Follow Us On

23

January

2025

Thursday

സുവിശേഷ ദീപങ്ങള്‍

സുവിശേഷ ദീപങ്ങള്‍

 ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി

മറ്റേതൊരു അപ്പസ്‌തോലനെയുംപോലെ സ്വപ്‌നങ്ങളുടെ വലിയ ഭണ്ഡാരവുമായിട്ടാവണം തോമാശ്ലീഹായും ക്രിസ്തുവിനെ അനുധാവനം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ടാവുക. റോമിനെതിരെ പടവെട്ടുന്ന മിശിഹായുടെ അടുത്ത അനുയായിത്തിളങ്ങി, അവന്റെ രാജകീയ മഹത്വത്തില്‍ അവനോടൊപ്പം ആയിരിക്കാനുള്ള ആഗ്രഹങ്ങള്‍… അവന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളും വിപ്ലവകരമായ ഇടപെടലുകളൊക്കെ അവന്റെ ശിഷ്യനെന്ന നിലയില്‍ തോമാശ്ലീഹായുടെ പ്രതീക്ഷകളും മോഹങ്ങളും വാനോളം ഉയര്‍ത്തിയിട്ടുണ്ടാവണം. അങ്ങനെ യേശു തന്റെ ദൗത്യത്തിന്റെ മഹത്വത്തില്‍ നില്‍ക്കുമ്പോള്‍ നടത്തുന്ന പീഡനുഭവ പ്രവചനങ്ങളെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനോ മനസിലാക്കാനോ തോമാശ്ലീഹായ്ക്ക് കഴിയാതെ വരുമ്പോഴും, ‘അവനോടൊപ്പം നമുക്കും പോയി മരിക്കാം…’ എന്നത് ക്രിസ്തുവിനോടുള്ള സ്‌നേഹത്തെയാണ് വരച്ചുകാട്ടുന്നത്.

അത്ഭുതങ്ങളുടെ സാക്ഷി

അവനോടൊപ്പം നമുക്കും പോയി മരിക്കാമെന്ന് പറയുന്ന തോമാശ്ലീഹാ, യേശു കുരിശു മരണത്തിനായി ശതുക്കളുടെ കയ്യില്‍ ഏല്‍പ്പിക്കപ്പെടുമ്പോള്‍ തന്റെ വാഗ്ദാനങ്ങളൊക്കെ മറന്ന് സ്വജീവന്‍ രക്ഷിക്കാനായി ഗുരുവിനെ ഉപേക്ഷിച്ച് കടന്നുകളയുന്നു. എന്തുകൊണ്ടാവാം തന്റെ ഗുരുവിന്റെ നിര്‍ണായകമായ ജീവിത മുഹൂര്‍ത്തത്തില്‍ അവനോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ തോമാശ്ലീഹാക്ക് കഴിയാതെ പോയത്? യേശുവിനോടൊപ്പം നിഴല്‍പോലെ കൂടെയുണ്ടായിട്ടും, അവന്റെ പഠനങ്ങള്‍ ശ്രവിച്ചിട്ടും അത്ഭുതങ്ങള്‍ക്കൊക്കെ സാക്ഷികളായിട്ടും വ്യക്തിപരമായി അവനെ അനുഭവിക്കാന്‍ തോമാശ്ലീഹായ്ക്ക് കഴിഞ്ഞിരുന്നില്ല.
ഉത്ഥിതനായ യേശു ശിഷ്യഗണത്തിന് പ്രത്യക്ഷപെടുമ്പോള്‍ തോമാശ്ലീഹാ അവിടെ ഉണ്ടാവാതിരുന്നത് ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നില്ലേ?

മറ്റു ശിഷ്യരില്‍നിന്ന് ഉത്ഥിതനെക്കുറിച്ചുള്ള വിശേഷങ്ങള്‍ കേള്‍ക്കുമ്പോള്‍ ‘അവനോടൊപ്പം നമുക്കും പോയി മരിക്കാമെന്ന് പറഞ്ഞിട്ടും,’ അവനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ തോമാശ്ലീഹായുടെ ഉള്ളം വിങ്ങിയിട്ടുണ്ടാവണം. തന്റെ പ്രിയ ഗുരു തന്നെ മറന്നോ? അല്ലെങ്കില്‍ അവഗണിച്ചോ? അവന്റെ ആണിപ്പഴുതുകളിലും വിലാപ്പുറത്തും കൈവിരലുകള്‍ ഇട്ട് സ്പര്‍ശിച്ചാലല്ലാതെ അവനെ വിശ്വസിക്കുകയില്ല എന്നത് പിടിവാശിയെക്കാളുപരി ഗുരുവിനെ വ്യക്തിപരമായി അനുഭവിച്ചുകൊണ്ട്, വിശ്വാസനുഭവത്തിലേക്ക് കടന്നുവരാനുള്ള ശക്തമായ അഭിലാഷമായി തിരിച്ചറിയണം.

