Follow Us On

23

January

2025

Thursday

മനഃസാക്ഷിയുടെ മുമ്പിലെ തൂക്കുകട്ടകള്‍

മനഃസാക്ഷിയുടെ മുമ്പിലെ തൂക്കുകട്ടകള്‍

ജസ്റ്റിസ് കുര്യന്‍ ജോസഫ്
(ലേഖകന്‍ മുന്‍ സുപ്രീംകോടതി ജഡ്ജിയാണ്)

മനഃസാക്ഷി എന്ന വാക്ക് ജീവിതത്തില്‍ നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. ഞാനെന്റെ മനഃസാക്ഷിയനുസരിച്ചു പ്രവര്‍ത്തിച്ചു, മനഃസാക്ഷിയനുസരിച്ചു ജീവിക്കുന്നു എന്നത് സ്വന്തം നിലപാടുകളെ ന്യായീകരിക്കാനും അവയില്‍ പിടിച്ചുനില്‍ക്കാനുമുള്ള പലരുടെയും ഉപാധിയാണ്. മനഃസാക്ഷി എന്താണ് എന്നറിയാത്തതുകൊണ്ടാണ് ഇപ്രകാരമൊരു അപക്വമായ നിലപാട് സ്വീകരിക്കുന്നത്. വി. ജോണ്‍ ഹെന്റി ന്യൂമാന്‍ മനഃസാക്ഷിയെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്: ”മനസാക്ഷി ആത്മീയതയുടെ നിയമമാണ്.” നമ്മള്‍ എന്തു തീരുമാനിക്കണം, എന്ത് തീരുമാനിക്കേണ്ട എന്ന സ്വാതന്ത്ര്യം ദൈവം തമ്മില്‍ നിക്ഷേപിച്ചിട്ടുണ്ട്. ദൈവം വഴികള്‍ നമ്മുടെ മുമ്പില്‍ വയ്ക്കും അതില്‍ ഏതു വഴി വേണമെങ്കിലും നമുക്ക് തിരഞ്ഞെടുക്കാം. തിരഞ്ഞെടുക്കുന്ന വഴി സ്‌നേഹത്തിന്റെയും കരുണയുടെയും ഉത്തരവാദിത്വത്തിന്റെയും വഴി ആയിരിക്കണം. എങ്കില്‍ മാത്രമേ നിത്യതയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ.

തിന്മയായി മാറുന്ന നന്മ

നന്മ ചെയ്യുക എന്നതിന്റെ അര്‍ത്ഥം എന്താണ്? നന്മ എന്നത് നമ്മുടെ മനസില്‍ നാം രൂപപ്പെടുത്തിയെടുക്കുന്ന ആന്തരിക നിയമമാണ്. ഈ നിയമം രൂപപ്പെടുത്തി എടുക്കുന്നതിനാണ് യഥാര്‍ത്ഥത്തില്‍ മനഃസാക്ഷി രൂപീകരിക്കുക എന്നു പറയുന്നത്. നല്ല രീതിയില്‍ രൂപപ്പെടുത്തിയ മനഃസാക്ഷി ഇല്ലെങ്കില്‍ ഒരാള്‍ക്കും നന്മ ചെയ്യാന്‍ സാധിക്കുകയില്ല. നന്മയാണെന്നു താന്‍ കരുതുന്ന പ്രവൃത്തി മറ്റുള്ളവര്‍ക്കു തിന്മയായി ഭവിക്കുന്നത് അതുകൊണ്ടാണ്.
വിവേകിയായ മനുഷ്യനു മനഃസാക്ഷി രൂപീകരിക്കാന്‍ തന്റെ പഠനങ്ങളും സഭയുടെ പഠനങ്ങളും ദൈവവചനവും പാരമ്പര്യങ്ങളും സഹായകരമാകും. നന്മതിന്മകളുടെ തിരഞ്ഞെടുപ്പില്‍ നന്മയേത് തിന്മയേത് എന്ന് അറിയാന്‍ തക്കവണ്ണം ഉള്ള ഒരു രൂപീകരണം നമ്മുടെ മനസില്‍ ഉണ്ടാകണം. പഠനങ്ങളും പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും പരിശീലനങ്ങളും പാരമ്പര്യങ്ങളും വഴിയായി മനഃസാക്ഷി രൂപീകരിക്കപ്പെടുമ്പോള്‍, ധാര്‍മികമായ പ്രതിസന്ധി വരുമ്പോള്‍ നല്ല തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കും.

