Follow Us On

15

January

2025

Wednesday

‘നല്ല സമറായന് ‘ 25-ാം പിറന്നാള്‍

‘നല്ല സമറായന് ‘ 25-ാം പിറന്നാള്‍

 സിസ്റ്റര്‍ ജോയ്‌സ് സി.എം.സി

‘ദൈവത്തിലുള്ള ആശ്രയത്വമാണ് ഞങ്ങളുടെ ബാങ്ക്, യാചിക്കുന്നതാണ് ഞങ്ങളുടെ രീതി, അസൗകര്യമാണ് ഞങ്ങളുടെ സൗകര്യം.’ നല്ല സമറായന്‍ ആശ്രമത്തിന് ആരംഭംകുറിച്ച ഫാ. റോയി വടക്കേലിന്റെ ജീവിതപ്രമാണമാണിത്. കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന അദ്ദേഹം, അഗതികളും അനാഥരും സമൂഹം അവഗണിച്ചവരുമായവരുടെ വേദന തിരിച്ചറിഞ്ഞ മനുഷ്യസ്‌നേഹിയായിരുന്നു. മാനസികമായി താളം തെറ്റിയവരും സ്‌നേഹിക്കാനും സംരക്ഷിക്കാനും ആരും ഇല്ലാത്തവരുമായ സ്ത്രീകള്‍ക്ക് സ്‌നേഹവും സംരക്ഷണവും സുരക്ഷിതത്വവും നല്‍കുന്നതിന് ഒരു ഭവനം എന്ന സ്വപ്‌നം ഫാ. റോയി നിരന്തര പ്രാര്‍ത്ഥനാ വിഷയമാക്കി.

13 സെന്റിലെ തുടക്കം
അങ്ങനെയിരിക്കെയാണ് പുളിമാവ് കുരിശുപള്ളിയില്‍ മാസത്തിലൊരിക്കലുള്ള വിശുദ്ധ കുര്‍ബാന കഴിഞ്ഞ് ഇടവകാംഗങ്ങളുമായി സംസാരിച്ചിരിക്കെ, വെട്ടത്ത് കുഞ്ഞേട്ടനുമായി (സെബാസ്റ്റ്യന്‍ വെട്ടത്ത്) തന്റെ സ്വപ്‌നം ഫാ. റോയി പങ്കുവയ്ക്കുന്നത്. ‘അച്ചന് ആവശ്യമുള്ള സ്ഥലം എടുത്തുകൊള്ളുക’എന്നായിരുന്നു കുഞ്ഞേട്ടന്റെ മറുപടി. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ഇടവക വികാരിയോടും രൂപത അധികാരികളോടും സംസാരിച്ചശേഷം ഉചിതമെന്ന് തോന്നിയ 13 സെന്റ് സ്ഥലം കുഞ്ഞേട്ടന് കാണിച്ചു കൊടുത്തു. ഒട്ടും വൈകാതെ ആ സ്ഥലം രജിസ്റ്റര്‍ ചെയ്ത്, ദൈവപരിപാലനയില്‍ ആശ്രയിച്ചു കൊണ്ട്, 1997 ഓഗസ്റ്റ് 15ന് പണികള്‍ ആരംഭിച്ചു. സഹോദരനെ സ്‌നേഹിക്കുന്നതിലൂടെ ദൈവത്തെ തന്നെയാണ് സ്‌നേഹിക്കുന്നതെന്ന തിരിച്ചറിവില്‍ ആരംഭിച്ച ‘നല്ല സമറായന്‍’ ആശ്രമത്തിന്റെ തുടക്കമായിരുന്നു അത്. ആശ്രമത്തിലെ ശുശ്രൂഷകള്‍ ഏറ്റെടുത്തു നടത്തുന്നതിന് സിഎംസി പ്രൊവിന്‍ഷ്യല്‍ ആയിരുന്ന ബെന്‍സിറ്റാമ്മയുമായി സംസാരിച്ചു. റോയി അച്ചനാരംഭിക്കുന്ന ആശ്രമത്തിന് അഞ്ച് ലക്ഷം രൂപ സാമ്പത്തിക സഹായം ചെയ്യാമെന്നും, ആശ്രമ ശുശ്രൂഷകള്‍ അമല പ്രൊവിന്‍സ് ഏറ്റെടുക്കാമെന്നും പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ സമ്മതിച്ചു.

ഉറച്ച അടിസ്ഥാനം
റോയി അച്ചന്റെ നേതൃത്വത്തില്‍ ആശ്രമത്തിനായുള്ള ഭൗതിക സാഹചര്യങ്ങള്‍ക്കായി രാപ്പകല്‍ അധ്വാനം പുരോഗമിച്ചപ്പോള്‍ ഇവിടുത്തെ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട സിസ്‌റ്റേഴ്‌സ് ആത്മീയ ഒരുക്കത്തിലായിരുന്നു. പലരും ആശങ്കപ്പെട്ടപ്പോഴും ഈ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട സിസ്റ്റര്‍ മത്തേവൂസ്, സിസ്റ്റര്‍ ഫിലമിന്‍ ഗ്രേസ്, സിസ്റ്റര്‍ ജോയിസ് എന്നിവര്‍ പ്രാര്‍ത്ഥനയിലൂടെ ശക്തിപ്പെടുകയും ത്യാഗ പ്രവൃത്തികളിലൂടെ മാനസികമായി ഒരുങ്ങുകയും ചെയ്തു. ദൈവത്തില്‍ ആശ്രയിച്ചാല്‍ എല്ലാം സാധ്യമാകും എന്ന വിശ്വാസമായിരുന്നു ആശ്രമത്തിന്റെ അടിസ്ഥാനം.

