Follow Us On

23

December

2024

Monday

മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത മനസുമായി…

മുന്നോട്ട് പോകാന്‍ അനുവദിക്കാത്ത  മനസുമായി…

മാത്യു സൈമണ്‍

അപകടങ്ങളില്‍ പെടുന്നവരുടെ രക്ഷകനായി എത്തുകയെന്നത് ഒരു ദൈവനിയോഗമാണ്. എന്നാല്‍ ഈ നിയോഗം നിരവധി തവണ തേടിയെത്തിയ വ്യക്തത്വമാണ് തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍ ബോസ്‌കോ. ജീവന്‍ നഷ്ടമാകാമായിരുന്ന പലര്‍ക്കും ബോസ്‌കോയുടെ സമയോചിത ഇടപെടലിലൂടെ ജീവന്‍ തിരിച്ചുകിട്ടിയിട്ടുണ്ട്.

വെള്ളത്തില്‍ മുങ്ങി മരണപ്പെട്ടുപോകുമായിരുന്ന മൂന്നു കുട്ടികളെ രക്ഷിച്ചതാണ് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ബോസ്‌ക്കോ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ അവസാനത്തേത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രക്കുളങ്ങളില്‍ ഒന്നായ തിരുവനന്തപുരം ശ്രീവരാഹം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളെയാണ് അദ്ദേഹം ഇക്കുറി രക്ഷിച്ചത്. അമ്മ മേബിളിന് മരുന്നു വാങ്ങാന്‍ നഗരത്തില്‍ പോയി വരികയായിരുന്നു ബോസ്‌കോ. മെയിന്‍ റോഡിലൂടെ പോകേണ്ടിയിരുന്ന അദ്ദേഹം യാദൃശ്ചികമായിയാണ് ഇതുവഴി വന്നത്.

സംഭവത്തെപ്പറ്റി ബോസ്‌കോ പറയുന്നത് ഇങ്ങനെ, ”ഞാന്‍ കുളത്തിന്റെ സൈഡില്‍ക്കൂടി വാഹനമോടിച്ച് വരുമ്പോള്‍ എതിര്‍ വശത്ത് അഞ്ച് കുട്ടികള്‍ കുളിക്കുന്നുണ്ട്. മൂന്നു പേര്‍ വെള്ളത്തില്‍ ഇറങ്ങിയിരുന്നു. അവര്‍ക്ക് നീന്താന്‍ അറിയാമോ എന്ന് ഞാന്‍ ചോദിച്ചു, അറിയാമെന്ന് അവര്‍ പറഞ്ഞു. എങ്കിലും മുന്നോട്ട് പോകാന്‍ എന്റെ മനസ് അനുവദിച്ചില്ല. വെള്ളത്തിലുള്ള മൂന്നുപേരും പരസ്പരം കൈ പിടിച്ചാണ് നില്‍ക്കുന്നത്. എന്നാല്‍ കളിക്കുന്നതിനിടെ, പരസ്പരം കോര്‍ത്തുപിടിച്ചിരുന്ന കൈകള്‍ വിട്ടുപോയി. കട്ടികള്‍ മൂവരും വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു. ഇതു കണ്ട് അപകടം തിരിച്ചറിഞ്ഞ ഞാന്‍ ഉടനെ വെള്ളത്തിലേക്ക് ചാടി. ആദ്യം രണ്ടുപേരെ രക്ഷിച്ചു. മൂന്നാമനെ കാണാനില്ല. അവനെത്തേടി ആഴങ്ങളില്‍ മുങ്ങിത്തപ്പി. അപ്പോഴേക്കും ആ കുട്ടി ആഴങ്ങളിലേക്ക് താഴ്ന്നു താഴ്ന്നു പോവുകയായിരുന്നു. ഒടുവില്‍ അവന്റെ മുടിയില്‍ പിടുത്തം കിട്ടി. ഉടന്‍ പൊക്കിയെടുത്ത് കരയ്‌ക്കെത്തിക്കാന്‍ സാധിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി.” അപ്പോഴേക്കും ആ കുട്ടി വെള്ളം കുടിച്ച് അവശനായിക്കഴിഞ്ഞിരുന്നു.”

