Follow Us On

22

January

2025

Wednesday

23,000 മാമ്മോദീസകള്‍ നല്‍കിയ കരങ്ങള്‍

23,000 മാമ്മോദീസകള്‍ നല്‍കിയ കരങ്ങള്‍

ഫാ. ഷിനോയി കാരിവേലില്‍

മേഘാലയിലെ തുറ രൂപത വൈദികനായ ഫാ. സിറിയക് പള്ളിച്ചാംകുടിയുടെ അനുഭവങ്ങള്‍.
മേഘാലയിലെ തുറ രൂപതയില്‍ സേവനം ചെയ്യുന്ന ഫാ. സിറിയക് പള്ളിച്ചാംകുടി വിശുദ്ധ കുര്‍ബാനയുടെ മുമ്പിലിരുന്ന് പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് ഇടവകയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാറുള്ളത്. പല ഗ്രാമങ്ങളും വാഹനങ്ങളെത്താത്ത വലിയ മലകളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടങ്ങളില്‍ നടന്നു പോകണം. പല ഗ്രാമങ്ങളും സന്ദര്‍ശിക്കുമ്പോള്‍ സമയത്തിന് ഭക്ഷണമൊന്നും കിട്ടില്ല. എന്നാല്‍ അധികാരികളിലൂടെ ദൈവം ഏല്‍പ്പിച്ച ശുശ്രൂഷ പൂര്‍ത്തീകരിക്കുന്നതിന് സിറിയക്കച്ചന് അതൊന്നും തടസമല്ല. ഒരിക്കല്‍ ഒരു ഗ്രാമത്തില്‍ ചെന്നപ്പോള്‍ ഡയേറിയ ബാധിച്ച് എല്ലാവരും അവശരായിരുന്നു. അതില്‍ രണ്ട് സ്ത്രീകളുടെ നില വളരെ ഗുരുതരമായിരുന്നു. അച്ചന്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും അവര്‍ രണ്ടുപേരും സുഖപ്പെടുകയും ചെയ്തു. തങ്ങളുടെ കണ്‍മുമ്പില്‍ നടന്ന അത്ഭുതം കണ്ട് ആ ഗ്രാമത്തിലുള്ളവര്‍ മുഴുവന്‍ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നു വന്നു. ഇത്തരത്തിലുള്ള നിരവധി അനുഭവങ്ങളാണ് ഫാ. സിറിയക്കിന് പറയാനുള്ളത്.

ഗവണ്‍മെന്റിനു നല്‍കിയ സഹായം

അച്ചന്‍ ഇരുന്ന ഒരിടവകയില്‍ ബംഗ്ലാദേശി കുടിയേറ്റക്കാരും ഗാരോ ഗോത്രവിഭാഗവും തമ്മില്‍ ലഹളയുണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ ഗവണ്‍മെന്റ് നിയോഗിച്ചത് സിറിയക്കച്ചനെയായിരുന്നു. ആ പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാന്‍ അച്ചന് സാധിച്ചു. മറ്റൊരു ഇടവകയില്‍ വികാരിയായിരുന്നപ്പോള്‍ തീവ്രവാദി ഗ്രൂപ്പുകളുടെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അച്ചന്റെ പ്രവര്‍ത്തനങ്ങള്‍മൂലം അവരെ അനുനയിപ്പിക്കാനും പലരെയും യേശുവിനുവേണ്ടി നേടാനും കഴിഞ്ഞു. പലപ്പോഴും ധാരാളം അത്ഭുതങ്ങളും രോഗശാന്തികളും അച്ചനിലൂടെ ദൈവം പ്രവര്‍ത്തിച്ചു. അത് നിരവധിയാളുകളെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. 23,000 ല്‍ അധികം ആളുകളാണ് മാമോദീസ സ്വീകരിച്ച് അച്ചനിലൂടെ വിശ്വാസത്തിലേക്ക് കടന്നുവന്നത്.

40 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിനിടയ്ക്ക് ഒരിക്കല്‍പോലും അധികാരികളെ ധിക്കരിച്ചിട്ടില്ല എന്ന് ആത്മവിശ്വാസത്തോടെ പറയുന്ന സക്കറിയാസച്ചന്‍ തുറാ രൂപതയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് ചെറുതല്ല. ഒട്ടനവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പ്രധാനമായും ശുശ്രൂഷ ചെയ്തത് ഗാരോ ഗോത്രവിഭാഗത്തിന്റെ ഇടയിലായിരുന്നു. ബോഡോ, റാബാ ഗോത്രവിഭാഗങ്ങള്‍ക്കിടയിലും ശുശ്രൂഷ ചെയ്തു. ശുശ്രൂഷ ചെയ്ത ഇടങ്ങളില്‍ പ്രദേശവാസികളോട് സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടെ ഇടപെട്ടു. പ്രശ്‌നങ്ങളുണ്ടായപ്പോള്‍ നിരാശനാകാതെ പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചു മുമ്പോട്ട് പോയി.

