ബംഗളൂരു: തലയിലെ ട്യുമറിനെ ധീരതയോടെ അഭിമുഖീകരിച്ചും, ഐസിയുവില്‍നിന്നും ടിഷ്യൂ പേപ്പറില്‍ സ്‌നേഹക്കുറിപ്പുകളെഴുതി ലോകത്തെ ധൈര്യപ്പെടുത്തിയും മരണത്തെ പുല്‍കിയ തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ ജോസ് റെയ്‌നി (മൊയലന്‍) എന്ന മുന്നയുടെ ഓര്‍മയ്ക്കായി കെയ്റോസ് മീഡിയയും തൃശൂരിലെ ജോസ് റെയ്‌നി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം അവാര്‍ഡുകള്‍ ബംഗളൂരുവില്‍ നടന്ന ജീസസ് യൂത്ത്- ജാഗോ ദേശീയ സമ്മേളനത്തില്‍ വിതരണം ചെയ്തു. പ്രശസ്ത വ്യവസായിയും മുന്നയെന്ന ജോസ് റെയിനിയുടെ പിതാവുമായ റെയ്‌നി മൊയലനാണു സമ്മാനദാനം നിര്‍വഹിച്ചത്.
മികച്ച ഷോര്‍ട്ട് ഫിലിമായി ‘അജ്‌ന’ തിരഞ്ഞെടുക്കപ്പെട്ടു. അജ്‌നയുടെ സംവിധായകന്‍ ഡോണ്‍ ജോസഫാണ് മികച്ച സംവിധായകന്‍. 75,000 രൂപയും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. മൂന്നു ലക്ഷത്തോളം വരുന്ന സമ്മാനത്തുകള്‍ ഒന്‍പതു വിഭാഗങ്ങളില്‍ വിജയികള്‍ക്ക് വിതരണം ചെയ്തു. മുന്ന പഠിച്ചിറങ്ങിയ അതെ ക്യാമ്പസില്‍ മുന്നയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ ഷോര്‍ട്ട് ഫിലിം മത്സരങ്ങളുടെ അവാര്‍ഡുദാന ചടങ്ങുകളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കുള്ള വേദിയായി മാറി.
കെയ്റോസ് മീഡിയ ഡയറക്ടര്‍മാരായ ഡോ. ചാക്കോച്ചന്‍ ഞാവള്ളില്‍, ഫാ. ആല്‍വിന്‍ മുണ്ടയ്ക്കല്‍, അഡ്വ. ജോണ്‍സണ്‍ ജോസ്, ആന്റോ എല്‍. പുത്തൂര്‍, സി.എ സാജന്‍, സെബിന്‍ അഗസ്റ്റിന്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 16 ഷോര്‍ട്ഫിലിമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. ഏറെ പ്രതീക്ഷ നല്‍കുന്നതും വരാനിരിക്കുന്ന നല്ല സിനിമകളുടെ വസന്തകാലത്തിന്റെ സൂചനകളാണ് ഓരോ സൃഷ്ടിയുമെന്ന് ജൂറി അഭിപ്രായപ്പെട്ടു. ചലച്ചിത്ര സംവിധായകനും എഴുത്തുകാര നുമായ പ്രദീപ് നായര്‍, പ്രശസ്ത ഫിലിം എഡിറ്റര്‍ രഞ്ജന്‍ അബ്രാഹം, പരസ്യ കലാ രംഗത്തെ പ്രശസ്തനും മീഡിയാ പരിശീലകനുമായ ഫേവര്‍ ഫ്രാന്‍സിസ് എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്. ജീസസ് യൂത്ത് മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ സുനീഷ് സെബാസ്റ്റ്യനാണ് ജൂറി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്.
തിരഞ്ഞെടുക്കപ്പെട്ട 16 ഷോര്‍ട്ഫിലിമുകള്‍ കെയ്റോസ് മീഡിയ യൂട്യൂബ് ചാനലില്‍ കാണാന്‍ കഴിയും
Leave a Comment
Your email address will not be published. Required fields are marked with *