Follow Us On

22

January

2025

Wednesday

ഇനിയും ക്രൈസ്തവര്‍ക്ക് നീതി നിഷേധിച്ചാല്‍…

ഇനിയും  ക്രൈസ്തവര്‍ക്ക്  നീതി നിഷേധിച്ചാല്‍…

‘Justice delayed is justice denied’ എന്ന തത്വം നീതിന്യായവ്യവസ്ഥയില്‍ ഏറെ പ്രസക്തമാണ്. നീതി വൈകിക്കുന്നത് നീതിനിഷേധിക്കുന്നതിന് തുല്യമത്രെ. കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ ആവലാതികള്‍ക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികള്‍ വൈകുന്ന ഒരോ ദിവസവും ക്രൈസ്തവസമൂഹത്തിന് അര്‍ഹമായ നീതി നിഷേധിക്കപ്പെടുകയാണ്. ക്രൈസ്തവ കുടുംബങ്ങളിലെ യുവജനങ്ങള്‍ മറുനാടുകളിലേക്ക് ചേക്കേറുകയും നീതി നിഷേധിക്കപ്പെട്ട കര്‍ഷകരും തീരദേശവാസികളുമായ ക്രൈസ്തവര്‍ തിരിച്ചുകയറാനാവാത്ത വിധമുള്ള കടക്കെണിയിലൂടെയും ജീവിതപ്രതിസന്ധിയിലൂടെയും കടന്നുപോവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജെബി കോശി കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന കാര്യങ്ങള്‍ നടപ്പിലാക്കുന്നത് അനന്തമായി നീണ്ടുപോകുന്നത്. ഇത് കേരളത്തിലെ ക്രൈസ്തവസമൂഹത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാണെന്ന് മധ്യപൂര്‍വദേശങ്ങളിലെ പല സഭകളുടെയും ഇന്നത്തെ സ്ഥിതി നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു.

2020 നവംബര്‍ അഞ്ചിനായിരുന്നു ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി കമ്മീഷനെ നിയമിച്ചത്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ്, ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഐഎഎസ് എന്നിവരായിരുന്നു മറ്റംഗങ്ങള്‍. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് 80:20 എന്ന അനുപാതത്തില്‍ മുസ്ലീം വിഭാഗത്തിനു ലഭിക്കുന്നതിനാല്‍ ക്രൈസ്തവര്‍ അവഗണിക്കപ്പെടുന്നെന്ന പരാതിയുടെ പശ്ചാത്തലത്തിലാണ് കമ്മീഷനെ നിയോഗിച്ചത്. വിദ്യാഭ്യാസ, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വിശദമായി പഠിച്ച കമ്മീഷന്‍ 2023 മെയ് 17-ന് മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്ന് വര്‍ഷങ്ങളോളം നടത്തിയ വിശദമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 306 പേജുകളിലായി 500 ശുപാര്‍ശകളാണ് കമ്മീഷന്‍ സമര്‍പ്പിച്ചത്.

4.87 ലക്ഷം പരാതികള്‍ പരിശോധിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് വേണ്ടത്ര പ്രാധാന്യത്തോടെ സര്‍ക്കാര്‍ പരിഗണിക്കാതിരിക്കുന്നതും തുടര്‍ നടപടികള്‍ വൈകിപ്പിക്കുന്നതും റിപ്പോര്‍ട്ടിന്റെ കാലോചിത പ്രസക്തി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ റിപ്പോര്‍ട്ട് തയാറാക്കാനായി കമ്മീഷനംഗങ്ങളും അവരോട് സഹകരിച്ചവരും നടത്തിയ പ്രയത്‌നങ്ങളും ഇതിനായി ചിലവഴിച്ച സര്‍ക്കാര്‍ ഖജനാവിലെ പണവും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ വൃഥാവിലാക്കുന്ന ഇത്തരം നടപടികള്‍ ക്രൈസ്തവസമൂഹത്തെ മാത്രമല്ല നമ്മുടെ നാടിന്റെ പുരോഗതിയെ തന്നെ ബാധിക്കുമെന്ന കാര്യത്തിലും രണ്ടു പക്ഷമില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ പരിശോധിച്ചു നടപടി സ്വീകരിക്കേണ്ട ശുപാര്‍ശകളായതിനാല്‍ അതേക്കുറിച്ചു പരിശോധിച്ചുവരികയാണ് എന്നാണ് ഈ വിഷയത്തില്‍ നിയമസഭയില്‍ സര്‍ക്കാര്‍ നല്‍കിയ ഒഴുക്കന്‍ മറുപടി.

