Follow Us On

05

December

2023

Tuesday

പുസ്തകത്തില്‍ സൂക്ഷിച്ച 20 രൂപാ നോട്ട്‌

പുസ്തകത്തില്‍ സൂക്ഷിച്ച  20 രൂപാ നോട്ട്‌

സുജാത കുര്യാക്കോസ്

അമ്മ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് എനിക്ക് ചിന്തിക്കാന്‍പോലും കഴിയുമായിരുന്നില്ല. ആറ് മാസമായിട്ട് അമ്മ രോഗശയ്യയിലായിരുന്നു. വെള്ളംപോലും ഇറക്കാന്‍ പറ്റാത്ത വിധത്തില്‍ അവസാനത്തെ രണ്ടാഴ്ച തീര്‍ത്തും കിടപ്പിലായി. അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ചിന്ത മനസിലേക്ക് വരുമ്പോള്‍ ശരീരം വിറയ്ക്കാന്‍ തുടങ്ങുമായിരുന്നു. കഴിഞ്ഞ 34 വര്‍ഷങ്ങളായി അമ്മയുടെ ലോകം എന്റെ മുറിയായിരുന്നു. അമ്മയുടെ സന്തോഷങ്ങള്‍ മുഴുവന്‍ എനിക്കുവേണ്ടി മാറ്റിവച്ചു, ഒട്ടും പരാതിയോ പരിഭവങ്ങളോ ഇല്ലാതെ. അമ്മയ്ക്ക് അസുഖം കൂടി ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുമ്പോള്‍ രാത്രിയില്‍ എന്റെ കുഞ്ഞിനെ കാണണമെന്ന് വാശിപിടിച്ചു അമ്മ കരഞ്ഞിരുന്നു. എനിക്ക് അപകടം ഉണ്ടായതിനുശേഷം ആദ്യമായിട്ടായിരുന്നു അമ്മ എന്റെ അടുത്തുനിന്നും മാറിനില്ക്കുന്നത്.

ഇരുള്‍ നിറഞ്ഞ കാലം

1988 ഡിസംബര്‍ ഏഴിനായിരുന്നു കേരളത്തെ ഞെട്ടിച്ച ഇടുക്കി ജില്ലയിലെ ആ ബസ് അപകടം. ഇടുക്കിയിലെ പ്രമുഖ കോളജ് ആയ മുരിക്കാശേരി പാവനാത്മ കോളജിലെ കുട്ടികള്‍ തിങ്ങിനിറഞ്ഞിരുന്ന പ്രൈവറ്റ് ബസ് ഉപ്പുതോട്ടില്‍വച്ച് റോഡിന്റെ സൈഡ് ഇടിഞ്ഞ് കൊക്കയിലേക്ക് പതിച്ചു. എട്ട് വിദ്യാര്‍ത്ഥികള്‍ ഉടന്‍ മരിച്ചു. ഒരാള്‍ രണ്ടു വര്‍ഷത്തിനുശേഷവും. നട്ടെല്ലിനു പരിക്കുപറ്റിയ എന്നെ ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഡോക്ടര്‍മാര്‍ നിശ്ചയിച്ച ആയുസ് ആറ് മാസമായിരുന്നു. പാവനാത്മ കോളജിലെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനി ആയിരുന്നു ഞാന്‍. ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയപ്പോഴേക്കും വീട്ടിലെ കാര്യങ്ങള്‍ ആകെ തകിടം മറിഞ്ഞിരുന്നു. ദാരിദ്ര്യം കൂട്ടുകാരായി. ആശുപത്രിയില്‍ പോകാന്‍പോലും പണമില്ലാതെ കുഴങ്ങി. മുമ്പില്‍ നിറയുന്ന ഇരുള്‍വഴികളിലേക്ക് നോക്കി ഒരു കൗമാരക്കാരി ആകുലപ്പെട്ടപ്പോള്‍ ആശ്വസിപ്പിച്ചുകൊണ്ട് അമ്മ അടുത്തുണ്ടായിരുന്നു.

പിന്നെയും മാസങ്ങള്‍ കഴിഞ്ഞ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കൂടിയ ധ്യാനത്തില്‍വച്ചാണ് ദൈവം എനിക്ക് സൗഖ്യം നല്‍കിയത്. ശരീരത്തിനല്ല, മനസിനാണെന്നുമാത്രം. അപകടം ഉണ്ടായ ബസില്‍ കയറാന്‍ തോന്നിയ തീരുമാനത്തെ പഴിച്ച കാലങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഹൃദയത്തില്‍ പ്രകാശം നിറഞ്ഞപ്പോള്‍ എന്നെക്കുറിച്ചുള്ള ദൈവിക പദ്ധതിയായിരുന്നു അതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഞാനത് അറിയാതെപോയത് അമ്മയുടെ കാലുകള്‍ താങ്ങായി മാറിയതിനാലാണ്. മനസ് പതറിപ്പോയപ്പോഴും പിടിച്ചുനില്ക്കാനായത് അമ്മയുടെ വിശ്വാസംകൊണ്ടായിരുന്നു. ദൈവത്തില്‍ ആശ്രയിച്ചായിരുന്നു എന്നും അമ്മയുടെ ജീവിതം. ഒന്നിനെക്കുറിച്ചും പരാതികളുണ്ടായിരുന്നില്ല.

