Follow Us On

15

January

2025

Wednesday

കാഴ്ച ഇല്ലാത്ത സുവിശേഷകന്‍

കാഴ്ച ഇല്ലാത്ത  സുവിശേഷകന്‍

ഇ.എം. പോള്‍

അപ്രതീക്ഷിതമായ തിരിച്ചടികളില്‍ മനസുതളര്‍ന്നുപോയവര്‍ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതവും അനുഭവങ്ങളും കേള്‍ക്കണം. പ്രത്യാശ പൊതിയുന്ന അനുഭവമായിരിക്കും അതു സമ്മാനിക്കുന്നതെന്ന് തീര്‍ച്ച. അന്ധതയുടെ ലോകത്തേക്ക് ജനിച്ചുവീണ ആളല്ല വര്‍ഗീസ് തുണ്ടത്തില്‍. ഒരു അപകടമാണ് അദ്ദേഹത്തെ അന്ധനാക്കിയത്. ഇത്തരം അവസ്ഥകള്‍ നിരാശയിലേക്കായിരിക്കും പലരെയും നയിക്കുന്നത്.
എന്നാല്‍ കോഴിക്കോട്  ഈങ്ങാപ്പുഴയിലെ വര്‍ഗീസ് തുണ്ടത്തിലിന്റെ ജീവിതത്തില്‍ മറിച്ചാണ് സംഭവിച്ചതെന്നുമാത്രം. പ്രത്യാശ പകരുന്ന, അനേകരെ വെളിച്ചത്തിലേക്ക് നയിക്കുന്ന ഒരു സുവിശേഷകന്‍ അവിടെ പിറവിയെടുക്കുകയായിരുന്നു. തനിക്കുണ്ടായ അപകടത്തെ ദൈവവേലക്കുള്ള ക്ഷണമായി സ്വീകരിച്ച്, ജനതകള്‍ക്ക് സുവിശേഷവെളിച്ചം പകരുന്നതില്‍ ജാഗരൂകതയോടെയുള്ള പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോള്‍ വര്‍ഗീസ്.

2015 ഒക്‌ടോബര്‍ പത്തിന് വൈകുന്നേരം ഇടവക ദൈവാലയത്തില്‍ നടക്കുന്ന ജപമാലയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുക്കുവാന്‍ പോകേണ്ടതുകൊണ്ട്, സ്വന്തം ക്വാറിയിലെ ജോലി നേരത്തെ തീര്‍ക്കാന്‍വേണ്ടി തോട്ടയിട്ട് കുഴി നിറയ്ക്കാന്‍ ജോലിക്കാരെ സഹായിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി തോട്ട പൊട്ടിത്തെറിക്കുകയായിരുന്നു. വര്‍ഗീസിന്റെ മുഖത്തും തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു.
കരിമ്പാറയെ തകര്‍ക്കുന്ന ശക്തമായ ആ സ്‌ഫോടനത്തില്‍ തന്റെ ശരീരം ചിന്നിച്ചിതറി പോകാതിരുന്നത് കര്‍ത്താവ് കാത്തതുകൊണ്ടുമാത്രമാണെന്ന് വര്‍ഗീസ് പറയുന്നു. ”എന്റെ അശ്രദ്ധമൂലമുണ്ടായ അപകടത്തില്‍നിന്ന് കര്‍ത്താവ് എന്നെ കാത്തു.” കര്‍ത്താവ് കൈവിട്ടതുകൊണ്ടാണ് അപകടമുണ്ടായത് എന്ന നിഷേധാത്മകചിന്ത ഉണ്ടാകാത്തത് കൃപയുടെ അടയാളമായി അദ്ദേഹം കാണുന്നു.

