നു. ഇത് ഒരു അത്ഭുതമല്ലേ?

പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനും സഹിക്കാനും അതിജീവിക്കാനും പരിഹരിക്കാനുമെല്ലാം ദൈവം മനുഷ്യന് വലിയ ആന്തരിക ശക്തി നല്‍കിയിരിക്കുന്നതുകൊണ്ടാണ് തളരാതെ ജീവിക്കാന്‍ കഴിയുന്നത്. ചില മനുഷ്യരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ തീയില്‍ എറിയപ്പെട്ടതുപോലെയാണ്. ചിലര്‍ക്ക് ജീവിതത്തില്‍ ഒരു പ്രായത്തിലും സ്വസ്ഥതയും നല്ല ജീവിതവും കിട്ടിയിട്ടില്ല. എങ്കിലും അവരെല്ലാം ജീവിക്കുന്നു. അവരാരും പരാക്രമങ്ങള്‍ കാണിക്കുന്നില്ല. എങ്കിലും നമ്മള്‍ ഓര്‍ക്കണം അരിക്കൊമ്പനെക്കാള്‍ ആഘാതം ഏറ്റവും ഏറ്റുകൊണ്ടിരിക്കുന്നവരുമാണ് വലിയൊരു വിഭാഗം ആളുകള്‍. അരിക്കൊമ്പനെക്കാള്‍ ദുര്‍ബലരാണവര്‍. എന്നിട്ടും അരിക്കൊമ്പന്‍ തളര്‍ച്ച കാണിച്ചിട്ടും അവര്‍ തളര്‍ച്ച കാണിക്കാതെ ജീവിക്കുന്നു. അവരെ നമ്മള്‍ അഭിനന്ദിക്കണം; ആദരിക്കണം. അതേ സമയം, അവരുടെ ഉള്ളില്‍ തീയുണ്ട്, വേദനയുണ്ട്, മുറിവുകള്‍ ഉണ്ട്, നീറ്റല്‍ ഉണ്ട് എന്ന് നമ്മള്‍ മനസിലാക്കണം. കഴിയുന്നിടത്തോളം കാരുണ്യത്തോടെ അവരോട് പെരുമാറുകയും വേണം.

ദേഷ്യംപിടിച്ച അരിക്കൊമ്പന്‍ ഉപദ്രവങ്ങള്‍ ഉണ്ടാക്കി. ഇതുപോലെ ദേഷ്യം, സങ്കടം, നിരാശ എന്നിവയൊക്കെ കൂടുമ്പോള്‍ മനുഷ്യരില്‍ ചിലര്‍ പ്രതികരിക്കുന്നു, ഉപദ്രവിക്കന്നു. ചിലര്‍ സ്വയം ഉപദ്രവിക്കുകയും സ്വയം മരിക്കുകയും ചെയ്യുന്നു. എത്ര അടിപിടിക്കേസുകളും കൊലപാതകങ്ങളും ആത്മഹത്യകളും നമ്മുടെ ഇടയില്‍ നടക്കുന്നു. എത്ര ദേഷ്യം വന്നിട്ടായാലും ഇവയൊന്നും ന്യായീകരക്കത്തക്കതല്ല. കഷ്ടപ്പാടുകളിലും പ്രതികൂലസാഹചര്യങ്ങളിലും മനസിന്റെ മുറിവുകളിലും പിടിച്ചുനില്‍ക്കാനുള്ള കഴിവ് കുറെക്കൂടി നാം നേടിയെടുക്കേണ്ടിയിരിക്കുന്നു; പ്രത്യേകിച്ച് പെട്ടെന്ന് പതറിപ്പോകുന്ന മനുഷ്യര്‍. അവര്‍ ആരുടെയെങ്കിലും സഹായം തേടുന്നതും നല്ലതാണ്. അവരെ സഹായിക്കാന്‍ മറ്റുള്ളവര്‍ തയാറാകുകയും വേണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?