Follow Us On

23

January

2025

Thursday

മഴയും അവധിയും

മഴയും അവധിയും

ഫാ. മാത്യു ആശാരിപറമ്പില്‍

വീണ്ടുമൊരു മഴക്കാലം വിരുന്നെത്തിയിരിക്കുന്നു. ഏറെ ഇഷ്ടത്തോടെ കാത്തിരുന്ന അതിഥി, മരച്ചില്ലകള്‍ കുലുക്കിയും ജനല്‍ക്കര്‍ട്ടനുകള്‍ പാറിച്ചും സംഗീതവുമായി ഉമ്മറപ്പടിയില്‍ എത്തിയിരിക്കുന്നു… ചാറല്‍മഴയായി തുടങ്ങി മനോഹരമായ സംഗീതരാഗമായി വളര്‍ന്ന്, പെരുമഴയുടെ ഉച്ചസ്ഥായില്‍ അതു നമ്മെ മോഹിപ്പിക്കുന്നു. മഴയെന്നും വശ്യമാണ്, മോഹനമാണ്, ലഹരിയാണ്… ദൂരെനിന്ന് പെയ്തുവരുന്ന മഴമേഘങ്ങള്‍ നമ്മുടെ അടുത്തുവന്ന് തലോടുന്നത് കാണുന്നതും കാത്തിരിക്കുന്നതും ഒരു സുഖമാണ്. ഇപ്രാവശ്യം ഇത്തിരി വൈകിയാണെങ്കിലും കടന്നുവന്ന കാലവര്‍ഷത്തിന് ഹൃദ്യമായ സ്വാഗതം. ഓരോരുത്തരുടെയും മാനസിക ഭാവമനുസരിച്ച് മഴക്ക് വിവിധ പേരുകള്‍ വന്നുചേരുന്നു. സ്‌നേഹമഴ, പെരുമഴ, പ്രണയമഴ, മുടിഞ്ഞ മഴ… ഒടുക്കത്തെ മഴ… പക്ഷേ, എനിക്ക് മഴയെന്നും അത്ഭുതകരമായ അനുഭൂതിയാണ്.

നീണ്ട അവധിക്കാലം കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതും മഴയുടെ വരവും മിക്കവാറും ഒന്നിച്ചാണ്. വേനലിന്റെ കഠിനതയെല്ലാം കഴുകിക്കളയാന്‍, കുളിരിന്റെ മഴത്തുള്ളികള്‍ കടന്നുവരികയാണ്. ലക്ഷക്കണക്കിന് കുട്ടികള്‍ ആഹ്ലാദത്തോടെ, പുത്തന്‍പുസ്തകവും വസ്ത്രവുമായി വീടിന്റെ പടി ഇറങ്ങുമ്പോള്‍, മേഘങ്ങളില്‍നിന്ന് മഴത്തുള്ളികളും പെയ്തുതുടങ്ങും. ആദ്യം ഒരു സ്വാഗതഗാനത്തിന്റെ ശാന്തതയും ഹൃദ്യതയും പകര്‍ന്നാണ് തുടക്കമെങ്കില്‍ പിന്നീടത് ദ്രുതതാളത്തില്‍ നനച്ചും വലച്ചും പിടിച്ചുലക്കുന്നു… ഒരു ശല്യമായി തോന്നാന്‍മാത്രം മഴ കൂടെ നടക്കുന്നു. മിക്കവാറും കുട്ടികളൊക്കെ പുത്തന്‍കുട ചൂടിയാണ് സ്‌കൂളിലേക്ക് എത്തുക; ചിലപ്പോള്‍ രണ്ടുപേര്‍ ഒരു കുടയുടെ കീഴില്‍ നടക്കുന്നു.

അപൂര്‍വമായി മൂന്നുപേര്‍ ഒരു കുട ചൂടി നടക്കേണ്ടുന്ന അവസ്ഥ ഉണ്ടായേക്കാം (മൂന്നുപേരും നനയും എന്നതാണ് യാഥാര്‍ത്ഥ്യം). റോഡിലെ വെള്ളത്തില്‍ കാല്‍ ചവിട്ടി തെറിപ്പിച്ച്, കുട ചൂടി നടക്കുന്നത് ബാല്യത്തിന്റെ ഹരങ്ങളിലൊന്നാണ്. രണ്ടുപേര്‍ ഒരു കുടയുടെ കീഴില്‍ തോളില്‍ കൈയിട്ട് നടക്കുന്ന ദൃശ്യങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കുടയില്ലാത്തവനെ, തന്റെ കുടയുടെ കീഴിലേക്കു ക്ഷണിക്കുന്ന, നന്മയുടെയും സഹകരണത്തിന്റെയും ഉള്‍വിളികളും കെട്ടടങ്ങിയിരിക്കുന്നു. ഓട്ടോറിക്ഷയില്‍ വീട്ടില്‍നിന്ന് സ്‌കൂളിലേക്കും തിരിച്ച് സ്‌കൂളില്‍നിന്ന് വീടിന്റെ മുറ്റത്തേക്കും എത്തുന്ന കുട്ടിക്ക് ഇന്ന് കുടപോലും ഇല്ലെന്നായിരിക്കുന്നു. മറ്റുള്ളവന്റെ ദയനീയാവസ്ഥയിലേക്ക് ആദ്യം തുറക്കേണ്ടത് മനസിലെ കുടകളാണെന്ന് ഇന്നത്തെ കുട്ടികള്‍ എങ്ങനെ പഠിക്കും?

കാലവര്‍ഷത്തിന്റെ ഈ കടന്നുവരവില്‍ എന്നെ അസ്വസ്ഥനാക്കുന്നത് കലക്ടറുടെ അല്ലെങ്കില്‍ സര്‍ക്കാരിന്റെ അവധിപ്രഖ്യാപനങ്ങളാണ്. കാലാവസ്ഥാപ്രവചനക്കാരുടെ നിരീക്ഷണങ്ങള്‍ കേട്ട് മഞ്ഞ, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ നല്‍കുന്ന പതിവ് തുടങ്ങിയിട്ട് അല്പകാലമേ ആയുള്ളൂ. പല കാലാവസ്ഥാപ്രവചനങ്ങളും തെറ്റുന്നതാണ് നാം കാണുന്നത്. ഭീകരമഴ ഉണ്ടാകും എന്നുപറഞ്ഞ് കലക്ടര്‍ അവധി പ്രഖ്യാപിച്ചാല്‍ അന്ന് കൊടുംവേനലായിരിക്കും. അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ ചില മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അനിവാര്യമാണ്. എന്നാല്‍ ഈ അവധിപ്രഖ്യാപനങ്ങള്‍ അപഹാസ്യമായിരിത്തീരുകയല്ലേ എന്ന് വെറുതെ സംശയിച്ചുപോകുന്നു. മഴക്കാറിനെയും കൂടെ വരുന്ന കാറ്റിനെയും തകര്‍ത്തു പെയ്യുന്ന മഴത്തുള്ളികളെയും ഒഴുകുന്ന അരുവികളെയും ഇത്രമാത്രം നാം എന്തിന് ഭയപ്പെടണം? ജീവിതത്തിലെ കണ്ണീര്‍മഴകളെയും ദുരിതക്കാറുകളെയും നേരിടുവാനുള്ള ഒരു മുന്നൊരുക്കമല്ലേ ജൂണ്‍, ജൂലൈ മാസങ്ങള്‍ നമുക്ക് നല്‍കുന്നത്?

പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ അവസരങ്ങളൊരുക്കിയില്ലെങ്കില്‍ ചെറിയ പ്രതിസന്ധികളില്‍പോലും നാം പതറിപ്പോകും. അതിനാല്‍തന്നെ മഴയുടെ പേരില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നത് ശുദ്ധ മണ്ടത്തരമാണെന്ന് ഞാന്‍ വിചാരിക്കുന്നു. മലയിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളുടെ അവസരത്തില്‍ നാം ജാഗ്രത പുലര്‍ത്തി, അവധി കൊടുക്കേണ്ടിവരും. എന്നാല്‍ മഴയെയും കാറ്റിനെയും പേടിച്ച് പിന്‍വാങ്ങാന്‍ ശീലിപ്പിക്കുന്നത് ജീവിതവളര്‍ച്ചയ്ക്കും മാനസിക ശാക്തീകരണത്തിനും വിഘാതമാണ്. ഒന്നിനെയും നേരിടാതെ, ഒളിച്ചിരിക്കുവാന്‍, പിന്‍വാങ്ങുവാന്‍ കുഞ്ഞുമനസുകളെ പ്രചോദിപ്പിക്കുന്ന ഈ അവധിപ്രഖ്യാപനങ്ങള്‍ അപകടമാണ്. പ്രത്യേകമായി അവന്റെ വ്യക്തിത്വവികസനത്തില്‍. പിന്നീടത് സ്വന്തം മുറിയിലേക്കും സ്വന്തം മൊബൈലിലേക്കും ചാറ്റുകളിലേക്കും ഉള്‍വലിയുന്ന അന്തര്‍മുഖനെ ഒരാളില്‍ വളര്‍ത്തും.

