പ്ലാത്തോട്ടം മാത്യു
അയര്‍ലന്റിന്റെ തലസ്ഥാനമായ ഡബ്ലിനില്‍ ലുക്കാന്‍ ദൈവകരുണയുടെ ദൈവാലയത്തില്‍ എല്ലാ ദിവസവും ആദ്യം എത്തുന്ന ഒരാളാണ് ബാര്‍ണി ലിഞ്ച് എന്ന ബര്‍ണാര്‍ഡ് ലിഞ്ച്. കൈയില്‍ ഒരു ഗിത്താറും ഉണ്ടാകും. 25,000 മണിക്കൂറിലധികം വിമാനം പറത്തിയ ഒരു പൈലറ്റാണ് ലിഞ്ച്. 33 വര്‍ഷം നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം. ലോകത്ത് വിവിധ നഗരങ്ങളിലേക്ക് അദ്ദേഹം വിമാനം പറത്തിയിട്ടുണ്ട്. അമേരിക്കന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കായിരുന്നു കൂടുതല്‍ സര്‍വീസ്. ലിഞ്ച് ദൈവാലയത്തില്‍ എത്തിയാല്‍ ആദ്യം വിശുദ്ധ ഫൗസ്റ്റീനയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലും. തുടര്‍ന്ന് ജപമാലയും വിശുദ്ധ കുര്‍ബാനയും. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ പതിവിന് മാറ്റമില്ല. ഇതിനൊരു കടംവീട്ടലിന്റെ അല്ലെങ്കില്‍ പശ്ചാത്താപത്തിന്റെ തലംകൂടി ഉണ്ടെന്ന് ലിഞ്ച് പറയുന്നു, 25 വര്‍ഷം ദൈവത്തില്‍നിന്നും അകന്നു ജീവിച്ചതിന്റെ.
പൂര്‍വീകര്‍ മാതാവിന്റെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷികള്‍
ബാര്‍ണി ലിഞ്ചിന്റെ ജീവിതത്തില്‍ ഉണ്ടായ ദൈവിക ഇടപെടലാണ് അദ്ദേഹത്തെ വിശ്വാസത്തിലേക്ക് തിരികെ എത്തിച്ചത്. ബാല്യ-കൗമാരകാലത്ത് ഭക്തിയും വിശ്വാസതീക്ഷ്ണതയുമുള്ള ആളായിരുന്നു. പാരമ്പര്യമായിത്തന്നെ തീക്ഷ്ണതയുള്ള വിശ്വാസികളായിരുന്നു ആ കുടുംബം. 1879 ഓഗസ്റ്റില്‍ അയര്‍ലന്റില്‍ നോക്ക് എന്ന സ്ഥലത്ത് പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ട സംഭവത്തിന് നേര്‍സാക്ഷികളായ പത്തുപേര്‍ ലിഞ്ചിന്റെ പൂര്‍വികരായിരുന്നു. മാതാവിന്റെ പ്രത്യക്ഷീകരണം മണിക്കൂറുകള്‍ നീണ്ടതായിരുന്നു. മാതാവിന്റെ പ്രത്യക്ഷീകരണം സഭ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് നോക്ക് ഉള്‍പ്പെട്ട പ്രദേശത്തെ ആര്‍ച്ചുബിഷപ് നിയോഗിച്ച ഔദ്യോഗിക കമ്മീഷന് മുമ്പില്‍ ഇവര്‍ സാക്ഷ്യം നല്‍കുകയും ചെയ്തിരുന്നു.
പൈലറ്റായി ജോലി ചെയ്യുമ്പോഴും വിശ്വാസത്തില്‍ ആഴപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. എന്നാല്‍ വിശ്വാസസംബന്ധമായ കാര്യത്തില്‍ ഒരു വൈദികനോടു തോന്നിയ നീരസം വളര്‍ന്ന് വിശ്വാസത്തില്‍നിന്നുതന്നെ അകന്നുപോകുന്ന സാഹചര്യം രൂപപ്പെട്ടു. ചെറുപ്പം മുതല്‍ തുടര്‍ന്നിരുന്ന വാദ്യോപകരണങ്ങളുടെ പരിശീലനവും ഉപയോഗവും തുടര്‍ന്നിരുന്നെങ്കിലും ദൈവാലയത്തില്‍നിന്നും ആത്മീയതയില്‍നിന്നും പൂര്‍ണമായി അകന്നു. അടുത്ത 25 വര്‍ഷം ഔദ്യോഗിക ജീവിതത്തില്‍മാത്രം കേന്ദ്രീകരിച്ചു. അങ്ങനെ ജീവിതം മുമ്പോട്ടു പോകുമ്പോഴാണ് കഴുത്തില്‍ ചെവിക്ക് താഴെയും മുഖത്തും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും കണ്ണിന്റെ കാഴ്ച മങ്ങുകയും ചെയ്തത്. ഇതോടെ ജോലി അവസാനിപ്പിക്കേണ്ടി വന്നു. വൈകാതെ ശബ്ദം പൂര്‍ണമായി നഷ്ടപ്പെട്ടു. സര്‍ജറി നടത്തിനോക്കാമെന്നും ശബ്ദം തിരിച്ചു കിട്ടുമെന്നതില്‍ പ്രതീക്ഷ വേണ്ടെന്നുമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്.
