Follow Us On

28

April

2024

Sunday

ആദ്യം കേട്ട അനുഭവ സാക്ഷ്യം

ആദ്യം കേട്ട  അനുഭവ സാക്ഷ്യം

ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി

പ്രാര്‍ത്ഥന കഴിഞ്ഞ് ഇമചിമ്മാതെ തിരുഹൃദയത്തെ നോക്കിയിരിക്കുന്ന അപ്പച്ചന്റെ ചിത്രം ഇന്നും മനസിലുണ്ട്. മെയ് മാസം മാതാവിന്റെ വണക്കമാസമായതുകൊണ്ട് സാധാരണഗതിയില്‍നിന്ന് സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം ഒരല്‍പ്പം കൂടിയിരുന്നു. ജൂണ്‍ മാസമാവുമ്പോഴേക്കും തിരുഹൃദയ വണക്കമാസമുള്ളതുകൊണ്ട് പിന്നെയും പ്രാര്‍ത്ഥനാ സമയം കൂടുമായിരുന്നു. മടുപ്പുകളില്ലാതെ ഈ വണക്കമാസങ്ങളെ സാകൂതം ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത് അപ്പച്ചന്റെ ഭക്തിയോടെയുള്ള വണക്കമാസ വായനയായിരുന്നു.

തിരുഹൃദയത്തണലില്‍

സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചപ്പോഴും തുടര്‍ന്ന് ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ നേരിടാന്‍ അപ്പച്ചന് താങ്ങായത് തിരുഹൃദയ സ്‌നേഹമാണെന്നതില്‍ യാതൊരു സംശയവുമില്ല. പട്ടാളത്തില്‍നിന്നും തിരിച്ചുവന്ന് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊച്ചിന്‍ പോര്‍ട്ടില്‍ ജോലി കിട്ടിയത് തിരുഹൃദയത്തിന്റെ അനുഗ്രഹമാണെന്ന് നിരന്തരം വീട്ടില്‍ മുഴങ്ങിയിരുന്ന അപ്പച്ചന്റെ അനുഭവ സാക്ഷ്യമായിരുന്നു. തിരുഹൃദയം നമ്മെ ഒരിക്കലും കൈവെടിയില്ലെന്ന അപ്പച്ചന്റെ ആത്മഗതം തിരുഹൃദയത്തെക്കുറിച്ചോ തിരുഹൃദയ ഭക്തിയെക്കുറിച്ചോ വലിയ ധാരണയൊന്നുമില്ലാതിരുന്നിട്ടും ഇളംപ്രായത്തില്‍ തിരുഹൃദയത്തോട് സവിശേഷമായ സ്‌നേഹം തോന്നാനിടയാക്കി.

ആദ്യകുര്‍ബാന സ്വീകരണത്തിന് ഒരുക്കമായുള്ള ദിനങ്ങളില്‍ അപ്പച്ചന്‍ കൂടെക്കൂടെ ഓര്‍മിപ്പിച്ച ഒരു കാര്യമുണ്ടായിരുന്നു; ആദ്യകുര്‍ബാന സ്വീകരിച്ചതിനുശേഷം ആദ്യ ഒമ്പത് വെള്ളിയാഴ്ച്ച തുടര്‍ച്ചയായി അനുരഞ്ജന കൂദാശ സ്വീകരിച്ച് ദിവ്യകാരുണ്യം സ്വീകരിക്കുകയാണെങ്കില്‍ കര്‍ത്താവിന്റെ കൃപ ലഭിക്കാതെ മരിക്കുകയില്ല. താന്‍ ഈ വാഗ്ദാനം പൂര്‍ത്തിയാക്കി യിട്ടുണ്ടെന്ന് അഭിമാനത്തോടെ അപ്പച്ചന്‍ ഞങ്ങളെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നെങ്കിലും ആദ്യത്തെ അഞ്ച് ആദ്യ വെള്ളിയാഴ്ച്ച മാത്രമാണ് അനുരഞ്ജന കൂദാശ സ്വീകരിച്ച് ഒരുങ്ങിക്കൊണ്ട് ഞാന്‍ ദിവ്യകാരുണ്യം സ്വീകരിച്ചത്. പല കാരണങ്ങള്‍കൊണ്ട് ഈ വ്രതം പൂര്‍ത്തിയാക്കാന്‍ എനിക്കായില്ല.

