Follow Us On

15

January

2025

Wednesday

ഓണം കഴിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം

ഓണം കഴിഞ്ഞപ്പോള്‍  എല്ലാവര്‍ക്കും സന്തോഷം

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

അങ്ങനെ 2023-ലെ ഓണാഘോഷങ്ങള്‍ കഴിഞ്ഞു. ഓണാഘോഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പല വിഭാഗത്തില്‍പെടുന്ന ആളുകളുടെ സന്തോഷം വര്‍ധിക്കുന്നതിന് അത് കാരണമായി. വിവിധ വിഭാഗം ജനങ്ങള്‍ക്ക് ഓണക്കാലം എങ്ങനെയൊക്കെ സന്തോഷം നല്‍കി എന്നു നോക്കാം.
ആദ്യം ബിസിനസ് മേഖലയെ എടുക്കാം. ഉത്പാദകര്‍, വിതരണക്കാര്‍, കച്ചവടക്കാര്‍ എന്നിവരെല്ലാം അടങ്ങുന്നതാണ് ഈ മേഖല. അവര്‍ക്കെല്ലാം ബിസിനസ് നല്ലവണ്ണം നടന്നു. ഓണക്കോടി വില്‍പനയിലൂടെ ആ മേഖല 1700 കോടി രൂപയെങ്കിലും ഓണക്കാലത്ത് നേടി. ഉത്പാദകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം അതിന്റെ ഗുണം കിട്ടും. വാഹനവില്‍പന നന്നായി നടക്കുന്ന കാലമാണ് ഓണക്കാലം.

അതിനാല്‍ ആ മേഖലയില്‍ ഉള്ളവരുടെ വരുമാനം കൂടി. ഗൃഹോപകരണങ്ങളുടെ നിര്‍മാതാക്കളുടെയും കച്ചവടക്കാരുടെയും കാര്യം എടുക്കുക. ടെലിവിഷന്‍ സെറ്റുകള്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി തുടങ്ങിയ ഗൃഹോപകരണങ്ങളുടെ വില്‍പന നന്നായി നടന്നു. സ്വര്‍ണക്കച്ചവടക്കാര്‍ക്കും കച്ചവടവും ലാഭവും കൂടി. അവര്‍ക്കും സന്തോഷം. ധാരാളംപേര്‍ ഓണസദ്യ ബുക്ക് ചെയ്ത് വാങ്ങാന്‍ തുടങ്ങി. വീട്ടില്‍ സദ്യ ഉണ്ടാക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍വേണ്ടിയാണ് പാഴ്‌സല്‍ വാങ്ങുന്നത്. ധാരാളം ഹോട്ടലുകളും കേറ്ററിങ്ങ് സ്ഥാപനങ്ങളും ഓണസദ്യ പാഴ്‌സല്‍ നല്‍കാന്‍ തുടങ്ങി. 250-300 കോടി രൂപയുടെ കച്ചവടം ഈ മേഖലയില്‍ നടന്നിട്ടുണ്ടാകും.

ഓണത്തിനുമുമ്പ് ഏറ്റവും കൂടുതല്‍ പച്ചക്കറികളും മറ്റും വാങ്ങിയത് കുടുംബങ്ങള്‍ അല്ല; കേറ്ററിങ്ങ് സ്ഥാപനങ്ങളാണ് എന്നു പറയുന്നു. അതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വരുമാനവും ലാഭവും കൂടി. ഓണപ്പായസം വില്‍പനയും ഗണ്യമായി കൂടി. ആ മേഖലയില്‍ ഉള്ളവര്‍ക്കും സന്തോഷം. പൂക്കച്ചവടക്കാരുടെ വരുമാനം കൂടി. നിരവധി താല്‍ക്കാലിക-വഴിയോര പൂക്കച്ചവടക്കാര്‍ രംഗത്തുവന്നു. അവര്‍ക്ക് എല്ലാവര്‍ക്കും സന്തോഷം. ബേക്കറി വിപണിക്കും നേട്ടം കിട്ടിയ കാലമാണിത്. ബനാന ചിപ്‌സ് ഉണ്ടാക്കി വില്‍ക്കുന്നവര്‍, ബേക്കറിക്കാര്‍ തുടങ്ങിയവര്‍ക്ക് നല്ല കച്ചവടം കിട്ടി.
പരസ്യവിപണിയെ എടുക്കുക. ടെലിവിഷന്‍-അച്ചടിമാധ്യമങ്ങള്‍ കോളടിച്ച കാലമാണിത്. അനേക കോടി രൂപയാണ് പരസ്യങ്ങള്‍വഴി കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് അവര്‍ നേടിയത്. ടൂറിസം മേഖലയില്‍ ഉള്ളവര്‍ക്കും സന്തോഷകരമായിരുന്നു ഓണക്കാലം. വിനോദസഞ്ചാരം ഗണ്യമായി നടന്ന സമയമാണ്.

ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ചെറുകിട കച്ചവടക്കാര്‍, വഴിയോര കച്ചവടക്കാര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ടാക്‌സി-ഓട്ടോക്കാര്‍ തുടങ്ങി അനവധി പേര്‍ക്കും ബിസിനസും ലാഭവും കൂടി. ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പറഞ്ഞു: നിന്നുതിരിയാന്‍ സമയം ഇല്ലാത്ത അത്രയും ഓട്ടം ഉണ്ട്. പക്ഷേ, റോഡിലെ തിരക്കുകാരണം ഓടിയെത്താന്‍ പറ്റുന്നില്ല. അതിനാല്‍ ഓട്ടം കിട്ടുമെങ്കിലും ഓടിയെത്തി ഈ തിരക്ക് വേണ്ടത്ര മുതലാക്കാന്‍ പറ്റുന്നില്ല.

ഒരുപാട് സാധാരണക്കാര്‍ക്ക് ഓണക്കാലം ഗുണമുണ്ടാക്കി. കിട്ടാനുണ്ടായിരുന്ന പല ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും അവര്‍ക്ക് കിട്ടി. തീര്‍ച്ചയായും അത് സന്തോഷകരമാണല്ലോ. സര്‍ക്കാരിനും ഓണക്കാലം ഗുണമുണ്ടാക്കി. ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയവ വിതരണം ചെയ്യാന്‍ വലിയൊരു തുക സര്‍ക്കാരിന് കണ്ടെത്തേണ്ടി വന്നു. അത് ഒരു ഭാരമായി. എന്നാല്‍ നികുതിയിനത്തില്‍ നല്ലൊരു തുക തിരിച്ചുകിട്ടി. മദ്യത്തിന്റെ നികുതിവരുമാനമാണ് ഏറ്റവും വലുത്. ഓണക്കാലത്തെ വര്‍ധിച്ച കച്ചവടംമൂലം നികുതിയിനത്തില്‍ നല്ലൊരു തുക ഗവണ്‍മെന്റിന് കിട്ടി.

ഇനി ജനങ്ങളുടെ കാര്യം നോക്കുക. അവരുടെ സന്തോഷം പല കാരണങ്ങളാല്‍ കൂടി. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവധി. ദൂരെ സ്ഥലങ്ങളില്‍ പഠനം, ജോലി എന്നിവയുമായി കഴിയുന്ന ധാരാളം പേര്‍ വീട്ടിലെത്തിയത് ഒരു സന്തോഷം. കുടുംബം ഒന്നായി നടത്തിയ ചെറിയ ഔട്ടിങ്ങ്, വിനോദയാത്ര തുടങ്ങിയവ അവരുടെ സന്തോഷം വര്‍ധിപ്പിച്ചു. പുതുതായി വാങ്ങിയ വസ്ത്രങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവ അവരുടെ സന്തോഷം വര്‍ധിപ്പിച്ചു. അങ്ങനെ നോക്കുമ്പോള്‍ എല്ലാ മേഖലകളിലും ഉള്ളവര്‍ക്ക് അധിക സന്തോഷം നല്‍കിയ അവസരമാണ് ഓണദിവസങ്ങള്‍.

ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പണം കിട്ടിയവര്‍ക്കും സന്തോഷം കൂടി. പണം ചെലവഴിച്ചവര്‍ക്കും സന്തോഷം കൂടി. പണം ചെലവഴിച്ചവര്‍ക്ക് സന്തോഷം കൂടുമോ എന്ന് സംശയിക്കാം. സന്തോഷം കൂടും. ഒന്നാമത്, സന്തോഷം കൂട്ടാന്‍ സഹായിക്കുന്ന സാധനങ്ങള്‍ വാങ്ങാനാണ് അവര്‍ പണം ചെലവഴിച്ചത്. രണ്ടാമത്, സ്വന്തം താല്‍പര്യപ്രകാരമാണ് പണം ചെലവഴിച്ചത്. പണം ചെലവഴിക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടത്തെക്കാള്‍ അധികമായിരിക്കും ആ പണംകൊണ്ട് വാങ്ങുന്ന സാധനങ്ങള്‍ നല്‍കുന്ന സന്തോഷം എന്നവര്‍ അറിയുന്നു. ഉദാഹരണത്തിന്, ഒരുലക്ഷം രൂപ കൈയില്‍ വച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍ സന്തോഷം ആ പണം കൊടുത്ത് വാങ്ങുന്ന ഒരു പുതിയ, വലിയ ടെലിവിഷന്‍ സെറ്റും അതിലൂടെ കാണുന്ന പരിപാടികളും നല്‍കുന്നു. കാരണം എല്ലാ വാങ്ങല്‍-വില്‍ക്കലുകളിലും ഉപഭോക്തൃമിച്ചം എന്ന ഒരു തത്വം പ്രവര്‍ത്തിക്കുന്നു.

കൊടുത്ത തുകയും കൊടുക്കാന്‍ തയാറാക്കുന്ന പരമാവധി തുകയും തമ്മിലുള്ള വ്യത്യാസമാണ് ഉപഭോക്തൃമിച്ചം. അമ്പതിനായിരം രൂപ കൊടുത്തും വാങ്ങാന്‍ ആഗ്രഹിക്കുന്ന ടെലവിഷന്‍ സെറ്റ് നാല്‍പതിനായിരം രൂപക്ക് കിട്ടുമ്പോള്‍ ഉപഭോക്തൃമിച്ചം പതിനായിരം രൂപയാണ്. ഇങ്ങനെ മിക്കവാറും എല്ലാ വാങ്ങലുകളിലും ഉപഭോക്താക്കള്‍ ഒരു കണ്‍സ്യൂമേര്‍സ് സര്‍പ്ലസ് കാണുന്നു. ഓരോ നാടിനും ഇങ്ങനെ ഓരോ ആഘോഷാവസരങ്ങള്‍ ഉണ്ട്. ഹോളി, ദസറ, ദീപാവലി തുടങ്ങിയവ ഉദാഹരണങ്ങള്‍. ഇത്തരം നാടിന്റെ ആഘോഷദിനങ്ങള്‍ വലിയ പണ ക്രയ-വിക്രയത്തിന്റെ നാളുകള്‍കൂടിയാണ്. പണം ഇങ്ങനെ സര്‍ക്കുലേറ്റ് ചെയ്തുകൊണ്ടിരിക്കണം. എങ്കിലേ തൊഴിലും വരുമാനവും ഉണ്ടാകുകയുള്ളൂ. അതിനാല്‍ പണത്തിന്റെ ക്രയ-വിക്രയവും അതുവഴി സാമ്പത്തിക ഉണര്‍വും ഉണ്ടാക്കുവാന്‍ ഇത്തരം ആഘോഷങ്ങള്‍ക്ക് കഴിയും. ശ്രദ്ധിക്കേണ്ട ഒരു കാര്യമേ ഉള്ളൂ. ഉപഭോക്താക്കള്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടി സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടുപോകരുത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?