Follow Us On

20

October

2024

Sunday

2024 ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കാൻ തുർക്കിയിലെ കത്തോലിക്ക സഭ

2024 ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കാൻ തുർക്കിയിലെ കത്തോലിക്ക സഭ

ഇസ്താംബുൾ : 2024 ദിവ്യകാരുണ്യ വര്‍ഷമായി ആചരിക്കുമെന്ന് തുർക്കിയിലെ കത്തോലിക്ക സഭ പ്രസ്താവിച്ചു. രാജ്യത്തെ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റും ഇസ്മിർ ആർച്ച് ബിഷപ്പുമായ മാർട്ടിൻ കെമെറ്റെക് തന്റെ ഇടയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ വർഷത്തെ ആഗമന കാലത്തിന്റെ ആദ്യ ഞായറാഴ്ചയായ ഡിസംബർ മൂന്ന് മുതൽ 2024 നവംബർ 24 ന് ക്രിസ്തു രാജന്റെ തിരുനാളിൽ സമാപിക്കുന്ന വിധത്തിലാണ് ദിവ്യകാരുണ്യ വര്‍ഷാചരണമെന്ന് ഇടയലേഖനം പറയുന്നു.

ദിവ്യകാരുണ്യ വർഷാചരണത്തിലൂടെ യേശുവിനെ കൂടുതൽ അറിയാനും സ്നേഹിക്കാനും സേവിക്കാനും പ്രഘോഷിക്കാനും എമ്മാവൂസിലെ ശിഷ്യന്മാരെപ്പോലെ അവിടുത്തെ സാന്നിധ്യം തിരിച്ചറിയാനും തുർക്കി സഭ ആഗ്രഹിക്കുന്നുവെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ആരാധനക്രമ ആഘോഷങ്ങളിൽ കൂടുതൽ സജീവമായി പങ്കെടുക്കാനും, വിശുദ്ധ കുർബാനയിലുള്ള വിശ്വാസം ആഴത്തിലാക്കാനും അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു. അന്ത്യത്താഴ വേളയിൽ യേശു സ്ഥാപിച്ച ഈ മഹത്തായ കൂദാശ വിശ്വാസികൾക്ക് ആത്മീയ പോഷണവും ഐക്യത്തിന്റെ അടയാളവും ഭാവി മഹത്വത്തിന്റെ വാഗ്ദാനവുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദൈവത്തിന്റെ അത്ഭുതകരവും സൗജന്യവുമായ സ്നേഹത്തിന് പകരമായി നമുക്ക് നൽകാനാകുന്ന ആദ്യ പ്രതികരണമാണ് ദിവ്യകാരുണ്യ ആരാധനയെന്നും, ആരാധിക്കുക എന്നതിനർത്ഥം യേശു മാത്രമാണ് കർത്താവെന്ന് വിശ്വസ്തതയോടെ തിരിച്ചറിയുന്നതാണെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

തീവ്ര ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയിലെ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. രാജ്യത്തുള്ള രണ്ടര ലക്ഷത്തോളം ക്രൈസ്തവരിൽ 35,000 പേർ മാത്രമാണ് കത്തോലിക്ക വിശ്വാസികൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?