തൃശൂര്‍: ഏഷ്യയിലെ ചിന്നറോമ എന്നറിയപ്പെടുന്ന ഒല്ലൂര്‍ സെന്റ് റാഫേല്‍സ് ഫൊറോന ദൈവാലയ ചരിത്രവുമായി ഇഴപിരിഞ്ഞു നില്‍ക്കുന്ന മണിമാളിക നൂറുവര്‍ഷത്തിനുശേഷം മുഖം മിനുക്കുന്നു. കേടുപാടുകള്‍ തീര്‍ത്ത് വരുംതലമുറയ്ക്ക് കൈമാറുകയെന്ന ഇടവകക്കാരുടെ ആഗ്രഹമാണ് നവീകരണത്തിന് പിന്നില്‍. ഒരു കാലത്ത് പ്രധാന ക്രൈസ്തവ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് ഒല്ലൂരാണ്. പിന്നീട് സഭയുടെ ആസ്ഥാനം തൃശൂര്‍ നഗരത്തിലേക്ക് മാറ്റി.
അന്ന് സ്ഥാപിതമായ ദൈവാലയത്തിലെ തിരുക്കര്‍മങ്ങളും പ്രഭാത-സന്ധ്യാ പ്രാര്‍ത്ഥനകളും വിശ്വാസികളെ മണിയടിച്ച് കേള്‍പ്പിക്കാനാണ് ഗോപുരം നിര്‍മിച്ചത്.
1883-ല്‍ തുടങ്ങി പത്തുവര്‍ഷമെടുത്ത് 1893-ലാണ് മണിമാളികയുടെ പണി പൂര്‍ത്തിയാക്കിയത്. കോണ്‍ക്രീറ്റും സിമന്റും ലഭ്യമല്ലാതിരുന്ന കാലത്ത് മുകളില്‍ മേല്‍ക്കൂരയാണ് സ്ഥാപിച്ചത്. പിന്നീട് ജനങ്ങളെ ആശീര്‍വദിച്ചു നില്‍ക്കുന്ന ക്രിസ്തുവിന്റെ വലിയ രൂപം സ്ഥാപിച്ചു. ഇവിടെ സ്ഥാപിച്ചിട്ടുള്ള മൂന്നു വലിയ ദൈവാലയ മണികളും പാരീസില്‍നിന്നും കൊണ്ടുവന്നതാണ്. ആനയെകൊണ്ട് വടംകെട്ടി വലിച്ചാണ് മണി മുകളിലേക്ക് ഉയര്‍ത്തിയതെന്ന് പറയുന്നു.
മരത്തില്‍തീര്‍ത്ത പടികളിലൂടെവേണം മുകളിലേക്കെത്താന്‍. മുമ്പ് വിശ്വാസികള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നെങ്കിലും ഏതാനും വര്‍ഷംമുമ്പ് സുരക്ഷ പരിഗണിച്ച് പ്രവേശനം നിര്‍ത്തി. ചുണ്ണാമ്പും മണലും മറ്റുചില ഇലക്കൂട്ടുകളും ഉപയോഗിച്ചാണ് ഭിത്തി തേച്ചു മിനുക്കിയത്. കാലപ്പഴക്കംകൊണ്ട് ഭിത്തി അടരാന്‍ തുടങ്ങിയതോടെയാണ് കേടുപാട് തീര്‍ക്കാന്‍ തീരുമാനിച്ചത്.
വികാരി ഫാ. ആന്റണി ചിറ്റിലപ്പിള്ളിയുടെയും ട്രസ്റ്റിമാരുടെയും നേതൃത്വത്തില്‍ മണിമാളികയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഗോഥിക് മാതൃകയില്‍ നിര്‍മിച്ച മണിമാളികയ്ക്ക് സമീപം ലിഫ്റ്റ് സ്ഥാപിച്ച് വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കണമെന്നതാണ് ഇപ്പോഴത്തെ തലമുറയുടെ ആഗ്രഹം.
Leave a Comment
Your email address will not be published. Required fields are marked with *