ദൈവത്തോടുള്ള ചോദ്യങ്ങള്‍

12 വര്‍ഷങ്ങള്‍ക്കുമുമ്പ് വീഴ്ചയെ തുടര്‍ന്ന് ചാച്ചന്‍ (കുര്യാക്കോസ് പെരുമ്പാട്ട്) ശരീരം തളര്‍ന്ന് കഴുത്ത് മാത്രം അനക്കാന്‍ സാധിക്കുന്ന വിധത്തിലായി. ഒരു വര്‍ഷം അങ്ങനെ കിടന്നാണ് നിത്യസമ്മാനത്തിനായി യാത്രയായത്. അക്കാലങ്ങളില്‍ 23-ാം സങ്കീര്‍ത്തനം വായിച്ച് കരഞ്ഞു പ്രാര്‍ത്ഥിച്ച രാത്രികളും നിരവധിയാണ്. മരണത്തിന്റെ നിഴല്‍വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടുന്ന് കൂടെ ഉള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല….എന്ന ഭാഗത്തേക്ക് എത്തുമ്പോള്‍ മുഖം കണ്ണീരില്‍ കുതിരുമായിരുന്നു. അപ്പോഴും ദൈവിക പദ്ധതികളെ അമ്മ ചോദ്യംചെയ്തില്ല.
അമ്മ നല്ലപോലെ ആഹാരം കഴിച്ചിട്ട് 8 മാസമായിരുന്നു. കഴിക്കാന്‍ ആഗ്രഹവും വിശപ്പും ഉണ്ടായിരുന്നെങ്കിലും കഴിക്കാന്‍ പറ്റില്ലായിരുന്നു. ജൂസും കഞ്ഞിവെള്ളവും മാത്രമായിരുന്നു ഭക്ഷണം. ബിസ്‌ക്കറ്റ് നനച്ചുകൊടുക്കും, കഞ്ഞി ജൂസാക്കി കൊടുക്കുമ്പോഴും ഛര്‍ദ്ദിച്ചിരുന്നു.

ഹൃദയത്തിന് തകരാര്‍ ഉണ്ടായിരുന്നു. ശ്വാസകോശത്തില്‍ വെള്ളക്കെട്ടും വന്നു. ശ്വസിക്കാന്‍ ബുദ്ധിമുട്ടായി. മൂന്നു മാസമാണ് അമ്മയ്ക്ക് രോഗം മൂര്‍ച്ഛിച്ചത്. ആ സമയത്ത് എന്റെ മനസ് ദൈവത്തോടുള്ള ചോദ്യങ്ങള്‍ക്കൊണ്ടു നിറഞ്ഞു. ജീവിതത്തില്‍ ഇത്രയും സഹനങ്ങള്‍ നേരിട്ട അമ്മയുടെ അവസ്ഥ എനിക്കൊട്ടും ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നില്ല. പ്രാര്‍ത്ഥനപോലും യാന്ത്രികമായി. വീല്‍ച്ചെയറില്‍ എട്ടു മണിക്കൂറോളം അടുപ്പിച്ച് അമ്മയുടെ അടുത്ത് ഇരിക്കുമായിരുന്നു. കൊച്ച് എന്നാണ് എന്നെ വിളിച്ചിരുന്നത്. അവസാന കാലത്ത് ഞാന്‍ അടുത്തിരിക്കുമ്പോള്‍ കൊച്ചാണോ എന്നു അവ്യക്തമായ ഭാഷയില്‍ ചോദിച്ച് അല്പം വെള്ളം സ്പൂണില്‍ കുടിക്കുമായിരുന്നു.

