Follow Us On

23

December

2024

Monday

മനുഷ്യര്‍ക്കൊപ്പമുള്ള മാലാഖമാര്‍

മനുഷ്യര്‍ക്കൊപ്പമുള്ള  മാലാഖമാര്‍

മാലാഖമാരുടെ തിരുനാളുകളില്‍ പ്രത്യേകമായി നാം അവരെ ഓര്‍ക്കാറുണ്ടെങ്കിലും, ഒരു മാലാഖാ സാന്നിധ്യം അനുഗ്രഹമായി എപ്പോഴും നമ്മോടൊപ്പമുണ്ട്. സെപ്തംബര്‍ 29-ന് മുഖ്യദൂതന്മാരായ ഗബ്രിയേല്‍, മിഖായേല്‍, റാഫേല്‍ എന്നിവരുടെയും ഒക്‌ടോബര്‍ രണ്ടിന് കാവല്‍മാലാഖമാരുടെയും തിരുനാളാണ്. അവരുടെ കരുതലിനെപ്പറ്റിയും സംരക്ഷണത്തെക്കുറിച്ചും നന്ദിയോടെ ഓര്‍ക്കാനുള്ള ദിനങ്ങള്‍.

മനസില്‍ തെളിയുന്ന മൂന്ന് ചിത്രങ്ങള്‍

പഴയ സംക്ഷേപ വേദപാഠപുസ്തകത്തിലെ ഒരു മൂന്നുകോളം ചിത്രമാണ് ആദ്യത്തേത്. അതില്‍ ഒന്നാമത്തെ കോളത്തില്‍, ഒരു പിഞ്ചുബാലന്റെ പിന്നില്‍ പുഞ്ചിരിച്ചും ചിറകുവിരിച്ചും സംരക്ഷണമേകിയും നില്‍ക്കുന്ന മാലാഖയുടേതാണ്. ആ ബാലന്റെ കുഞ്ഞു ഹൃദയവും ചിത്രത്തില്‍ വളരെ വ്യക്തമായി വരച്ചുചേര്‍ത്തിട്ടുണ്ട്. കളങ്കങ്ങളൊന്നുമില്ലാത്ത, കറകളേശാത്ത നിര്‍മല പരിശുദ്ധ ഹൃദയം. ആകെ ആഹ്ലാദത്തിലാണ് മാലാഖയും ബാലനും. ചിത്രത്തിന്റെ രണ്ടാം കോളത്തിലെ ബാലന്റെ ഹൃദയത്തില്‍ കറുത്ത പുള്ളിപ്പാടുകള്‍ അവിടെയിവിടെയായി വന്നിട്ടുണ്ട്. പാവം മാലാഖ, പുഞ്ചിരിയൊട്ടുമില്ലാതെ, ആകാംക്ഷയോടെ അരികില്‍ കാത്തുനില്‍ക്കുന്നു! മാത്രമല്ല, കൗശലക്കാരന്‍ പിശാച്, കൊമ്പുകുലുക്കി, വാലുയര്‍ത്തി എത്തിനോക്കുന്നു. പിഞ്ചുബാലനെ കൂടുതല്‍ പാപങ്ങളിലേക്കും ബന്ധനങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകാന്‍ കാത്തുനില്‍ക്കുന്നു.

മൂന്നാമത്തെ കോളത്തില്‍, ബാലന്റെ പങ്കില ഹൃദയം കറുത്തിരുണ്ട നിറത്തിലാണ്. പ്രകാശം തീരെയില്ല. അവന്റെ പിന്നില്‍, പിശാച് അട്ടഹസിച്ചു നില്ക്കുന്നു. പാവം മാലാഖയെ ആട്ടിയോടിച്ചിരിക്കുന്നു! ചിത്രം നമ്മിലുണര്‍ത്തുന്ന ചോദ്യമിതാണ്: മൂന്ന് കോളങ്ങളില്‍ ഏത് അവസ്ഥയിലാണ് ഇപ്പോള്‍ എന്റെ ജീവിതം? മാലാഖ എപ്പോഴും സംരക്ഷകനായി കൂട്ടിനുണ്ടാവാന്‍ എന്തു ചെയ്യണം?
ഓര്‍മയില്‍ ഉണരുന്ന രണ്ടാമത്തെ ചിത്രം, പഠിച്ചിരുന്ന കളമശേരി സെന്റ് ജോസഫ്‌സ് മൈനര്‍ സെമിനാരിയിലെ ഒന്നാം നിലയിലേക്കുള്ള ഗോവണി കയറിച്ചെല്ലുമ്പോള്‍ കാണുംവിധം ഭിത്തിയില്‍വച്ചിരുന്ന ഒരു ക്യാന്‍വാസ് ചിത്രമാണ്. ഒരു തോടിന് കുറുകെയുള്ള പഴകിദ്രവിച്ച മരപ്പാലത്തിലൂടെ ക്ലേശകരമായി നടുപോകുന്ന രണ്ട് സഹോദരങ്ങള്‍. അവരെ സുരക്ഷിതരായി മറുകരെയെത്തിക്കാന്‍, കരുതലോടെ പിറകില്‍ കൂടെയുള്ള സംരക്ഷകനായ ഒരു മാലാഖ. ചിത്രം സമ്മാനിക്കുന്ന ആശ്വാസദൂത് ഇതാണ്: നിന്റെ ദുര്‍ഘടയാത്രകളിലും പ്രതിസന്ധികളിലും അതിജീവനത്തിന് സഹായിക്കുന്ന കാവല്‍ദൂതന്‍ സദാ കൂടെയുണ്ട്.

