Follow Us On

22

January

2025

Wednesday

അധ്വാനിച്ചു പഠിക്കുന്ന വിദേശികളും പഠിച്ചു മടുക്കുന്ന മലയാളികളും

അധ്വാനിച്ചു പഠിക്കുന്ന വിദേശികളും  പഠിച്ചു മടുക്കുന്ന മലയാളികളും

 ജോസഫ് മൈക്കിള്‍

കേരളത്തില്‍നിന്നും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നത്. കേരളത്തിലെ പല കോളജുകളിലും സയന്‍സ് ബാച്ചുകളില്‍പ്പോലും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. മുമ്പൊക്കെ സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കാന്‍ എത്രയോ ബുദ്ധിമുട്ടായിരുന്നു. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ കോളജുകളിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും അടഞ്ഞുപോകുന്ന കാലം അതിവിദൂരമല്ല. കോളജുകളോ യൂണിവേഴ്‌സിറ്റികള്‍തന്നെയോ പൂട്ടിപ്പോയാലും അത്ഭുതപ്പെടാനില്ല. ഇതൊരു അതിശയോക്തിയല്ല. കാരണം, ഓരോ അധ്യയന വര്‍ഷവും സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ അധ്യാപകര്‍ പെടുന്ന പെടാപ്പാട് നമ്മുടെ കണ്‍മുമ്പിലുണ്ട്. 30-40 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു കാലം വരുമെന്ന് ചിന്തിക്കാന്‍ കഴിയുമായിരുന്നോ?

സിലബസ് ഒരു ആഴക്കടല്‍
വിദേശപഠനത്തിനു പോകുന്നവര്‍ ലക്ഷങ്ങളുടെ കടബാധ്യതകളും തോളിലേറ്റിയാണ് യാത്രയാകുന്നത്. അവിടെച്ചെന്നുള്ള താമസം, ഭക്ഷണം, ഫീസ്, ലോണിന്റെ തിരിച്ചടവ് … തുടങ്ങിയ കാര്യങ്ങള്‍ക്ക് പാര്‍ട്ട്‌ടൈം ജോലി ചെയ്താണ് പണം കണ്ടെത്തുന്നത്. വിദേശ രാജ്യങ്ങളില്‍ തദ്ദേശിയരായ വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസ ചെലവുകള്‍ സ്വന്തമായി അധ്വാനിച്ചാണ് കണ്ടെത്തുന്നത്.
കേരളത്തിലെ സര്‍വകലാശാലകളില്‍ പഠിക്കുന്ന എത്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വിദ്യാഭ്യാസ ചെലവിനുള്ള പണം ജോലി ചെയ്ത് കണ്ടെത്താന്‍ കഴിയുന്ന സാഹചര്യമുണ്ട്? (വളരെ അപൂര്‍വമായി പെട്രോള്‍ പമ്പുകളിലും രാത്രികളില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളിലുമൊക്കെ ജോലി ചെയ്ത് പഠിക്കുന്നവര്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല). അതില്‍ പുതിയ തലമുറ കുറ്റക്കാരാണെന്ന അഭിപ്രായവുമില്ല. ഏറ്റവും പ്രധാനപ്പെട്ടത്, അതിനുപറ്റിയ സാഹചര്യം നമ്മുടെ നാട്ടില്‍ ഇല്ലെന്നതാണ്.

ഏതാണ്ട് സ്‌കൂള്‍ സമയംപോലെയാണ് കേരളത്തിലെ കോളജുകളിലെയും അധ്യയന സമയക്രമവും. വിദേശ രാജ്യങ്ങളില്‍ ആഴ്ചയില്‍ നാലു ദിവസം ക്ലാസുകള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ശനിയാഴ്ചകളിലും മറ്റ് അവധിദിനങ്ങളിലും പഠിപ്പിച്ചാല്‍ തീരാത്തവിധത്തില്‍ സിലബസ് നീണ്ടുകിടക്കുകയാണ്. എന്നുവിചാരിച്ച് അക്കാദമിക് നിരവാരത്തില്‍ നമ്മള്‍ മുമ്പിലല്ല. ആദ്യം പൊളിച്ചെഴുതേണ്ടത് സിലബസാണ്. കഷ്ടപ്പെട്ടു പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൊഞ്ഞനംകുത്തുന്ന രീതിയില്‍ ഔട്ടോഫ് സിലബസില്‍നിന്നും പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ വരുന്നത് കേരളത്തിലെ സാധാരണ സംഭവംമാത്രം. ‘ചേട്ടന് ഇതേക്കുറിച്ച് ഒരു ധാരണയുമില്ലേ’ എന്ന് ഞാന്‍ പ്രകാശന്‍ സിനിമയിലെ ഹിറ്റായ ഡയലോഗാണ് ചോദ്യം തയാറാക്കുന്നവര്‍ക്ക് ചേരുക എന്ന് ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ തോന്നിയിട്ടുണ്ട്.