കമ്മീഷന്റെ ശുപാര്‍ശകള്‍ പരസ്യമായി ലഭ്യമാക്കിയിട്ടില്ലാത്തതിനാല്‍ അതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രസക്തിയില്ല. എന്നിരുന്നാലും ക്രൈസ്തവ വിഭാഗങ്ങളിലെ പിന്നോക്കക്കാരും പരിവര്‍ത്തിത ക്രൈസ്തവരും മുതല്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്ന നമ്മുടെ യുവജനങ്ങള്‍ വരെയുള്ളവരുടെ പരാതികള്‍ സമഗ്രമായി പഠിച്ച് തയാറാക്കിയ ശുപാര്‍ശകള്‍ ക്രൈസ്തവ സമൂഹത്തിന്റെ നിരവധി പ്രതിസന്ധികള്‍ക്കുള്ള പരിഹാരമാകും എന്നത് വ്യക്തമാണ്. മലയോരമേഖലയില്‍ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണി, ഉത്പന്നങ്ങളുടെ വിലയിടിവ്, തീരദേശങ്ങളില്‍ താമസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളടക്കമുള്ളവര്‍ക്ക് പുനരധിവാസത്തിന് കൂടുതല്‍ മെച്ചപ്പെട്ട പാക്കേജ് എന്ന ആവശ്യം, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശം, കുട്ടനാട്ടിലെയും മലയോര മേഖലയിലെയും ക്രൈസ്തവരുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള മറ്റു ശുപാര്‍ശകള്‍ എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങളടങ്ങിയതാണ് കമ്മീഷന്റെ റിപ്പോര്‍ട്ട് എന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്.

എത്ര നല്ല നിര്‍ദേശങ്ങളും ശുപാര്‍ശകളുമുണ്ടെങ്കിലും അവ നടപ്പില്‍ വരുത്താന്‍ ഗവണ്‍മെന്റിന്റെ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ഈ സമൂഹത്തിന് വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍, ഗണ്യമായ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ സമൂഹത്തിന് അവരര്‍ഹിക്കുന്ന പരിഗണന നല്‍കാനുള്ള അവസരമാക്കി ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ടിനെ ഉപയോഗിക്കണം. പിടിച്ചുമേടിക്കാനും മറ്റുള്ളവരുടെ അവകാശങ്ങള്‍ തട്ടിപ്പറിക്കാനും ശ്രമിക്കാത്ത ക്രൈസ്തവ സമൂഹത്തിന്റെ നിലനില്‍പ്പും വളര്‍ച്ചയും സമുദായത്തിന്റെ മാത്രമല്ല നാടിന്റെ മുഴുവന്‍ വളര്‍ച്ചക്ക് ഗുണകരമാകുമെന്ന തിരിച്ചറിവ് ഗവണ്‍മെന്റിനുണ്ടാകണം. അത് സംഭവിച്ചില്ലെങ്കില്‍ മധ്യപൂര്‍വദേശത്തെ പല രാജ്യങ്ങളിലും ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ ക്രമേണയുള്ള ക്രൈസ്തവരുടെ കുടിയിറക്കത്തിലേക്കും പലായനത്തിലേക്കുമായിരിക്കും അത് ചെന്നെത്തുക. ‘ദൈവത്തിന്റെ സ്വന്തം നാടിന്റെ’ സുസ്ഥിതിക്കും കെട്ടുറപ്പിനും ക്രൈസ്തവിശ്വാസവും ക്രൈസ്തവരും നല്‍കുന്ന സംഭവാനകള്‍ കണ്ടിട്ടും കാണാതെയും മനസിലായിട്ടും അംഗീകരിക്കാതെയും ഇരുന്നാല്‍ ക്രൈസ്തവ വിശ്വാസികള്‍ ഇല്ലാത്ത രാജ്യങ്ങളിലും ദേശങ്ങളിലും സംഭവിക്കുന്ന പല പ്രശ്‌നങ്ങളും കേരളത്തിലും സമീപ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് എല്ലാവരും ഓര്‍ക്കുന്നത് നന്ന്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?