ലോകം അമ്മയെ അന്വേഷിച്ചപ്പോള്‍

അമ്മ ഉറക്കത്തിലെങ്ങാനും കടന്നുപോകുമോ എന്ന പേടി എന്നെ പിടികൂടിയിരുന്നു. മെയ് 16ന് ഉച്ചയ്ക്ക് 12.45 നാണ് അമ്മ മരിക്കുന്നത്. ആ സമയത്ത് എനിക്കും അമ്മയ്ക്കും വേണ്ടി കര്‍ത്താവ് സമയം ക്രമീകരിച്ചു. അവസാന സമയത്ത് ഞാനും ചേച്ചിയുടെ മകളുമായിരുന്നു അടുത്തുണ്ടായിരുന്നത്. അപ്പോഴും ഓര്‍മ നഷ്ടപ്പെട്ടിരുന്നില്ല. ഞാന്‍ വീല്‍ച്ചെയറില്‍ അമ്മയുടെ അടുത്തിരുന്ന് സങ്കീര്‍ത്തനങ്ങളും കരുണക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനകളും ചൊല്ലി. ഈശോ, അമ്മേ എന്നായിരുന്നു അവസാനം അമ്മയുടെ നാവില്‍നിന്നും വന്നത്. അമ്മ ഇല്ലാത്ത ലോകത്ത് ഞാന്‍ അവിശ്വാസിയായി പോകുമോ എന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്നാല്‍ ശാന്തമായ ആ മരണം എന്റെ വിശ്വാസത്തെ ദൃഢപ്പെടുത്തി. വെപ്രാളമോ പരവേശമോ ഒട്ടുമില്ലായിരുന്നു. അമ്മ മഹത്വപൂര്‍ണയായി ദൈവസന്നിധിയിലേക്ക് പോയി എന്ന ചിന്തയാണ് മനസിലേക്ക് വന്നത്. ആ സമയം അസാമാന്യമായ ഒരു വിശ്വാസം നിറഞ്ഞു. മനസില്‍ ഉണ്ടായിരുന്ന എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചു.

അമ്മയുടെ ജീവിതം വിശ്വാസത്തിലുള്ള പോരാട്ടമായിരുന്നു. ഒന്നിനെക്കുറിച്ചും പരാതികളില്ലായിരുന്നു. എല്ലാം ദൈവം നടത്തുമെന്ന അസാമാന്യ വിശ്വാസത്തിലായിരുന്നു എന്നും ജീവിതം. വൈകുന്നേരങ്ങളില്‍ ബൈബിള്‍ വായിക്കുന്നത് അമ്മയുടെ ശീലമായിരുന്നു. 34 വര്‍ഷം വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിയ അമ്മയെ അവസാനം ലോകം തേടിയെത്തിയതുപോലെ തോന്നി. അമ്മയുടെ മരണവിവരമറിഞ്ഞ് ഇടുക്കി ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ പിതാവ് വീട്ടില്‍വന്ന് ഒപ്പീസു ചൊല്ലിയിരുന്നു. വാഴത്തോപ്പ് കത്തീഡ്രല്‍ ഇടവകാംഗങ്ങളാണ് ഞങ്ങള്‍. അമ്മയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്ന വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും എണ്ണം എന്നെ ആശ്ചര്യപ്പെടുത്തി. ഈ ഭൂമിയിലെ വിശുദ്ധ ജീവിതത്തിന്, എന്നെപ്പോലെ ഒരു മകള്‍ക്കുവേണ്ടി ഉരുകിത്തീര്‍ന്നതിന് ദൈവം അമ്മയെ മാനിച്ചതായിരിക്കാമത്.

കോളജില്‍ പോകുമ്പോള്‍ ഏതെങ്കിലും ദിവസം പ്രൈവറ്റ് ബസ് ഇല്ലാതെ വന്നാല്‍ കെഎസ്ആര്‍ടിസി ബസില്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്നതിനായി അമ്മ നല്‍കിയ 20 രൂപ പുസ്തകത്തിന്റെ പൊതിച്ചിലിനുള്ളില്‍ എപ്പോഴും ഭദ്രമായി ഉണ്ടാകുമായിരുന്നു. അമ്മയുടെ അത്തരമൊരു കരുതല്‍ സദാ എന്നെ പൊതിഞ്ഞിരുന്നു. ഉറങ്ങുന്നതിനുമുമ്പ് എന്നും അമ്മയുടെ ചുക്കിചുളിഞ്ഞ കൈവെള്ളയില്‍ ചുംബിക്കുന്നത് എന്റെ മുടക്കമില്ലാത്ത ശീലമായിരുന്നു. ഇപ്പോഴും ഞാന്‍ മനസുകൊണ്ട് അമ്മയുടെ കരങ്ങളില്‍ ചുംബിക്കുന്നുണ്ട്. സ്വര്‍ഗത്തിലിരുന്ന് അമ്മ അതു ഏറ്റുവാങ്ങുന്നുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഭൂമിയിലായിരുന്നപ്പോള്‍ ചുക്കിചുളിഞ്ഞ് വരകള്‍ വീണ് വികൃതമായ കരങ്ങളിപ്പോള്‍ മാലാഖമാരുടെ കൈകള്‍പോലെ മൃദുലമായിട്ടുണ്ടാകും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?