ഭോപ്പാല്‍: ഇന്ത്യയില്‍ ദളിതര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ പെരുകുന്നതില്‍ ആശങ്കയറിയിച്ച് സിബിസിഐ. ഇന്ത്യയ്ക്ക് സ്വാതന്ത്യം കിട്ടി ഏഴു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും സമൂഹത്തിലെ ദളിതരെ സംബന്ധിച്ച് ഒന്നും മാറിയിട്ടില്ലെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ ഓഫീസ് ഫോര്‍ ദളിത്‌സ് ആന്റ് ലോവര്‍കാസ്റ്റ്‌സ് സെക്രട്ടറി ഫാ. വിജയ് കുമാര്‍ നായക് അഭിപ്രായപ്പെട്ടു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ഒരു ദളിത് യുവാവിനെ മര്‍ദ്ദിച്ച് കൊല്ലുകയും അമ്മയെ നഗ്നയാക്കുകയും സഹോദരിയെ അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
18-കാരനായ നിതിന്‍ അഹിര്‍വാര്‍ എന്ന ദളിത് യുവാവാണ് കൊലചെയ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരി പ്രതികള്‍ക്കെതിരെ നല്‍കിയ പീഡനക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കൊലപാതകം നടത്തിയത്. കൊലപാതകത്തിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയില്‍ ഒരു ദിവസം ഓരോ ദളിതന്‍ വീതം കൊല്ലപ്പെടുകയോ, അക്രമിക്കപ്പെടുകയോ ചെയ്യുന്നു. ദളിത് വനിതകള്‍ നഗ്നരാക്കപ്പെടുകയോ, ബലാത്ക്കാരം ചെയ്യപ്പെടുകയോ, കൊല്ലപ്പെടുകയോ ചെയ്യുന്നതായി ഫാ. വിജയ് കുമാര്‍ നായക് സൂചിപ്പിച്ചു. ഇന്ത്യയിലെ ഏതാണ്ട് 60 ശതമാനം ക്രൈസ്തവരും ദളിത്, ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവരാണ്. ദളിതര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തൊട്ടുമുന്‍ വര്‍ഷത്തെക്കാള്‍ ദളിതരെ അക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവെന്ന് ഫെഡറല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മധ്യപ്രദേശ്. എല്ലാ സമൂഹങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ മാത്രമേ രാജ്യം വളരുകയുള്ളുവെന്ന് ഫാ. നായക് അഭിപ്രായപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *