Follow Us On

23

November

2024

Saturday

ഉദാഹരണം നരിപ്പാറയച്ചന്‍

ഉദാഹരണം നരിപ്പാറയച്ചന്‍

 ഫാ. മാത്യു ആശാരിപറമ്പില്‍

മലബാറിലെ ദൈവജനത്തിനായി കര്‍ത്താവ് പറഞ്ഞ മനോഹരമായ ഒരു ഉപമയായിരുന്നു ജോര്‍ജ് നരിപ്പാറയച്ചന്‍. ഒരു പുരോഹിതനും അജപാലകനും വികാരിയും എങ്ങനെയായിരിക്കണമെന്ന് കര്‍ത്താവ് മനസില്‍ കരുതിയോ അതെല്ലാം ദൃശ്യവല്‍ക്കരിച്ച ഉദാഹരണമായിരുന്നു ഈ പുണ്യമനുഷ്യന്‍. അദ്ദേഹത്തിന്റെ മൃതദേഹത്തിനരികെ കൈകൂപ്പി നിന്നപ്പോള്‍ മനസിലൂടെ ഒഴുകിയിറങ്ങിയ ചിന്തയാണിത്. ഏതാണ്ട് 84 വര്‍ഷം നീണ്ട ജീവിതത്തിലെ അറുപതു വര്‍ഷത്തോളം മലബാറിലെ വിവിധ ഇടവകകളില്‍ ജീവിച്ച ഈ വൈദികന്‍ ഏതൊരു വികാരിയും സെമിനാരിക്കാരനും നിര്‍ബന്ധമായി പഠിച്ച് പരിശീലിക്കേണ്ട ഉദാഹരണമാണ്. കാഴ്ചയില്‍ അത്ര ആകാരഗാംഭീര്യമില്ലാത്ത ഈ കറുത്ത അഞ്ചടി പൊക്കക്കാരന്‍ വൈദികന്‍ ജനഹൃദയങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നത് അത്ഭുതത്തോടെ നാം നോക്കിനില്‍ക്കണം!

കഴിഞ്ഞ ആറുമാസത്തോളമായി അദ്ദേഹം കിടപ്പിലായിരുന്നു. ശാന്തിഭവന്‍ വൈദികമന്ദിരത്തില്‍ അദ്ദേഹത്തെ ഈ രോഗാതുര കാലഘട്ടത്തില്‍ പലപ്പോഴും സന്ദര്‍ശിച്ചിട്ടുണ്ട്. മയങ്ങിക്കിടക്കുന്നതിനിടയിലും സ്‌നേഹപൂര്‍വം വിളിക്കുമ്പോള്‍, പതുക്കെ കണ്ണ് തുറന്ന് ചുണ്ടനക്കി അദ്ദേഹം പേര് വിളിക്കുമ്പോള്‍, മറന്നുപോകാത്ത മനസിന്റെ നന്മകളെ നാം വാഴ്ത്തിപ്പോകും. മൂന്നാഴ്ചമുമ്പ് ചെല്ലുമ്പോള്‍ അദ്ദേഹം കണ്ണ് തുറന്നില്ല, വിളിച്ചതു കേട്ടിട്ടുണ്ടാവില്ല, എന്നെ തിരിച്ച് പേര് വിളിച്ചുമില്ല. തല കുനിച്ചുനിന്ന് ഞാന്‍ അദ്ദേഹത്തിന്റെ വലതുകൈ എടുത്ത് എന്റെ ശിരസില്‍വച്ച് അല്പനിമിഷം ശാന്തമായി നിന്നു. ആ പുണ്യകരങ്ങളിലൂടെ അനുഗ്രഹത്തിന്റെ നീര്‍ച്ചാലുകള്‍ എന്നിലേക്ക് ഒഴുകിയിറങ്ങട്ടെ. ആ അവസാന സ്പര്‍ശനത്തിന്റെ അനുഭൂതിയിലാണ് ഞാന്‍ ഈ അനുസ്മരണക്കുറിപ്പ് എഴുതുന്നത്.

