ജെയ്‌മോന്‍ കുമരകം
മാതാവിന്റെ കണ്ണീര്‍ ദൈവാലയം എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു കുടുംബത്തിന്റെ സങ്കടത്തിന്റെയും അളവില്ലാതൊഴുകിയ പ്രാര്‍ത്ഥനയുടെയും കൂടാരമാണിത്. ഈ ദൈവാലയം സ്ഥാപിതമായിട്ട് അടുത്തവര്‍ഷം നവംബറില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. കണ്ണീര്‍ ദൈവാലയം രൂപപ്പെട്ട കഥ ഇങ്ങനെയാണ്.
ആന്‍ജലോ ജാനുസോ ഇറ്റലിയിലെ സൈറാക്കസ് പട്ടണത്തിലെ ഒരു സാധാരണക്കാരനായിരുന്നു. ചെറിയ ജോലികള്‍ ചെയ്ത് അദേഹം മുന്നോട്ട് പോയി. അദ്ദേഹത്തിന്റെ ഭാര്യ ആന്റോണിയോ ഗര്‍ഭിണിയായിരുന്നു. ഈ ഗര്‍ഭകാലകഷ്ടതയും ചില ശാരീരികരോഗങ്ങളും അവളെ വല്ലാതെ ക്ലേശിപ്പിച്ചു. ആന്‍ജലോ ജോലിക്ക് പോയാല്‍ പിന്നെ ഭര്‍തൃസഹോദരി ഗ്രാസിയായും ഒരു ആന്റിയും മാത്രമേ അവള്‍ക്ക് കൂട്ടുണ്ടായിരുന്നുള്ളൂ. ഈ വിശ്രമകാലത്ത് അവള്‍ പരിശുദ്ധ കന്യാമറിയത്തോട് നിരന്തരം പ്രാര്‍ത്ഥിച്ചു. അവള്‍ കിടന്ന കട്ടിലിനോട് ചേര്‍ന്ന് മാതാവിന്റെ ചെറിയൊരു രൂപമുണ്ടായിരുന്നു. ദിവസം മുഴുവന്‍ അതില്‍ നോക്കി അവള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അങ്ങനെ പ്രാര്‍ത്ഥിക്കുന്ന ഒരുദിവസം അവള്‍ മാതാവിന്റെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി.
അമ്മയുടെ കണ്ണില്‍നിന്നും കണ്ണീര്‍ ഒഴുകിയിറങ്ങുന്നു! ‘അമ്മ കരയുകയാണോ?’ ഇത്തിരി ഉറക്കെ അത്ഭുതത്തോടെയാണ് ആന്റോണിയോ ചോദിച്ചത്. അവളുടെ ഉറക്കെയുള്ള ശബ്ദം കേട്ട് ഗ്രാസിയാ ഓടിവന്നു. അവളും ആ കണ്ണീര്‍ കണ്ടു. വിരല്‍കൊണ്ട് അവള്‍ രൂപത്തില്‍ തൊട്ടുനോക്കി. അത്ഭുതം! കൈവിരല്‍ നനഞ്ഞിരിക്കുന്നു. അതായത്, അമ്മ കരയുന്നുവെന്ന്. തല്‍ക്ഷണം അന്റോണിയായുടെ ശാരീരികക്ഷീണവും രോഗതീവ്രതയും അവളില്‍നിന്നും വിട്ടുപോയി.
അധികം വൈകാതെ വാര്‍ത്തയറിഞ്ഞ് നാട്ടുകാര്‍ എല്ലാവരും ഈ യാഥാര്‍ത്ഥ്യം നേരില്‍ കണ്ടു. 1953 ഓഗസ്റ്റ് 29 ന് രാവിലെ മുതല്‍ സെപ്റ്റംബര്‍ ഒന്നിന് ഉച്ചവരെ നാലു ദിവസത്തോളം 56 മണിക്കൂര്‍ അമ്മയുടെ കണ്ണില്‍നിന്നും ഈ കണ്ണീര്‍ പ്രവാഹമുണ്ടായി.
