Follow Us On

23

December

2024

Monday

കൊച്ചിയിലെ നല്ല സമരിയാക്കാരന്‍

കൊച്ചിയിലെ  നല്ല സമരിയാക്കാരന്‍

ഇഗ്‌നേഷ്യസ് ഗോന്‍സാല്‍വസ്

”കൊച്ചി മഹാനഗരത്തിലെ നല്ല സമരിയാക്കാരന്‍,’ ‘കേരളത്തിന്റെ വിയാനി’ എന്നൊക്കെയുള്ള പേരുകളിലാണ് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് അറിയപ്പെടുന്നത്. എലിയാസ് ലോപ്പസിന്റെയും തെരേസ ലോപ്പസിന്റെയും നാല് മക്കളില്‍ മൂത്തമകനായി ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബത്തില്‍ 1908 മെയ് 10ന് ഇന്നത്തെ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ വാണിജ്യ കേന്ദ്രമായ എറണാകുളം പട്ടണത്തിന്റെ വടക്കന്‍ ഭാഗത്തുള്ള ചാത്യാത്തില്‍ ജനിച്ചു. കേരളത്തിലെ കര്‍മലീത്താ പാരമ്പര്യത്തില്‍ പ്രമുഖനായ മാത്തേവൂസ് പാതിരി 1673-ല്‍ സ്ഥാപിച്ച ചാത്യാത് മൗണ്ട് കാര്‍മല്‍ ഇടവക ഇപ്പോഴും 10,000-ത്തിലധികം വിശ്വാസികളുമായി വരാപ്പുഴ അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയായി തുടരുന്നു.

1921 മെയ് 23 ന് അതിരൂപതയിലെ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. എസ്എസ്എല്‍സി മികവോടെ പൂര്‍ത്തിയാക്കിയപ്പോള്‍, 1926 ജനുവരിയില്‍ അധികാരികള്‍ അദ്ദേഹത്തെ ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയില്‍ ഉപരിപഠനത്തിനായി അയച്ചു. 26-ാം വയസില്‍ 1934 ഓഗസ്റ്റ് 26 ന് കാന്‍ഡി മെത്രാന്‍ ഡോ.ബീഡ് ബെക്ക്‌മേയര്‍ പിതാവിന്റെ കൈവയ്പ്പു വഴി വൈദികനായി അഭിഷിക്തനായി.

വിശുദ്ധിയുടെ സുഗന്ധം
ലോപ്പസച്ചന്റെ ജീവിത ദൈര്‍ഘ്യം അഞ്ചു മെത്രാപ്പോലീത്തമാരും (ഡോ. എയ്ഞ്ചല്‍ മേരി ഒസിഡി, ഡോ.ജോസഫ് അട്ടിപ്പേറ്റി, ഡോ. ജോസഫ് കേളന്തറ, ഡോ. കൊര്‍ണേലിയൂസ് ഇലഞ്ഞിക്കല്‍, ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ ഒസിഡി) 70 വര്‍ഷവും ഉള്‍ക്കൊള്ളുന്നു. രണ്ട് ഇടവകകള്‍ക്ക് മാത്രമാണ് ഈ വിശുദ്ധ വൈദികനെ അജപാലകനായി ലഭിച്ചത്. വൈപ്പിന്‍ ദ്വീപിലെ പെരുമ്പിള്ളി തിരുഹൃദയ ദൈവാലയത്തില്‍ സഹവികാരിയായും (1935-39), 23 വര്‍ഷക്കാലം എറണാകുളം ഇന്‍ഫന്റ് ജീസസ് ദൈവാലയത്തില്‍ വികാരിയായും (1939-62) പ്രവര്‍ത്തിച്ചു. ഈ ഇടവകകളിലെ അദ്ദേഹത്തിന്റെ സേവനങ്ങള്‍ പിന്നീട് ഐതിഹാസികമായി മാറുകയും വര്‍ഷങ്ങള്‍ക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിച്ച ജനപ്രിയ വാക്യം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു:

”ആടുകളുടെ ഗന്ധമുള്ള ഇടയന്‍.” ബാക്കിയുള്ള വര്‍ഷങ്ങള്‍ അതിരൂപതയുടെ ഭരണപരമായ മേഖലകളില്‍ സേവനം ചെയ്യുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
1968ല്‍ പ്രോ-വികാരി ജനറലായും 1984-ല്‍ വികാരി ജനറലായും ഉയര്‍ത്തപ്പെട്ടു. നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും ക്രിസ്തു സ്‌നേഹവും വിശുദ്ധിയും പ്രസരിപ്പിക്കുന്നവയായിരുന്നു. എല്ലാ ജാതിയിലും മതത്തിലും ഉള്ളവരും അതിന്റെ ഗുണഭോക്താക്കളായി. അവഗണിക്കപ്പെട്ടവരോട് കാണിച്ച കരുതല്‍ മാതൃകാപരമായിരുന്നു. അതുപോലെതന്നെയായിരുന്നു പ്രാര്‍ത്ഥനാ ജീവിതവും ആത്മീയതയുടെ ആഴവും.