പണിതതു നേരെയാണോ എന്നറിയാന്‍ കല്ലാശാരിമാര്‍ ഉപയോഗിക്കുന്നത് തൂക്കുകട്ടയാണ്. അതുപോലെതന്നെയാണ് മനഃസാക്ഷിയും. നമുക്ക് അതു വളയ്ക്കാനും ഒടിക്കാനും മയപ്പെടുത്താനും സാധിക്കും. നിശബ്ദമാക്കാനും കടുപ്പിക്കാനും കഴിയും. അതെല്ലാം നാം രൂപീകരിച്ചെടുത്തിട്ടുള്ള മനഃസാക്ഷിയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നല്ലതായി രൂപീകരിക്കപ്പെട്ട മനഃസാക്ഷിയാണെങ്കില്‍ ധാര്‍മികമായ ഒരു തിരഞ്ഞെടുപ്പ് വരുമ്പോള്‍ തൂക്കുകട്ടപോലെ മനഃസാക്ഷിയെ പിടിക്കാന്‍ നമുക്ക് സാധിക്കും. ദൈവത്തെ മറന്നു ജീവിക്കുന്ന വ്യക്തിയാണെങ്കില്‍ മനഃസാക്ഷിയെ മയപ്പെടുത്തിയും മലിനമാക്കിയും ദൈവത്തെ നിഷേധിക്കുന്ന തീരുമാനത്തിലേക്ക് മാറും. അങ്ങനെയുള്ളവര്‍ക്ക് പാപബോധം ഉണ്ടാകില്ല. പാപബോധമില്ലാത്തതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രതിസന്ധി.

അഴിമതിയുടെ കാരണങ്ങള്‍

പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പയുടെ ഒരു നിരീക്ഷണമുണ്ട് ഇക്കാര്യത്തില്‍. ആളുകള്‍ക്ക് പാപബോധം നഷ്ടപ്പെട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ പാപം (Peope have lost sense of sin and that is the greatest sin today). പാപബോധം നഷ്ടപ്പെടുക എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടുക എന്നുതന്നെയാണ് അര്‍ത്ഥം. ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന ചിന്തയിലേക്ക് മനുഷ്യര്‍ അപ്പോള്‍ മാറും. അതാണ് ദൈവത്തെ മറക്കുക എന്നു പറയുന്നത്. ദൈവത്തെ ഓര്‍ക്കുമ്പോഴാണ് തെറ്റും ശരിയും പാപവും തിരിച്ചറിയാന്‍ കഴിയുന്നത്. ദൈവബോധവും പാപബോധവും ഒരുമിച്ചു പോകേണ്ടതാണ്. പാപബോധം ഇല്ലാതെ വരുമ്പോള്‍ എന്തു ചെയ്താലും അതിനെ വിശദീകരിച്ച് ശരിയാക്കാന്‍ കഴിയും എന്ന നിലയിലേക്ക് നമ്മള്‍ താഴും.

അടിസ്ഥാനപരമായി ദൈവത്തിന്റെ നിയമ ത്തെയാണ് മുമ്പില്‍ കാണുന്നതെങ്കില്‍, നമ്മുടെ നിലപാടുകളോ തീരുമാനങ്ങളോ ഒരിക്കലും സഹോദരനെ വേദനിപ്പിക്കുന്നതാവില്ല. അത്തരത്തിലുള്ള ഒരു നിലവാരത്തിലേക്ക് ഉയരുമ്പോഴാണ് ക്രൈസ്തവ മനഃസാക്ഷി നമ്മിലുണ്ടെന്നു പറയാന്‍ കഴിയുകയുള്ളൂ. അതുപോലെ, പൊതുസമൂഹത്തെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടാണ് അഴിമതി തെറ്റാണെന്ന് അവര്‍ക്ക് തോന്നാത്തത്? കാരണം മനഃസാക്ഷിയെ അവര്‍ അങ്ങനെ രൂപീകരിച്ചു വച്ചിരിക്കുകയാണ്.

