Follow Us On

13

September

2024

Friday

കൊൽക്കത്തയിലെ വിശുദ്ധ മദർ തെരേസയും നമ്മുടെ ദൗത്യവും

റവ. ഡോ. ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ

ക്രിസ്തീയ സ്‌നേഹത്തിന്റെ പര്യായമായ പരസ്‌നേഹം ജീവിതംകൊണ്ട് പകർന്നുതന്ന കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ തിരുനാളിൽ (സെപ്തം.5) എന്ത് സമ്മാനമാകും അഗതികളുടെ അമ്മ നമ്മിൽനിന്ന് പ്രതീക്ഷിക്കുന്നത്? വിശുദ്ധയുടെ ജീവിതവഴികളിലൂടെ ആ ഉത്തരത്തിലേക്ക് നയിക്കുന്നു ലേഖകൻ.

2016 സെപ്റ്റംബർ അഞ്ച്‌, ഭാരതത്തിനും ലോകത്തിനും അഭിമാനത്തിന്റെ സുദിനമായിരുന്നു. അന്നേദിവസമാണ് മദർ തെരേസയെ വിശുദ്ധരുടെഗണത്തിലേക്ക് ഫ്രാൻസിസ് പാപ്പാ ഉയർത്തിയത്. ദരിദ്രരെ സേവിച്ച്, അവരോടോപ്പം ജീവിച്ച്, സ്വർഗ്ഗത്തിൽ ഇരിപ്പിടം കണ്ടെത്തിയ മനുഷ്യ-ദൈവസ്‌നേഹിയാണ് കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസ.
1910 ഓഗസ്റ്റ് 26-ന് അൽബേനിയയിൽ ഉൾപ്പെട്ടിരുന്ന സ്‌കോപ്യോ പട്ടണത്തിലാണ് ആഗ്നസ് ഗോൺജ ബോയാജിയൂ ജനിച്ചത്. കൗമാരത്തിൽ ദേവാലയകാര്യങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അവൾ കർത്താവിനു സ്വയം സമർപ്പിക്കാനുള്ള ദൈവവിളിയിൽ വളർന്നുവന്നു.

അവൾ ദൈവവിളി സ്വികരിച്ച് അയർലണ്ടിലെ ഡബ്ലിനു സമീപം റാത്ഫർണാമിലെ ബ്ലസ്ഡ് വെർജിൻ മേരി ഓഫ് ദ സിസ്റ്റേഴ്‌സ് ഓഫ് ലൊറേറ്റോയുടെ മഠത്തിൽ അർത്ഥിനിയായി ചേർന്നു. നോവിഷ്യേറ്റിന്റെ അവസാനം ഇന്ത്യയിലെ ഡാർജിലിംഗിലേക്ക് അയക്കപ്പെട്ട അവൾ തെരേസ എന്ന പേരു സ്വീകരിച്ച് നിത്യവ്രതവാഗ്ദാനം നടത്തി. കൊൽക്കൊത്തയ്ക്കു സമീപം സെന്റ്‌
മേരീസ് ബംഗാളി മീഡിയം സ്‌കൂളിൽ 17 വർഷം അധ്യാപികയായി പ്രവർത്തിച്ചു.

തുടർന്നും, കർത്താവിനോടുള്ള സ്‌നേഹം പ്രഖ്യാപിച്ചുകൊണ്ട് സിസ്റ്റർ തെരേസയ്ക്കു ലൊറേറ്റോ സന്യാസിനിസഭയുടെ മഠത്തിൽ കഴിയാമായിരുന്നു. എന്നാൽ ദൈവസ്‌നേഹത്തിൽ നിറഞ്ഞ സിസ്റ്റർ തെരേസ പാവങ്ങളോടോപ്പം, പാവങ്ങളെ ശുശ്രൂഷിച്ച്, പാവങ്ങളെപ്പോലെ ജീവിക്കുവാൻ ആഗ്രഹിച്ചു. 1946 സെപ്തംബർ പത്തിന് കൊൽക്കൊത്തയിൽനിന്നും ഡാർജിലിങ്ങിലേക്കുള്ള തീവണ്ടിയാത്രയിൽ പ്രത്യേകദൈവവിളി അനുഭവപ്പെട്ടതിന്റെ ഫലമായിട്ടാണ് പാവങ്ങൾക്കായി പ്രവർത്തിക്കാനുള്ള ഉൾവിളി സിസ്റ്റർ തെരേസയ്ക്ക് ലഭിച്ചത്.