ഞാന്‍ പൗരോഹിത്യം സ്വീകരിക്കുന്ന ദിനങ്ങളില്‍ എന്റെ മാതൃ ഇടവകയായ ചെറുപുഴയില്‍ ജോര്‍ജ് നരിപ്പാറയച്ചന്‍ വികാരിയായിരുന്നു. ക്രിസ്മസ് കഴിഞ്ഞ പിറ്റേദിവസം ഡിസംബര്‍ 26-ന് ഞങ്ങളുടെ ഇടവകയുടെ പുതിയ ദൈവാലയം സെബാസ്റ്റ്യന്‍ വള്ളോപ്പള്ളി പിതാവ് കൂദാശ ചെയ്തു. അന്ന് ഉച്ചകഴിഞ്ഞ് പുതിയ ദൈവാലയത്തില്‍വച്ച് എനിക്ക് തിരുപ്പട്ടവും നല്‍കി. ആ തിരുക്കര്‍മങ്ങള്‍ക്ക് ഓടിനടന്ന് നേതൃത്വം നല്‍കിയത് ഞങ്ങളുടെ ഈ വികാരിയച്ചനാണ്. വൈദികപരിശീലനത്തിന്റെ അവസാന ദിനങ്ങളില്‍ പുസ്തകങ്ങളില്‍നിന്നല്ല, ഈ നല്ല വികാരിയച്ചന്റെ പ്രായോഗിക ജ്ഞാനത്തില്‍നിന്ന് ജനത്തെ നയിക്കുന്നതിന്റെ, നിയന്ത്രിക്കുന്നതിന്റെ കുറുക്കുവഴികള്‍ ഞാന്‍ പഠിക്കുകയായിരുന്നു. അതൊക്കെയാണ് ഇന്നും വിജയമന്ത്രങ്ങള്‍. വിദ്യാഭ്യാസത്തിലും വികസനത്തിലും ഇത്തിരി പുറകില്‍നിന്ന മലബാറിലെ ‘ചേട്ടന്മാരെ’ എത്ര തന്മയത്വത്തോടുകൂടിയാണ് ഈ വൈദികന്‍, തന്റെ വാക്കുകളിലൂടെയും കരുതലിലൂടെയും സ്വാധീനിച്ചത് എന്നത് വിസ്മയകരമാണ്. ദാരിദ്ര്യവും കഷ്ടപ്പാടും പരാതികളുമില്ലാതെ സ്വീകരിച്ച മനുഷ്യന്‍, പൗരോഹിത്യത്തെ സ്‌നേഹിച്ചു, ഇഷ്ടപ്പെട്ടു, സന്തോഷത്തോടെ അവസാനനിമിഷംവരെ ആശ്ലേഷിച്ചു. ഇതാണ് വൈദികന്‍… ഇതായിരിക്കണം ഇടവകവികാരി.

എടുത്തുപറയുവാന്‍മാത്രം സിദ്ധികളോ കഴിവുകളോ ഇല്ലാത്ത ഒരു സാധാരണ വൈദികന്‍. ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ പഠിച്ചതല്ലാതെ, മറ്റ് ഉന്നത വിദ്യാഭ്യാസമോ റോമന്‍ ഡോക്ടര്‍ ബിരുദമോ ഇല്ല. തമാശകളും നുറുങ്ങ് ചിന്തകളുമുള്ള പ്രസംഗം… വാഗ്‌ധോരണികളില്ല.
പാട്ടുകുര്‍ബാനയ്ക്ക് നൂറില്‍ പത്തുമാര്‍ക്കുപോലും കിട്ടില്ല. സാഹിത്യരചനകളോ സംഗീതശില്പങ്ങളോ ഇല്ല. സ്വന്തമായി വാഹനമോ സ്വരുക്കൂട്ടിയ ധനമോ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അപാരമായ ഓര്‍മശക്തിയില്‍ ആളുകളെ ഓമനപ്പേര് പറഞ്ഞു വിളിച്ച് ചേര്‍ത്തുനിര്‍ത്തുന്ന സ്‌നേഹമന്ത്രണത്തില്‍ അദ്ദേഹം രചിച്ചത് മലബാറില്‍ വികസനത്തിന്റെ ചരിത്രമാണ്. സ്‌കൂളുകള്‍, ദൈവാലയങ്ങള്‍, വൈദികഭവനങ്ങള്‍, സെമിത്തേരികള്‍, ഗ്രൗണ്ടുകള്‍ തുടങ്ങി വിവിധതരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്തി അദ്ദേഹം നിര്‍വഹിച്ചു. നിര്‍ബന്ധ പിരിവുകളും കുടിശികകളും ഇല്ലാതെ ജനത്തിന്റെ പങ്കുവയ്ക്കലിലൂടെ അദ്ദേഹം ഇതെല്ലാം സാധിച്ചു. ഏതൊരു പിശുക്കന്റെയും സ്വാര്‍ത്ഥന്റെയും ഹൃദയം തുറക്കുന്ന താക്കോല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ നടുമുറ്റത്തേക്ക് കയറിവരുന്ന ഈ പുണ്യത്തെ ആര്‍ക്കും ആട്ടിപായിക്കാനാവില്ല. ‘നരിപ്പാറയച്ചന്‍’ എന്ന നാമം കേള്‍ക്കാത്ത ഒരു വ്യക്തിപോലും മലബാറില്‍ ഇല്ലാത്തവിധം അദ്ദേഹം ലാളിത്യത്തിന്റെയും നന്മയുടെയും സുഗന്ധം പരത്തി.

