Follow Us On

23

January

2025

Thursday

കേരളത്തില്‍ ക്രൈസ്തവര്‍ ഇല്ലാതാകുമോ?

കേരളത്തില്‍ ക്രൈസ്തവര്‍  ഇല്ലാതാകുമോ?

അമല്‍ സിറിയക് ജോസ്

ഇന്ത്യ സ്വാതന്ത്ര്യം നേടിയ 1950 കാലഘട്ടത്തില്‍ 22%-ല്‍ അധികം ഉണ്ടായിരുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം 2001-ലെ സെന്‍സസ് പ്രകാരം 19.02%വും ശേഷം 2011 ലെ കണക്ക് പ്രകാരം 18.38% ആയി കുറഞ്ഞു. കേരളത്തില്‍ ക്രിസ്ത്യന്‍ ജനസംഖ്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുത്തനെ താഴുന്നതായിട്ടാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ടുമെന്റിന്റെ ‘Annual Vital Statistics Report’ ല്‍ ചൂണ്ടികാണിച്ചിരിക്കുന്നത്. ഉദാഹരണത്തിന്, 2021-ല്‍ കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ – 59,766. അതേസമയം 2021-ല്‍ കേരളത്തില്‍ മരിച്ച ക്രിസ്ത്യാനികള്‍- 65,984. അതായത് പ്രസ്തുത വര്‍ഷം 6218 പേരുടെ കുറവ് ക്രിസ്ത്യന്‍ സമുദായത്തില്‍ ഉണ്ടായി. അതേസമയം മറ്റൊരു ന്യൂനപക്ഷ വിഭാഗമായ മുസ്ലീം വിഭാഗത്തിന്റെ കണക്കില്‍ 2021-ല്‍ കേരളത്തില്‍ ജനിച്ച മുസ്ലീം കുട്ടികള്‍ -1,69,296. 2021-ല്‍ കേരളത്തില്‍ മരിച്ച മുസ്ലീങ്ങള്‍-65,066. 2021-ല്‍1,04,230 പേരുടെ വര്‍ധനവ് മുസ്ലീം സമുദായത്തിലുണ്ടായി.

1980-ന് മുന്‍പ് പ്രബലമായ ഒരു സമൂഹമായി കേരളത്തില്‍ ക്രിസ്ത്യാനികള്‍ എണ്ണപ്പെട്ടിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ടാണ്. പ്രത്യേകിച്ച് കുടിയേറ്റ മേഖലയിലും കുട്ടനാട്ടിലും നസ്രാണികള്‍ മണ്ണിനോട് പടവെട്ടി പൊന്നുവിരിയിച്ചത് സഹോദരങ്ങളുടെയും മക്കളുടെയും ബലംകൊണ്ടാണ്. മക്കളുടെ എണ്ണം കുറയുംതോറും കുടുംബങ്ങള്‍ ഇല്ലാതാകും, ആ സമൂഹവും ഇല്ലാതാവും. ഇതാണ് ലോകത്തില്‍ എല്ലായിടത്തും സംഭവിക്കുന്നത്.

വളര്‍ച്ച നെഗറ്റീവ്
കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയില്‍ കടന്നുകൂടിയ ചില തെറ്റിദ്ധാരണകളുണ്ട്. ക്വാളിറ്റിയാണ് പ്രധാനം എണ്ണമല്ല. ചില സഭാ/സമുദായ പ്രതിനിധികള്‍ ജനസംഖ്യ വിഷയത്തില്‍ ഇങ്ങനെ സംസാരിക്കുന്നത് ബോധ്യം ഇല്ലാതെയാണ് എന്ന് പറയേണ്ടി വരും. കാരണം ക്വാളിറ്റി വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ എണ്ണം മാറ്റാന്‍ പറ്റില്ല. മക്കളുടെ എണ്ണം ഒന്നിലും രണ്ടിലും ഒതുക്കി ഇപ്പോള്‍ അനാഥമായി കഴിയുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ധിക്കുകയാണ്.
‘നാം രണ്ട് നമുക്ക് രണ്ട്’-എന്ന 1970-കളുടെ തുടക്കത്തില്‍ കൊണ്ടുവന്ന ‘കുടുംബാസൂത്രണ’ വിപ്ലവത്തിന്റെ ഒരു ഇര കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹമാണ്. 1970-ന് ശേഷം കേരളത്തിലെ 70%ല്‍ അധികം ക്രിസ്ത്യന്‍ കുടുംബങ്ങളിലും മക്കളുടെ എണ്ണം രണ്ടോ അതില്‍ കുറവോ ആണ്. 1970-ന് മുന്‍പ് കേരളത്തില്‍ ഏറ്റവും അധികം ജനന നിരക്ക് ഉണ്ടായിരുന്ന ക്രിസ്ത്യന്‍ സമൂഹം ഇന്ന് നെഗറ്റീവ് നിരക്കിലേക്ക് താഴ്ന്നിരിക്കുകയാണ്.