സുകൃതം നിറഞ്ഞ നിമിഷം

ഞാന്‍ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അപ്പച്ചന്‍ കാന്‍സര്‍ രോഗബാധിതനാകുന്നത്. പാലിയേറ്റീവ് കെയര്‍ സ്റ്റേജില്‍ ആയിരിക്കുമ്പോഴും രോഗാവസ്ഥയുടെ തീവ്രത പൂര്‍ണ്ണമായും അപ്പച്ചന്‍ മനസിലാക്കിയിരുന്നില്ല. പിന്നെ എങ്ങിനെയാണ് രോഗിലേപന കൂദാശ നല്‍കുക എന്നത് മനസില്‍ ഉയര്‍ന്ന വലിയ ആശങ്കയായിരുന്നു. ഒമ്പത് ആദ്യ വെള്ളിയാഴ്ച്ച കുമ്പസാരിച്ച് കുര്‍ബാന കൈക്കൊണ്ട താന്‍ കര്‍ത്താവിന്റെ കൃപ സ്വീകരിക്കാതെ മരിക്കുകയില്ലെന്ന അപ്പച്ചന്റെ വാക്കുകളും ഓര്‍മയിലുണ്ടായിരുന്നു. ദൈവകൃപയുടെ സാന്നിധ്യമായി ഞങ്ങളുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന സിസ്റ്റര്‍ ജെറോം അപ്പച്ചന് പാലിയേറ്റീവ് കെയര്‍ ശുശ്രൂഷ നല്‍കിയിരുന്ന ഹോളിക്രോസ് സന്യാസ സഭയിലെ അംഗമായിരുന്നു. നിത്യവും സായാഹ്നങ്ങളില്‍ അപ്പച്ചനെ സന്ദര്‍ശിക്കാനെത്തിയ സിസ്റ്റര്‍ ആയിരുന്നു രോഗാവസ്ഥയെക്കുറിച്ച് അപ്പച്ചനെ പറഞ്ഞുമനസിലാക്കിയതും രോഗിലേപന കൂദാശ സ്വീകരിക്കാനായി അദ്ദേഹത്തെ ഒരുക്കിയതും.

2008 ഫെബ്രുവരി 21-നാണ് അപ്പച്ചന്‍ മരിച്ചത്. അന്നും രാവിലെ പതിവുപോലെ മുറിയിലേക്ക് കൊണ്ടുവന്ന ദിവ്യകാരുണ്യം അപ്പച്ചന്‍ സ്വീകരിച്ചു. ഞങ്ങള്‍ മക്കളുടെയും അപ്പച്ചന്റെ സഹോദരങ്ങളുടെയും, ബന്ധുമിത്രാദികളുടെയുമൊക്കെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. കരുണക്കൊന്തയുടെയും ഈശോ മറിയം ഔസേപ്പേ സുകൃതജപങ്ങളുടെയും മധ്യേയായിരുന്നു അപ്പച്ചന്‍ കടന്നുപോയത്. അപ്പച്ചന്റെ അന്ത്യനിമിഷങ്ങള്‍ കൃപാപൂരിതമാക്കിയത് വികാരി ജോപ്പിയച്ചന്റെ സാന്നിധ്യമായിരുന്നു. സിസ്റ്റര്‍മാര്‍ അറിയച്ചതനുസരിച്ച് ജോപ്പിയച്ചന്‍ അവിടെ വരികയും അപ്പച്ചന്റെ തലയില്‍ കൈവെച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ആ പ്രാര്‍ത്ഥനയുടെ ഇടയില്‍ ഞങ്ങളെയെല്ലാം നോക്കിയതിനുശേഷം ശാന്തമായിട്ടായിരുന്നു അപ്പച്ചന്റെ മരണം. ഹൃദയം തകര്‍ന്ന സമയമായിരുന്നെങ്കിലും ഇന്ന് ആ നിമിഷങ്ങളെ ജീവിതത്തിലെ ഏറ്റവും സുകൃതം നിറഞ്ഞ നിമിഷങ്ങളായിട്ടാണ് ഓര്‍ത്തെടുക്കുക.

