Follow Us On

10

November

2024

Sunday

ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം

ലത്തീന്‍ സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം
മാല്യങ്കര: ലത്തീന്‍ സമുദായത്തോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് കോട്ടപ്പുറം രൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കോട്ടപ്പുറം രൂപതയുടെ നേതൃത്വത്തില്‍ നടന്ന ‘ജനജാഗരം’-മാല്യങ്കര തീര്‍ത്ഥാടന പരിപാടികളോട നുബന്ധിച്ചുള്ള പൊതുസമ്മേളനം മാല്യങ്കര സെന്റ് തോമസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ബി കോശി കമ്മീഷന്റെ  ശുപാര്‍ശകള്‍ എത്രയും വേഗം നടപ്പിലാക്കണമെന്ന് ഡോ. വടക്കുംതല ആവശ്യപ്പെട്ടു.
 പരിപാടികളൂടെ ജനറല്‍ കണ്‍വീനര്‍ മോണ്‍. ആന്റണി കുരിശിങ്കല്‍ അധ്യക്ഷത വഹിച്ചു. കെആര്‍എല്‍സിസി  അല്മായ കമ്മീഷന്‍ അസോസിയേറ്റ് സെക്രട്ടറിയും കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റുമായ അഡ്വ. ഷെറി ജെ.തോമസ് മുഖ്യ പ്രഭാഷണം നടത്തി.  കെആര്‍എല്‍സിസി ജനറല്‍ സെക്രട്ടറിയും കെആര്‍എല്‍സിബിസി ഡപ്യൂട്ടി സെക്രട്ടറിയുമായ ഫാ.തോമസ് തറയില്‍, ചെട്ടികാട് റെക്ടര്‍ റവ.ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, രൂപത ഫാമിലി അപ്പസ്‌തോലേറ്റ്  ഡയറക്ടര്‍ ഫാ.നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി, കെഎല്‍സിഎ രൂപതാ പ്രസിഡന്റ് അനില്‍ കുന്നത്തൂര്‍, കെസിവൈഎം  രൂപതാ പ്രസിഡന്റ് പോള്‍ ജോസ്, കെഎല്‍സിഡബ്ലിയുഎ രൂപതാ പ്രസിഡന്റ്  റാണി പ്രദീപ്, സിഎസ്എസ് രൂപതാ പ്രസിഡന്റ് ജിസ്‌മോന്‍ ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ അഞ്ചു ഫൊറോനകളിലെ വിവിധ ഇടവകകളില്‍ നിന്നായി ആയിരങ്ങള്‍ പങ്കെടുത്തു.
മാല്യങ്കരയിലെ ഭാരത പ്രവേശന ദൈവാലയത്തില്‍ ഭാരത പ്രവേശന തിരുനാളും നടന്നു. ആഘേഷമായതിരുനാള്‍ ദിവ്യബലിക്ക് മോണ്‍. ആന്റണി കുരിശിങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.  ഫാ. നോയല്‍  കുരിശിങ്കല്‍ വചന സന്ദേശം നല്‍കി.  വി.തോമാശ്ലീഹാ കപ്പലിറങ്ങിയ മാല്യങ്കരയിലെ ഭാരത പ്രവേശന ദേവാലയത്തിലേക്ക്  നടന്ന ചരിത്രപ്രസിദ്ധമായ മാല്യങ്കര തീര്‍ത്ഥാടനത്തില്‍ കോട്ടപ്പുറം രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുള്ള ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലും മുനമ്പം തിരുകുടുംബ ദൈവാലയത്തിലും മാല്യങ്കര കോളജ് പരിസരത്തും ഒത്തുചേര്‍ന്ന് പേപ്പല്‍ പതാകകളേന്തി കാല്‍നടയായി മാല്യങ്കരയിലെത്തി.                                                         ക്രൈസ്തവ കലാരൂപങ്ങളായ മാര്‍ഗംകളിയും  ചവിട്ടുനാടകവും മാല്യങ്കരയുടെ ചരിത്രനാള്‍വഴികളുടെ നിശ്ചല ദൃശ്യങ്ങളും, വാദ്യമേളങ്ങളും തീര്‍ത്ഥാടനത്തെ വര്‍ണ്ണാഭമാക്കി.
തീരദേശത്തെ ജനങ്ങളെ സംരക്ഷിക്കുക, പിന്നോക്ക സമുദായമെന്ന നിലയില്‍ ലഭിക്കേണ്ട സംവരണം നല്‍കുക, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുക, ലത്തീന്‍ കത്തോലിക്കരുടെ വിദ്യാഭ്യാസ  തൊഴില്‍ പരമായ ആനുകൂല്യങ്ങളും അവകാശങ്ങളും ഉറപ്പുവരുത്തുക, സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ലത്തീന്‍ കത്താലിക്ക കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ജനജാഗരം.
വിശുദ്ധ തോമാശ്ശീഹായുടെ കാല്‍പാദം പതിഞ്ഞ സ്ഥലം സന്ദര്‍ശിക്കുന്നതിനും 1953-ല്‍ കര്‍ദിനാള്‍ യൂജിന്‍ ടിസെറന്റ് ആശിര്‍വദിച്ച് സ്ഥാപിച്ച സ്മാരക സ്തൂപവും മാര്‍തോമാ ചരിത്ര മ്യൂസിയവും സന്ദര്‍ശിക്കുന്നതിന് സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കല്‍ക്കുരിശുകള്‍, കല്‍ഭരണികള്‍, പുരാതന കാലത്ത് ദൈവാലയ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന തിരുവസ്ത്രങ്ങള്‍, ദൈവാലയ സംഗീതത്തിന് ഉപയോഗിച്ചിരുന്ന സംഗീത ഉപകരണങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തിന്റെ വ്യത്യസ്തങ്ങളും ചലിക്കുന്നതുമായ തിരുസ്വരൂപങ്ങള്‍, തടിയില്‍ തീര്‍ത്ത തിരുക്കാലുകള്‍,15-ാം നൂറ്റാണ്ടിലെ ചീനനാണയങ്ങള്‍, വിവിധയിനം പീരങ്കിഉണ്ടകള്‍ തുടങ്ങി പുരാതന ചരിത്രശേഷിപ്പുകളുടെ ഒരു വന്‍ശേഖരം മാല്യങ്കര ചരിത്ര മ്യൂസിയത്തിലുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?