നികുതിവെട്ടിപ്പ് പാപമോ?

ലാഭം ഉണ്ടാക്കാന്‍ തട്ടിപ്പു നടത്തിയാലും, വിഷാംശം ചേര്‍ത്താലും തെറ്റല്ലെന്ന ചിന്ത ചിലര്‍ക്കുണ്ട്. അവിടെയും ദൈവബോധത്തിന്റെയും പാപബോധത്തിന്റെയും അഭാവമാണുള്ളത്. ജീവിക്കാന്‍ ആവശ്യമായ പണം സമ്പാദിക്കാന്‍ ഞാന്‍ എന്തും ചെയ്യും, അത് അതില്‍ തന്നെ ശരിയാണ് എന്ന വിധത്തിലാണ് ഒരാള്‍ തന്റെ മനഃസാക്ഷി രൂപീകരിച്ചിരിക്കുന്നതെങ്കില്‍ അത് ദൈവപ്രമാണത്തിന് എതിരാണ്. സഹോദരന് ദോഷമായി ചെയ്യുന്ന എന്തും ദൈവത്തെ വേദനിപ്പിക്കുന്നതാണ് എന്ന ആ പ്രബോധനം നാം മറന്നുകളയുന്നു. ശരിയായ മനഃസാക്ഷി രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അപ്രകാരമുള്ള നടപടിയിലേക്ക് പോകാന്‍ സാധിക്കില്ല. അതുപോലെ പൊതുസ്വത്ത് നശിപ്പിക്കുന്നതും അന്യായമായി കയ്യടക്കുന്നതും തെറ്റാണ്. പൊതുസ്വത്ത് ദൈവത്തിന്റേതാണ്. വ്യക്തിയുടേതല്ലാത്തത് എന്തും ദൈവത്തിന്റേതാണ്. ദൈവത്തിന്റേത് അടിച്ചെടുക്കുന്നതിന് തുല്യമാണ് പൊതുസ്വത്ത് കയ്യേറുന്നതും നശിപ്പിക്കുന്നതും.
ആത്മാര്‍ത്ഥതയോടെ തൊഴിലില്‍ ഏര്‍പ്പെടാതിരിക്കുന്നതും നികുതിവെട്ടിപ്പ് നടത്തുന്നതും തെറ്റാണ്.

ദൈവത്തിനുള്ളത് ദൈവത്തിനും സീസറിന് ഉള്ളത് സീസറിനും കൊടുക്കാന്‍ നമ്മെ പറഞ്ഞു പഠിപ്പിച്ച കര്‍ത്താവിന്റെ വചനം നമ്മള്‍ മറന്നു കളയുന്നു. നികുതി രാജ്യത്തിന് അവകാശപ്പെട്ടതാണ്. നികുതി വെട്ടിച്ചെടുത്ത് അതുകൊണ്ട് എന്തു സത്കര്‍മ്മം ചെയ്താലും ദൈവത്തിന് സ്വീകാര്യമാകില്ല. ജീവിതം ഒരു ബലിയാണ്. ജീവിതബലി നമ്മള്‍ അര്‍പ്പിക്കുന്നത് അനുദിന ജീവിതത്തിന്റെ അള്‍ത്താരകളിലാണ്. അടുക്കളകള്‍ തുടങ്ങി ജോലി ചെയ്യുന്ന മേശകള്‍, ഇടപെടുന്ന പ്രസ്ഥാനങ്ങള്‍, കണ്ടുമുട്ടുന്ന വ്യക്തികള്‍ എന്നിവയെല്ലാം അനുദിന ജീവിതബലി അര്‍പ്പിക്കുന്ന അള്‍ത്താരകളാണ്. ആ അള്‍ത്താരകളില്‍ നമ്മുടെ കൈകള്‍ നിര്‍മ്മലമാക്കുകയും ഹൃദയം വിശുദ്ധമാക്കുകയും ചെയ്യണമെന്നുണ്ടെങ്കില്‍ എടുക്കുന്ന തീരുമാനങ്ങളും സ്വീകരിക്കുന്ന നിലപാടുകളും സംശുദ്ധമായിരിക്കണം.

