Follow Us On

26

December

2024

Thursday

ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ വത്തിക്കാന്‍ സഭൈക്യ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം

ഫാ. ജിജിമോന്‍ പുതുവീട്ടില്‍ക്കളം എസ്.ജെ വത്തിക്കാന്‍ സഭൈക്യ ദൈവശാസ്ത്ര കമ്മീഷന്‍ അംഗം
കാക്കനാട്: കത്തോലിക്കാസഭയും ഓറിയന്റല്‍ ഓര്‍ത്തോഡോക്‌സ് സഭകളും തമ്മിലുള്ള സഭൈക്യ സംവാദത്തിനുവേണ്ടിയുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര കമ്മീഷനിലെ അംഗമായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തിലിനെ സഭൈക്യത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി നിയമിച്ചു. നിയമനം അഞ്ചുവര്‍ഷത്തേക്കാണ്. കത്തോലിക്കാസഭയുടെ കൂട്ടായ്മയ്ക്കു പുറത്തുള്ള ഓര്‍ത്തോഡോക്‌സ് സഭാസമൂഹങ്ങളുമായി ഐക്യത്തിനുവേണ്ടിയുള്ള ദൈവശാസ്ത്ര സംവാദങ്ങള്‍ നടത്താനും മാര്‍ഗരേഖകള്‍ തയ്യാറാക്കാനുമുള്ള വത്തിക്കാനിലെ സഭൈക്യ ദൈവശാസ്ത്ര കമ്മീഷനാണിത്. ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടിയുള്ള മാര്‍പാപ്പയുടെ തിരുസംഘത്തിന്റെ വത്തിക്കാനിലുള്ള കാര്യാലയത്തിനു കീഴിലാണ് ഈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്.
2001-ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും തത്വശാസ്ത്രത്തിലും സുറിയാനി സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതിന് പുറമെ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദവും ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന് സുറിയാനി പഠനങ്ങളില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഇപ്പോള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പൗരസ്ത്യ സുറിയാനി സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രത്തില്‍ ഡോക്ടറല്‍ ഗവേഷണം നടത്തിവരികയാണ്. ഇറാക്കിലുള്ള അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റുമായി കത്തോലിക്കാസഭ നടത്തിവരുന്ന ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ വത്തിക്കാന്‍ നിരീക്ഷകന്‍, ഇംഗ്ലണ്ടിലെ സെന്റ് തെയോസേവിയ സെന്റര്‍ ഫോര്‍ ക്രിസ്ത്യന്‍ സ്പിരിച്വാലിറ്റി കൗണ്‍സില്‍ അംഗം, സീറോമലബാര്‍സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മറ്റി അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയാണ്.
2017 ഓഗസ്റ്റ് 19-ന് വൈദികപട്ടം സ്വീകരിച്ച ഫാ. ജിജി കുട്ടനാട് പുന്നക്കുന്നത്തുശേരിയിലെ പുതുവീട്ടില്‍ക്കളം പി.ടി. ജോസഫ്-ത്രേസ്യാമ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശേരി അതിരൂപതാ വൈദികനായ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തിലിന്റെ സഹോദരനുമാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?