Follow Us On

22

January

2025

Wednesday

അജ്ഞാത തടവുകാര്‍

അജ്ഞാത തടവുകാര്‍

കെ.ജെ. മാത്യു
(മാനേജിംഗ് എഡിറ്റര്‍)

ലോകമെമ്പാടും പ്രത്യേകിച്ച് മുസ്ലീം ഭരണപ്രദേശങ്ങളില്‍, പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ല. ദേശത്തിന്റെയും മതത്തിന്റെയും മഞ്ഞക്കണ്ണാടിയിലൂടെ വാര്‍ത്തകളെ വ്യാഖ്യാനിക്കുന്ന അവര്‍ തങ്ങള്‍ ഒരു നിഷ്പക്ഷ, മതേതര നിലപാടാണ് കാത്തുസൂക്ഷിക്കുന്നതെന്ന പുറംമോടി കാണിക്കുവാന്‍ വ്യഗ്രചിത്തരുമാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ അധികമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത, എന്നാല്‍ വലിയ ഒറ്റപ്പെടലിന്റെ തടവറയിലായിരിക്കുന്ന ഏകദേശം ഒന്നേകാല്‍ ലക്ഷം വരുന്ന ജനവിഭാഗത്തെക്കുറിച്ചാണ് ഈ കുറിപ്പ്.

മുസ്ലീം ഭരണരാജ്യമായ അസര്‍ബൈജാനില്‍ നാഗോര്‍ണോ-കരാബാക് എന്ന ദേശത്തുള്ള അര്‍മേനിയന്‍ ക്രിസ്ത്യാനികളാണവര്‍. തുര്‍ക്കിയും അര്‍മേനിയായും ആയി അതിര്‍ത്തി പങ്കുവയ്ക്കുന്ന ഒരു മുന്‍ സോവ്യറ്റ് യൂണിയന്‍ രാജ്യമാണ് അസര്‍ബൈജാന്‍. സോവ്യറ്റ് യൂണിയന്റെ പതനത്തെ തുടര്‍ന്ന് 1991 ഓഗസ്റ്റില്‍ അത് സ്വതന്ത്രരാജ്യമായി. ജനസംഖ്യയില്‍ 97 ശതമാനം മുസ്ലീങ്ങളാണ്. രണ്ടു ശതമാനം മാത്രമേ ക്രിസ്ത്യാനികളായിട്ടുള്ളൂ. ഔദ്യോഗികമായി ഇസ്ലാമിക രാജ്യമായി ഭരണഘടനയില്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രിസ്ത്യാനികള്‍ക്ക് വളരെ കടുത്ത നിയന്ത്രണങ്ങളാണ് അവിടെയുള്ളത്. സഭായോഗങ്ങളില്‍ പലപ്പോഴും രഹസ്യപോലീസിന്റെ റെയ്ഡ് ഉണ്ടാകാറുണ്ട്. അംഗങ്ങളുടെ ലിസ്റ്റ് കൊടുക്കുവാന്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു. 2015-ല്‍ ഗവണ്‍മെന്റ് നിരോധിച്ച മതഗ്രന്ഥങ്ങളുടെ പട്ടികയില്‍ പഴയ നിയമവും ഉള്‍പ്പെടുന്നു. വിശുദ്ധ ബൈബിള്‍ അച്ചടിക്കുന്നത് നിയമാനുസൃതമല്ല.