പിന്നീട് ശാസ്ത്രീയ പരീക്ഷണങ്ങളുടെയും തെളിവുകളുടെയും റിപ്പോര്‍ട്ടുകളുടെയും സാക്ഷ്യമൊഴികളുടെയും വെളിച്ചത്തില്‍ ഇത് ‘മാതാവിന്റെ കണ്ണീര്‍പ്രവാഹ’മാണെന്നുതന്നെ ആധികാരികമായി സഭ പ്രഖ്യാപിച്ചു. 1994 നവംബര്‍ ആറിന് സൈറാക്കസില്‍ ‘മാതാവിന്റെ കണ്ണുനീര്‍ ദൈവാലയം’ കൂദാശ ചെയ്തത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു.
ആ വലിയ ആക്‌സിഡന്റ് വേളയില്‍
മാതൃഭക്തനായിരുന്ന പ്രഫ. പി.ടി ചാക്കോ എഴുതിയൊരു സംഭവം ഇന്നും നമ്മുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നുണ്ടാകണം. അന്ന് അദേഹം വിദേശത്ത് പഠിക്കുന്നു.
ലുവെയിന്‍ നഗരത്തിലുള്ള ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച് ദിവ്യകാരുണ്യം സ്വീകരിച്ച് പുറത്തിറങ്ങിയിട്ട് അധികസമയം ആയിട്ടില്ല. നമൂര്‍ സ്ട്രീറ്റിന്റെ ഫുട്പാത്തിലൂടെ നടക്കുകയായിരുന്നു പ്രഫസര്‍. മദ്യപിച്ചു ഒരു ചെറുപ്പക്കാരന്‍ അതിവേഗത്തില്‍ ഒടിച്ച കാറിടിച്ച് അദേഹം അപകടത്തില്‍പ്പെട്ടു. മരണത്തെ മുന്നില്‍ കണ്ട നേരം. പതിവുപോലെ പരിശുദ്ധ അമ്മയെ അദേഹം ഉറക്കെ വിളിച്ചു. കാറിടിച്ച ശബ്ദം കേട്ട്, അടുത്ത കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കത്തോലിക്കാ വൈദികന്‍ ഓടിയെത്തി. സ്വന്തം മടിയില്‍ കിടത്തി അദ്ദേഹം പ്രഫസറിനുവേണ്ടി പ്രാര്‍ത്ഥിച്ചു. പ്രഫസറുടെ കൈയില്‍ ജപമാല കണ്ട അദ്ദേഹത്തോട് മാതാവിന്റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കാന്‍ ഉപദേശിച്ചു. മരണം കാത്തുകിടക്കുമ്പോഴും ഒരച്ചന്റെ സാന്നിധ്യം അദ്ദേഹത്തിന് പ്രത്യാശ നല്‍കുന്നതായിരുന്നു. ബോധം തിരിച്ചു കിട്ടുമ്പോള്‍ കാല്‍ മുറിച്ചു മാറ്റിയിരുന്നു.
കാല്‍പോയാലും അത്ഭുതകരമായി ജീവന്‍ തിരിച്ചു കിട്ടിയതിനെക്കുറിച്ച് ഓര്‍ത്തപ്പോള്‍ മാതാവിന്റെ സംരക്ഷണമാണ് അന്ന് രക്ഷിച്ചതെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. ആശുപത്രികിടക്കയിലും എന്റെ ശക്തികേന്ദ്രം ജപമാല ആയിരുന്നു. 1985 ല്‍ കാര്‍ഡിനല്‍ സൂനസസിന്റെ ‘ദൈവജനനി’ എന്ന പുസ്തകം പരിഭാഷപ്പെടുത്തിയത് പ്രഫസറുടെ വിശ്വാസപ്രഖ്യാപനത്തിന്റെ ഭാഗമായിരുന്നു.