ഒരു സന്യാസസമൂഹം സ്ഥാപിക്കുവാനും ദരിദ്രരിൽ ദരിദ്രരായവരുടെ നിത്യരക്ഷയ്ക്കും വിശുദ്ധീകരണത്തിനും വേണ്ടി പ്രവർത്തിച്ച് ആത്മാക്കൾക്കും സ്‌നേഹത്തിനുമായുള്ള കുരിശിലെ ഈശോയുടെ അനന്തമായ ദാഹം തീർക്കാനുമായിരുന്നു ആ വിളി.
വിളിക്കുള്ളിലെ വിളിയെന്നാണ് അവർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനുള്ള പ്രത്യുത്തരമായിട്ടാണ് സിസ്റ്റർ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസസഭ 1950 ഒക്‌ടോബർ ഏഴിന് സ്ഥാപിച്ചത്.

കൊൽക്കൊത്തനഗരസഭയിൽ ഓടവൃത്തിയാക്കിക്കൊണ്ടിരുന്നവരുടെ വേഷമായ നീലബോർഡറുള്ള വെള്ളസാരിയും, അതിന്റെ അഗ്രഭാഗം ശിരോവസ്ത്രമായും അവർ സ്വീകരിച്ചു. പിന്നീടുള്ള അരനൂറ്റാണ്ടുകാലം വിശ്രമറിയാതെ പതിതർക്കും പാവപ്പെട്ടവർക്കുമായി മദർ മാറ്റിവച്ചു. അവരുടെ കർമ്മമണ്ഡലം ഭാരതത്തിന്റെ അതിർത്തികൾ കടന്ന് ലോകം മുഴുവൻ പടർന്നുപന്തലിക്കുകയുണ്ടായി.
മദർ തന്നെക്കുറിച്ച് എഴുതിയ വാചകം ഉദ്ധരിക്കട്ടെ: ”രക്തം കൊണ്ട് ഞാനൊരു അൽബേനിയക്കാരിയാണ്. പൗരത്വം കൊണ്ട്‌ ഭാരതീയവിശ്വാസത്തിൽ കത്തോലിക്കാ കന്യാസ്ത്രി, വിളികൊണ്ട് ഞാൻ ലോകത്തിനുവേണ്ടിയുള്ളവളാണ്. എന്റെ ഹൃദയം യേശുക്രിസ്തുവിന്റെ ഹൃദയത്തിനുള്ളതുമാണ്.”

ഈ വാചകം മദറിന്റെ ജീവിതത്തിന്റെ മാനിഫെസ്റ്റോയാണ്. അതിൽ വിശ്വാസത്തിന്റെ ദൃഢതയും ലോകത്തിനുവേണ്ടിയുള്ള സമർപ്പണത്തിന്റെ ആവേശവുമുണ്ട്. പിന്നീട് മദർ സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ദ മിഷനറിസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സും അല്മായസംഘടനകളും ഇതിനു സാക്ഷ്യപത്രങ്ങളാണ്. നല്ല സമരിയക്കാരനായ ഈശോയുടെ മാതൃക പിഞ്ചെന്ന് ആവശ്യക്കാരായി താൻ കണ്ടെത്തിയവർക്കെല്ലാം സമീപസ്ഥയായി സമൂഹത്തിന്റെ അതിർവരമ്പുകൾക്കപ്പുറത്ത് കഴിയുന്നവരുടെ സഹനങ്ങൾ പങ്കുവച്ച് തന്റെ ജനത്തോടുള്ള ദൈവത്തിന്റെ അതിരുകളില്ലാത്ത സ്‌നേഹത്തിനു സാക്ഷ്യം വഹിച്ചുകൊണ്ടായിരുന്നു മദർ തെരേസ ജീവിച്ചത്.

ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിൻ (യോഹ 15:12) എന്ന സുവിശേഷവാക്യം മദർ സ്വജീവിതത്തിൽ പ്രാവർത്തികമാക്കി. തെരുവിൽകിടന്ന് മരിക്കേണ്ടിയിരുന്നവർക്ക് മനുഷ്യനൊത്ത മരണവും മാന്യമായ ശവസംസ്‌കാരവും നൽകി. മതമോ, വംശമോ, നിറമോ നോക്കാതെ ആവശ്യക്കാരായ എല്ലാവരെയും സഹായിച്ചുകൊണ്ട് സുവിശേഷാനുസൃതമായ വിശുദ്ധജീവിതമാണ് മദർ നയിച്ചത്. തന്റെ പ്രവർത്തനങ്ങളുടെയെല്ലാം കേന്ദ്രബിന്ദുവായി ഈശോയെ പ്രതിഷ്ഠിക്കുവാനും ദിവ്യകാരുണ്യകേന്ദ്രീകൃതമായജീവിതം നയിക്കുവാനും അവൾ അക്ഷീണം യത്‌നിച്ചു.

ദിവ്യകാരുണ്യത്തിൽ വസിക്കുന്ന ക്രൂശിതനും ഉത്ഥിതനുമായവന്റെ സ്‌നേഹം അനുഭവിച്ചുകൊണ്ടാണ് മദർ ദരിദ്രരിൽ മിശിഹായുടെ മുഖം കണ്ടെത്തിയത്.
കാരുണ്യമായിരുന്നു മദറിന്റെ പ്രവർത്തനങ്ങളുടെയെല്ലാം ചാലകശക്തിയും മുഖമുദ്രയുമായി വർത്തിച്ചത്. ദൈവകരുണ പകർന്നു നൽകുവാനുള്ള കർത്താവിന്റെ ഉപകരണമായി മദർ സ്വയം ഒരുക്കി. കരുണ തേടുന്ന എല്ലാവർക്കും അവളുടെ സാന്നിദ്ധ്യം ദൈവാനുഭവമായി മാറി.
ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന എന്ന ദൈവീകവചസ്സുകൾ (ഹോസി 6:6) അവൾ സ്വജീവിതത്തിലൂടെ പ്രാവർത്തികമാക്കി.

മാന്യൻമാർക്കും ഉന്നതൻമാർക്കും വേണ്ടാത്ത, ദൈന്യതയിയും രോഗത്തിലും കഴിഞ്ഞുകൂടിയ മനുഷ്യസഹസ്രങ്ങളെയാണ് കരുണാർദ്രമായ ഹൃദയത്തോടെ മദർ ശുശ്രൂഷിച്ചത്. പാതയോരങ്ങളിലും ഓടയിലും ഉപേക്ഷിക്കപ്പെട്ട മനുഷ്യജീവികളിലേക്ക് ദൈവകരുണ പരിമിതികളില്ലാതെ ഒഴുക്കിയതുമൂലം മദർ കരുണയുടെ മാലാഖയായിത്തീർന്നു.
പാവങ്ങളിൽ പാവങ്ങളായവർക്ക് ദൈവത്തിന്റെ കരം കാണാൻ കഴിയുന്നുവെന്നതിന്റെ തെളിവാണ് മദറിന്റെ ജീവിതവും സേവനവും. മനുഷ്യജീവന് മദർ അമൂല്യമായ വിലയും പ്രാധാന്യവും പരിരക്ഷയും നൽകി. അജാതശിശുക്കളും അനാഥശിശുക്കളും തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളും മദർ തെരേസയിലൂടെ മാതൃത്വത്തിന്റെ സ്‌നേഹവും സൗകുമാര്യതയും അറിയുവാനും അനുഭവിക്കാനുമിടയായി.

തെരുവോരത്ത് മരണം കാത്തുകിടന്ന അനേകായിരങ്ങൾക്ക് മാന്യവും ശാന്തവുമായി ദൈവസന്നിധിയിലേക്ക് പോകാൻ അവൾ വഴിയൊരുക്കി. ദൈവം അവരിൽ നിക്ഷേപിച്ച ആദരവർപ്പിക്കുന്ന ആത്മാവിനെ ദൈവസന്നിധിയിലേക്ക് മടങ്ങി പോകുവാൻ അവളുടെ പ്രവർത്തനങ്ങൾ കാരണമായി. വിശക്കുന്നവരിലും, ദാഹിക്കുന്നവരിലും, വസ്ത്രമില്ലാത്തവരിലും, പാർപ്പിടമില്ലാത്തവരിലും, രോഗികളിലും, കാരാഗൃഹവാസികളിലും ഈശോ തന്നെയാണ് പ്രത്യക്ഷ്യപ്പെടുന്നതെന്ന സന്ദേശമാണ് മദർ തന്റെ പ്രവർത്തനങ്ങളിലൂടെ ലോകത്തിനു കാണിച്ചുകൊടുത്തത്. അവർക്കുമുന്നിൽ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രകാശഗോപുരമായി മദറിന്റെ ജീവിതശൈലിയും, മദർ സ്ഥാപിച്ച സന്യാസസമൂഹങ്ങളുടെ പ്രേഷിതതീക്ഷ്ണതയും ഇന്നും വർത്തിക്കുന്നു.

