Follow Us On

04

May

2024

Saturday

അധികാരികളുടെ നിലവിളികള്‍

അധികാരികളുടെ  നിലവിളികള്‍

ജനാധിപത്യത്തിന്റെ ‘നാലാമത്തെ തൂണ്‍’ എന്നാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കാറുള്ളത്. സ്വതന്ത്രമായി തലയുയര്‍ത്തി നില്‍ക്കുന്ന മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ അടയാളങ്ങളാണ്. ഏകാധിപത്യ-പട്ടാള ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള രാജ്യങ്ങളില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാണ്. അവരുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമോ എന്ന ഭയമാണ് മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിന്റെ പിന്നില്‍. അടുത്ത കാലത്തായി ജനാധിപത്യഭരണകൂടങ്ങളും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുതുടങ്ങിയിരിക്കുന്നു.

അതിന്റെ തെളിവാണ് ആഗോളമാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ ഭാരതത്തിന്റെ സ്ഥാനം 150-ാം സ്ഥാനത്താണെന്ന റിപ്പോര്‍ട്ട്. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന മാധ്യമങ്ങളുടെ ആ തൂണിന് ഇളക്കം തട്ടിയെന്നും നമ്മുടെ നാട്ടിലെ ജനാധിപത്യ സംവിധാനം ആടിയുലയാന്‍ തുടങ്ങിയെന്നുമുളളതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്. ജനാധിപത്യത്തിന്റെ മറ്റ് നെടുംതൂണുകളായുള്ള ലെജിസ്ലേറ്റീവും എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും ഇതുപോലെതന്നെ അപകടാവസ്ഥയിലാണോയെന്ന് നിഷ്പക്ഷമായി വാര്‍ത്താമാധ്യമങ്ങളിലൂടെ കടന്നുപോകുന്ന ഏതൊരു വ്യക്തിക്കും സംശയം തോന്നുന്ന വിധത്തിലാണ് ഇന്ന് കാര്യങ്ങള്‍ മുമ്പോട്ട് പോകുന്നത്.

മണിപ്പൂരില്‍ രണ്ടു മാസമായി തുടരുന്ന കലാപത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രഗവണ്‍മെന്റും പുലര്‍ത്തുന്ന നിസംഗതയും മൗനവും, വിമര്‍ശിക്കുന്നവരെയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെയും വേട്ടയാടുന്ന സംസ്ഥാനഗവണ്‍മെന്റിന്റെ സമീപനവും ജനാധിപത്യവിശ്വാസികളായ എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഉത്തരകൊറിയയിലും ചൈനയിലുമൊക്കെ നടക്കുന്നതായി കേട്ടുകേള്‍വി മാത്രമുള്ള സ്വേച്ഛാധിപത്യ ഭരണത്തിന്റെ അലയടികള്‍ നമ്മുടെ നാട്ടിലും മുഴങ്ങുന്നത് നമ്മെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ അതിന് അത്ഭുതത്തിന് വകയില്ല. എന്നാല്‍ ഈ ഭയം നിഷേധാത്മകമായ വിദ്വേഷത്തിലേക്കും നിരാശയിലേക്കും തിരിയാതെ ജനാധിപത്യവും സമാധാനവും ബഹുസ്വരതയും കൂടുതല്‍ ചേര്‍ത്തുപിടിക്കുന്ന ജാഗ്രതയിലേക്ക് നയിക്കുവാന്‍ എല്ലാവരും വിശിഷ്യാ ക്രൈസ്തവ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

”ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്”(റോമ 13:1) എന്ന് തിരുവചനത്തിലൂടെ ദൈവം നമ്മെ ഓര്‍മിപ്പിക്കുന്നു. ദൈവമാണ് നമ്മുടെ രാജ്യത്തിന്റെ അധികാരികളെ നിയമിച്ചതെങ്കില്‍ അവരിലൂടെയുള്ള ദൈവികപദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്നതിനായി നാം അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷിതത്വത്തിനും വളര്‍ച്ചയ്ക്കുമായി നമ്മുടെ ഭരണാധികാരികള്‍ക്ക് വേണ്ടി ഹൃദയപരമാര്‍ത്ഥതയോടെ പ്രാര്‍ത്ഥിച്ചാല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. പലപ്പോഴും അധികാരികളുടെ തെറ്റായ നടപടികളും അധികാരദുര്‍വിനിയോഗവും നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടും അവരെ നമുക്ക് അനഭിമതരാക്കുന്നുണ്ട്.

അതുകൊണ്ടുതന്നെ അവരുടെ മാനസാന്തരത്തിന് വേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കുവാനോ സ്വര്‍ഗീയ ജ്ഞാനം അവര്‍ക്കു ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുവാനോ നാം ശ്രമിക്കാറില്ല, അല്ലെങ്കില്‍ ഓര്‍ക്കാറില്ല. മുമ്പൊരിക്കലുമില്ലാത്തവിധം ഈ കാലഘട്ടം നമ്മുടെ ഭരണാധികാരികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമ്മോട് ആവശ്യപ്പെടുന്നു. ഭരണാധികാരികളില്‍ നിന്ന് ഉണ്ടാകുന്ന തെറ്റായ ഒരോ നടപടികളും പ്രാര്‍ത്ഥന തേടിയുള്ള അവരുടെ നിലവിളികളായി നമുക്ക് കണ്ടുതുടങ്ങാം. അതുകൊണ്ട് നമുക്ക് സ്‌നേഹത്തോടെ പ്രാര്‍ത്ഥിച്ചുതുടങ്ങാം. നമ്മുടെ പ്രസിഡന്റ്, പ്രധാമന്ത്രി, ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റ് മന്ത്രിമാര്‍, ജഡ്ജിമാര്‍, കളക്ടര്‍മാര്‍ മുതല്‍ നമ്മുടെ പഞ്ചായത്തിലുള്ള നേതാക്കള്‍ വരെ നമ്മുടെ കുടുംബപ്രാര്‍ത്ഥനയില്‍ ഇടംപിടിക്കട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?