ആ കുടുംബം വിശ്വാസികളായി
1961 ഒക്‌ടോബര്‍ മാസത്തില്‍ ‘ഫാത്തിമാ ഫൈന്‍ഡിംഗ്‌സ്’ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന സംഭവം അവിശ്വാസിയായ ഒരു മനുഷ്യന്‍ മാത്രമല്ല, അയാളും കുടുംബവും കത്തോലിക്കാവിശ്വാസം സ്വീകരിച്ചതിനെക്കുറിച്ചായിരുന്നു. കോഷ്യപോള്‍ രാഗിത എന്ന ജപ്പാന്‍കാരനായ പ്രഫസറും കുടുംബവുമായിരുന്നു അത്.
ജപ്പാനിലെ മതങ്ങളെക്കുറിച്ച് സര്‍വേ നടത്തുകയായിരുന്നു പ്രഫസര്‍. ദ്വീപുകളിലും മലമ്പ്രദേശത്തുമായി ആയിരക്കണക്കിനു ക്രിസ്ത്യാനികള്‍ രഹസ്യമായി മതാനുഷ്ഠാനം നടത്തുന്നത് അദ്ദേഹത്തിന് കൗതുകകരമായി. വി. ഫ്രാന്‍സീസ് സേവ്യറിലൂടെ വിശ്വാസം സ്വീകരിച്ചവരുടെ പിന്‍മുറക്കാരായിരുന്നു അവര്‍. നാലു നൂറ്റാണ്ടുകള്‍ അവര്‍ തങ്ങളുടെ വിശ്വാസം കെടാതെ സൂക്ഷിച്ചതെങ്ങനെയെന്ന് അദ്ദേഹം അന്വേഷിച്ചു. ഒരൊറ്റ വൈദികന്‍ പോലും അവര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല എന്നതാണ് അദ്ദേഹത്തെ ആകര്‍ഷിച്ചത്.
അവരുടെ പ്രാര്‍ത്ഥനകളെല്ലാം അദ്ദേഹം ടേപ്പിലാക്കി. രാത്രിയില്‍ രഹസ്യമായി നടത്തുന്ന ജപമാല പ്രദക്ഷിണമായിരുന്നു അവരെ വിശ്വാസത്തില്‍ നിലനിര്‍ത്തിയതെന്ന് അദ്ദേഹത്തിന് വ്യക്തമായി. ‘നന്മനിറഞ്ഞ മറിയമേ’ എന്ന ജപം ആവര്‍ത്തിച്ച് ചൊല്ലുന്നവരെ കണ്ടെത്തിയാണ് അദ്ദേഹം കത്തോലിക്കരെ കണ്ടെത്തിയത്. അങ്ങനെ ആ പ്രാര്‍ത്ഥന ഏറ്റുചൊല്ലി അദ്ദേഹവും ഭാര്യയും നാലുമക്കളും ഒടുവില്‍ കത്തോലിക്കാ വിശ്വാസികളായി.
ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നവരെ അമ്മ കരംചേര്‍ത്ത് പിടിക്കുന്നു. അപരരുടെ ആവശ്യം അടുത്തറിഞ്ഞ് സഹായ ഹസ്തം നീട്ടുന്ന മറിയം നമുക്കും മാതൃകയാവണം. സ്വപുത്രനെ നല്‍കാന്‍ പോലും തക്കവിധം മറിയം നമ്മെ സ്‌നേഹിച്ചില്ലേ? അതെ, ജീവിതത്തില്‍ ഒരാള്‍ അനുഭവിക്കാവുന്ന ഏറ്റവും വലിയ നഷടം മറിയത്തിന്റെ ഈ മാതൃത്വം തിരിച്ചറിയാതെ പോകുന്നത് തന്നെയാണ്.
















Leave a Comment
Your email address will not be published. Required fields are marked with *