ഇത്ര കടുത്ത വിശ്വാസനിയന്ത്രണമുള്ള ഒരു രാജ്യത്തിലാണ് നാഗോര്‍ണോ-കരാബാഗ് എന്ന ദേശത്ത് 1,20,000 അര്‍മേനിയന്‍ ക്രിസ്ത്യാനികള്‍ വസിക്കുന്നത്. ബിസി ഏഴാം നൂറ്റാണ്ടുമുതല്‍ അര്‍മേനിയക്കാര്‍ ഇവിടെ താമസമാക്കിവരുന്നു. സോവിയറ്റ് യൂണിയന്റെ ക്ഷയത്തോടെ ഈ പ്രദേശം അര്‍മേനിയായുടെ ഭാഗമാകുവാന്‍ ആഗ്രഹിച്ചെങ്കിലും നടന്നില്ല. ഈ പ്രദേശത്തിന്റെ അവകാശത്തിനുവേണ്ടി അര്‍മേനിയായും അസര്‍ബൈജാനും തമ്മില്‍ നിരന്തരം യുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി പതിനായിരക്കണക്കിന് സൈനികരും സിവിലിയന്‍സും, അവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്, കൊല്ലപ്പെട്ടിട്ടുള്ളത്. 1994-ല്‍ അര്‍മേനിയ ഈ പ്രദേശം പിടിച്ചടക്കി. എന്നാല്‍ ഇടയ്ക്കിടയ്ക്ക് അതായത്, 2020-ല്‍ അസര്‍ബൈജാന്‍ ഈ ദേശത്തിന്റെ ഭൂരിഭാഗം തിരിച്ചുപിടിച്ചു. പക്ഷേ അര്‍മേനിയന്‍ പോരാളികള്‍ സ്വാതന്ത്ര്യപോരാട്ടം തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ 2023 സെപ്റ്റംബര്‍ 19-ാം തിയതി അസര്‍ബൈജാന്‍ നടത്തിയ മിന്നലാക്രമണത്തില്‍ അര്‍മേനിയന്‍ പോരാളികള്‍ കീഴടങ്ങുകയും ഈ ദേശം പൂര്‍ണമായും അസര്‍ബൈജാന് അവകാശപ്പെട്ടതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

നാഗാര്‍ണോ-കരാബാക്കിലെ ക്രിസ്ത്യാനികള്‍ ഇപ്പോള്‍ വലിയ പ്രയാസത്തിലാണ് കഴിയുന്നത്. ഭക്ഷണവും മരുന്നുമുള്‍പ്പെടെയുള്ള അത്യാവശ്യ വസ്തുക്കള്‍പോലും അസര്‍ബൈജാന്റെ അനുമതിയില്ലാതെ എത്തുകയില്ല. വംശഹത്യാഭീഷണിമൂലം ക്രൈസ്തവര്‍ അര്‍മേനിയയിലേക്ക് കൂട്ടപ്പലായനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഓട്ടോമന്‍ സാമ്രാജ്യം വീണ്ടും കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ അസര്‍ബൈജാന് ശക്തമായ പിന്തുണ നല്‍കുന്നു. ഈ കൂട്ടുകെട്ട് അര്‍മേനിയന്‍ ക്രൈസ്തവരില്‍ ഉണര്‍ത്തുന്ന ഭീതി തെല്ലൊന്നുമല്ല.

അവരുടെ ഭയം അസ്ഥാനത്തല്ല. 1915-17 കാലഘട്ടത്തില്‍ ഓട്ടോമന്‍ സാമ്രാജ്യശക്തികളുടെ മേല്‍നോട്ടത്തില്‍ പതിനഞ്ചു ലക്ഷത്തോളം അര്‍മേനിയക്കാര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് അവരുടെ മനസിലുണ്ട്. ആ വംശഹത്യയുടെ ഓര്‍മകള്‍ അവരെ ഇന്നും വേട്ടയാടുന്നു. ആ സ്മരണകളുടെ കരിനിഴലില്‍ കഴിയുന്ന നാഗോര്‍ണോ-കരാബാക്ക് ക്രിസ്ത്യാനികളുടെ ജീവിതം വളരെ ദുരിതപൂര്‍ണമാണിന്ന്. ജനിച്ച ദേശത്ത്, സ്വന്തം വിശ്വാസവും സംസ്‌കാരവും കാത്തുസൂക്ഷിച്ച് ജീവിക്കുവാന്‍ സാധിക്കുമോ? സ്ഥാപിത താല്‍പര്യങ്ങളുള്ള ലോകഭരണാധികളാരും ഈ നിരാലംബരെ സഹായിക്കുവാന്‍ മുന്നിട്ടിറങ്ങുകയില്ല. അതിനാല്‍ ഈ ജപമാല മാസത്തില്‍ ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ മറിയത്തോട് നമുക്ക് പ്രാര്‍ത്ഥിക്കാം, ജപമാല ചൊല്ലി അവര്‍ക്ക് സംരക്ഷണഭിത്തി ഒരുക്കാം.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?