വെളിച്ചമേ വിട
ഇന്ത്യയിലെ പ്രശസ്തമായ ഒരു കണ്ണാശുപത്രിയിലായിരുന്നു ചികിത്സ. 40 ദിവസത്തെ ചികിത്സയ്ക്കുശേഷം കണ്ണിന്റെ കെട്ടഴിക്കുമ്പോള്‍ പഴയ കാഴ്ചകളിലേക്കും ജീവിതത്തിലേക്കും മടങ്ങാമെന്ന പ്രത്യാശയിലായിരുന്നു അത്രയും ദിവസം കഴിച്ചുകൂട്ടിയത്. കാഴ്ച തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്ന ഡോക്ടറുടെ വാക്കുകള്‍ താങ്ങാവുന്നതിലും അധികമായിരുന്നു. മാനസികനില തെറ്റുമോ എന്നുപോലും ഭയപ്പെട്ട ദിവസങ്ങള്‍. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു” (റോമാ 8:28) എന്ന തിരുവചനം കഠോരവേദനയിലും നഷ്ടബോധത്തിലും വെന്തുരുകികൊണ്ടിരുന്ന വര്‍ഗീസിന്റെ ഹൃദയത്തില്‍ സാന്ത്വനത്തിന്റെ കുളിരു കോരി.

സാന്ത്വനസ്പര്‍ശമായി ദൈവവചനം തന്നില്‍ പ്രവര്‍ത്തനനിരതമാണെന്ന തിരിച്ഛറിവ് വചനത്തോട് വലിയ ആഭിമുഖ്യം ഉണ്ടാകുന്നതിന് നിമിത്തമായി. വീടിനുള്ളിലേക്ക് ഒതുങ്ങിക്കൂടിയ ജീവിതത്തെ, ഉള്‍ക്കണ്ണുകളെ പ്രകാശിപ്പിക്കാന്‍ കഴിയുന്ന വചനങ്ങള്‍കൊണ്ട് ചലനാത്മകമാക്കാന്‍ ഹൃദയത്തില്‍നിന്നും വലിയ പ്രചോദനമുണ്ടായി. അങ്ങനെ ഭാര്യയും മക്കളും വചനം വായിച്ചു കേള്‍പ്പിക്കാന്‍ ആരംഭിച്ചു.
ഓരോ വചനവും ആവര്‍ത്തിച്ച് പറഞ്ഞ് മനഃപാഠമാക്കാനുള്ള ശ്രമവും അതോടൊപ്പം തുടങ്ങി. മുമ്പ്, ഇടവകയിലെ പ്രാര്‍ത്ഥനാഗ്രൂപ്പ് ലീഡര്‍, സണ്‍ഡേസ്‌കൂള്‍ അധ്യാപകന്‍ തുടങ്ങിയ നിലകളിലൊക്കെ പ്രവര്‍ത്തിച്ചപ്പോള്‍ ദൈവവചനം മനഃപാഠമാക്കാന്‍ ബുദ്ധിമുട്ടായിരുന്നെങ്കില്‍, കേട്ടുപഠിക്കാന്‍ തുടങ്ങിയതോടെ പെട്ടെന്ന് വളരെയേറെ വചനങ്ങള്‍ മനഃപാഠമായി. അതു ദൈവം തന്ന കൃപയാണെന്ന് വര്‍ഗീസ് പറയുന്നു. ഇങ്ങനെ ദൈവവചനങ്ങള്‍കൊണ്ട് മനസ് നിറയുകയും അവ ആവര്‍ത്തിച്ച് ഉരുവിടാന്‍ തുടങ്ങുകയും ചെയ്തതോടെ ഹൃദയവും മനസും പ്രകാശമാനമാകുകയും കാഴ്ചയെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുകയും ചെയ്തു. പുറംകണ്ണുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാതിരുന്ന കാഴ്ചയുടെ ചക്രവാളസീമകളിലേക്ക് അകക്കണ്ണുകള്‍ തന്നെ കൂട്ടിക്കൊണ്ടുപോകുന്നത് അദ്ദേഹമറിഞ്ഞു.

