Follow Us On

21

December

2024

Saturday

മുക്കടല്‍ ശാന്തി ആശ്രമത്തിന് സന്യാസ സമൂഹ പദവി

മുക്കടല്‍ ശാന്തി ആശ്രമത്തിന്  സന്യാസ സമൂഹ പദവി

സ്വാമി പോള്‍സണ്‍ വടക്കന്‍ ബിബിഎസ്

മലങ്കര കത്തോലിക്കാ സഭയിലെ മാര്‍ത്താണ്ഡം രൂപതയിലുള്ള മുക്കടല്‍ ഇടവകയില്‍പെട്ട വിശുദ്ധ ബെനഡിക്ടിന്റെ നാമത്തിലുള്ള ‘ശാന്തി ആശ്രമം’ സന്യാസ ആശ്രമമായി ഉയര്‍ത്തപ്പെട്ടു. ബനഡിക്‌ടൈന്‍സ് ഓഫ് ദ ബ്ലസഡ് സാക്രമെന്റ് (ബിബിഎസ്) എന്നായിരിക്കും ഈ സന്യാസസമൂഹം ഇനി അറിയപ്പെടുക. 1987 ഫെബ്രുവരി രണ്ടിന്, പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാള്‍ദിവസം ബ്രദര്‍ ക്രിസ്പിനാണ് തിരുവനന്തപുരം മലങ്കര അതിരൂപതയുടെ മേല്‍നോട്ടത്തിലുള്ള കന്യാകുമാരി ജില്ലയിലെ മുക്കടല്‍ കാര്യംകോണം ഗ്രാമത്തില്‍ ‘ശാന്തി ആശ്രമം’ എന്ന പേരില്‍ ഈ ഭവനം ആരംഭിച്ചത്. ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തത്” (മത്താ 25:40) എന്ന വചനത്തെ തന്റെ ജീവിതത്തില്‍ ആപ്തവാക്യമായി ഏറ്റെടുത്തുകൊണ്ട് വാഗമണ്‍ കുരിശുമല ആശ്രമത്തില്‍നിന്നുമാണ്, തമിഴ്‌നാട്ടിലെ നാഗര്‍കോവിലിന് അടുത്തുള്ള ബൂതപ്പാണ്ടിയിലെ ഒരു വാടകവീട്ടിലേക്ക് ബ്രദര്‍ ക്രിസ്പിനെത്തുന്നത്. അവിടെ മുക്കടലിലെ കാര്യംകോണം ഗ്രാമത്തില്‍ അഗതികള്‍ക്കും അശരണര്‍ക്കുമായി ഇന്നുള്ള സ്ഥലം കണ്ടെത്തി. കൂടെ ശിഷ്യന്മാരായി സ്വാമി സച്ചിദാനന്ദനും സ്വാമി സെബാസ്റ്റ്യനും വന്നുചേര്‍ന്നു.

1988 ഫെബ്രുവരി രണ്ടിന് ശാന്തി ആശ്രമം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. ശിഷ്യന്മാരുടെ സഹകരണത്തോടെ ആരോരുമില്ലാത്ത വയസായവരെ കണ്ടെത്തി സംരക്ഷിക്കുന്നതിനായി ആരംഭിച്ച ആശ്രമം അനേകമാളുകള്‍ക്ക് അത്താണിയായി. ജോലിയും പ്രാര്‍ത്ഥനയും കൂട്ടിയിണക്കിയുള്ളതായിരുന്നു ആശ്രമത്തിലെ ജീവിതശൈലി. അനുദിന ആവശ്യത്തിനുള്ള പച്ചക്കറികളും പാലും പാലുത്പന്നങ്ങളും കണ്ടെത്തുന്നതിനായി കൃഷിക്കും പശുവളര്‍ത്തലിനും പ്രാരംഭം കുറിച്ചു. ആ നല്ല പൈതൃകം ഇന്നും തുടര്‍ന്നുപോരുന്നു.