1998 ഓഗസ്റ്റ് 15-ന് ആശ്രമത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. അന്നു തന്നെ തമിഴ് ഭാഷ സംസാരിക്കുന്ന അണ്ണാമല എന്ന സ്ത്രീയെ റോഡില്‍ നിന്ന് ലഭിച്ചു. 1998 ഓഗസ്റ്റ് 22 – ന് ബിഷപ് മാര്‍ മാത്യു വട്ടക്കുഴി ആശ്രമത്തിന്റെ ഔദ്യോഗികമായ വെഞ്ചരിപ്പ് നടത്തി. വണ്ടന്‍പതാല്‍ ബെത്‌ലഹേം ആശ്രമത്തിലും ചിറക്കടവ് മാര്‍ എഫ്രേം ആശുപത്രിയിലുമായി സംരക്ഷിച്ചുകൊണ്ടിരുന്ന ഒമ്പതു മാനസിക രോഗികളെ അന്നു തന്നെ നല്ല സമറായന്‍ ആശ്രമത്തില്‍ എത്തിച്ചു. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ കെട്ടിടം പണി പൂര്‍ത്തിയായിരുന്നില്ല. ആശ്രമമക്കള്‍ കിടക്കുന്ന അതേ മുറിയില്‍ വാതിലിനടുത്ത് ഒരു കട്ടില്‍ വലിച്ചിട്ട് ആ മുറിയില്‍ തന്നെ സിസ്റ്റേഴ്‌സ് കിടന്നു.

‘ഒറ്റയ്ക്കായവരെ ഒറ്റയ്ക്ക്
വിടാത്ത’ തമ്പുരാന്‍
ആശ്രമത്തിലെ ആദ്യ മകളായ അണ്ണാമല എന്ന സ്ത്രീ കാലൊടിഞ്ഞ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടന്നപ്പോള്‍ ചെലവുകള്‍ക്കായി ആകെ ഉണ്ടായിരുന്നത് 500 രൂപയായിരുന്നു. എന്നാല്‍ ദൈവത്തില്‍ മാത്രം ആശ്രയിച്ച് മുന്നോട്ടു പോയപ്പോള്‍ ദൈവം തന്നെ ഇവിടുത്തെ കാര്യങ്ങള്‍ നടത്തിത്തന്നു. ഒരു ദിവസം ഭക്ഷണം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നവര്‍ക്ക് എന്തോ അസൗകര്യം. അതുകൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റി. ഈ വിവരം സിസ്‌റ്റേഴ്‌സ് അറിഞ്ഞിരുന്നില്ല. ഭക്ഷണത്തിന് സമയമായിട്ടും ആള്‍ക്കാരെ കാണാതെ അന്വേഷിച്ചപ്പോഴാണ് ദിവസം മാറ്റിയ വിവരം അറിഞ്ഞത്. 75 ഓളം വരുന്ന അന്തേവാസികള്‍ക്ക് എങ്ങനെ ഭക്ഷണം നല്‍കും? വിശ്വാസപൂര്‍വ്വം പ്രാര്‍ത്ഥന തുടങ്ങി. അധികം വൈകാതെ ഒരു വണ്ടി ആശ്രമ മുറ്റത്ത് വന്നു. വീട്ടില്‍ എന്തോ ആഘോഷ പരിപാടികള്‍ക്കായി ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ ഒരു മരണം, പരിപാടി നടത്താന്‍ പറ്റില്ല അതിനാല്‍ തയാറാക്കിവെച്ച ഭക്ഷണം ഇവിടെ എത്തിച്ചാല്‍ സ്വീകരിക്കുമോ എന്നറിയാന്‍വേണ്ടി വന്നവരാണ്. ‘ഒറ്റയ്ക്കായവരെ ഒറ്റയ്ക്ക് വിടാത്ത’ തമ്പുരാന് നന്ദി പറഞ്ഞുകൊണ്ട് വിഭവ സമൃദ്ധമായ ഭക്ഷണം മക്കള്‍ക്ക് വിളമ്പി!