കൃപയുടെ നീര്‍ച്ചാല്‍

അപ്പച്ചന്റെ മരണശേഷമാണ് സെമിനാരിയില്‍ ചേര്‍ന്നത്. സെമിനാരി ജീവിതത്തിനിടെയാണ് ഒമ്പത് ആദ്യ വെള്ളിയാഴ്ച്ച തുടര്‍ച്ചയായി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്ന വ്യക്തികള്‍ കര്‍ത്താവിന്റെ കൃപ സ്വീകരിക്കാതെ മരിക്കുകയില്ലെന്നത് തിരുഹൃദയത്തിന്റെ അപ്പോസ്‌തോലയായ വിശുദ്ധ മര്‍ഗരീത്തായ്ക്ക് തിരുഹൃദയനാഥന്‍ നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നുവെന്ന് തിരിച്ചറിയുന്നത്. സെമിനാരി ജീവിതത്തിനിടെ സദാ സമയവും കുമ്പസാരക്കാരന്‍ കൂടെ ഉണ്ടായിട്ടും ഈ സുകൃതം പൂര്‍ത്തി യാക്കാന്‍ ഞാന്‍ കൂട്ടാക്കിയിരുന്നില്ല. ഡീക്കനായി ശുശ്രൂഷ ചെയ്ത വേളയിലായിരുന്നു കോവിഡിന്റെ രണ്ടാം തരംഗം ഒരുപാട് സഹോദരങ്ങളുടെ ജീവന്‍ അപഹരിച്ചത്.

ആ നാളുകളില്‍ ശ്മശാനങ്ങളില്‍ മൃതസംസ്‌ക്കാര കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള അവസരം ലഭിച്ചിരുന്നു. ആ ദിനങ്ങളിലുണ്ടായ അനുഭവങ്ങളാണ് വി. മര്‍ഗരീത്തായ്ക്ക് കര്‍ത്താവ് നല്‍കിയ ഈ വാഗ്ദാനത്തെ പൂര്‍ത്തീകരിക്കണമെന്ന ആഗ്രഹം മനസില്‍ ശക്തമായത്. തിരുപ്പട്ടം സ്വീകരിച്ചതിന് ശേഷമുള്ള ആദ്യ ഒമ്പത് വെള്ളിയാഴ്ച്ച ഈ നിയോഗം വച്ചുകൊണ്ട് അനുരഞ്ജനകൂദാശ സ്വീകരിക്കാനും ദിവബലി അര്‍പ്പിക്കാനുമുള്ള വലിയ കൃപ തിരുഹൃദയ നാഥന്‍ നല്‍കി. അങ്ങനെ ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം അപ്പച്ചന്‍ നിരന്തരം ആവശ്യപ്പെട്ട വ്രതം പൂര്‍ത്തീകരിക്കാനായി.

അവന്റെ മരണം ഉറപ്പിക്കാനായിരുന്നു റോമന്‍ പടയാളികളിലൊരാള്‍ തിരുഹൃദയം കുത്തിത്തുറന്നത്. കുത്തിത്തുറക്കപ്പെട്ട തിരുഹൃദയത്തിന് പങ്കുവയ്ക്കാനുണ്ടായിരുന്നത് വേദനയുടെ കണ്ണുനീരായിരുന്നില്ല. മറിച്ച്‌, എല്ലാവര്‍ക്കും ജീവന്‍ നല്‍കാനുള്ള കൃപയുടെ നീര്‍ച്ചാലായിരുന്നു. തിരുഹൃദയത്തോടുള്ള ഭക്തിയില്‍ അനുദിനം വളരാനും തിരുഹൃദയനാഥന്റെ ഹൃദയത്തില്‍ ചാരിക്കിടന്ന് നിത്യതയിലേക്ക് പ്രവേശിക്കാനും നമുക്കാവട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?