മാതൃകാകുടുംബം

മാനന്തവാടി രൂപതയിലെ പയ്യംപള്ളി സെന്റ് കാതറൈന്‍ ഫൊറോന ഇടവകാംഗമാണ് ഫാ. സിറിയക്ക് പള്ളിച്ചാംകുടി. പള്ളിച്ചാംകുടി മത്തായി-മേരി ദമ്പതികളുടെ മകനാണ്. സഹോദരങ്ങളില്‍ അച്ചനടക്കം മൂന്നു പേര്‍ വൈദികരാണ്. ഫാ. മാത്യു പള്ളിച്ചാംകുടി എംഎസ്എഫ്എസ്, ഫാ. തോമസ് പള്ളിച്ചാംകുടി (ഫിലിപ്പിന്‍സ്) എന്നിവരാണ് വൈദികരായ മറ്റ് സഹോദരങ്ങള്‍. മാതാപിതാക്കള്‍ നന്നായി പ്രാര്‍ത്ഥിക്കുന്നവരായിരുന്നു. നോര്‍ത്ത് ഈസ്റ്റില്‍ മിഷനറിയായിരുന്ന ബ്രദര്‍ ഫിഡോലിസ് സിഎംഎഫിന്റെ ഇടപെടലാണ് സിറിയക്കിനെ മേഘാലയിലെ തുറ രൂപതയില്‍ എത്തിച്ചത്. മൈസൂരിലെ സെന്റ് ഫിലോമിന കോളജില്‍ മൈനര്‍ സെമിനാരി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. തുറാ രൂപതയിലായിരുന്നു റീജന്‍സി. ഡാലു ഇടവകയില്‍ ഫാ. ഇ.വി. മാത്യുവിന്റെ കൂടെ. റീജന്‍സി സമയത്താണ് ഗാരോ ഭാഷ പഠിച്ചത്.

റാഞ്ചി സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലായിരുന്നു തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. റാഞ്ചിയിലെ പരിശീലനകാലത്ത്, ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്കും പ്രാര്‍ത്ഥനാമീറ്റിങ്ങുകള്‍ നടത്താനും ഭവനസന്ദര്‍ശനത്തിനുമായി ആദിവാസി ഗ്രാമങ്ങളില്‍ നടത്തിയിരുന്ന സന്ദര്‍ശനങ്ങള്‍ ഇന്നുംവേറിട്ട അനുഭവമായി അച്ചന്റെ ഓര്‍മയിലുണ്ട്. സെമിനാരിയില്‍വച്ച് ടെക്‌നിക്കലായുള്ള കാര്യങ്ങളും പഠിച്ചു. റേഡിയോ ഉണ്ടാക്കുമായിരുന്നു.

ശുശ്രൂഷയുടെ നാള്‍വഴികള്‍

1983 ഡിസംബര്‍ 11-നായിരുന്നു തിരുപ്പട്ടം. തുറാ രൂപതാധ്യക്ഷന്‍ ബിഷപ് ജോര്‍ജ് മാമലശേരിയില്‍നിന്ന് പട്ടം സ്വീകരിച്ചു. തുറാ രൂപതയില്‍വച്ചായിരുന്നു പട്ടം. ആദ്യം നിയമിക്കപ്പെട്ടത് തുറാ രൂപതയിലെ തിക്കറിക്കല്ല ഇടവകയിലായിരുന്നു. ആദ്യ ഒരു വര്‍ഷം സഹവികാരിയായി, പിന്നെ രണ്ടുവര്‍ഷം വികാരിയായി. ആദ്യം ചെയ്തത് ഇടവകയില്‍നിന്ന് തിക്കറിക്കല്ല മാര്‍ക്കറ്റിലേക്ക് നാട്ടുകാരെ സംഘടിപ്പിച്ച് വഴിവെട്ടുകയായിരുന്നു. 120 ഗ്രാമങ്ങളുള്ള ഇടവകയില്‍ വര്‍ഷത്തില്‍ രണ്ടു-മൂന്നു പ്രാവശ്യം ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് വിശുദ്ധ ബലി അര്‍പ്പിച്ചു. അതിനുശേഷം ദാതംഗരി ഇടവകയില്‍ ആറുവര്‍ഷം വികാരിയായി.

അവിടെ ആളുകള്‍ക്കുവേണ്ടി നെല്ല് കുത്തുന്ന ഒരു മിഷ്യന്‍ സ്ഥാപിച്ചു. ബാപ്റ്റിസ്റ്റ് സഭയും കത്തോലിക്കാ സഭയുമായുള്ള ബന്ധം ഊഷ്മളമാക്കി. അച്ചന്‍ വികാരിയായിരുന്ന സമയത്ത് ഒരിക്കല്‍ 300 പേര്‍ ഒരുമിച്ച് മാമോദീസ സ്വീകരിച്ച ചരിത്രവും ഈ ഇടവകയ്ക്ക് പറയാനുണ്ട്. ബിഷപ്പിന്റെ സെക്രട്ടറിയായും സോഷ്യല്‍ വര്‍ക്കിന്റെ സാരഥിയായും കത്തീഡ്രല്‍ പള്ളിയുടെ വികാരിയായും സേവനമനുഷ്ഠിച്ചു. ആ സമയത്ത് ആറ് പള്ളികള്‍, ഒരു നഴ്‌സിങ്ങ് ട്രെയിനിങ്ങ് സെന്റര്‍ ഇവ പണി കഴിപ്പിച്ചു. ഇപ്പോള്‍ ഡാലു ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?