ആഘോഷത്തിന്റെ
പുതുവഴികള്‍
വചനങ്ങള്‍ക്കൊപ്പം ദൈവസ്‌നേഹാനുഭവവും ഉള്ളില്‍ നിറഞ്ഞതോടെ, ഇവ പങ്കുവയ്ക്കാതിരിക്കാന്‍ കഴിയില്ല എന്ന അവസ്ഥയിലായി. ഇതു പരിശുദ്ധാത്മാവിന്റെ വിളിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തെരുവില്‍ സുവിശേഷം പ്രസംഗിക്കുന്ന തീക്ഷ്ണമതികളായ കുറേ ആളുകള്‍ ആ സമയം സജീവമായി രംഗത്തുണ്ടായിരുന്നു.
ഔസേപ്പച്ചന്‍ ചെറുനിലം, രാജു മംഗലശേരി, മാത്തച്ചന്‍ കൊളക്കാട്ട് തുടങ്ങിയവര്‍ അവരുടെ ശുശ്രൂഷകളില്‍ ഇദ്ദേഹത്തെ പങ്കാളിയാക്കി. കൈപിടിച്ചു നടത്താനും വണ്ടിയില്‍ കയറാനും ഇറങ്ങാനും മൈക്കിന് മുന്നില്‍ കൊണ്ടുചെന്നു നിര്‍ത്താനുമൊക്കെ അവര്‍ സഹായിച്ചു.
അവര്‍ ശുശ്രൂഷയ്ക്കു പോകുന്ന ദിവസങ്ങളിലൊഴികെ തനിക്കു വീട്ടില്‍ വെറുതെ ഇരിക്കേണ്ടി വരുന്നതിനാല്‍ പിന്നീട് സ്വന്തമായി മൈക്കും സംവിധാനങ്ങളും ക്രമീകരിച്ച് ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ വചനം പ്രസംഗിക്കാന്‍ തുടങ്ങി.

സംശയങ്ങള്‍ക്കുള്ള
ഉത്തരങ്ങള്‍
പൊതുവില്‍ ക്രിസ്തുമതവിശ്വാസത്തിനെതിരെ സമൂഹത്തില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കത്തക്കവിധത്തിലാണ് പ്രസംഗവിഷയങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഭാര്യയുടെയും മക്കളുടെയും സഹായത്തോടെയാണ് പ്രസംഗങ്ങള്‍ തയാറാക്കുന്നത്. വീട്ടിലുള്ളവരെ പറഞ്ഞുകേള്‍പ്പിച്ചിട്ടാണ് പുറത്തുപോയി പ്രസംഗിക്കുന്നത്.
അസതോമാ സദ്ഗമയ, തമസോമാ ജ്യോതിര്‍ഗമയാ, മൃത്യോമാ അമൃതംഗമയാ എന്ന പ്രാര്‍ത്ഥനയും യേശുവിലേക്കാണ് എത്തുന്നതെന്ന് ഒരു സ്ഥലത്ത് പ്രസംഗിച്ചതില്‍ പ്രകോപിതനായ ഒരാള്‍, തങ്ങളുടെ മതവുമായി ബന്ധപ്പെട്ടതാണ് ഈ ശ്ലോകമെന്നും അത് ക്രിസ്ത്യാനികള്‍ ഉപയോഗിക്കരുതെന്നും അദ്ദേഹത്തെ താക്കീത് ചെയ്തു. പ്രസംഗത്തിനുശേഷം അടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ പോയി ഇരുന്ന വര്‍ഗീസ് കൈ കുത്തിയത് ഒരു പുസ്തകത്തിലായിരുന്നു. അതാരുടേതാണെന്ന അന്വേഷണത്തിന് മറുപടി ഉണ്ടായില്ല.

