Follow Us On

22

December

2024

Sunday

മാനവികത

മാനവികത

‘യയാതി’യിലെ ഒരു വരി ഇങ്ങനെയാണ്:
‘ഒരുവനെ അവന്റെ ഉടുപ്പുകള്‍ നിര്‍വചിക്കുന്നു. അവന്‍ തിരഞ്ഞെടുക്കുന്ന ഉടുപ്പ് അവനെ അതിനനുസരിച്ചുള്ള ഒരുവനാക്കിത്തീര്‍ക്കും. അവന് സ്വയം തിരഞ്ഞെടുക്കുന്ന വ്യക്തിത്വമോ ലക്ഷ്യമോ കുറയുന്നു.’
ഇതൊരു അപരസ്വത്വനിര്‍മിതിയെക്കുറിച്ചുള്ള സൂചനയാണ്. മനുഷ്യനായിരിക്കുക എന്ന അടിസ്ഥാന സുവിശേഷപാഠത്തിനു മുകളില്‍ നാം അണിയുന്ന വ്യാജപ്രതിഛായകളുടെ പശ്ചാത്തലത്തില്‍ ഇത് വളരെ പ്രസക്തമാകുന്നു.
മാനവികതയുടെ പ്രാഥമികപാഠങ്ങള്‍ വിസ്മൃതമാകുന്ന ഇടങ്ങളിലെല്ലാം നാമറിയാതെ ഒരു പരീശത്വം പിറവിയെടുക്കുന്നുണ്ട്. സാബത്തില്‍ അപരനോട് കരുണ കാട്ടാതിരിക്കുമ്പോഴും കണ്ണിനുപകരം കണ്ണുതന്നെയാകണമെന്നു വാശിപിടിക്കുമ്പോഴും അയാള്‍ പുതിയ നിയമകാലത്തിന് ചേരാത്തവനാകുകയാണ്.
മനുഷ്യന്‍ ദൈവമാകാന്‍ ശ്രമിക്കുന്നത് സര്‍പ്പത്തിന്റെ വാക്ക് കേട്ടാണ്. മനുഷ്യനാകാന്‍ ശ്രമിക്കാതെ മറ്റെന്തിന് നാമൊരുമ്പെടുമ്പോഴും നമ്മുടെ വിളിപ്പേര് ‘സര്‍പ്പസന്തതികളെ’ എന്നുതന്നെയാവും. മനുഷ്യനാവുക എന്ന ലളിതവും മഹത്തുമായ ബോധ്യപ്പെടുത്തലാണ് ക്രിസ്തുവിന്റെ മനുഷ്യാവതാരം. അത് സകല ബുദ്ധിയെയും കവിയുന്നതാണ്.

എല്ലാ സങ്കല്പങ്ങളെയും നിര്‍വചനങ്ങളെയും അതിശയിപ്പിക്കുന്നതാണ്. ഏറ്റവും സൗമ്യമായി പറഞ്ഞാല്‍, നമ്മുടെയൊക്കെ കൊച്ചുബുദ്ധികള്‍ നിര്‍മിക്കുന്ന കുഞ്ഞുലോകങ്ങള്‍ക്കതീതമാകലാണ് മനുഷ്യനാവുക എന്ന പ്രക്രിയ.
നോം ചോംസ്‌കിയുടെ ഒരു നിരീക്ഷണമുണ്ടല്ലോ, ”ലോകത്തെമ്പാടും വിഭിന്ന ഭാഷകള്‍ നിലനില്‍ക്കുന്നുവെങ്കിലും മാനവരാശി സാര്‍വലൗകികമായൊരു വ്യാകരണമാണ് പിന്തുടരുന്നത്.
ഓരോ വ്യക്തിയും ഈ ജൈവപരമായ വ്യാകരണത്തെ അബോധങ്ങളില്‍ വഹിക്കുന്നു. ജന്മസിദ്ധമായ ആന്തിര വ്യാകരണത്തിലേക്ക് തിരികെ നടക്കുക. മനുഷ്യനാവുക!”

മാനവികതയുടെ ഭാഷയില്‍നിന്നും പിന്‍വാങ്ങുമ്പോഴാവും നാം പലപ്പോഴും ക്രിസ്തുവിന്റെ ഭാഷയില്‍നിന്നും പിന്‍വാങ്ങുക. നാം പരസ്പരം പറയുന്നത് മനസിലാകാതെ വരിക. ബാബേല്‍ മുതല്‍ ഇന്നോളം അഹന്തയും അജ്ഞതയും ചേര്‍ന്ന വാക്കുകള്‍ക്കെല്ലാം ഒരു ദുര്‍ഗന്ധമുണ്ടാവും. എത്രയോ വട്ടം വാക്കിന്റെ പുളിപ്പിനെ സൂക്ഷിക്കണമെന്ന് അവന്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്. അവനെ അനുഗമിക്കുന്നവര്‍ ജാഗ്രതാപൂര്‍വം അത് പാലിക്കേണ്ടതുമുണ്ട്.
ചിലപ്പോഴെങ്കിലും പൗരോഹിത്യംപോലും വീണുപോകുന്ന ഒരിടമാണത്. ഒരു പൗരസ്ത്യ പിതാവിന്റെ വാക്കുപോലെ, ”പുരോഹിതന്മാരായ ഞങ്ങളെപ്പോലെയുള്ളവര്‍ ഈശ്വരനെക്കുറിച്ച് എല്ലാം ഞങ്ങള്‍ക്കറിയാമെന്നും മറ്റുള്ളവരെ പഠിപ്പിക്കാമെന്നും നടിച്ച് നടക്കാറുണ്ട്.

യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ക്ക് ചെയ്യാനാവുക ഈശ്വരന്റെ അജ്ഞേയത (Incompre -hensibiltiy of God) അനുഭവത്തില്‍ കൊണ്ടുവരിക മാത്രമാണ്. അജ്ഞാനം, അതേ അതീതമായ ഒരു അജ്ഞാനം അഭ്യസിക്കാന്‍ കടപ്പെട്ടവരാണ് ഞങ്ങള്‍. അതല്ലാതെ ദൈവം ഞങ്ങളുടെ ചെപ്പിനകത്തിരിക്കുന്ന ഒരു വസ്തുവായി കരുതി ദീര്‍ഘവിവരണങ്ങള്‍മൂലം ആ അജ്ഞേയനെ മറ്റുള്ളവര്‍ക്ക് മനസിലാക്കിക്കൊടുക്കുവാന്‍ ഞങ്ങള്‍ പലപ്പോഴും ശ്രമിക്കുന്നത് ഞങ്ങളുടെ അവിവേകത്തിന്റെ ലക്ഷണം മാത്രമാണ്.”

ദൈവം മനുഷ്യനായിത്തീര്‍ന്നു എന്ന ലളിത സുവിശേഷപാഠത്തില്‍നിന്നും പിന്‍വാങ്ങാന്‍ ഒരു ഉടുപ്പുകളും പത്രാസുകളും നമുക്ക് തടസമാകാതിരുന്നാല്‍ നന്ന്! ദൈവികമായൊരു അജ്ഞതയിലേക്കുള്ള പുരോഗമനമാണ് അറിവിന്റെ നിറവ് എന്നു നാം എന്നാണ് പഠിച്ചു തുടങ്ങുക. The real learning is unlearning !

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?