വലതുവശത്തുകൂടി നടക്കാന്‍ പഠിപ്പിക്കേണ്ടേ?
പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ട്. പഠിച്ചാല്‍ തീരാത്തത്ര വലിയ സിലബസാണ് അവരുടെ ചുമലില്‍. അതിനൊപ്പം എന്‍ട്രന്‍സിനുകൂടി തയാറെടുക്കുന്നവരുടെ കാര്യം പറയുകയും വേണ്ട. എല്‍ കെജിയിലെ കുട്ടി മുതല്‍ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നവര്‍വരെ പഠനഭാരത്തിന്റെ നടുവിലാണ്. ഒരുപാടുകാര്യങ്ങള്‍ പഠിക്കുന്നു, എന്നാല്‍ അത്യാവശ്യം ഉള്ളവ പഠിക്കുന്നില്ലെന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മറ്റൊരു പോരായ്മയാണ്. അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണപരിഷ്‌ക്കാരങ്ങള്‍ ഒറ്റശ്വാസത്തില്‍ പറയുന്ന ഏഴാം ക്ലാസുകാരനോട് റോ ഡിന്റെ വലതുവശം ചേര്‍ന്നു നടക്കണ മെന്നു പറയുന്നത് എന്തുകൊണ്ടാ ണെന്നു ചോദിച്ചാല്‍ അറിയില്ല. വലതുവശം ചേര്‍ന്നാണ് നടക്കേണ്ടതെന്ന് അറിയാത്തവരാണ് ഭൂരിപക്ഷവും എന്നതാണ് യാഥാര്‍ത്ഥ്യം.
പ്രായോഗിക ജീവിതത്തിന് അത്യാവശ്യമായ വളരെക്കുറച്ചു കാര്യങ്ങള്‍ മാത്രമേ സ്‌കൂള്‍ സിലബസുകളില്‍ ഉള്ളൂ. അഴിമതിക്ക് എതിരെ പ്രതികരിക്കാനും മദ്യ-മയക്കുമരുന്നുകള്‍ വലിയ ദുരിതത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിയാനും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവരെക്കാളും ഉത്തരവാദിത്വം സിലബസ് തയാറാക്കിയവര്‍ക്കും അധ്യാപകര്‍ക്കുമാണ്. മയക്കുമരുന്നുകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും മേല്‍ പിടിമുറുക്കുന്നു എന്ന വാര്‍ത്ത കേള്‍ ക്കുമ്പോള്‍- നല്ല വ്യക്തിത്വത്തിന്റെ ഉടമകളാക്കി അവരെ മാറ്റാന്‍ കഴിഞ്ഞില്ലെന്ന് കുറ്റബോധത്തോടെ നാം തിരിച്ചറിയണം.

ഗൃഹപാഠം വേണ്ട, കുട്ടികള്‍ കളിക്കട്ടെ
2009-ലാണ് കൊച്ചിയെ ഇന്ത്യയിലെ ആദ്യ ശിശു സൗഹാര്‍ദ സ്‌കൂള്‍ നഗരമായി പ്രഖ്യാപിച്ചത്, രാജ്യത്തെ ജനങ്ങളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമായിരുന്നു. സ്‌കൂളില്‍നിന്നും വീട്ടിലെത്തുന്ന കുട്ടികള്‍ ചിരിച്ചു കളിച്ചുല്ലസിക്കട്ടെ എന്നും വൈകുന്നേരങ്ങള്‍ ഗൃഹപാഠം ചെയ്തു കളയാന്‍ ഉള്ളതല്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കുട്ടികളുടെ അഭിരുചികളെ വളര്‍ത്താന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും കഴിയണമെന്നുകൂടി അദ്ദേഹം ഓര്‍മിപ്പിച്ചു. കുട്ടികളുടെ പഠനവിഷയങ്ങള്‍ മൂന്നു മാസത്തേക്കു വീതമുള്ളത് ഒരു പാഠപുസ്തകത്തിലാക്കിയാല്‍ സ്‌കൂള്‍ ബാഗിന്റെ കനത്തഭാരത്തില്‍നിന്നും അവരെ രക്ഷിക്കാന്‍ കഴിയുന്നമെന്ന് ഡോ. കലാം പറഞ്ഞപ്പോള്‍ ആളുകള്‍ കയ്യടികളോടെ ആ വാക്കുകളെ എതിരേറ്റെങ്കിലും കേള്‍ക്കേണ്ടവര്‍ കേട്ടില്ലെന്നു നടിച്ചു. പക്ഷി പറക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞുതരുകയും കടല്‍ത്തീരത്തുകൊണ്ടുപോയി കാണിച്ചു തരുകയും ചെയ്ത പ്രൈമറി സ്‌കൂള്‍ അധ്യാപകനാണ് ബഹിരാകാശ സ്വപ്നങ്ങള്‍ തന്റെ മനസില്‍ നിറച്ചതെന്ന് നന്ദിയോടെ അദ്ദേഹം ആ വേദിയില്‍ അനുസ്മരിച്ചിരുന്നു.
കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് വിദഗ്ധ പഠനം നടത്താന്‍ ഗവണ്‍മെന്റ് ഇനിയും വൈകരുത്. അമിതമായ ഭാരം പുതിയ തലമുറയുടെമേല്‍ കയറ്റിവച്ച് എന്തിനാണ് അവരെ ശ്വാസം മുട്ടിക്കുന്നത്? എല്ലാ മേഖലകളിലും വളര്‍ച്ച കൊണ്ടുവരാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസ രംഗംതന്നെ ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കപ്പെടണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?