മനസില്‍ തങ്ങിനില്‍ക്കുന്ന മൂന്നാമത്തെ ഓര്‍മചിത്രം റോമില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന ഒരു സുഹൃദ് വൈദികന്റെ കാറില്‍ സ്റ്റിയറിങ്ങിന്റെ മുകളില്‍ ഉറപ്പിച്ചുവച്ചിരുന്ന, ചിറകുവിരിച്ചു പറക്കുന്ന ഒരു മാലാഖയുടെ രൂപവും അതിന്റെ അടിക്കുറിപ്പുമാണ്. ഇറ്റാലിയന്‍ ഭാഷയിലെ ആ ലിഖിതത്തിന്റെ ഏകദേശ പരിഭാഷ ഇപ്രകാരമാണ്: ‘കാവല്‍ ദൂതന് പറെന്നത്താനാവാത്ത വേഗത്തില്‍ നീ വണ്ടിയോടിക്കരുതേ!’ ശരിയല്ലേ? കാവല്‍ മാലാഖയ്ക്കു കൂടി വന്നെത്താന്‍ പറ്റുന്ന മേഖലകളിലും വിധത്തിലും ആകണമല്ലോ നമ്മുടെ യാത്രകളും ചെയ്തികളും ശീലങ്ങളും! ആശ്വാസത്തിന്റെ സങ്കീര്‍ത്തനവാക്യം നമുക്ക് മനസില്‍ സൂക്ഷിക്കാം: നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോട് കല്പിക്കും; നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും (സങ്കീ. 91:11-12).

ദൈവം അയക്കുന്ന ദൂതന്മാര്‍

ഓരോ ദൈവദൂതനും ദൈവം നല്‍കുന്ന ഓരോ ദൗത്യമുണ്ട്. അവരുടെ പേരുതന്നെ അതു സൂചിപ്പിക്കുകയും ചെയ്യുന്നു. ഗബ്രിയേല്‍ എന്ന വാക്കിന്റെ അര്‍ത്ഥം ‘ദൈവമാണ് എന്റെ ശക്തി’ എന്നാണ്. മിഖായേല്‍ എന്നാല്‍ ‘ദൈവത്തെപ്പോലെ ആരുണ്ട് എന്നാണ്’ (വെളി. 12:7, യൂദാ 1:9). റാഫേല്‍ എന്നാല്‍ ദൈവം സുഖപ്പെടുത്തി എന്ന് അര്‍ത്ഥമാക്കുന്നു (തോബി 11:1-15; 12:14-15). ഗബ്രിയേല്‍ ദൂതന്‍ കടന്നുവരുന്നത് ദൈവകാരുണ്യത്തിന്റെ ശക്തി, അത്യുന്നതന്റെ പരിപാലനത്തിന്റെ കരുത്ത് മനുഷ്യകുലത്തിന് അനുഭവവേദ്യമാക്കുമെന്ന സദ്‌വാര്‍ത്ത അറിയിക്കാനായിരുന്നു. ദൈവകാരുണ്യത്തിന്റെ ശക്തിയാല്‍ എലിസബത്ത് ഗര്‍ഭിണിയായതിനെപ്പറ്റിയാണ്, അവള്‍ക്ക് ഇത് ആറാം മാസമാണ് (ലൂക്കാ 1,36) എന്ന വാക്ക്. ഹീബ്രുവില്‍ ‘ഹശലെയമ’ ദൈവം എന്റെ ആശ്വാസം, ശക്തി എന്നാണ്, ദ്യോതിപ്പിക്കുന്നത്.