ഇവിടെ എല്ലാവരും എല്ലാവര്‍ക്കും എല്ലാമാണ്. ഒരേ ഭക്ഷണം ഒരേ മേശയ്ക്ക് ചുറ്റും ഇരുന്ന് ഭക്ഷിക്കുന്നതിലൂടെ സമഭാവനയും ലാളിത്യവും രൂപപ്പെടുന്നു. ഇതൊരു ആശ്രമം മാത്രമല്ല, പഠന കളരികൂടിയാണ്. സന്യാസ ജീവിതവും വൈദിക ജീവിതവുമൊക്കെ ആഗ്രഹിച്ച് എത്തുന്നവരെ ഈ ശുശ്രൂഷയുടെ ചൈതന്യവും തീക്ഷ്ണതയും സ്വന്തമാക്കുന്നതിനായി പരിശീലന കാലഘട്ടത്തില്‍ ഇവിടേക്ക് അയക്കാറുണ്ടായിരുന്നു. നല്ല സമറായന്‍ ആശ്രമത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ചീഫ്‌വിപ്പ് ഡോ. എന്‍ ജയരാജ് മുഖ്യപ്രഭാഷണം നടത്തി. രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.

അഹങ്കാരത്തിനൊരു മറുമരുന്ന്

കാഞ്ഞിരപ്പള്ളി പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ എന്ന പോലീസുകാരന്‍ ആശ്രമത്തോട് ഏറെ സൗഹൃദം പുലര്‍ത്തിയിരുന്നു. ഇവിടെനിന്ന് സ്ഥലം മാറി പള്ളിക്കത്തോട് പോലീസ് സ്‌റ്റേഷനിലേക്ക് പോയ അദ്ദേഹം ഒരിക്കല്‍ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട ഒരാളെ ഇവിടേക്ക് എത്തിക്കുകയുണ്ടായി. അദ്ദേഹം കൂടെയുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടറോട് പറഞ്ഞു: ‘ഇതൊക്കെ കണ്ടറിഞ്ഞാല്‍ പിന്നെ കുറെ കാലത്തേയ്ക്ക് അഹങ്കാരം എന്ന ചിന്ത മനസി ല്‍ പോലും വരില്ല.’
നല്ലസമറായന്‍ ആശ്രമത്തിന്റെ അനുദിന കഷ്ടപ്പാടുകള്‍ മനസിലാക്കി അതിന് പരിഹാരമായാണ് ഒരു വീട്ടില്‍ നിന്ന് ഒരു പൊതി എന്ന രീതിയില്‍ ബുധനാഴ്ച പൊതിച്ചോറ് ആരംഭിക്കുന്നത്. പിന്നീട് നാനാജാതി മതസ്ഥരായവര്‍ ഈ ദൗത്യം ഏറ്റെടുത്തു. മാസത്തില്‍ ഒന്നോ രണ്ടോ എന്ന കണക്കിന് ആരംഭിച്ച ഈ ശുശ്രൂഷ അധികനാള്‍ കഴിയും മുമ്പ് എല്ലാ ദിവസവും ആയി മാറി.

പൂന്തോട്ടവും പച്ചക്കറിത്തോട്ടവും
പത്തേക്കര്‍ സ്ഥലത്തായി പച്ചക്കറി -പൂന്തോട്ട പരിപാലനം, കോഴി, താറാവ്, മുയല്‍, പശു, ആട്, പന്നി തുടങ്ങിയ പക്ഷി മൃഗാദികളുടെ പരിപാലനം എന്നിവയില്‍ ഇവിടെ താമസിക്കുന്നവരും കഴിവിനൊത്ത് പങ്കുചേരുന്നു. ഭവനത്തിലെത്തുന്നവരുടെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് വീണ്ടും വലുതാക്കി പണിയേണ്ടതായി വന്നു. കൂടുതല്‍ പരിചരണം ആവശ്യമുള്ളവര്‍ക്കായി റിഹാബിലിറ്റേഷന്‍ സെന്ററും പുനരാധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയല്‍വീടും പണിതു. വിവിധ തൊഴിലുകളില്‍ പരിശീലനവും നല്‍കിവരുന്നു.

നാളിതുവരെ 645 പേരെ സ്വീകരിച്ചു സംരക്ഷിച്ചു. 63 പേരുടെ അന്ത്യയാത്രയ്ക്ക് ഈ ഭവനം സാക്ഷിയായി. 457 പേര്‍ ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ആയി. 126 പേര്‍ നിറഞ്ഞ മനസോടെ ഇപ്പോള്‍ ഇവിടെ കഴിയുന്നു. സിസ്റ്റര്‍ മത്തേവൂസ്, സിസ്റ്റര്‍ ഫിലമിന്‍ ഗ്രേസ്, സിസ്റ്റര്‍ ഗ്രേഷ്യസ്, സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ റാണി മരിയ, സിസ്റ്റര്‍ മരീന തുടങ്ങിയവര്‍ ഈ ഭവനത്തിന്റെ നേതൃത്വനിരയില്‍ നിന്നുകൊണ്ട് ത്യാഗോജ്വലമായ സേവനം കാഴ്ചവയ്ക്കുന്നു. 25 വര്‍ഷക്കാലമായി ദൈവം ഈ ഭവനത്തിലേക്കും ഈ ഭവനത്തിലൂടെയും ചൊരിഞ്ഞ എണ്ണമില്ലാത്ത അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനുള്ള അവസരമായിട്ടാണ് ഈ ജൂബിലിവര്‍ഷത്തെ കാണുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?