ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്
(ലേഖകന്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഇരുപതാം ബാച്ചിലെ ഡോക്ടറും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് സ്ഥാപക ഡയറക്ടറുമാണ്.)
ഒരു കാര്യം ചെയ്യണമെങ്കില്‍ ഒരു കാരണം വേണം. കാര്യത്തിന് ഫലസിദ്ധിയുണ്ടാകണം. വിശ്വാസത്തിലും യുക്തിയിലും ഈ സമവാക്യത്തിന് വ്യത്യാസമില്ല. സ്വവര്‍ഗവിവാഹം പല രാജ്യങ്ങളും നിയമാനുസൃതമാക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ തത്സംബന്ധമായ ഏതൊരു ചിന്തയുടെയും ചര്‍ച്ചയുടെയും ആരംഭം ഇതുതന്നെയായിരിക്കണം.
ആധുനിക മനുഷ്യന്റെ മുമ്പില്‍ ദൈവസൃഷ്ടി, പരിണാമസിദ്ധാന്തം എന്നിങ്ങനെ രണ്ടു സരണികള്‍ തുറന്നുകിടക്കുന്നു. ദൈവത്തില്‍ പൂര്‍ണമായി വിശ്വസിക്കുന്നവര്‍ പരിണാമസിദ്ധാന്തത്തെ മുക്കാല്‍ നൂറ്റാണ്ടുവരെ പൂര്‍ണമായി തള്ളിക്കളയുകയായിരുന്നു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സഭയുടെ കവാടങ്ങള്‍ ശാസ്ത്രശാഖകള്‍ക്ക് പൂര്‍ണമായി തുറന്നുകൊടുത്തപ്പോള്‍ ശാസ്ത്രനിപുണരായ വിശ്വാസികള്‍, സഭയും ശാസ്ത്രവും രണ്ട് തലങ്ങളിലായി യുദ്ധം നടത്തേണ്ടതല്ലെന്നും ഇക്കാര്യങ്ങളില്‍ പാരസ്പര്യത്തിന് ഇടമുണ്ടെന്നും ഇരുപക്ഷത്തെയും ബോധ്യപ്പെടുത്തി.
പ്രപഞ്ചത്തിന്റെ ആരംഭം, ഏകകോശരൂപീകരണം (ജീവന്റെ ആരംഭം), മനുഷ്യസൃഷ്ടി എന്നീ മൂന്ന് ഘട്ടങ്ങളില്‍ ദൈവിക ഇടപെടലുകള്‍ ഉണ്ടായി എന്ന് വിശ്വസിക്കുന്നതില്‍ സഭയ്ക്ക് ബുദ്ധിമുട്ടുണ്ടാവുകയില്ല. ഉല്‍പത്തിയുടെ പുസ്തകം ഒന്നാം അധ്യായം 27-ാം വാക്യത്തില്‍ ദൈവം മനുഷ്യനെ, സ്വന്തം ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏത് സരണി സ്വീകരിച്ചാലും സ്ത്രീ-പുരുഷ അവയവങ്ങളുടെ ഇടപെടല്‍ ഇല്ലാതെ സ്വജാതിഘടനയോടുകൂടിയ അടുത്ത തലമുറ സാധ്യമല്ലെന്ന് വ്യക്തം. ഒരേ ലൈംഗിക ഘടനയുള്ള രണ്ട് വ്യക്തികള്‍ ചേര്‍ന്നാല്‍ പ്രത്യുല്പാദനം സാധ്യമല്ലെന്ന് വ്യക്തം. മനുഷ്യവംശം തലമുറകളിലേക്ക് കൈമാറപ്പെടാന്‍ ഇത്തരം ലൈംഗികതക്ക് സാധ്യമല്ല. അങ്ങനെ സംഭവിച്ചാല്‍ സൃഷ്ടി പാതിവഴിയില്‍ നിന്നുപോകുമല്ലോ.
സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ട്. വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ സ്വവര്‍ഗവിവാഹത്തിനുവേണ്ടി വാദിക്കുന്നവരുണ്ട്. ഇവരുടെ എണ്ണം ക്രമേണ വര്‍ധിച്ചുവരുന്നതായി കാണുന്നു. രാഷ്ട്രങ്ങളുടെ ഭരണഘടനകള്‍ ഇത്തരക്കാര്‍ക്ക് അനുകൂലമായി ഭേദഗതി ചെയ്യപ്പെടുന്നതും അമിത സ്വാതന്ത്ര്യബോധവും ഈ പ്രവൃത്തി പുരോഗമന ചിന്താഗതിക്കാരായ ബുദ്ധിജീവികളുടെ ലക്ഷണമാണെന്ന തെറ്റിദ്ധാരണയും ഇക്കാര്യത്തില്‍ കാരണങ്ങളായി പറയാം.