പുരുഷന്റെ വിവാഹ പ്രായം 21ഉം സ്ത്രീയുടേത് 18ഉം ആണ് ഇന്ത്യയില്‍. പഠനം കഴിഞ്ഞിട്ട്, ജോലി ആയിട്ട്, കടങ്ങള്‍ തീര്‍ത്തിട്ട്, വീട് വെച്ചിട്ട്, സ്ഥലം മേടിച്ചിട്ട്, വിദേശത്ത് പോയിട്ട്, ഗവണ്മെന്റ് ജോലി കിട്ടിയിട്ട്, കുറച്ചു സേവിംഗ്‌സ് ആയിട്ട്… ഇങ്ങനെ സമയം പോകുന്നു. അവസാനം 30 വയസ് കഴിഞ്ഞ് വലിയ ദുരവസ്ഥയിലേക്ക് പോകുന്നു.
അങ്ങനെ അനേകര്‍ വിവാഹം കഴിക്കാതെ നില്‍ക്കുന്നു. ഒരു സമൂഹത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഏറ്റവും ഉപകാരപ്പെടുന്ന സംവരണം ഈ സമൂഹത്തിന് നിഷേധിക്കപ്പെട്ടു. മറ്റൊരു ആശ്വാസമായ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കപ്പെട്ടു. ഇപ്പോള്‍ ലഭിക്കുന്ന ഋണട സംവരണവും, ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ ഈ കഴിഞ്ഞ നാളുകളില്‍ ഉണ്ടായ അറിവും ഈ സമൂഹത്തില്‍ കുറച്ചെങ്കിലും മാറ്റം കൊണ്ടുവരാനാകും.

വൈകുന്ന വിവാഹം
പെണ്‍കുട്ടികളുടെ വൈകിയുള്ള വിവാഹവും കുഞ്ഞിന് ജന്മം നല്‍കുന്നതിലെ താമസവും കാണാതെ പോകരുത്. ഇത് ക്രിസ്ത്യന്‍ കുടുംബങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പറയാം. 2021-ല്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികളുടെ കണക്കില്‍, 25 വയസിന് താഴെയുള്ള അമ്മമാര്‍ക്ക് ജനിച്ചത് 10,874 (18.21%) കുട്ടികളും, 25 വയസിന് മുകളില്‍ 48,839 (81.78%) കുട്ടികളുമാണ്. ഇങ്ങനെയായതുകൊണ്ട് സ്വഭാവികമായും ഓരോ കുടുംബത്തിലും കുട്ടികളുടെ എണ്ണം ഒന്നോ രണ്ടോ ആയി കുറയും. പ്രൊഫഷന്‍ മുന്‍നിര്‍ത്തി കുട്ടികളുടെ എണ്ണം കുറയ്ക്കുന്നത് മറ്റൊരു പ്രശ്‌നമാണ്. കൂടുതല്‍ കുട്ടികള്‍ എന്ന നിലയിലേക്ക് ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വളര്‍ന്നില്ലെങ്കില്‍, 2001 നവംബര്‍ മാസം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സര്‍വീസ് പുറത്തിറക്കിയ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ജനസംഖ്യയെ പറ്റിയുള്ള പഠന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നതുപോലെ കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം ‘പാഴ്‌സി സിഡ്രോം’ പോലെ കേരളത്തില്‍ ഇല്ലാതാകും.

ജനസംഖ്യ കൂടിയാല്‍ ഭക്ഷ്യക്ഷാമമോ?
ജനസംഖ്യ കൂടിയാല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാവില്ലേ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. ഈ ചിന്താഗതി അര്‍ഥശൂന്യമാണ്. കാരണം 1960-ല്‍ ദാരിദ്ര്യം ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് അതില്‍ എത്രയോ അധികം ജനസംഖ്യ വര്‍ധിച്ചു. അതേസമയം ദാരിദ്ര്യം താഴ്ന്നു. ജനസംഖ്യയില്‍ വളരുന്ന രാജ്യമായ ഇന്ത്യ വന്‍ വളര്‍ച്ച രേഖപെടുത്തുന്നത്. ജനസംഖ്യ കുറവ് ഉള്ള രാജ്യങ്ങള്‍ തകര്‍ന്നടിയുന്നു. ജനസംഖ്യാ വളര്‍ച്ച യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിയുടെ വെല്ലുവിളികളെ നേരിടാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ആളുകള്‍ ജോലി ചെയ്യുന്നതുവഴി ഉത്പാദനം വര്‍ധിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്‍ എന്നു വിശേഷിപ്പിക്കാവുന്ന എലോണ്‍ റീവ് മസ്‌ക്, മികച്ചൊരു എഞ്ചിനീയറും വ്യവസായ സംരംഭകനുമാണ്. അദ്ദേഹം നല്‍കിയ ഒരു ജാഗ്രതാനിര്‍ദേശം ഏറെ ശ്രദ്ധേയമാണ്: ”സംസ്‌കാരങ്ങളുടെ ഏറ്റവും വലിയ അപകടസാധ്യതകളില്‍ ഒന്ന് കുറഞ്ഞ ജനന നിരക്കും അതിവേഗം കുറയുന്ന ജനനനിരക്കും ആണെന്ന് ഞാന്‍ കരുതുന്നു.

കൂടുതല്‍ കുട്ടികള്‍ ഇല്ലെങ്കില്‍ അവരുടെ സംസ്‌കാരം തകര്‍ച്ചയിലേക്ക് പോകും.” ഈ നിര്‍ദേശം കേരളത്തിലെ ക്രിസ്ത്യാനികള്‍ മനസിലാക്കി പരിഹാരം കാണുവാന്‍ ശ്രമിച്ചില്ലെങ്കില്‍ ഈ സമൂഹം ഇവിടെ ഉന്മൂലനം ചെയ്യപ്പെട്ടു പോയേക്കാം.
കുത്തനെ കുറയുന്ന ജനന നിരക്കും വര്‍ധിച്ച മരണനിരക്കും കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹത്തിന്റെ നിലനില്‍പ്പിന് മേലുള്ള ആണിയടിയാണ്. രണ്ടായിരം വര്‍ഷത്തെ പാരമ്പര്യമുള്ള കേരളത്തിലെ ക്രിസ്ത്യന്‍ സമൂഹം വരും നാളുകളില്‍ ഈ പാത പിന്തുടര്‍ന്നാല്‍ ഇല്ലാതാകും എന്നത് തീര്‍ച്ച.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?