ജയ്‌സ് കോഴിമണ്ണില്‍
സന്യസ്തജീവിതം പ്രഭാപൂരിതമാക്കിയ ശ്രേഷ്ഠാചാര്യനായിരുന്നു ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി, കൊല്ലം ഭദ്രാസനങ്ങളുടെ അധിപനായിരുന്ന കാലം ചെയ്ത സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ. പുനലൂരിലെ വൈദികപാരമ്പര്യമുള്ള ആറ്റുമാലില്‍ വരമ്പത്ത് കുടുംബത്തിലെ പൂര്‍വികരായ വൈദികര്‍ പരുമല തിരുമേനിയോടും പരുമല സെമിനാരിയുടെ സ്ഥാപകന്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമനോടും അടുത്തബന്ധം പുലര്‍ത്തിയിരുന്നു. മാര്‍ അന്തോണിയോസിന്റെ പിതാമഹനായ ആറ്റുമാലില്‍ സ്‌കറിയാ കത്തനാര്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി. എബ്രഹാമിന്റെയും മറിയാമ്മയുടെയും മകനായി 1946 ജൂലൈ 19-നാണ് മാര്‍ അന്തോണിയോസ് ജനിച്ചത്. ഡബ്ല്യു.എ. ചെറിയാന്‍ എന്നായിരുന്നു മാര്‍ അന്തോണിയോസിന്റെ മേല്‍പട്ടസ്ഥാനം സ്വീകരിക്കുന്നതിനുമുമ്പുള്ള പേര്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കൊല്ലം ഫാത്തിമമാതാ നാഷണല്‍ കോളജില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി; തുടര്‍ന്ന് കോട്ടയം വൈദികസെമിനാരിയില്‍ പഠനം ആരംഭിച്ചു. 1974 ഫെബ്രുവരി രണ്ടിന് വൈദികപട്ടം സ്വീകരിച്ചു. മാര്‍ അന്തോണിയോസ് സെമിനാരി വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ പരുമല ദൈവാലയത്തില്‍ എത്തി പ്രാര്‍ത്ഥിക്കുക പതിവായിരുന്നു. മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടാനുള്ള വേദിയായി പരുമല സെമിനാരി മാറിയതും ദൈവനിയോഗം. 1989 ല്‍ പത്തനംതിട്ടയില്‍ നടന്ന മലങ്കര അസോസിയേഷന്‍ എപ്പിസ്‌കോപ്പയായി തിരഞ്ഞെടുക്കപ്പെട്ടു.
1991 ഏപ്രില്‍ 30 ന് കുര്യാക്കോസ് മാര്‍ ക്ലീമിസ്, ഇയ്യോബ് മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ) എന്നിവര്‍ക്കൊപ്പം മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, ഫാ. ഡബ്ല്യു.എ. ചെറിയാനെ സഖറിയാ മാര്‍ അന്തോണിയോസ് എന്ന പേരില്‍ മെത്രാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയത്. എന്നും ഗുരുസ്ഥാനീയനായിരുന്ന കൊല്ലം ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ കൂറിലോസാണ് മാര്‍ അന്തോണിയോസിന് സന്യാസജീവിതത്തിലേക്ക് വഴിതുറന്നത്.
1991 മുതല്‍ 2009 വരെ കൊച്ചി ഭദ്രാസനത്തിന്റെ ചുമതല മാര്‍ അന്തോണിയോസ് നിര്‍വഹിച്ചു. 2009-ല്‍ മാതൃഭദ്രാസനമായ കൊല്ലത്തേക്ക് സ്ഥാനമാറ്റം ലഭിച്ചു.
2022 നവംബര്‍ മൂന്നിന് കൊല്ലം ഭദ്രാസനത്തിന്റെ ഭരണച്ചുമതലയില്‍നിന്ന് വിരമിച്ചു. അന്ന് 75 വയസേയുള്ളൂ എങ്കിലും മാര്‍ അന്തോണിയോസ് ഭദ്രാസനഭരണം ഉപേക്ഷിച്ച് വിശ്രമത്തിനായി ജീവിതം മാറ്റിവക്കുകയായിരുന്നു. മല്ലപ്പള്ളിക്ക് അടുത്തുള്ള ആനിക്കാട് അന്തോണിയോസ് ദയറായിലായിരുന്നു വിശ്രമജീവിതം. നവംബര്‍ 14 ന് അദ്ദേഹം ആനിക്കാട് ദയറായില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി എത്തിച്ചേര്‍ന്നു. സന്യാസസമൂഹങ്ങളുടെ പിതാവായി അറിയപ്പെടുന്ന ഈജിപ്തിലെ മാര്‍ അന്തോണിയോസിന്റെ പേരിലാണ് ഈ ദയറാ സ്ഥാപിതമായിരിക്കുന്നത്. നിരന്തരമായ പ്രാര്‍ത്ഥനയില്‍ വിശ്വാസജീവിതം നവീകരിച്ച സന്യാസവര്യനായിരുന്നു സഖറിയാ മാര്‍ അന്തോണിയോസ്.