ഇതെല്ലാം ഭാഗിക യാഥാര്‍ത്ഥ്യങ്ങളാണെങ്കിലും ആഗോളതലത്തില്‍ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെടുന്നതാണ് യഥാര്‍ത്ഥ കാരണം. ചില രാജ്യങ്ങളില്‍ സ്വവര്‍ഗവിവാഹത്തിന് വിവാഹിതര്‍ക്കുള്ളതുപോലെ നിയമപരിരക്ഷയും സമൂഹത്തിന്റെ സ്വീകാര്യതയും ലഭിക്കുന്നതിനാല്‍ ഭാവിയില്‍ ഈ പ്രവണത വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ സഭയുടെ അജപാലനശ്രദ്ധ ഈ മേഖലയില്‍ സജീവമാക്കേണ്ടത് അത്യാവശ്യമാണ്. സ്ഥാപനവല്‍ക്കരണത്തിന് മുന്‍തൂക്കം കൊടുത്താല്‍ കുടുംബത്തെ ഗാര്‍ഹികസഭയാക്കി മാറ്റാന്‍ ആളില്ലാത്ത അവസ്ഥ സംജാതമാകാന്‍ സാധ്യതയുണ്ട്.
ഇരുപക്ഷക്കാരും യാഥാര്‍ത്ഥ്യബോധത്തോടെ പ്രശ്‌നത്തിന്റെ ശാരീരികവും മാനസികവും ധാര്‍മികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ പഠിക്കേണ്ടതുണ്ട്. മെഡിക്കല്‍ ബിരുദധാരിയായ ലേഖകന്‍ വായനക്കാരെ ആദ്യം ക്ഷണിക്കുന്നത് മനുഷ്യന്റെ ശരീരശാസ്ത്രത്തിലേക്കാണ്. സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ബീജം മുതല്‍ അണ്ഡവും തുടര്‍ന്ന് ഗര്‍ഭപാത്രത്തില്‍ വളര്‍ന്നു വരുന്ന കുഞ്ഞിനെ സ്വീകരിച്ച് സംരക്ഷിച്ച് പ്രസവംവരെ വളര്‍ത്തിക്കൊണ്ടുവരാനാണ്. ശരീരശാസ്ത്രപ്രകാരം ഈ ആധുനികയുഗത്തില്‍ പുരുഷനും സ്ത്രീക്കുമുള്ള പൂര്‍ണവളര്‍ച്ചയെത്തിയതോ അപൂര്‍ണമോ ആയ ലൈംഗികാവയവങ്ങളോടെയുള്ള ‘ട്രാന്‍സ്‌ജെന്റേഴ്‌സ്’ വിഭാഗത്തില്‍പെടുന്നവരുമുണ്ട്. അതനുസരിച്ചുള്ള മനഃശാസ്ത്ര വ്യതിയാനങ്ങളും അവര്‍ക്കുണ്ടാകും. തല്‍ക്കാലം ഈ മേഖല ഇവിടെ പരാമര്‍ശിക്കുന്നില്ല.
സ്ത്രീ-പുരുഷ ശരീരഘടനയിലുള്ള വ്യത്യാസങ്ങള്‍ മാനസിക നിലകളിലും പ്രതിഫലിക്കും. ഇത് സാമൂഹികജീവിതത്തില്‍ നാം മനസിലാക്കിയിട്ടുണ്ടാകും. കരുതല്‍, വികാര വേലിയേറ്റങ്ങള്‍ എന്നിവ സ്ത്രീകളുടെ സവിശേഷതയാണ്. നേതൃത്വപാടവത്തെക്കുറിച്ച് നാലു നൂറ്റാണ്ടുമുമ്പുണ്ടായിരുന്ന ‘അബല’ പ്രയോഗങ്ങളൊക്കെ മാഞ്ഞുമറിഞ്ഞു. കല്‍പന ചൗളയെപോലെയുള്ള നിരവധി പെണ്‍കുട്ടികള്‍ ബഹിരാകാശം വരെ കയ്യടക്കിക്കഴിഞ്ഞു. അതോടൊപ്പം കുടുംബനാഥന്‍ എന്ന സ്ഥാനവും പുരുഷന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കുടുംബനാഥയ്ക്ക് ‘ഹോം മേക്കര്‍’ എന്ന ഉന്നതസ്ഥാനം നല്‍കുകവഴി വെളിവാകുന്നത് അവരുടെ മനഃശാസ്ത്രക്കരുത്തുതന്നെയാണ്. കുടുംബപ്പണികള്‍ ചെയ്ത് അടുക്കളകേന്ദ്രീകൃത ശൈലിയൊക്കെ ഇന്ന് പഴംകഥയായി. മക്കളുടെ രൂപീകരണം എന്ന ധര്‍മ്മത്തിലുണ്ടായ ഇടിവ് കൗമാരപ്രായക്കാരെ ബാധിക്കുന്നുവെന്നത് ഈ നേതൃത്വമാറ്റത്തിന്റെ ഫലമാണ്. സാമൂഹിക ജീവിതത്തിലെ സാമ്പത്തികവിടവ് സ്ത്രീവിദ്യാഭ്യാസം, കൃത്യമായ ജോലി (പലപ്പോഴും പ്രഫഷണല്‍), ഇപ്പോള്‍ത്തന്നെ നികത്തിക്കഴിഞ്ഞു.
ഈ തലങ്ങള്‍ മൊത്തമായി വിലയിരുത്തുമ്പോള്‍ ആത്മീയതലത്തിലും ചില ഗൗരവമായ മാറ്റങ്ങളുണ്ട്. ദമ്പതികളുടെ സ്‌നേഹപൂര്‍വമായ പരസ്പര വിധേയത്വം അടിമത്തമായി തെറ്റിദ്ധരിക്കപ്പെട്ടതിന്റെ തെളിവാണ് വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍. പരസ്പര സുഖ-ദുഃഖ പങ്കുവയ്ക്കലിന്റെ അഭാവം സുഖനേട്ടങ്ങളുടെ പിന്നാലെയുള്ള ഓട്ടത്തിന് വേഗത വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. പണം, മദ്യം, മയക്കുമരുന്നുകള്‍ എന്നിവ സൃഷ്ടിക്കുന്ന ദുരന്തങ്ങളും ശ്രദ്ധേയമാണ്.
സ്വവര്‍ഗവിവാഹം ഏത് കോണിലൂടെ അപഗ്രഥിച്ചാലും നിലനില്‍പ്പില്ലാത്ത അല്പായുസാണ് സമ്മാനിക്കുക. ചുരുക്കത്തില്‍ കുത്തഴിഞ്ഞ അവസ്ഥയും അരാജകത്വവും കൊലപാതകമടക്കമുള്ള അനഭിലഷണീയമായ അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. ഇത് സൃഷ്ടിക്കുന്നത് പുരോഗതിയല്ല, അധോഗതിയാണെന്ന് പക്ഷംചേരാത്ത ഏവര്‍ക്കും മനസിലാക്കാം. ഇത്തരം പ്രവണതകള്‍മൂലം അനാഥരാക്കപ്പെടുന്നത് മക്കളുടെ ഒരു തലമുറയാണ്. പാരമ്പര്യത്തിന്റെ ഒരു ശൃംഖല ഇവിടെ തകര്‍ക്കപ്പെടുന്നു.
മനസിലാക്കി പ്രതികരിക്കുക എന്നതാണ് ഉത്തമ ക്രൈസ്തവപാരമ്പര്യം. ചേര്‍ത്തുനിര്‍ത്തി സ്‌നേഹപൂര്‍വം യേശുപക്ഷത്തിലേക്ക് തിരികെ ക്ഷണിക്കുക എന്നതാണ് അജപാലനം. അതിന് ധാര്‍മികമായും വിദ്യാഭ്യാസപരമായും സാമൂഹിക സ്വീകാര്യതയുള്ള സമര്‍പ്പിതര്‍ക്ക് അത്ഭുതം ചെയ്യാന്‍ കഴിയും. സ്ഥാപനവല്‍ക്കരണം, രാഷ്ട്രീയം, ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വ്യയം ചെയ്യുന്ന സമയമെല്ലാം പാപികളെ തേടിവന്ന യേശുവിനെ ആത്മാര്‍ത്ഥമായി അനുഗമിക്കുന്നവര്‍ നന്മയുടെ മാര്‍ഗം ചൂണ്ടിക്കാണിക്കാന്‍ പ്രയോജനപ്പെടുത്തിയാല്‍, അതാണ് ഇന്ന് സര്‍വസ്വീകാര്യമായ ക്രിസ്തീയത.
ക്രിസ്തുമാര്‍ഗത്തിനോ വചനങ്ങള്‍ക്കോ കാലത്തിന് മാറ്റാന്‍ കഴിയാത്ത നിത്യതയാണല്ലോ നാഥന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്; ആകാശവും ഭൂമിയും കടന്നുപോയാലും പാറപോലെ ഉറച്ചുനില്‍ക്കുന്ന നിത്യത!
Leave a Comment
Your email address will not be published. Required fields are marked with *