മരണഭയത്തിന്റെ പിന്നില്‍

പടിവാതിലില്‍ കിടക്കുന്ന ലാസറിനെ മറക്കുന്നതുകൊണ്ടാണ് ധൂര്‍ത്ത് തെറ്റാവുന്നത്. അവനെ പരിഗണിച്ചുകൊണ്ടുള്ള ന്യായമായ ജീവിതത്തെ കര്‍ത്താവ് ധൂര്‍ത്ത് എന്ന് വിളിക്കുന്നില്ല. ധാര്‍മിക മനഃസാക്ഷി നഷ്ടപ്പെടുന്നതാണ് ഇന്ന് സമൂഹം നേരിടുന്ന വലിയ പ്രശ്‌നം. അതുകൊണ്ട് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമാണ് നല്ലൊരു ക്രൈസ്തവ മനഃസാക്ഷി രൂപീകരിച്ചെടുക്കുക എന്നത്.

വിശുദ്ധ തോമസ് അക്കമ്പിസിന്റെ ക്രിസ്താ നുകരണത്തില്‍ നല്ല മനഃസാക്ഷി രൂപപ്പെടുത്തുന്നനതിനെക്കുറിച്ച് ഓര്‍മപ്പെടുത്തല്‍ ഉണ്ട്. ”നിന്റെ ഓരോ ചിന്തയും ഓരോ പ്രവൃത്തിയും ദിവസം അവസാനിക്കുന്നതിനു മുന്‍പ് മരിക്കും എന്ന് ചിന്തിക്കുന്ന ഒരാളുടേത് ആയിരിക്കണം. നല്ല മനഃസാക്ഷി നിനക്കുണ്ടെങ്കില്‍ അമിതമായി മരണത്തെ ഭയപ്പെടുകയില്ല. അതിനാല്‍ മരണത്തില്‍ നിന്ന് ഓടുന്നതിനേക്കാള്‍ പാപമില്ലാതെ കഴിയാന്‍ ശ്രദ്ധിക്കുന്നതാണ് ഭേദം. ഇന്ന് മരണത്തെ നേരിടാനുള്ള ഒരുക്കം ഇല്ലെങ്കില്‍ നാളെ അത് നിനക്ക് എങ്ങനെ ഉണ്ടാകും?” മനഃസാക്ഷി ശരിയാണെങ്കില്‍ ദൈവത്തിനു നേര്‍ക്ക് കണ്ണാടിപോലെ നിന്നുകൊണ്ട് മനഃസാക്ഷിയെ പരിശോധിക്കാന്‍ നമുക്കാവും.

നമ്മില്‍ ദൈവം നിക്ഷേപിച്ചിട്ടുള്ള മനഃസാ ക്ഷിയെ ദൈവിക നിയമങ്ങള്‍ക്ക് അനുസരിച്ച് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് ഒരിക്കലും നിയമം തെറ്റിക്കാനോ സ്‌നേഹപ്രമാണം ലംഘിക്കാനോ പറ്റില്ല. നന്മ ചെയ്യാതിരിക്കാനും സാധിക്കില്ല. കാരണം ആ മനഃസാക്ഷി എപ്പോഴും ദൈവിക സ്വരം ശ്രവിച്ചാണ് മുന്നോട്ടുപോകുന്നത്. അപ്രകാരം ദൈവസരം ശ്രവിക്കാന്‍ തക്കവണ്ണം മനഃസാക്ഷിയെ നിര്‍മലമാക്കിക്കൊണ്ട്, വിശുദ്ധിയോടെ ജീവിക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?