എല്ലാം ശരിയായിക്കഴിഞ്ഞിട്ടും നൂറുശതമാനം വ്യക്തമായിട്ടും മാത്രമേ ഞാന്‍ മുമ്പോട്ട് നടക്കൂ എന്ന് ചിലര്‍ പ്രഖ്യാപിക്കാറുണ്ട്. അതു തെറ്റൊന്നുമല്ല. തെറ്റു പറ്റാനും അപകടം വരാനുമുള്ള സാധ്യത അവര്‍ ഇല്ലാതാക്കുകയാണ്. എന്നാല്‍ ഇത്തിരി എടുത്തുചാട്ടം നടത്താതെ, റിസ്‌ക് എടുക്കാതെ വലിയ വിജയങ്ങളിലേക്ക് ആരും കുതിച്ചിട്ടില്ല. ദൂരെ ദേശങ്ങളിലേക്ക് കച്ചവടതാല്പര്യങ്ങളുമായി പായ്ക്കപ്പലുകളില്‍ യാത്ര തിരിക്കുമ്പോള്‍, കൊളംമ്പസിന് എത്തിച്ചേരുന്ന സ്ഥലം ദൃശ്യമല്ലായിരുന്നു, വ്യക്തമല്ലായിരുന്നു. അപരിചിതമായ വഴികളിലൂടെ തുഴഞ്ഞ്, ഇളകിമറിയുന്ന കടലിലൂടെ, തീരങ്ങള്‍ കാണാതെ അനേകം ദിനരാത്രങ്ങള്‍ ഒഴുകി നടന്ന് കൊളംമ്പസ് എന്ന നാവികന്‍ പച്ചപ്പുള്ള മണ്ണിനെ സ്വപ്‌നം കണ്ടു. ചില പ്രാരംഭയാത്രകള്‍ അപകടമുനമ്പുകളില്‍ തട്ടി പിന്‍വലിയേണ്ടിവന്നെങ്കിലും മുമ്പോട്ട് കുതിക്കുവാന്‍ തീരുമാനിച്ച മനസിന്റെ വിജയമാണ് അമേരിക്കയെന്ന സ്വപ്‌നതീരം. മനസിന്റെ കുതിച്ചുചാട്ടങ്ങള്‍ക്കായി ശരീരത്തെയും ചലിപ്പിച്ചവരാണ് വിജയിച്ചത്. അല്ലാതെ മഴ നനയാതെ, വെയില്‍ കൊള്ളാതെ, ശരീരത്തെ വീടിന്റെ ഉള്ളിലേക്ക് പിന്‍വലിച്ചവനല്ല വിജയിക്കുന്നത്.

ഒന്നിനെയും നേരിടാതെ പിന്‍വാങ്ങുന്നതാണ് സുരക്ഷിതം എന്ന ശൈലി കാലങ്ങളായി മനുഷ്യന്‍ നേടിയെടുത്ത സംസ്‌കാരിക വളര്‍ച്ചയുടെ പുറകോട്ടുള്ള നടപ്പാണ്. കുട എങ്ങനെ ഉണ്ടായതെന്ന് ചിന്തിക്കുക… അവിചാരിതമായി, ആദ്യമായി ആകാശത്തുനിന്ന് മഴ പെയ്തപ്പോള്‍ ആദിമമനുഷ്യന്‍ പേടിച്ചുപോയി, പകച്ചുപോയി, മാളത്തില്‍ ഒളിച്ചിരുന്നു. മഴ തുടര്‍ന്നപ്പോള്‍ അവന്‍ ചിന്തിച്ചു, ഇനിയും മഴ വരും… എന്നും ഇങ്ങനെ മാളത്തില്‍ ഒളിക്കുവാന്‍ കഴിയുമോ? ഇല്ല… അവന്‍ ഇലകള്‍ പറിച്ച് തലയില്‍വച്ച് അവന്റെ സ്വന്തം ഇടത്തിലേക്ക് നടന്നു (ഇന്നും വാഴയിലകള്‍ ഗ്രാമീണമനുഷ്യര്‍ ഉപയോഗിക്കുന്നു). പിന്നീട് ഇലകള്‍ കൂട്ടിത്തുന്നി മഴ നനയാത്ത ആവരണം തലക്കുവേണ്ടി അവന്‍ ഒരുക്കി (ഓലക്കുടകള്‍ രൂപപ്പെട്ടു).

ഇലകള്‍ കീറിപ്പോകുന്നതിനാല്‍ വേഗത്തില്‍ കീറാത്ത തുണികള്‍കൊണ്ട് അവന്‍ തല മറച്ചു. ആ തുണികളെ ഭംഗിയായി വട്ടത്തില്‍ ക്രമപ്പെടുത്തിയപ്പോള്‍ ഇപ്പോഴത്തെ കുടകളായി. സൂക്ഷിക്കുവാനും കൊണ്ടുനടക്കുവാനും സൗകര്യത്തിനായി അവയെ മടക്കുവാനും ചുരുക്കുവാനും മനുഷ്യന്‍ കണ്ടുപിടുത്തങ്ങള്‍ നടത്തി. അത് ഇന്ന് വ്യത്യസ്തമായ വര്‍ണക്കുടകളും ആകര്‍ഷണീയമായ പോക്കറ്റ് കുടകളുമായി മാറിക്കഴിഞ്ഞിരിക്കുന്നു. അതായത് മുന്നോട്ട് നടക്കുവാന്‍, ജീവിതത്തെ മുമ്പോട്ട് വളര്‍ത്താന്‍ മനുഷ്യജന്മം വഴികള്‍ കണ്ടെത്തുന്നു. അല്ലാതെ മാളങ്ങളുടെ സുരക്ഷിതത്വത്തിലേക്ക് പിന്‍വാങ്ങുകയല്ല വേണ്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?