ദൈവം അവിടുത്തെ വിശ്വസ്തരുടെ അടുക്കലേക്ക് കരുതലും സാന്ത്വനവും പരിലാളനയും നല്‍കുന്ന മാലാഖമാരെ അനുദിനം അയയ്ക്കുന്നുണ്ട്. അനുദിനജീവിതത്തില്‍ സംരക്ഷണവും സുരക്ഷിതത്വവും ആശ്വാസവും പകരുന്ന നമ്മുടെ മാതാപിതാക്കന്മാരും സഹോദരങ്ങളും ആത്മസുഹൃത്തുക്കളുമൊക്കെ ദൈവം അയക്കുന്ന മാലാഖമാരാണ്. അവരാണ് ദൈവത്തിന്റെ കരുണയുടെയും സ്‌നേഹത്തിന്റെയും കാണപ്പെടുന്ന അടയാളങ്ങള്‍. നാം വിഷമിച്ചിരിക്കുമ്പോള്‍ ആശ്വാസമേകുന്ന ഒരു ഫോണ്‍വിളി, നിരാശയിലിരിക്കുമ്പോള്‍ ആനന്ദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഒരു വാട്‌സാപ്പ് മെസേജ് – ഇവയെല്ലാം ദൈവം അയക്കുന്ന പരിപാലനാനുഭവങ്ങളായി പരിഗണിക്കാം.

ദൈവം നിര്‍ലോപം കാണിക്കുന്ന കരുതലിന്റെ അടയാളങ്ങളാണ് അവയെല്ലാം എന്ന് തിരിച്ചറിയണം. അതുപോലെ തന്നെ നമ്മുടെ മനഃസാക്ഷിയുടെ സ്വരവും ദൈവം നല്‍കുന്ന ദിവ്യമന്ത്രണമാണ്. ചിലപ്പോള്‍ ദൈവം ചില മുന്നറിയിപ്പുകള്‍ നല്‍കും. രോഗങ്ങളിലൂടെയും പ്രതീക്ഷിക്കാത്ത നേരത്തു പ്രശ്‌നങ്ങളിലൂടെയും ദൈവം സന്ദേശമറിയിക്കാറുണ്ട്. വാഹനമോടിക്കുമ്പോള്‍ എഞ്ചിനില്‍നിന്ന് അപസ്വരങ്ങള്‍ എന്തെങ്കിലും ഉയര്‍ന്നാല്‍, ഡ്രൈവര്‍ ഉടന്‍ പ്രശ്‌നപരിഹാരത്തിനായി വര്‍ക്ക്‌ഷോപ്പില്‍ എത്തിക്കുന്നതുപോലെ, പരിശോധനയ്ക്കും ഹൃദയപരിവര്‍ത്തനത്തിനുംസമയമായി എന്ന മുന്നറിയിപ്പുമാകാം ചില പ്രതിസന്ധികള്‍.

സ്വര്‍ഗീയ സാന്ത്വനങ്ങള്‍

ഗബ്രിയേല്‍ മാലാഖയിലൂടെ ദൈവം അയച്ച സ്‌നേഹത്തിന്റെയും ദൈവകാരുണ്യത്തിന്റെയും സന്ദേശം മറിയം തിരിച്ചറിഞ്ഞു. അങ്ങനെ, ആറാം മാസം മറിയത്തിന്റെ അടുക്കലേക്ക് ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്തയുമായെത്തി. വലിയ പ്രതിസന്ധികളുടെ ഘട്ടങ്ങളിലും ആശ്വസിപ്പിക്കുന്ന ആകാശദൂതന്റെ സാന്നിധ്യം നമുക്കരികിലുണ്ടാകുമെന്ന ഓര്‍മയാണ്, ദാനിയേല്‍ പ്രവാചകന്റെ പുസ്തകം മൂന്നാം അധ്യായം നല്‍കുന്നത്. എരിയുന്ന അഗ്നികുണ്ഠത്തിലേക്ക് വലിച്ചെറിയപ്പെട്ട മൂന്നു യുവാക്കളെ ദൈവം തന്റെ ദൂതനെ അയച്ച് സംരക്ഷിക്കുന്നു. എരിയുന്ന തീയില്‍ കരിഞ്ഞെരിയാത്തവരെ കണ്ടപ്പോള്‍ രാജാവുള്‍പ്പെടെ ഏവരും അതിശയിച്ചുപോയി. നബുക്കദ്‌നേസര്‍ പരിഭ്രമിച്ചു പിടഞ്ഞെഴുന്നേറ്റ് ചോദിച്ചു: മൂന്നുപേരെയല്ലേ നാം ബന്ധിച്ച് തീയിലെറിഞ്ഞത്? എന്നാല്‍, അഗ്നിയുടെ നടുവില്‍ ബന്ധനം കൂടാതെ നാലുപേര്‍ നടക്കുന്നത് ഞാന്‍ കാണുന്നു. അവര്‍ക്ക്, ഒരു ഉപദ്രവവും ഏറ്റിട്ടില്ല. നാലാമത്തവന്‍ കാഴ്ചയില്‍ ദേവകുമാരനെപ്പോലെയിരിക്കുന്നു! സഹനങ്ങളില്‍ കാത്തുസംരക്ഷിക്കുന്ന കാവല്‍ദൂതന്മാരെ അയക്കുന്ന ദൈവത്തെ ആ മൂന്നു യുവാക്കന്മാരോടൊപ്പം ജനവും രാജാവും അങ്ങനെ തിരിച്ചറിഞ്ഞു.

