Follow Us On

22

December

2024

Sunday

എല്ലാവരും തോൽക്കുന്ന യുദ്ധം

റോയി അഗസ്റ്റിൻ

എല്ലാവരും തോൽക്കുന്ന യുദ്ധം

യുദ്ധത്തെ ‘തോൽവി’എന്ന് മാറ്റിവിളിച്ചത് ഫ്രാൻസിസ് പാപ്പയാണ് – രണ്ടു ദിവസങ്ങൾക്ക് മുമ്പ്. വീണ്ടുമൊരു വലിയ തോൽവി കനത്ത നാശനഷ്ടമായും ഉണങ്ങാത്ത മുറിവായും പെയ്യാൻ തുടങ്ങിയിരിക്കുന്നു . ഹമാസ് – ഇസ്രായേൽ ആക്രമണ പ്രത്യാക്രമണങ്ങളിൽ വിശുദ്ധ നാടിന്റെയും പശ്ചിമേഷ്യയുടെയും മാത്രമല്ല ലോകത്തിന്റെ മുഴുവൻ സമാധാനം നഷ്ടമായിരിക്കുന്നു. രാജ്യാന്തര സമൂഹത്തിന്റെ നെഞ്ചിടിപ്പ് കൂട്ടുന്ന വിവരങ്ങളാണ് ഇതെഴുതുമ്പോഴും വിശുദ്ധനാട്ടിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.സംഘർഷത്തെത്തുടർന്ന് ഇസ്രായേൽ – അറബ് സമവാക്യങ്ങൾ മാറ്റിയെഴുതപ്പെട്ടേക്കാമെന്നും നിരീക്ഷകർ പ്രവചിക്കുന്നു.

ലോകത്തെ ഒന്നാം നമ്പർ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിനെയും ശത്രുക്കളുടെ നേരിയൊരു ചലനം പോലും ഒപ്പിയെടുക്കാൻ കഴിയുന്ന ചാര സോഫ്റ്റുവെയറുകളെയും കണ്ണിമചിമ്മാതെ കാവൽ നിൽക്കുന്ന അതിർത്തി രക്ഷാസേനയെയും കബളിപ്പിച്ചു് ഒരു സാബത്ത് പുലരിയിൽ പലസ്തീൻ സായുധ സംഘമായ ഹമാസ് തെക്കൻ ഇസ്രായേലിൽ നടത്തിയ മിന്നലാക്രമണത്തിൽ നിന്നാണ് സംഘർഷത്തിന്റെ ആരംഭം. ഹമാസ് തൊടുത്ത ആയിരക്കണക്കിന് മിസൈലുകൾ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന കനലുകൾ അക്ഷരാർത്ഥത്തിൽ ആളിക്കത്തിച്ചിരിക്കുകയാണ്. ഗാസയെ വിജനമാക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രായേലും തിരിച്ചടി തുടങ്ങിയതോടെ ലോകം മറ്റൊരു യുദ്ധത്തിന്റെ കെടുതികളിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇരു പക്ഷത്തുമായി രണ്ടായിരത്തിലധികം ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടുകഴിഞ്ഞു. ഒട്ടേറെപ്പേർ ബന്ദികളായി. ഏറെയും സാധാരണക്കാർ. പതിവുപോലെ ലോകരാജ്യങ്ങൾ രണ്ടു ചേരികളിൽ നിലയുറപ്പിച്ചു. മിസ്സൈലുകളും റോക്കറ്റുകളും നാശങ്ങൾ വിതച്ചുകൊണ്ടെയിരിക്കുന്നു.