പുതിയ തലമുറയിലെ അജപാലകര്‍ക്കായി നരിപ്പാറയച്ചന്റെ
വിജയമന്ത്രങ്ങളില്‍ ചിലതു സൂചിപ്പിക്കാം.
ജനത്തെ സ്‌നേഹിച്ച ഇടയന്‍
തന്റെ വാക്കുകളിലൂടെയും ഇടപെടലുകളിലൂടെയും അച്ചന് എന്നോട് സ്‌നേഹമുണ്ടെന്ന് മനസിലാക്കുവാന്‍ മാത്രം അദ്ദേഹം ജനത്തിന് സ്‌നേഹം പകര്‍ന്നുകൊടുത്തു.
പേരുചൊല്ലി വിളിക്കുന്ന അച്ചന്‍
ഓരോ വ്യക്തിയും അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. എല്ലാവരുടെയും പേര് പഠിക്കുകയും വിളിക്കുകയും ചെയ്യും. വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആരെയും മറക്കാത്ത അപാരമായ ഓര്‍മശക്തി അദ്ദേഹം അജപാലനമേഖലയില്‍ നന്നായി ഉപയോഗപ്പെടുത്തി.
കുഞ്ഞുങ്ങളിലൂടെ കുടുംബത്തിലേക്ക്
കുഞ്ഞുങ്ങളെയും കുട്ടികളെയും ഓമനിക്കുകയും സമ്മാനങ്ങള്‍ കൊടുത്ത് കൂടെ നിര്‍ത്തുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നതിലൂടെ അദ്ദേഹം കുടുംബത്തിലേക്ക് കടന്നുചെല്ലുവാന്‍ വഴിതുറന്നു.
മതബോധനം, മിഷന്‍ലീഗ്, യുവജന സംഘടനകള്‍ ഇതെല്ലാം വളരെ തീക്ഷ്ണതയോടെ അദ്ദേഹം പരിപാലിച്ചു. ആയിരക്കണക്കിന് യുവജനങ്ങളെ സഭയോട് ചേര്‍ത്തുനിര്‍ത്തി അദ്ദേഹം അല്മായ പങ്കാളിത്തത്തിന് പ്രാധാന്യം നല്‍കി.
ദൈവിളി പ്രോത്സാഹിപ്പിക്കുന്ന അച്ചന്‍
താന്‍ ശുശ്രൂഷ ചെയ്യുന്ന സമൂഹത്തില്‍നിന്ന് ധാരാളം വൈദികരും സമര്‍പ്പിതരും ഉണ്ടാകുവാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. താന്‍ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും അദ്ദേഹം സാക്ഷ്യപ്പെടുത്തി.
ഭവനസന്ദര്‍ശനം
ഇടവകയിലെ എല്ലാ ഭവനങ്ങളും വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. ഓരോ കുടുംബത്തിന്റെയും പ്രതിസന്ധികള്‍ അദ്ദേഹം മനസിലാക്കിയിരുന്നു.
ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടു
ജനത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ഓടിയകലുകയല്ല, മറിച്ച് ഒപ്പം കൂടെ നില്‍ക്കുന്ന ധീരനേതാവായി അദ്ദേഹം മാറി.
ആഴത്തിലുള്ള ദൈവബന്ധം
ആത്മീയ അനുഷ്ഠാനങ്ങളെ ആത്മാര്‍ത്ഥതയോടെ പിന്തുടര്‍ന്ന്, ദൈവബന്ധത്തില്‍ വളരുവാന്‍ അദ്ദേഹം പരിശ്രമിച്ചു. ദൈവാശ്രയത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യനിമിഷങ്ങളെ അദ്ദേഹം തലോടി.
പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും തമാശകളും കഥകളും നുറുങ്ങുകളും എപ്പോഴും സുലഭമായിരുന്നു. സരസമായും ലളിതമായും സന്തോഷകരമായും ജീവിതത്തെ അദ്ദേഹം സ്വീകരിച്ചു. കോപവും ഗൗരവവും കലഹവും കടന്നുവരുവാന്‍ അദ്ദേഹം അനുവദിച്ചില്ല.
പുതുമകളെ സ്വീകരിക്കുവാന്‍ അദ്ദേഹം തയാറായിരുന്നു. കൊടുംവാശികളോ തീവ്രവാദങ്ങളോ അദ്ദേഹം പുലര്‍ത്തിയില്ല. കരിസ്മാറ്റിക് നവീകരണവും വരദാനശുശ്രൂഷകളും ലിറ്റര്‍ജി നവീകരണവുമെല്ലാം അദ്ദേഹം സ്വാംശീകരിച്ചു. തീവ്രനിലപാടുകള്‍ ഇല്ലാതിരുന്നതിനാല്‍ എല്ലാവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു.
മലബാറിനെ ദീപാലംകൃതമാക്കിയ വന്‍ വിളക്കുമരങ്ങള്‍ ഓരോന്നായി കെട്ടുതീരുകയാണ്. അവര്‍ വിതറിയ വര്‍ണപ്രഭയ്ക്ക് പകരംവയ്ക്കുവാന്‍ സമര്‍പ്പിതജന്മങ്ങള്‍ കൂടുതല്‍ തിളങ്ങണം…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?