ദരിദ്രനാവുകയും ദരിദ്രരോടും പുറംതള്ളപ്പെട്ടവരോടും എപ്പോഴും അടുത്തിരിക്കുകയും ചെയ്ത ഈശോയിലുള്ള നമ്മുടെ വിശ്വാസമാണ് സമൂഹത്തിലെ ഏറ്റവും അവഗണിക്കപ്പെട്ട അംഗങ്ങളുടെ സമഗ്രവികസനത്തെക്കുറിച്ചുള്ള നമ്മുടെ കരുതലിന്റെ അടിസ്ഥാനമെന്ന ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ (സുവിശേഷത്തിന്റെ സന്തോഷം) മദറിന്റെ പ്രവർത്തനശൈലിയുടെ മുഖമുദ്രയായിരുന്നു. അശരണരുടെ ഇടയിലെ സേവനങ്ങളുടെ പേരിൽ 124 അവാർഡുകളാണ് മദറിനെ തേടി വന്നത്.

മനുഷ്യമഹത്വത്തെ ആദരിക്കുന്ന പ്രവർത്തികൾ മൂലം 1979ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം മദറിന് ലഭിക്കുകയുണ്ടായി. നോബൽസമ്മാന സ്വീകരണത്തോടനുബന്ധിച്ച് മദർ നടത്തിയ ദീർഘമായ പ്രഭാഷണത്തിൽ ദരിദ്രരെയും പരിത്യക്തരെയും സ്‌നേഹാദരപൂർവ്വം പരിചരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഊന്നിപറഞ്ഞു. മദറിനു ലഭിച്ച ലോകബഹുമതിയെക്കാൾ അഗതികളുടെ അമ്മ, കാരുണ്യത്തിന്റെ മാലാഖ, ജീവിക്കുന്ന വിശുദ്ധ തുടങ്ങിയ അഭിധാനങ്ങളാണ് സാധാരണജനങ്ങളുടെ മനസ്സിൽ ഇന്നും പച്ചകെടാതെ നിൽക്കുന്നത്. മദറിനെക്കുറിച്ചുള്ള ഈ വിശേഷണങ്ങൾ ഇനിയും മനുഷ്യമനസ്സുകളിൽ ജീവിക്കുമെന്നത് തീർച്ചയാണ്.

ആഗോളവത്കരണത്തിന്റെയും ഉപഭോഗസംസ്‌കാരത്തിന്റെയും നീരാളിപ്പിടുത്തത്തിൽ പാവപ്പെട്ടവനും ശക്തിരഹിതരും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് തള്ളപ്പെടുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ഇപ്രകാരമുള്ള പ്രതിലോമസംസ്‌കാരത്തിൽ മദറിന്റെ ആശയങ്ങൾക്കും തത്ത്വശാസ്ത്രത്തിനും വളരെയധികം പ്രസക്തിയുണ്ട്. മദറിന്റെ മഹനീയമാതൃക പിഞ്ചെന്ന് അശരണർക്കും, അവശർക്കും, ആലംബഹീനർക്കും അത്താണിയാവുകയെന്നതാണ് നമ്മുടെ ദൗത്യം. അവരുടെ മുഖത്ത് ഇനിയും പുഞ്ചിരിയും പ്രത്യാശയും വിടരുവാൻ നമ്മുടെ പ്രവർത്തനങ്ങൾക്കാവണം. അതായിരിക്കട്ടെ, കൊൽക്കൊത്തയിലെ വിശുദ്ധ മദർ തെരേസക്ക് നമ്മൾ നൽകുന്ന ആദരവും ബഹുമാനവും.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?