ശത്രുക്കളാൽ തകർത്തെറിയപ്പെടുകയും വംശഹത്യക്കിരയാക്കപ്പെടുകയും ചെയ്ത ഒരു ജനതയുടെ തിരിച്ചുവരവിന്റെ ചരിത്രമാണ് ഇസ്രായേലെന്ന രാഷ്ട്രത്തിന്റെ രൂപീകരണം. അബ്രഹാമിന്റെ സന്തതികളായ ഇസ്രായേലിന്റെ പുരാതന ചരിത്രം ബൈബിളിലെ പഴയനിയമത്തിലാണുള്ളത്. അസീറിയക്കാരും ബാബിലോണിയന്മാരും റോമക്കാരുമുൾപ്പടെയുള്ളവർ തകർത്തെറിഞ്ഞ തങ്ങളുടെ മാതൃരാജ്യത്തുനിന്ന് യഹൂദർ പുറത്താക്കപ്പെട്ടു. 1517 മുതലുള്ള നാലു നൂറ്റാണ്ടുകൾ ഓട്ടോമൻ ഭരണത്തിന് കീഴിലുമായി. ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അത് ബ്രിട്ടന്റെ കീഴിലായി. 1917- ൽ ബാൽഫെർ പ്രഖ്യാപനത്തിലൂടെ യഹൂദർക്കായി ഒരു രാജ്യം സ്ഥാപിക്കുമെന്ന് ബ്രിട്ടൻ പ്രഖ്യാപിച്ചു. അതോടെ ലോകമെങ്ങും ചിതറിപ്പാർത്തിരുന്ന യഹൂദർ ഇസ്രായേലിലേക്ക് മടങ്ങിയെത്താൻ തുടങ്ങി. യഹൂദരെ കൂട്ടക്കൊല ചെയ്യാനുള്ള ഹിറ്റ്ലറിന്റെ നീക്കങ്ങളും അതിന് ആക്കം കൂട്ടി. ഒടുവിൽ ബ്രിട്ടൻ ഈ പ്രശ്‌നം ഐക്യ രാഷ്ട്രസഭയ്ക്ക് കൈമാറുകയും, 1947- ൽ അറബികൾക്ക് പലസ്തീനും യഹൂദർക്ക് ഇസ്രായേലും സ്ഥാപിക്കാൻ തീരുമാനിച്ചു. യഹൂദർ ഈ തീരുമാനത്തെ അംഗീകരിച്ചപ്പോൾ അറബികൾ തള്ളിക്കളയുകയാണുണ്ടായത്. 1948-ൽ ബ്രിട്ടൻ മടങ്ങുകയും ഇസ്രായേൽ രാഷ്ട്രം രൂപീകൃതമാവുകയും ചെയ്തു. തുടർന്ന് ഏറിയും കുറഞ്ഞും ഇരു പക്ഷങ്ങളും തമ്മിലുള്ള ഉരസലിനാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിച്ചിട്ടുള്ളത്. ജെറുസലേം ദേവാലയം നിലനിന്നിരുന്നിടത്താണ് ഇപ്പോൾ അൽ അഖ്‌സ മോസ്‌ക്‌ സ്ഥിതിചെയ്യുന്നതെന്നും അതിനാൽ അവിടെ ദേവാലയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകായും ചെയ്യുന്ന യഹൂദരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുന്നുമുണ്ട്. ഇതിനിടെയാണ് അതിർത്തിവേലി പൊളിച്ച ഹമാസ്, ഇസ്രായേലിൽ കടന്നുകയറിയത്.

അൽ അഖ്‌സ മോസ്‌ക്കിന്റെ ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാനെന്ന പേരിലാണ് ഹമാസ് അതിക്രമങ്ങൾ ആരംഭിച്ചത്.ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണയ്ക്കുവേണ്ടിയുള്ള നീക്കമായി മാത്രമേ അതിനെ കാണേണ്ടതുള്ളൂ. ഗാസയിലെ മറ്റൊരു തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദും ലെബനോനിലെ ഹിസ്ബുള്ളയും ഒഴിച്ച് മറ്റാരും ഇതു വരെ ഹമാസിനെ പിന്തുണക്കാനെത്തിയിട്ടില്ല. അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രായേൽ, സൗദി അറേബ്യ, യു. എ. ഇ തുടങ്ങിയ അറബ് രാജ്യങ്ങളുമായി വൈരം മറന്ന് ഒന്നിക്കാൻ തുടങ്ങുന്നതാണ് ഹമാസിന്റെ പെട്ടെന്നുള്ള ആക്രമണത്തിന്റെ കാരണമെന്ന് പൊതുവെ നിരീക്ഷിക്കപ്പെടുന്നു. അറബ് ലോകവുമായി സാധാരണ ബന്ധം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുകയാണെന്ന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഐക്യരാഷ്ട്ര പൊതുസഭയിൽ പ്രസംഗിക്കവെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പരാമർശിച്ചതും, ഭിന്നതകൾ അവസാനിപ്പിച്ച് ഇസ്രായേലുമായി സമാധാനപരമായ ബന്ധത്തിലെത്താനുള്ള സാദ്ധ്യതകൾ ദിനംപ്രതി വർധിച്ചുവരികയാണെന്ന് സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പറഞ്ഞതും ഇറാനെ വിളറിപിടിപ്പിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സൗദി – ഇസ്രായേൽ ബന്ധം ഭീഷണിയായേക്കുമെന്നു കരുതുന്ന ഇറാൻ, ഹമാസിന് പിന്തുണ നൽകുന്നത് ഈ സാഹചര്യത്തിൽ വിസ്മരിക്കാൻ കഴിയില്ല.