ആശ്രമത്തിന്റെ ശക്തിസ്രോതസ്
ഈ അവസരത്തിലാണ് ആശ്രമത്തിനും മലങ്കരസഭയ്ക്കും സമൂഹത്തിനുമായി വൈദികനാകുവാനുള്ള അനുഗ്രഹം ബ്രദര്‍ ക്രിസ്പിന് ലഭിക്കുന്നത്. ഇവിടുത്തെ മലങ്കര സമൂഹത്തെ ഒന്നിച്ചുകൂട്ടുവാനും കൂടുതല്‍ പള്ളികള്‍ സ്ഥാപിക്കാനുമുള്ള ആര്‍ച്ചുബിഷപ് ഡോ. ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പ്രത്യേക താല്‍പര്യപ്രകാരം ബ്രദര്‍ ക്രിസ്പിനെ പൗരോഹിത്യപഠനത്തിനായി തിരുവനന്തപുരത്തുള്ള മലങ്കര മേജര്‍ സെമിനാരിയിലേക്ക് അയച്ചു. പഠനപൂര്‍ത്തീകരണത്തിനുശേഷം 1994 മെയ് 12-ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ഡോ. ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പക്കല്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. അതിനുശേഷം മുക്കടലില്‍ ഒരു ഇടവക സ്ഥാപിക്കുവാനുള്ള അനുവാദം വാങ്ങി, മലങ്കര ക്രമത്തില്‍ കുര്‍ബാന അര്‍പ്പിക്കുകയും അന്നുമുതല്‍ ഇവിടെ ദിവ്യകാരുണ്യ ആരാധന (പതിമൂന്ന് മണിക്കൂര്‍ ആരാധന) ആരംഭിക്കുകയും ചെയ്തു. ഇടദിവസങ്ങളില്‍ രാവിലെ ദിവ്യബലിക്കുശേഷം ആറര മുതല്‍ വൈകുന്നേരം ഏഴരവരെയാണ് ഈ ആരാധന. ഇതാണ് ആശ്രമത്തിന്റെ ശക്തികേന്ദ്രം.

ക്രിസ്പിന്‍ ഗുരുവില്‍ നിന്ന് ആചാര്യയിലേക്ക്
തുടര്‍ന്നങ്ങോട്ട് ചുറ്റുവട്ടത്തുള്ള ആളുകളെ സംഘടിപ്പിക്കുകയും മലങ്കര സമൂഹത്തെ ഒരുമിച്ചു കൂട്ടുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തുകയും മത്തിയാസ് നഗര്‍ അന്നൈ വേളാങ്കണ്ണി ചര്‍ച്ച്, ജ്ഞാനദാസപുരം സെന്റ് മൈക്കിള്‍ ആര്‍ക്ക് ഏഞ്ചല്‍ ചര്‍ച്ച്, ബൂതപ്പാണ്ടി സെന്റ് തോമസ് ചര്‍ച്ച് എന്നിവ സ്ഥാപിക്കുകയും ചെയ്തു. ‘നാവല്‍ക്കാട്’ എന്ന സ്ഥലത്ത് ഇതിനുമുമ്പ് തിരുവനന്തപുരത്തുനിന്നും വൈദികര്‍ വന്ന് വിശുദ്ധബലിയര്‍പ്പിച്ചിരുന്നു. അവിടെയും ഇടവക സ്ഥാപിതമായി. ഈ സമയത്ത് എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറിയ ഫാ. ക്രിസ്പി നെ ജനങ്ങള്‍ ഒരു ഗുരുവായി കാണാന്‍ ആരംഭിക്കുകയും അദ്ദേഹം ‘ക്രിസ്പിന്‍ ഗുരു’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുകയും ചെയ്തു.

ശുശ്രൂഷയുടെ മറ്റൊരു ഭാഗമായി ആരംഭിച്ച ചികിത്സാകേന്ദ്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായും കൗണ്‍സിലിങ്ങിനായും ചികിത്സയ്ക്കായും അനേകര്‍ വന്നുകൊണ്ടിരുന്നു. പ്രത്യേകിച്ചും മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഈ ചികിത്സാകേന്ദ്രം വലിയൊരു ആശ്വസമായിരുന്നു. ഫാ. ക്രിസ്പിന്റെ പ്രാര്‍ത്ഥനയും കൗണ്‍സലിങ്ങും ചികിത്സയും വഴി മക്കളില്ലാത്ത അനേക ദമ്പതികള്‍ക്ക് നല്ലവനായ ദൈവം കുഞ്ഞുങ്ങളെ നല്‍കി അനുഗ്രഹിച്ചു. പ്രതിനന്ദിയായി ഇവരില്‍ പലരും തങ്ങള്‍ ക്ക് ലഭിച്ച ആണ്‍കുഞ്ഞുങ്ങള്‍ക്ക് ഗുരുജിയോടുള്ള ബഹുമാനാര്‍ത്ഥം ക്രിസ്പിന്‍ എന്ന പേര് നല്‍കിയിട്ടുണ്ട്. ഇതിനിടെ പലരും ഗുരുജിയുടെ ശിഷ്യത്വം തേടിവരാന്‍ തുടങ്ങി. ഈ കാലയളവില്‍ ഈ ഭവനം ഒരു സന്യാസാശ്രമമായി മാറ്റാനുള്ള ആഗ്രഹത്തോടും ല ക്ഷ്യത്തോടുംകൂടെ വിശുദ്ധ യൗ സേപ്പിതാവിനോടുള്ള മാധ്യസ്ഥം അപേക്ഷിച്ചുകൊണ്ട് പ്രത്യേക ഭക്തകൃത്യങ്ങള്‍ ആരംഭിച്ചു.

