Follow Us On

19

January

2025

Sunday

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍

കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും ഉറപ്പാക്കണം: ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍
ഇടുക്കി/കാഞ്ഞിരപ്പള്ളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആശങ്ക അറിയിച്ച് ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകള്‍ രംഗത്ത്.  ഈ വിഷയത്തില്‍ ഗവണ്‍മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട്  കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍, ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം നടത്തി. അമേരിക്കയിലെ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്ത് ഏറ്റവും അപകടകരമായ ഡാം മുല്ലപ്പെരിയാറാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ നടത്തിയ ശാസ്ത്രീയ പഠനത്തെ അധികരിച്ച് എഴുതപ്പെട്ട ഈ റിപ്പോര്‍ട്ട് വലിയ ആശങ്ക ഉളവാക്കുന്നതാണ്. ലിബിയയില്‍ ഡാമുകള്‍ തകര്‍ന്ന് ഇരുപതിനായിരത്തിലധികം ആളുകള്‍ മരിക്കാന്‍ ഇടയായ പശ്ചാത്തലത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇത്തരം ഒരു പഠനം നടത്തി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ ഡാം അപകടത്തിലായാല്‍ 3,50,000 ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയും കേരളത്തിലെ നാല് ജില്ലകളെ ബാധിക്കുകയും ചെയ്യുമെന്ന ഭീതിദമായ അവസ്ഥയാണ് ഈ ആശങ്കയ്ക്ക് കാരണം. ഒരു ഡാമിന്റെ പരമാവധി കാലാവധി 50 – 60 വര്‍ഷങ്ങളാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നിടത്ത് 128 വര്‍ഷങ്ങള്‍ക്ക് ശേഷവും മുല്ലപ്പെരിയാര്‍ ഡാം ഭാഗ്യപരീക്ഷണം നടത്തുന്നു. 1895ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഡാം പുനര്‍നിര്‍മിക്കണമെന്ന് 2021ല്‍ യുഎന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നതുമാണ്.
ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും ഈ കാര്യത്തെ ഗൗരവമായി കണ്ട് അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. മുല്ലപ്പെരിയാര്‍ ഭൂകമ്പ സാധ്യതയുള്ള പ്രദേശമാണെന്നും ഒരു ഭൂകമ്പത്തെ അതിജീവിക്കാന്‍ വേണ്ട ശേഷി ഈ ഡാമിന് ഇല്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തമിഴ്നാടിന് ആവശ്യമായ ജലം നല്‍കണം. അതേസമയം കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണം. അത്തരത്തിലുള്ള ഒരു കരാര്‍ വ്യവ സ്ഥയിലേക്ക് ഇരു സര്‍ക്കാരുകളും എത്തിച്ചേരണം. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളെ പരസ്പരം സഹായിക്കാനുള്ള ഒരു ചാലകശക്തിയായി പ്രവര്‍ത്തിക്കണം. ജനങ്ങളുടെ ആശങ്ക ജനപ്രതിനിധികളെയും സര്‍ക്കാരുകളെയും അറിയിക്കാനും സമ്മേളനം തീരുമാനിച്ചു.
 മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസഫ് വെള്ളമറ്റം, മോണ്‍. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, മോണ്‍. കുര്യന്‍ താമരശേരി, മോണ്‍. അബ്രഹാം പുറയാറ്റ്, ഫാ. ജിന്‍സ് കാരക്കാട്ട്, ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?