ക്രിസ്തു ഗദ്‌സേമിനിയില്‍ ചോരവിയര്‍ത്തുകൊണ്ട് തീവ്രവേദനയോടെ നടത്തിയ പ്രാര്‍ത്ഥന എത്രയോ ഹൃദയസ്പര്‍ശിയാണ്. ലൂക്കാ സുവിശേഷകന്‍ ഇത്രയും വിവരിച്ചിട്ട് തുടര്‍ന്ന് എഴുതുന്നത് ശ്രദ്ധേയമാണ്. ‘അപ്പോള്‍ യേശുവിനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. നൊമ്പരനിമിഷങ്ങളില്‍ കരുത്തുപകരുന്ന സ്വര്‍ഗീയ സാന്ത്വനം, മാലാഖാസാന്നിധ്യം പോലെ നമ്മുടെയും ചാരെ വന്നെത്തും.

ചിറക് ഒടിഞ്ഞ നേരം, ചിറകുമായി

കാവല്‍ മാലാഖമാരുടെ തിരുനാള്‍ ദിനമായ ഒക്‌ടോബര്‍ രണ്ട്, ഭാരതത്തില്‍ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജയന്തിയായി ആഘോഷിക്കുവാനാകുന്നത് ആകസ്മികം എന്നതിനേക്കാള്‍, അര്‍ത്ഥപൂര്‍ണമാണ്. സത്യാഗ്രഹത്തിന്റെയും സമാധാനത്തിന്റെയും പാതയിലൂടെ സാമ്രാജ്യ ശക്തികളില്‍നിന്നും, രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രപിതാവ് എല്ലാ അര്‍ത്ഥത്തിലും ഭാരതത്തിന് കാവല്‍ മാലാഖയായിരുന്നു. ‘ “The Secret Red Book of Leadership” എന്ന പുസ്തകത്തില്‍ അദ്‌വേഷ് സിങ്ങ് എഴുതുന്നു: ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരപ്രക്ഷോഭത്തിലേക്ക്, ഗാന്ധി പ്രത്യക്ഷനായപ്പോള്‍ സംഭവിച്ചത് ഇതാണ്. അദ്ദേഹത്തിന്റെ ആധ്യാത്മികത പ്രക്ഷോഭത്തെത്തന്നെ ഔന്നത്യത്തിലേക്ക് ഉയര്‍ത്തുകയും ഭാരതചരിത്രത്തില്‍ എക്കാലത്തേക്കാളും ഏറ്റവും വിശിഷ്ടരായ നേതാക്കളെ അത് സൃഷ്ടിക്കുകയും ചെയ്തു. തന്റെ സത്യാന്വേഷണ പരീക്ഷണങ്ങളിലൂടെ ഒരു ജനതതിയുടെ സ്വാതന്ത്ര്യ ലബ്ധി ഉറപ്പാക്കാന്‍ ഒട്ടേറെപ്പേരെ ഉണര്‍ത്തിയ ദൈവദൂതനായിരുന്നു മഹാത്മാ ഗാന്ധി.

സങ്കടങ്ങളുടെ കൂരിരുള്‍ രാവിലും ദൈവത്തില്‍ ആശ്രയിച്ച് ജീവിക്കുന്നവര്‍ക്ക്, ഉല്‍പത്തി പുസ്തകത്തിലെ യാക്കോബിനെപ്പോലെ ഭൂമിയില്‍ ഉറപ്പിച്ചിരിക്കുന്ന ഗോവണിയിലൂടെ, ആകാശത്തുനിന്നും ദൈവദൂതന്മാര്‍ ഇറങ്ങിവരുന്നതും ആശ്വാസം നല്‍കി, കയറി പോകുന്നതും കാണാനാവും. മാലാഖ മെല്ലെ നമ്മോട് മന്ത്രിക്കുന്നതും ഇപ്രകാരമാകും: ”ഇതാ ഞാന്‍ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തെല്ലാം ഞാന്‍ നിന്നെ കാത്തുരക്ഷിക്കും” (ഉല്‍പത്തി 28:15). ദൈവം അയക്കുന്ന മാലാഖമാരുടെ സംരക്ഷണ തണലില്‍ നമുക്ക് നടക്കാം. കൂടെയുള്ളവര്‍ക്ക് കാവലും കരുതലും നല്‍കുന്ന കാവല്‍ ദൂതരാകാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?