ബോസ്‌കോ ഫുട്‌ബോള്‍ കോച്ച് കൂടിയായതിനാല്‍ ആ കുട്ടികള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാനും ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാനും അദേഹത്തിന് കഴിഞ്ഞു. എറെനേരം അവര്‍ക്കൊപ്പമായിരുന്ന് കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഉറപ്പുവരുത്തി എല്ലാവരെയും അവരുടെ വീടുകളില്‍ എത്തിച്ചാണ് ബോസ്‌കോ മടങ്ങിയത്. ഈ സംഭവത്തിന് കുറച്ച് നാള്‍ മുമ്പ്, ഇതേ കുളത്തില്‍ തെന്നിവീണ യുവാവിനെ രക്ഷിച്ച രക്ഷാപ്രവര്‍ത്തനവും ഇദ്ദേഹം നടത്തിയിട്ടുണ്ട്. മറ്റൊരിക്കല്‍ രാത്രി റോഡില്‍ അപകടത്തില്‍പെട്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന ഒരു ബൈക്ക് യാത്രികനും ബോസ്‌കോ രക്ഷകനായിട്ടുണ്ട്.

ആദ്യമായി ഇദ്ദേഹം രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പൊഴിയൂര്‍ പൂവാര്‍ ബീച്ചില്‍ മുങ്ങിപോയ 21 കാരനുവേണ്ടിയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ശരീരം കണ്ടെത്തി. ബോസ്‌കോയ്ക്ക് ഫസ്റ്റ് എയ്ഡ് കൊടുക്കാന്‍ അറിയാമായിരുന്നെങ്കിലും അതിന് സമ്മതിക്കാതെ കടപ്പുറത്തുള്ളവര്‍ അവനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണം എന്നു വിചാരിച്ച് പോലീസിനെ വിളിച്ച് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിറ്റേദിവസം പത്രത്തില്‍ അവന്‍ മരിച്ചതായി വായിച്ചു. ഒരുപക്ഷേ സിപിആര്‍ കൊടുത്തിരുന്നെങ്കില്‍ ആ ജീവന്‍ രക്ഷപ്പെടുമായിരുന്നുവെന്ന് ബോസ്‌കോ വിഷമത്തോടെ പറയുന്നു.

പുതുക്കുറിച്ചി ഔര്‍ ലേഡി ഓഫ് മേഴ്‌സി എച്ച്എസ്എസിലെ ഫിസിക്കല്‍ ട്രെയിനിങ്ങ് അധ്യാപകനാണ് ബോസ്‌കോ. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ സ്ഥാപനമായ ലിഫ (ലിറ്റില്‍ ഫ്ലവർ ഫുട്‌ബോള്‍ അക്കാഡമി) യിലും പൂന്തുറ സ്‌പോര്‍ട്‌സ് അക്കാഡമിയിലും കോച്ചായി സേവനം ചെയ്തിട്ടുണ്ട്.
മത്സ്യത്തൊഴിലാളിയായ പിതാവ് പരേതനായ സ്റ്റീഫന്റെ പാത പിന്‍ന്തുടര്‍ന്ന് കടലില്‍ മീന്‍പിടിക്കാന്‍ പോയുള്ള അനുഭവങ്ങളും ബോസ്‌കോയ്ക്ക് തന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ മുതല്‍ക്കുട്ടായിട്ടുണ്ട്. പൂന്തുറ സെന്റ് തോമസ് ദൈവാലയ ഇടവകാംഗമായ ഇദ്ദേഹം സജീവ കെസിവൈഎം പ്രവര്‍ത്തകനാണ്. സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന ഭയമുണ്ടെങ്കിലും പരസ്‌നേഹത്തെയും ദൈവസ്‌നേഹത്തെയും പ്രതിയാണ് ഇദ്ദേഹം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത്, ഇത്തരത്തില്‍ ജീവന്‍ രക്ഷിക്കാന്‍, തന്നെ നിയോഗിച്ച ദൈവത്തിന് നന്ദി പറയാനും ബോസ്‌കോ മറക്കുന്നില്ല.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?