മാര്‍ത്താണ്ഡം രൂപതയുടെ ബിഷപ്പായി വിന്‍സെന്റ് മാര്‍ പൗലോസ് സ്ഥാനമേറ്റെടുത്ത 2010 കാലഘട്ടത്തിലാണ് പിതാവിനെ ക്രിസ്പിന്‍ ഗുരുജി സന്ദര്‍ശിക്കുകയും തന്റെ ഉള്ളിന്റെ ഉള്ളില്‍ ജ്വലിച്ചിരുന്ന സന്യാസാശ്രമം എന്ന അഗ്നിയെക്കുറിച്ച് പങ്കുവയ്ക്കുകയും ചെയ്യുന്നത്. ഇതിനെ തുടര്‍ന്ന് ശാന്തി ആശ്രമം സന്ദര്‍ശിച്ച് നിജസ്ഥിതികള്‍ നേരിട്ട് കണ്ട് മനസിലാക്കിയ പിതാവ് ഏറെ സന്തോഷത്തോടുകൂടെ മേല്‍നടപടികള്‍ സ്വീകരിക്കുകയും 2017 ഫെബ്രുവരി രണ്ടിന് പരിശുദ്ധ അമ്മയുടെ ശുദ്ധീകരണ തിരുനാള്‍ ദിവസം പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച പരിശുദ്ധ കുര്‍ബാനയുടെമധ്യേ ശാന്തി ആശ്രമത്തെ മാര്‍ത്താണ്ഡം രൂപതയിലെ പ്രഥമ പയസ് അസോസിയേഷനായി പ്രഖ്യാപിച്ചു. അതോടുകൂടി ക്രിസ്പിന്‍ ഗുരു എന്ന ഫാ. ക്രിസ്പിന്‍ ‘ആചാര്യ’ എന്നറിയപ്പെടാന്‍ തുടങ്ങി.

സ്വപ്നസാക്ഷാത്കാരം
പയസ് അസോസിയേഷന്റെ പുതിയ നിയമാവലിയനുസരിച്ച് ബ്രദര്‍ പോള്‍സന്റെ പരിശീലനം ആചാര്യ നടത്തിത്തുടങ്ങി. അതിന്‍പ്രകാരം 2018 ജൂലൈ 11-ന് വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ദിവസം ബ്രദര്‍ പോള്‍സണ്‍ നൊവിഷ്യേറ്റില്‍ പ്രവേശിച്ചു.
2019 ജൂലൈ 11-ന് തന്റെ നിയമാനുസൃത കാനോനിക നൊവിഷ്യേറ്റ് പൂര്‍ത്തിയാക്കി, വിശുദ്ധ ബെനഡിക്ടിന്റെ തിരുനാള്‍ ദിവസം പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയുടെമധ്യേ പിതാവില്‍നിന്ന് സഭാവസ്ത്രം സ്വീകരിക്കുകയും ആചാര്യയുടെ സമക്ഷം പ്രഥമ വ്രതവാഗ്ദാനം നടത്തുകയും ചെയ്തു. തുടര്‍പരിശീലനത്തിനുശേഷം 2022 ജൂലൈ എട്ടിന് നിത്യവ്രതാര്‍പ്പണം നടത്തി.
2021 ജൂലൈ 17-ന് ആചാര്യയുടെ പ്രഥമ ശിഷ്യരില്‍ ഒരാളായ സെബാസ്റ്റ്യന്‍ സ്വാമിയുടെ മരണം ആശ്രമാംഗങ്ങളില്‍ വളരെ ദുഃഖം ഉളവാക്കി. 2023-ല്‍ തിരുവനന്തപുരത്തുവച്ച് നടന്ന സീറോ മലങ്കര സിനഡില്‍ വിന്‍സെന്റ് മാര്‍ പൗലോസ് പിതാവ് ശാന്തി ആശ്രമത്തെ ഒരു കോണ്‍ഗ്രിഗേഷന്‍ പദവിയിലേക്ക് ഉയര്‍ത്താന്‍ സിനഡിനോട് അഭ്യര്‍ത്ഥിക്കുകയും ഈ വിഷയം സിനഡ് പിതാക്കന്മാര്‍ താല്‍പര്യത്തോടെ പരിഗണിക്കുകയും അതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ മാര്‍ത്താണ്ഡം രൂപതാധ്യക്ഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ആ മാസത്തെ വൈദികരുടെ മാസധ്യാനത്തിനൊടുവില്‍ ആചാര്യയെ പൊതുവേദിയില്‍ വിളിച്ച് വിന്‍സെന്റ് പിതാവ്, സിനഡ് ഇക്കാര്യം അംഗീകരിച്ചതായും മാര്‍ത്താണ്ഡം രൂപതയുടെ കീഴിലെ ഒരു കോണ്‍ഗ്രിഗേഷനായി ശാന്തി ആശ്രമത്തെ ഉയര്‍ത്തിയതായും അറിയിച്ചു. തൊട്ടടുത്ത ഞായറാഴ്ചത്തെ വിശുദ്ധ ബലിയില്‍വച്ച് ആചാര്യ അക്കാര്യം സമൂഹാംഗങ്ങളെ സന്തോഷത്തോടെ അറിയിച്ചു.
അവര്‍ണനീയമായ ഈ ദാനത്തിന് സര്‍വശക്തനായ ദൈവത്തിന് നന്ദിയര്‍പ്പിക്കാനും ഞങ്ങളുടെ സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കുന്നതിനുമായും 2023 ജൂലൈ 12-ന് രൂപതാധ്യക്ഷന്‍ വിന്‍സെന്റ് മാര്‍ പൗലോസിന്റെ കാര്‍മികത്വത്തില്‍ നടന്ന പരിശുദ്ധ കുര്‍ബാനയുടെ മധ്യേ, വികാരി ജനറല്‍ ഫാ. ജോസ് ബ്രൈറ്റ് ഔദ്യോഗികമായി ശാന്തി ആശ്രമം ഒരു ബെനഡിക്‌ടൈന്‍ മോണാസ്ട്രിയായി ഉയര്‍ത്തപ്പെട്ടതായ രൂപതയില്‍നിന്നുള്ള ഡിക്രി വായിക്കുകയും അതിന്റെ നിയമാവലിയുടെ ഒരു കോപ്പി ആചാര്യ ക്രിസ്പിന് നല്‍കുകയും ചെയ്തു.