ഉത്ഥിതന്‍ വീണ്ടും ശിഷ്യഗണത്തിന് പ്രത്യക്ഷനാകുമ്പോള്‍ ഗുരുവിന്റെ അസാന്നിധ്യത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കി തന്നെ തൊട്ടനുഭവിക്കാന്‍ ക്ഷണിക്കുന്ന ഗുരുവിനെയാണ് തോമാശ്ലീഹാ അവിടെ ദര്‍ശിക്കുക. റോമിനെതിരെ പടവെട്ടുമെന്ന് താന്‍ ആഗ്രഹിച്ച പടനായകനായിട്ടല്ല, ക്രിസ്തുവിനെ തോമാശ്ലീഹാ മനസിലാക്കുക. മറിച്ച,് സര്‍വ്വവും അറിയുന്ന, തന്റെ ഹൃദയത്തിന്റെ മൃദുമന്ത്രണങ്ങള്‍പോലും കാതോര്‍ത്ത് നിത്യജീവനിലേക്ക് തന്നെ നയിക്കുന്ന പാഥേയമാണെന്ന ദൈവാനുഭത്തിന്റെ വെളിച്ചത്തില്‍ ദൈവപുത്രനെ ലോകത്തോട് അയാള്‍ ഏറ്റുപറയുകയാണ്: ‘എന്റെ കര്‍ത്താവേ… എന്റെ ദൈവമേ…’

പൂര്‍ത്തീകരിച്ച വാഗ്ദാനം

ഈ വ്യക്തിപരമായ ക്രിസ്തുവാനുഭവമാണ് തന്റെ നാടും സംസ്‌ക്കാരവും കടലും മലകളുമൊക്കെ താണ്ടി സുവിശേഷമായി ഈ വിദൂരദേശത്തേക്ക് വരാന്‍ തോമാശ്ലീഹായ്ക്ക് പ്രചോദനമായത്. അദ്ദേഹത്തിലൂടെ നല്‍കപ്പെട്ട സുവിശേഷ ദീപ്തിയാണ് അന്ധകാരത്തില്‍നിന്ന് പ്രകാശത്തിലേക്കും അസത്യത്തില്‍നിന്ന് സത്യത്തിലേക്കും മരണത്തില്‍നിന്ന് ജീവനിലേക്കും നയിക്കുന്ന സുവിശേഷ ദീപ്തിയായി നമ്മെ പ്രകാശിപ്പിച്ചത്. താന്‍ അനുഭവിച്ച സുവിശേഷത്തെ ജീവിതംകൊണ്ട് പ്രഘോഷിക്കുകയും ചോരചിന്തി അവനോടൊപ്പം മരിക്കാമെന്നുള്ള ആ പഴയ വാഗ്ദാനം അങ്ങനെ അദ്ദേഹം പൂര്‍ത്തീകരിക്കുകയും ചെയ്തു.

തോമാശ്ലീഹായുടെ ഓര്‍മദിനാചരണം, വ്യക്തിപരമായ ദൈവാനുഭവത്തിന് വേണ്ടിയുള്ള ആഗ്രഹമായി നമ്മില്‍ കത്തിജ്വലിക്കണം. അങ്ങനെയൊരു ക്രിസ്തുവാനുഭവം നമുക്കില്ലാതെ മറ്റുള്ളവരോട് ക്രിസ്തുവിനെ പങ്കുവയ്ക്കാനോ അവന്റെ സ്‌നേഹത്തിലേക്ക് മറ്റുള്ളവരെ ആകര്‍ഷിക്കാനോ സാധിക്കുകയില്ല. നമ്മുടെ യുവജനങ്ങളൊക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശോഭനമായ ജീവിതം സ്വപ്‌നം കണ്ട് യാത്രയാവുന്ന കാലമാണിത്. തോമാശ്ലീഹായില്‍നിന്ന് ലഭിച്ച വിശ്വാസ പൈതൃകത്തെ എത്തിച്ചേരുന്ന നാടുകളിലുള്ളവരുമായി പങ്കുവയ്ക്കാനും അവരുടെ വിശ്വാസ ദീപ്തിയെ ജ്വലിപ്പിക്കാനും യുവജനങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

അനുഗ്രഹമായി ലഭിച്ച വിശ്വാസത്തെ മറന്ന് പലരും ഉപഭോഗ സംസ്‌ക്കാരത്തിന്റെ ഭാഗമായി തീര്‍ന്നുകഴിഞ്ഞിരിക്കുന്നു. പൂര്‍വ്വികര്‍ ജീവിതം കരുപിടിപ്പിക്കാനായി കുടിയേറിയ ഇടങ്ങളെയൊക്കെ സുവിശേഷ ദീപ്തിയാല്‍ നിറച്ചതുപോലെ നമുക്കും സുവിശേഷമാകാന്‍ സാധിക്കണം. മഴ തോരാതെ പെയ്യുന്ന ദിനമാണ് തോമാശ്ലീഹായുടെ ഓര്‍മ ദിനം. ആയിരിക്കുന്ന ഇടങ്ങളില്‍ നമ്മിലൂടെ യേശു തോരാത്ത മഴയായി പെയ്തിറങ്ങട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?