കൂടെ ഉണ്ടായിരുന്ന ആളോട് ചോദിച്ചപ്പോള്‍ അത് വേദങ്ങളിലെ ക്രിസ്തുവിനെക്കുറിച്ചുള്ള പുസ്തകമാണെന്ന് പറഞ്ഞു. തന്നെ ശാസിച്ച വ്യക്തിയെപ്പോലുള്ളവര്‍ക്ക് യുക്തമായ മറുപടി നല്‍കാന്‍ ദൈവം തന്റെ കൈകളില്‍ വച്ചുതന്നതാണ് ആ പുസ്തകമെന്ന് അദ്ദേഹം പറയുന്നു. ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നിവയിലുള്ള സംസ്‌കൃതശ്ലോകങ്ങളും അവയുടെ മലയാള വിവര്‍ത്തനവും ഭാര്യയുടെ സഹായത്തോടെ മനഃപാഠമാക്കി. പിന്നീട് അനേകം വേദികളില്‍ അദ്ദേഹം ഈ വിഷയവുമായി ബന്ധപ്പെട്ട ചിന്തകള്‍ അവതരിപ്പിച്ചു. ഈ ലക്ഷണങ്ങള്‍ ക്രിസ്തുവില്‍ മാത്രമാണ് കണ്ടെത്താന്‍ കഴിയുകയെന്നും അവനാണ് ലോകരക്ഷകനെന്നും സധൈര്യം പ്രഘോഷിക്കുകയും ചെയ്തു.

സത്ഫലങ്ങള്‍
ക്രൈസ്തവര്‍ ന്യൂനപക്ഷമായ പ്രദേശങ്ങളിലാണ് കൂടുതല്‍ ശുശ്രൂഷകള്‍ നടത്തിയിട്ടുള്ളത്. വളരെ ചുരുക്കം സ്ഥലങ്ങളില്‍മാത്രമാണ് എതിര്‍പ്പ് നേരിടേണ്ടി വന്നിട്ടുള്ളത്. മറ്റിടങ്ങളിലൊക്കെത്തന്നെ വേണ്ട സൗകര്യം ചെയ്തുതരാന്‍ ഇതരമതസ്ഥര്‍ തന്നെ സഹായിച്ചിട്ടുള്ള അനുഭവമാണുള്ളത്. തങ്ങളുടെ സ്ഥലത്ത് വീണ്ടും വരണമെന്ന് വളരെയേറെ അക്രൈസ്തവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാള്‍ പ്രസംഗിക്കുമ്പോള്‍ മറ്റുള്ളവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും. ചിലര്‍ ലഘുലേഖ, ആത്മീയ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും. ജപമാല, ബൈബിള്‍, പ്രാര്‍ത്ഥനാപുസ്തകം തുടങ്ങിയവ വിലയ്ക്കും അല്ലാതെയും വാങ്ങാന്‍ അനവധി അക്രൈസ്തവര്‍ മുന്നോട്ടുവന്നത് ഒരുപാട് പ്രചോദനം നല്‍കിയ അനുഭവമാണെന്ന് വര്‍ഗീസ് പറയുന്നു. ഭാര്യ: ആലീസ്, മക്കള്‍: അതുല്‍, ടോണി, മരുമകള്‍: നിമ്മി എന്നിവര്‍ വര്‍ഗീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു.

കോഴിക്കോട് സോണ്‍ ‘കെരിഗ്മ’ മിനിസ്ട്രിയുടെ കീഴില്‍ താമരശേരി രൂപതയുടെ അംഗീകാരത്തോടുകൂടിയാണ് ശുശ്രൂഷകള്‍ ചെയ്യുന്നത്. സോണ്‍ ആനിമേറ്ററായിരുന്ന ഫാ. സൈമണ്‍ വള്ളോപ്പിള്ളിയുടെയും ഇപ്പോഴത്തെ ആനിമേറ്റര്‍ ഫാ. സായി പാറന്‍കുളങ്ങരയുടെയും മേല്‍നോട്ടത്തിലാണ് ശുശ്രൂഷകള്‍ നടത്തുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നാലായിരത്തോളം സ്ഥലങ്ങളില്‍ ഇതിനോടകം അദ്ദേഹത്തിന്റെ ടീം വചനപ്രഘോഷണം നടത്തിക്കഴിഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?