സംസാരശേഷി തിരികെ
സര്‍ജറിക്കുമുമ്പ് ഒരു വൈദികന്‍ ബാര്‍ണിയെ സന്ദര്‍ശിച്ചു. പ്രാര്‍ത്ഥനയും ദൈവാശ്രയവുംവഴി അത്ഭുതങ്ങള്‍ നടക്കുന്നതിന്റെ നിരവധി സാക്ഷ്യങ്ങള്‍ ആ വൈദികന്‍ പങ്കുവച്ചു. ബാര്‍ണിയാകട്ടെ, 25 വര്‍ഷത്തോളം താന്‍ ഉപേക്ഷിച്ച ദൈവത്തെ വിളിച്ചപേക്ഷിക്കുകയും പാപങ്ങള്‍ക്ക് ക്ഷമ യാചിക്കുകയും ചെയ്തു. പുതിയ മനുഷ്യനായി മാറിയ ബാര്‍ണി ലിഞ്ച് തുടര്‍ന്ന് എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ തുടങ്ങി. തന്റെ സര്‍ജറി വിജയിക്കുകയും സംസാരശേഷി തിരികെ ലഭിക്കുകയുമാണെങ്കില്‍ തുടര്‍ന്നുള്ള ജീവിതം ദൈവത്തോടൊപ്പമായിരിക്കുമെന്നും വാദ്യോപകരണങ്ങളുമായി ദൈവാലയ ശുശ്രൂഷകളിലും ദിവ്യബലിയിലും പാട്ടുപാടി ഭക്തിപൂര്‍വം പങ്കെടുക്കുമെന്ന് പ്രതിജ്ഞയെടുത്തു. ഇക്കാര്യം വൈദികനെ അറിയിച്ചു. ഒപ്പം വിശുദ്ധ ഫൗസ്റ്റീനയോട് മാധ്യസ്ഥം തേടുകയും ചെയ്തു. അത്ഭുതകരമായ ദൈവിക ഇടപെടല്‍ ബാര്‍ണിയുടെ ജീവിതത്തിലുണ്ടായി.
സര്‍ജറി വിജയിക്കുകയും സംസാരശേഷി തിരിച്ചു കിട്ടുകയും ചെയ്തു. ആശുപത്രിയില്‍നിന്നും തിരിച്ചെത്തിയതുമുതല്‍ പതിനെട്ടാം വയസില്‍ സ്വന്തമാക്കിയ ഗിത്താറുമായി ദൈവാലയത്തില്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. അഞ്ചുവര്‍ഷത്തോളമായി ഇതു തുടരുന്നു. ബാര്‍ണി ലിഞ്ചിന്റെ ദിവസം ആരംഭിക്കുന്നത് ഇപ്പോള്‍ ദൈവാലയത്തിലാണ്. ദൈവകരുണയുടെ ജീവിക്കുന്ന മാതൃകയാണ് ഇന്നദ്ദേഹം. അനേകരുടെ പ്രാര്‍ത്ഥനയാണ് തനിക്ക് സംസാരശേഷി ലഭിക്കാന്‍ വഴിയൊരുക്കിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്വയം നഷ്ടപ്പെടുത്തിയ വര്‍ഷങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍. രോഗശാന്തിയുടെ തെളിവായി കഴുത്തിലും മുഖത്തും നിറവ്യത്യാസം ഇപ്പോഴുമുണ്ട്. കിട്ടുന്ന അവസരങ്ങളിലെല്ലാം യേശു തന്റെ ജീവിതത്തില്‍ ഇടപെട്ടതിനെക്കുറിച്ച് സാക്ഷ്യം പറയുകയാണ് ബാര്‍ണി ലിഞ്ച്.
Leave a Comment
Your email address will not be published. Required fields are marked with *