ബനഡിക്‌ടൈന്‍സ് ഓഫ് ദ ബ്ലസഡ് സാക്രമെന്റ്
ദൈവത്തിന്റെ കയ്യൊപ്പു ചാര്‍ത്തിയ ഈ ഭവനം ഇനിമുതല്‍ അറിയപ്പെടുന്നത് ബനഡിക്‌ടൈന്‍സ് ഓഫ് ദ ബ്ലസഡ് സാക്രമെന്റ് എന്നായിരിക്കും. വിശുദ്ധ ബെനഡിക്ടിനെ ഒത്തിരി സ്‌നേഹിച്ചിരുന്ന ആചാര്യ ക്രിസ്പിന്‍ കുരിശുമല ആശ്രമത്തിന്റെ ആബട്ടായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ഫ്രാന്‍സിസ് ആചാര്യയില്‍നിന്നുമാണ് വിശുദ്ധ ബനഡിക്ടിന്റെ താപസജീവിത ആധ്യാത്മികതയെക്കുറിച്ചുള്ള ആഴമേറിയ അറിവ് നേടിയത്. ശാന്തി ആശ്രമത്തിന്റെ ആകര്‍ഷകത്വവും മഹത്വവുമെന്ന് പറയുന്നത് ഇവിടെ അനുദിനം നടന്നുകൊണ്ടിരിക്കുന്ന പതിമൂന്നു മണിക്കൂര്‍ ആരാധനയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും വിശുദ്ധ ബലിക്കുശേഷം രാവിലെ ആറര മുതല്‍ വൈകുന്നേരം ഏഴരവരെ നിരന്തരമായി ആരാധന നടന്നുകൊണ്ടിരിക്കുന്നു. ആശ്രമവാസികളും വൃദ്ധസദനത്തിലെ ആളുകളുമാണ് മുഴുവന്‍ സമയവും ഈ ആരാധനയില്‍ സംബന്ധിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഒരാഴ്ചത്തെ ധ്യാനം, പ്രാര്‍ത്ഥന എന്നിവയ്ക്കായി വരുന്ന ജനങ്ങളും വൈദികരും സിസ്റ്റേഴ്‌സും ഈ സമയത്ത് ആരാധനയില്‍ പങ്കെടുക്കുന്നു. എന്തുകൊണ്ടും ഉചിതമായ ഒരു പേരുതന്നെയാണ് ആചാര്യ ക്രിസ്പിന്‍ തന്റെ ഉള്ളത്തില്‍നിന്നും സന്യാസ സമൂഹത്തിനായി തിരഞ്ഞെടുത്തത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?