ആധുനിക ലോകം സാക്ഷ്യം വഹിച്ച ചരിത്രത്തിലെ ഏറ്റവും വലിയ നരഹത്യ രണ്ടാം ലോക മഹായുദ്ധത്തിനിടെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ചപ്പോഴാണുണ്ടായത്. അതിനുശേഷവും എത്രയോ യുദ്ധങ്ങളുണ്ടായി. ഓരോ യുദ്ധങ്ങളും മഹാനഷ്ടങ്ങൾ മാത്രം ബാക്കിവച്ചു.ലോകത്തിന്റെ പലയിടങ്ങളിലും സംഘർഷത്തിന്റെ വെടിയൊച്ച മുഴങ്ങുന്നതവസാനിച്ചിട്ടില്ല. അതിനാൽത്തന്നെ ലോകത്തിൽ സ്വസ്ഥതയും സമാധാനവും എപ്പോഴും ഭീഷണിയിലാണ് .ഒന്നര വർഷത്തോളമായി തുടരുന്ന റഷ്യ – യുക്രൈൻ യുദ്ധം വർത്തമാനകാലത്തെ ദുരന്തപാഠമാണ്. ലോക സമാധാന ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകുകയെന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ ഐക്യരാഷ്ട്ര സഭയുടെ പരാജയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി റഷ്യ – യുക്രൈൻ യുദ്ധം നമുക്കു മുന്നിലുണ്ട്. ഹമാസ് – ഇസ്രായേൽ സംഘർഷത്തിലും ഐക്യരാഷ്ട്രസഭ ഇതുവരെ കൃത്യമായൊരു നിലപാട് സ്വീകരിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർഥ്യം. ഇതപലപനീയമാണ്. കൂടുതൽ നഷ്ടങ്ങളിലേക്കും ദുരന്തങ്ങളിലേക്കും റഷ്യ – യുക്രൈൻ, ഹമാസ് – ഇസ്രായേൽ യുദ്ധങ്ങൾ നീണ്ടുപോകരുത്. ശാന്തിയിലേക്കുള്ള പുത്തൻ വഴികൾ തേടുന്നതിനുള്ള ഹൃദയപൂർവ്വമായ പരിശ്രമങ്ങൾ എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണം.

എവിടെയും ജീവനും കയ്യിൽ കയ്യിപ്പിടിച്ചോടുന്നവർ മാത്രം.ചോരയുടെയും കണ്ണീരിന്റെയും നടുക്കടലിലൂടെ രക്ഷയുടെ തുരുത്തന്വേഷിക്കുന്നവരിൽ സ്ത്രീകളും കുട്ടികളും വയോജനങ്ങളും. എല്ലാം തകർക്കപ്പെടുന്നു. മഹാനാശത്തിനുമുമ്പിൽ കഠിന ദുഃഖം കടിച്ചമർത്തുന്നവർ നൊമ്പരക്കാഴ്ചയാകുന്നു. തകർക്കപ്പെടുന്ന വീടുകൾക്കും കൽക്കൂമ്പാരങ്ങളാകുന്ന ഉപജീവനമാർഗങ്ങളുടെയും മധ്യേ വിറങ്ങലിച്ചുനിൽക്കുന്ന മനുഷ്യർ. മാനഭംഗം ചെയ്യപ്പെടുന്ന സ്‌ത്രീകൾ. മുറിവേറ്റു പിടയുന്ന കുഞ്ഞുങ്ങൾ. മക്കളുടെ മുന്നിൽ കൊലചെയ്യപ്പെടുന്ന മാതാപിതാക്കൾ. ജീവൻ നഷ്ടപ്പെട്ടവരെപ്പോലും അവർത്തിച്ചപമാനിക്കുന്ന എതിരാളികൾ. എല്ലാ യുദ്ധങ്ങളും അവശേഷിപ്പിക്കുന്ന ചിത്രം ഇതുതന്നെ. പരിഷ്‌കൃതമായി ചിന്തിക്കുന്ന ആധുനികലോകത്തിന് ഒരു യുദ്ധത്തെയും പിന്തുണക്കാനും ന്യായീകരിക്കാനുമാവില്ല. കാരണം യുദ്ധങ്ങൾ ബാക്കിവയ്ക്കുന്നത് ദുരന്തങ്ങളും കണ്ണീരും മാത്രമാണ്. അതുകൊണ്ടാണ് ഏതൊരു യുദ്ധവും പരാജയം മാത്രമാണെന്ന് ഫ്രാൻസിസ് പാപ്പ നിരന്തരം ഓർമ്മിപ്പിക്കുന്നത്. കേൾക്കാൻ ചെവിയുള്ളവർ കേൾക്കട്ടെ !

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?