തീര്‍ത്ഥാടന യാത്രകള്‍
തീക്ഷ്ണമായ വിശ്വാസവും അര്‍പ്പണബോധമുള്ള സേവനങ്ങളും തിരിച്ചറിഞ്ഞ് വിശുദ്ധ ജോണ്‍ 23-ാമന്‍ പാപ്പ അദ്ദേഹത്തെ 1959-ല്‍ പ്രീവി ചേമ്പര്‍ലൈനായി ഉയര്‍ത്തി. അങ്ങനെ ഫാ. ലോപ്പസ് മോണ്‍സിഞ്ഞോറായി ഉയര്‍ത്തപ്പെട്ടു. 1981 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അദ്ദേഹത്തിന് ‘പ്രോട്ടോ നോട്ടറി’ പദവി നല്‍കി ആദരിച്ചു. വികാരി ജനറല്‍ ആയിരിക്കെ എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ്, സെന്റ് പോള്‍സ് കോളജുകളുടെ മാനേജരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം റെയില്‍വേ യൂസേഴ്‌സ് അസോസിയേഷനില്‍ ഉള്‍പ്പെടുന്ന ഒട്ടനവധി സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും രക്ഷാധികാരി, പ്രമോട്ടര്‍ ഡയറക്ടര്‍ അല്ലെങ്കില്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

വികാരി ജനറല്‍ ആയിരിക്കെ അദ്ദേഹം വിവാഹ ട്രിബ്യൂണലിന്റെ തലവന്‍ ആയിരുന്നു; അതും തന്റെ അവസാന വര്‍ഷം വരെ. വാര്‍ധക്യവും കാഴ്ചക്കുറവും കണക്കിലെടുക്കാതെ എറണാകുളം ജനറല്‍ ആശുപത്രിയിലെ അശരണരായ കിടപ്പുരോഗികളെ ആശ്വസി പ്പിക്കാനും സഹായിക്കാനും അദ്ദേഹം ദിവസവും രാവിലെയും വൈകുന്നേരവും പോകുമായിരുന്നു. 1962 മുതല്‍ 1997 വരെ എറണാകുളം ജനറല്‍ ഹോസ്പിറ്റല്‍ ചാപ്ലിനായി സേവനം അനുഷ്ഠിച്ചു. മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് മതേതരവും വിശ്വാസപരവുമായ കാര്യങ്ങളില്‍ മുന്‍ നിരക്കാരനായിരുന്നു.

വിനോദസഞ്ചാരവും തീര്‍ത്ഥാടനവും കൂട്ടിയിണക്കി ദേശീയവും അന്തര്‍ദേശീയവുമായ യാത്രകള്‍ ഇന്ന് വളരെ പരിചിതമാണ്. എന്നാ ല്‍ 1960-കളുടെ തുടക്കത്തില്‍ അച്ചന്‍ കേരളത്തില്‍ ഇതിന് തുടക്കമിട്ടു. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടന്ന 38-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ മുംബൈയിലേക്കും അവിടെനിന്ന് തിരിച്ചും ട്രെയിന്‍ മുഴുവനായും ബുക്ക് ചെയ്തു നൂറുകണക്കിന് തീര്‍ത്ഥാടകരെ കൂട്ടിക്കൊണ്ടുപോയത് അന്നത്തെ കാലത്ത് ശ്രദ്ധേയമായിരുന്നു. കൂടാതെ പലതവണ ഗോവയിലും വേളാങ്കണ്ണിയിലും അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്.

മെത്രാന്മാരുടെ കുമ്പസാരക്കാരന്‍
1939 മെയ് മാസത്തില്‍ പെരുമ്പള്ളി കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ 396 സ്ഥാപിച്ചുകൊണ്ട് സഹകരണ മേഖലയില്‍ മുന്‍നിരക്കാരനായി. ലിജിയന്‍ ഓഫ് മേരി, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി, ഔവര്‍ ലേഡി ഓഫ് ദി വേ എന്നീ ഭക്തസംഘടനകള്‍ കേരളത്തില്‍ സ്ഥാപിച്ചത് അദ്ദേഹമാണ്. കേരളത്തിലെ പല മെത്രാന്‍മാരുടെയും കുമ്പസാരക്കാരനായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയും മാനന്തവാടിയിലെ പ്രഥമ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരിയും അവരില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തോട് കുമ്പസാരിക്കാന്‍ മാനന്തവാടിയില്‍ നിന്ന് മാര്‍ മങ്കുഴിക്കരി പിതാവ് എറണാകുളത്ത് എത്തുമായിരുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രചോദനമുള്‍ക്കൊണ്ട് വിശ്വാസ രൂപീകരണ ക്ലാസുകളുടെ നവീകരണത്തിന്റെ വലിയ ഉത്തരവാദിത്വം മോണ്‍. ലോപ്പസ് ഏറ്റെടുത്തു. ഇതിനായി ‘വഴിയും സത്യവും ജീവനും’, ‘സ്വര്‍ഗസ ന്ദേശം’ എന്നീ രണ്ട് പാഠപുസ്തകങ്ങള്‍ അദ്ദേഹം തയാറാക്കി. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം പിഒസി തങ്ങളുടെ ഉത്തരവാദിത്വമായി മതബോധനം ഏറ്റെടുക്കുന്നതുവരെ കേരളത്തിലെ എല്ലാ രൂപതകളും റീത്ത് പരിഗണിക്കാതെ ഈ പുസ്തകങ്ങള്‍ പിന്തുടര്‍ന്നു. ‘അലക്‌സമ്മാവാന്‍’ എന്ന പേരില്‍ ഒരു നോവലും, ‘സേവനം’ എന്ന നാടകവും രചിച്ചിട്ടുണ്ട്. ചുരുങ്ങിയത് 28 നാടകങ്ങളെങ്കിലും വിവര്‍ത്തനം ചെയ്യുകയോ രചിക്കുകയോ ചെയ്തിട്ടുണ്ട്.

കലാസമിതിയുടെ സ്ഥാപകന്‍
1942 ല്‍ അദ്ദേഹം സ്ഥാപിച്ച ബോസ്‌കോ കലാസമിതിയിലൂടെ നാടകവും ഏകാഭിനയവും അരങ്ങേറി. നിരവധി കലാകാരന്മാരുടെ വളര്‍ച്ചയില്‍ ഈ ക്ലബ്ബ് നിര്‍ണായക പങ്കുവഹിച്ചു. ജോബ് ആന്റ് ജോര്‍ജ്, ജെറി അമല്‍ദേവ്, എം.ആര്‍ ദത്തന്‍, എം.ആര്‍ ബാബു, റെക്‌സ് ഐസക്, ക്രിസ്റ്റഫര്‍ കൊയിലോ, ഗോപാലന്‍ മാസ്റ്റര്‍, തുടങ്ങിയവര്‍ അവരില്‍ ചിലരാണ്. സിഎസി, കലാഭവന്‍, അസീസി ആര്‍ട്‌സ് ക്ലബ് തുടങ്ങിയ സ്ഥാപനങ്ങളുടെ മുന്‍ഗാമിയായിരുന്നു ബോസ്‌കോ കലാസമിതി.

മോണ്‍. ലോപ്പസിന്റെ ഈ ഭൂമിയിലെ ശ്രേഷ്ഠ ജീവിതം 96-ാം വയസില്‍ 2004 മാര്‍ച്ച് 20 ന് അവസാനിച്ചു. നഗരം അദ്ദേഹത്തിന് നല്‍കിയ വിടവാങ്ങല്‍ സമാനതകളില്ലാത്തതും അവിസ്മരണീയവും ആയിരുന്നു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അദ്ദേഹത്തോട് വിടപറയുവാന്‍ ഒഴുകിയെത്തി. ഒരു വിശുദ്ധന്റെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കുകയാണെന്ന് അവര്‍ക്ക് തോന്നി. മോണ്‍. ലോപ്പസിനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള പ്രാദേശികതല നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്ന് വര്‍ഷങ്ങളായി നിവേദനങ്ങള്‍ ഉയര്‍ന്നുവന്നു.

ഹര്‍ജികളുടെ സത്യാവസ്ഥ പഠിക്കാന്‍ ഫാ. അഗസ്റ്റിന്‍ ലിജു കണ്ടനാട്ടുതറയെയും പിന്നീട് ഫാ. തോമസ് ഓളാട്ടുപുറം ഒസിഡിയെയും നിയമിച്ചു. അവരുടെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കി വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ 2022 സെപ്റ്റംബര്‍ രണ്ടിന് ‘നിഹില്‍ ഒബ്സ്റ്റാറ്റ്’ (നോ ഒബ്ജക്ഷന്‍) അപേക്ഷിച്ചുകൊണ്ട് റോമിനെ കത്തെഴുതി. വിശുദ്ധരുടെ നാമകരണത്തിനുള്ള കാര്യാലയത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. മാര്‍ സെല്ലോസ് സെമരാരോയും സെക്രട്ടറി ആര്‍ച്ചുബിഷപ് ഡോ. ഫാബിയസ് ഫാബനും ഒപ്പുവെച്ച ‘നിഹില്‍ ഒബ്സ്റ്റാറ്റ്’ ലഭിച്ചു. അങ്ങനെ 2023 ജൂലൈ 19ന് മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ടു. വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്നതിനുള്ള ആദ്യപടിയാണിത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?