ഏവരെയും ഏകമനസോടെ സ്‌നേഹിച്ച വ്യക്തിപ്രാഭവത്തിന്റെ ഉടമ. മുഖംനോട്ടമില്ലാതെ സഹായഹസ്തം നീട്ടിയ ആചാര്യനായിരുന്നു മാര്‍ അന്തോണിയോസ്. പ്രാര്‍ത്ഥനയ്‌ക്കൊപ്പം പ്രകൃതിയെയും കൃഷിയെയും ഏറെ സ്‌നേഹിച്ച മേല്‍പട്ടക്കാരന്‍. കൊച്ചിയില്‍നിന്ന് കൊല്ലത്തേക്ക് ഭദ്രാസനച്ചുമതല മാറിവന്ന വേളയില്‍, കൊച്ചിയില്‍നിന്ന് അദ്ദേഹം കൊണ്ടുവന്ന ചെടികളും വൃക്ഷത്തൈകളും ഭദ്രാസനസ്ഥാനത്ത് ഇന്ന് തണല്‍മരങ്ങളായി നില്‍ക്കുന്നു.
1955 ല്‍ പണി കഴിപ്പിച്ച കൊല്ലം മെത്രാസനമന്ദിരം 2015 ല്‍ പുതുക്കിപ്പണിതതും ആശീര്‍വദിച്ചതും മാര്‍ അന്തോണിയോസായിരുന്നു.
സാധാരണ വാഹനത്തില്‍ യാത്ര ചെയ്തിരുന്ന അദ്ദേഹം മൊബൈല്‍ഫോണ്‍ ഉപയോഗിക്കാറില്ലായിരുന്നു. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ താല്‍പര്യമില്ലാത്തതിനാല്‍ പാസ്‌പോര്‍ട്ടും എടുത്തിരുന്നില്ല. വിശുദ്ധവാരത്തില്‍ സ്വന്തം ഭദ്രാസനംവിട്ട് മറ്റൊരിടത്തും മാര്‍ അന്തോണിയോസ് യാത്ര പോകാറില്ലായിരുന്നു.
ആരാധനയെക്കുറിച്ച് ആഴമായ ഉള്‍ബോധമുള്ള വ്യക്തിയായിരുന്ന മാര്‍ അന്തോണിയോസിന്റെ വാക്കുകളായിരുന്നു ആരാധന സംബന്ധിച്ച സംശയങ്ങളില്‍ ഏവരുടെയും അഭയകേന്ദ്രം. സന്യസ്തജീവിതം എപ്രകാരമായിരിക്കണമെന്ന് ജീവിച്ചുകാട്ടിയ മാര്‍ അന്തോണിയോസ് അന്ത്യവിശ്രമത്തിന് തിരഞ്ഞെടുത്തതും ഗുരുവായിരുന്ന മാത്യൂസ് ദ്വിതീയന്‍ ബാവയുടെ കബറിടത്തോട് ചേര്‍ന്ന സ്ഥലവും. മാര്‍ അന്തോണിയോസിന്റെ ഭൗതികശരീരം ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലെ മാര്‍ ഏലിയാ ചാപ്പലിലാണ് കബറടക്കിയത്. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും ഓര്‍ത്തഡോക്‌സ് സഭയിലെ ബിഷപ്പുമാരുടെ സഹകാര്‍മികത്വത്തിലുമായിരുന്നു ശുശ്രൂഷകള്‍. സഹോദരങ്ങള്‍: അച്ചാമ്മ മാമ്മന്‍, ഡബ്ല്യു.എ. കുര്യന്‍, കുരുവിള എബ്രഹാം, സൂസന്‍ മാത്യു, സുജ ബൈജു.
Leave a Comment
Your email address will not be published. Required fields are marked with *