Follow Us On

23

January

2025

Thursday

പുതിയ മദ്യനയം ആരെ സഹായിക്കാന്‍?

പുതിയ മദ്യനയം  ആരെ സഹായിക്കാന്‍?

സ്വന്തം ലേഖകന്‍
കോഴിക്കോട്

ലഹരിയുടെ ദുരന്തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ ലഹരിക്കയത്തിലേക്ക് തള്ളിവിടുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം. ജനങ്ങളുടെ സമാധാനവും സന്തോഷവും ആരോഗ്യവും നശിച്ചാലും വരുമാനം വര്‍ധിച്ചാല്‍മതിയെന്ന നിലപാടുകള്‍ ജനാധിപത്യ ഗവണ്‍മെന്റുകള്‍ സ്വീകരിക്കുന്നത് അമ്പരപ്പ് സൃഷ്ടിക്കുന്നു. കേരളീയരുടെ സൈ്വര്യജീവിതം തകര്‍ക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് ലഹരിക്ക്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബിയറും വൈനും വില്ക്കാന്‍ അനുവദിക്കുന്നതിനൊപ്പം ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ളും വില്ക്കാന്‍ പുതിയ മദ്യനയം അനുവാദം നല്‍കുന്നു. ആ സ്ഥാപനങ്ങളുടെ കോംപൗണ്ടിലെ തെങ്ങില്‍നിന്നും കള്ളു ചെത്തിയെടുത്ത് വില്ക്കാം.

കള്ളുകുടിച്ച് ആരോഗ്യവാന്മാരായവര്‍
കള്ള് പോഷകാഹാരം ആണെന്നും രാവിലെ ഉപയോഗിച്ചാല്‍ നല്ലതാണെന്നുമൊക്കെയുള്ള പുതിയ നിര്‍വചനങ്ങള്‍ അപകടകരമാണ്. കള്ളിനെ എത്ര മഹത്വവല്ക്കരിക്കാന്‍ ശ്രമിച്ചാലും കള്ളുകുടിച്ച് ആരോഗ്യവാന്മാരായ ആരെയും കണ്ടെത്താനാവില്ല. മറിച്ച്, കള്ളില്‍ തുടങ്ങി മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും അടിമകളായി മാറിയവര്‍ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കാണാന്‍കഴിയും. കള്ളും വൈനും ബിയറുമൊക്കെ ഉപയോഗിച്ചു തുടങ്ങുന്നവര്‍ ലഹരികൂടിയ മദ്യത്തിലേക്കും മയക്കുമരുന്നുകളിലേക്കും ആകര്‍ഷിക്കപ്പെടുമെന്ന് മനസിലാക്കാന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല.
വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാണ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ബിയര്‍പാര്‍ലറുകള്‍ തുടങ്ങുന്നതെന്ന ന്യായം കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെയായി. വിദേശത്തു ലഭിക്കാത്ത മദ്യമന്വേഷിച്ചാണോ ടൂറിസ്റ്റുകള്‍ കേരളത്തില്‍ എത്തുന്നത്? ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഇപ്പോള്‍ത്തന്നെ ബാര്‍ ഹോട്ടലുകളുണ്ട്. സാധാരണ ഹോട്ടലുകളിലേക്ക് മദ്യമന്വേഷിച്ച് എത്താന്‍ പോകുന്നത് വിദേശികളല്ല, കേരളത്തിലെ വളര്‍ന്നുവരുന്ന തലമുറയായിരിക്കും. ഭരണകര്‍ത്താക്കള്‍ യുവജനങ്ങളെ മദ്യത്തിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് ആശങ്കാജനകമാണ്.

നഷ്ടം ടൂറിസത്തിന്
ടൂറിസ്റ്റു കേന്ദ്രങ്ങളിലെ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും കള്ളു വില്പ്പനയ്ക്കും പുതിയ ബിയര്‍ പാര്‍ലറുകള്‍ക്കും അനുവാദം നല്‍കുന്നതിലെ അപകടം തിരിച്ചറിയാന്‍ കഴിയാത്തവരല്ല ഈ നയം നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. എല്ലായിടത്തും മദ്യം സുലഭമാക്കിയിട്ട് മദ്യത്തിനെതിരെ ബോധവല്ക്കരണം നടത്തിയിട്ട് എന്തു പ്രയോജനം? ടൂറിസ്റ്റുകേന്ദ്രങ്ങളില്‍ മദ്യം സുലഭമാക്കിയാല്‍ ആ മേഖലയുടെ തകര്‍ച്ചക്കായിരിക്കും വഴിയൊരുക്കുന്നത്. കുടുംബമായി അവിടേയ്ക്കു പോകാന്‍ കഴിയാത്ത സാഹചര്യം രൂപപ്പെടും. പിന്നീടതു മദ്യപാനികളുടെ കേന്ദ്രങ്ങളായിത്തീരും. സ്വഭാവികമായും ടൂറിസത്തെ ആശ്രയിച്ചു മുമ്പോട്ടുപോകുന്ന മറ്റു മേഖലകള്‍ തകരും. മദ്യപിക്കാന്‍ പോകുന്നവര്‍ ടൂറിസത്തിന് ബാധ്യതയായി മാറുന്ന കാലം അത്രവിദൂരത്തല്ല.

കണ്ണീരില്‍ കുതിര്‍ന്ന കോടികള്‍
വരുമാനം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി മദ്യത്തെ കാണുന്ന നയം ആദ്യം പൊളിച്ചെഴുതണം. ഇവിടുത്തെ ക്രമസമാധാന പ്രശ്‌നങ്ങളുടെ മൂലകാരണം മദ്യമാണ്. സമീപകാലത്ത് കേരളമനഃസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങള്‍ തേടിയാല്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു എന്നത് വ്യക്തമാണ്. മദ്യത്തില്‍നിന്നും നികുതിയിനത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് സംസ്ഥാന സര്‍ക്കാരിന് 24,540 കോടി രൂപ ലഭിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ഈ കോടികളില്‍ അനേകം അമ്മമാരുടെയും ഭാര്യമാരുടെയും കുട്ടികളുടെയും കണ്ണീരു വീണിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?